Tuesday, March 29, 2011

മയക്കു മരുന്നിനെക്കള്‍ മാരകം ആണ് കെട്ടമാധ്യമങ്ങളുടെ വിഷവിസര്‍ജ്ജനം.

ഐസ്ക്രീം പാര്‍ലര്‍ എന്ന ബോര്‍ഡ്‌ മുന്നില്‍ തൂക്കിയിട്ടു പെണ്‍വാണിഭം നടത്തുന്ന സാമൂഹ്യ ദ്രോഹികളെ പോലെ നിഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞ് കുത്തകവര്ഗ്ഗത്തിനും അവരുടെ രാഷ്ട്രീയ ദല്ലാളന്മാര്‍ക്കും വിടുപണിചെയ്യുന്ന മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ജനാധിപത്യത്തിന്റെ ശത്രുക്കള്‍ആയി വര്‍ത്തിക്കുന്നു.


ജനാധിപത്യത്തിന്റെ നാലാം തൂണ്‌ എന്നാണു മാധ്യമരംഗത്തെ വിശേഷിപ്പിക്കാറുള്ളത്.  രാജ്യത്ത് സര്‍വ്വ മണ്ഡലങ്ങളിലും നടമാടുന്ന എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളും അവകാശ നിഷേധവും അഴിമതിയും തുറന്നു കാണിച്ചു ജനങ്ങളില്‍ അതിനെതിരായ പ്രതികരണബോധവും പോരാട്ടവീറും സംഘടിപ്പിക്കുക എന്നതായിരിക്കണം ഉത്തരവാദിത്തം ഉള്ള മാധ്യമങ്ങളുടെ ധര്‍മം. രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള മാധ്യമങ്ങള്‍ക്ക് നിഷ്പക്ഷതയുടെ കപടവേഷം എടുത്തണിയുവാന്‍ പറ്റില്ല.


എന്നാല്‍ നിഷ്പക്ഷതയുടെ മുഖമൂടിധരിച്ചു ജനങ്ങളെ കബളിപ്പിക്കുന്ന മാധ്യമങ്ങളുടെ സാമൂഹ്യസേവനം ഇങ്ങിനെ. രാജ്യത്തെ കെട്ടവ്യവസ്ഥിതിക്കും കെട്ടപ്രസ്ഥാനങ്ങള്‍ക്കും കെട്ടനേതാക്കള്‍ക്കും എതിരെ സംഘടിതമായി ഉയരേണ്ട കൈകളും നാവുകളും എങ്ങിനെ തകര്‍ക്കാം എന്നാണു എപ്പോയും അവരുടെ ചിന്തയും ഗവേഷണവും. ഇവര്‍ സമൂഹത്തിന്റെ ആശയസംവാദ മണ്ഡലത്തില്‍ ചാണകം ഇടുന്നു. അവകാശ നിഷേധത്തിനും അന്തസ്സിന്റെ നിഷേധത്തിനും എതിരെ ഉണരേണ്ട സമൂഹത്തിന്റെ പ്രതികരണ ബോധത്തെ വന്ധ്യംകരിക്കുന്നു.


രാഷ്ട്രീയത്തിലെ കൂട്ടികൊടുപ്പുകാരെയും കാട്ടുകള്ളന്മാരെയും അഴിമതിയുടെ രാക്ഷസന്മാരെയും സംരക്ഷിക്കുവാന്‍ രാഷ്ട്രീയം മുഴുവന്‍ കള്ളന്മാരുടെ കൂടാരം ആണെന്ന് കാടടച്ചു ആക്ഷേപംചൊരിഞ്ഞു യുവമനസ്സുകളില്‍ അരാഷ്ട്രീയ ബോധം വളര്‍ത്തുവാന്‍ ശ്രമിക്കുന്നു. ഇവര്‍ നോട്ടുകെട്ടുകള്‍ കൈവെള്ളയില്‍ വെച്ചുകൊടുത്താല്‍ ഏത് ചെന്നായയെയും മാന്‍പേടയാക്കും .


മയക്കു മരുന്നിനെക്കള്‍ മാരകം ആണ് ഇത്തരം കെട്ടമാധ്യമങ്ങളുടെ വിഷവിസര്‍ജ്ജനം.

Friday, March 25, 2011

സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടിയുള്ള സമര്‍പ്പണം ആവണം കമ്മ്യൂണിസ്റ്റ്‌കാരന്റെ ജീവിതം.

വ്യക്തി ബോധത്തെക്കാള്‍ ഉന്നതമാണ് സംഘബോധം. സംഘബോധത്തെക്കാള്‍ ഉന്നതമാണ് വര്‍ഗ്ഗബോധം. വര്‍ഗ്ഗബോധത്തിലേക്കുളള ഉണര്‍വ്വില്‍ നിന്നാണ് തിരിച്ചറിവില്‍ നിന്നാണ് ഒരു സഖാവ് ജന്മം കൊള്ളുന്നത്‌. അല്ലാതെ മതവിശ്വാസം പോലെ കേവല ജന്മത്തിന്റെ ഒരു യാദ്ര്ശ്ചികതയായി ഒരു സഖാവ് പിറക്കുന്നില്ല. 


മൂര്‍ത്തമായ പ്രയോഗത്തിന്റെതായ മൂല്യസംഹിതയാണ് കമ്മ്യൂണിസം. വര്‍ഗ്ഗവ്യവ്സ്തിയില്‍ മഹാ ഭൂരിപക്ഷം അനുഭവിക്കുന്ന നീതി നിഷേധത്തിനും അവകാശ നിഷേധത്തിനും അന്ത്യംകുറിക്കുവാന്‍ വേണ്ടി, അതായതു ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ നിന്നുള്ള മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനല്ല, തികച്ചും പ്രായോഗികമായ മാര്‍ഗ്ഗത്തില്‍ പൊരുതുവാന്‍ ആണ് കമ്മ്യൂണിസം വര്‍ഗ്ഗ ബോധംനേടിയ മനുഷ്യനെ പഠിപ്പിക്കുന്നത്. 


മാനുഷിക മൂല്യങ്ങളുടെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും ഉന്നതമായ ദര്‍ശനം ആണ് കമ്മ്യൂണിസം. അറിവും പഠനവും ചിന്തയും നിരന്തരം പുതുക്കാതെ അതി സങ്കീര്‍ണ്ണവും നിരന്തരം മാറി കൊണ്ടിരിക്കുന്നതുമായ ഭൌതിക ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ്‌കാരന് ഉറച്ച ചുവടുകളോടെ മുന്നോട്ടു സഞ്ചരിക്കുവാന്‍ ആവില്ല.വ്യക്തിപരമായ സ്വാര്‍ത്ഥതക്കും സ്ഥാനമോഹങ്ങക്കുമപ്പുറം സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടിയുള്ള സമര്‍പ്പണം ആവണം കമ്മ്യൂണിസ്റ്റ്‌കാരന്റെ ജീവിതം.

ഞങ്ങളുടെ രാഷ്ട്രീയവും നിങ്ങളുടെ രാഷ്ട്രീയവും – ജനപക്ഷവും ജനവിരുദ്ധ പക്ഷവും.

ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ - രാഷ്ട്രീയത്തിലെ ഇടതുപക്ഷം 
ഉള്ളവന്റെ സ്വര്‍ഗ്ഗത്തില്‍ നിന്നും
പുറന്തള്ളപ്പെട്ട ജനതയുടെ
നീതിക്കു വേണ്ടി
അന്തസ്സിനു വേണ്ടി
അവകാശങ്ങള്‍ക്ക് വേണ്ടി
മെച്ചപെട്ട വികസിതമായ ജീവിതത്തിനു വേണ്ടി
രാഷ്ട്രീയം പറയുന്നു.സംവദിക്കുന്നു.പോരാട്ടം നടത്തുന്നു.
നിങ്ങളോ?
..................................................
ഞങ്ങള്‍
മനുഷ്യന്‍റെ ഒരുമക്ക് വേണ്ടി
മതവര്‍ഗീയതക്കെതിരെ
മതനിരപേക്ഷ സംസ്കാരത്തിന് വേണ്ടി
ജാതിവിവേചനത്തിനെതിരെ  
ജാതിരഹിത സമൂഹത്തിനുവേണ്ടി
നിലകൊള്ളുന്നു.
നിങ്ങളോ?
...............................................................
ഞങ്ങള്‍
സ്വന്തം രാജ്യത്തിന്റെ
സ്വാതന്ത്ര്യവും പരമാധികാരവും
സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്‍പില്‍
അടിയറവെക്കുന്നതിനെ എതിര്‍ക്കുന്നു.
നിങ്ങളോ?
.....................................................
ഞങ്ങള്‍ 
ഈ ലോകത്തിന്റെ മണ്ണും വിണ്ണും പ്രകൃതിയും
കുത്തക സാമ്രാജ്യത്ത്വ ശക്തികള്‍ സ്വന്തമാക്കി  
സര്‍വ്വനാശം വിതച്ചു ലാഭംകൊയ്യുന്നതിനെ
എതിര്‍ക്കുന്നു.
നിങ്ങളോ? 
.................................................
ഞങ്ങള്‍ ആവശ്യപ്പെടുന്നു 
സമൂഹത്തിലെ എല്ലാവര്ക്കും
വര്‍ഗ്ഗഭേദം ഇല്ലാതെ
വിദ്യാഭ്യാസം വേണം
വീട് വേണം
ഭക്ഷണം വേണം
ആരോഗ്യം വേണം
അന്തസുള്ള ജീവിത വേണം.
നിങ്ങളോ?
......................................................
ഞങ്ങള്‍
അധികാരത്തെ
നാടിന്‍റെ വികസനവും ജനങ്ങളുടെ ജീവിതക്ഷേമവും 
നേടിയെടുക്കുന്നതിനുള്ള
ജനസേവനം ആയികാണുന്നു.
നിങ്ങളോ?
..............................................................
നിങ്ങള്‍ വലതുപക്ഷക്കാര്‍
ചൂഷക വര്‍ഗ്ഗത്തിന്‍റെ രാഷ്ട്രീയദല്ലാളന്മാര്‍
സാമ്രാജ്യത്ത്വത്തിന്‍റെ ദാസന്മാര്‍ 
ചൂഷകവര്ഗ്ഗ വ്യവസ്ഥിതി കാത്തു സൂക്ഷിക്കുന്നവര്‍ 


നിങ്ങളുടെ വലതുപക്ഷ രാഷ്ട്രീയത്തെ 
നല്ലപോലെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
നിങ്ങള്‍ അധികാരം ഉപയോഗിച്ചു
അഴിമതിയുടെ കുംഭമേള നടത്തുന്നു.
കുത്തകകള്‍ക്ക് വിടുപണി ചെയ്യുന്നു.
കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും
സ്വന്തം ചിറകിന്നുള്ളില്‍ സംരക്ഷിക്കുന്നു.

നിങ്ങള്‍
ജനവിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഉപാസകര്‍  
പൊതുമേഖലാ സ്ഥാപങ്ങള്‍ വിറ്റ്‌തുലയ്ക്കുന്നു.
പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കുന്നു.
നിങ്ങള്‍ ഭൂപ്രഭുക്കളെയും അവരുടെ ചൂഷണതാല്പര്യങ്ങളെയും
പോറലേല്‍ക്കാതെ സംരക്ഷിക്കുന്നു.
ഭൂപരിഷ്ക്കരണത്തിനു എതിര്‍ നില്‍ക്കുന്നു 
ഗ്രാമീണ ഇന്ത്യയില്‍ ഫ്യൂടല്‍സംസ്കാരം നിലനിര്‍ത്തുന്നു. 


നിങ്ങള്‍ മനുഷ്യന്‍റെ മോചനത്തിന് എതിര്‍നില്‍ക്കുന്നു  
അടിച്ചമര്‍ത്തപ്പെട്ടവന്‍റെ 
നീതി നിഷേധിക്കപെട്ടവന്‍റെ
അവകാശങ്ങള്‍ നിഷേധിക്കപെട്ടവന്‍റെ
ഒരുമയെയും സംഘബോധത്തെയും 
തകര്‍ക്കുവാന്‍ 
വര്‍ഗീയതയെയും ജാതിചിന്തകളെയും 
ഊട്ടി വളര്‍ത്തുന്നു. 
...........................................................
ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ രാഷ്ട്രീയത്തിലെ ഇടതുപക്ഷം 
നിരന്തരം നടത്തികൊണ്ടിരിക്കുന്ന രാഷ്ട്രീയ യുദ്ധം
ജനങ്ങളുടെ മോചനത്തിന് വേണ്ടിയാണ്
രാജ്യത്തിന്റെ ശ്രേയസ്സിനു വേണ്ടിയാണ്.


രാജ്യത്തിന്റെ അഭിമാനവും
രാജ്യത്തിന്റെ പരമാധികാരവും 
ജനങ്ങളുടെ അന്തസ്സും
കാത്തു സൂക്ഷിക്കുക എന്നത്
കമ്മ്യൂണിസത്തിന്‍റെ രാഷ്ട്രീയലക്ഷ്യം.


ഞങ്ങള്‍ നടത്തുന്ന പോരാട്ടം
കെട്ടരാഷ്ട്രീയത്തിനും കെട്ടവ്യവസ്ഥിതിക്കും
അന്ത്യം കുറിക്കുന്നതിനു വേണ്ടിയുള്ളതാണ് 
ഒരു പുത്തന്‍ പുലരിക്ക് വേണ്ടിയുള്ളതാണ്.
ഒരു പുതിയസ്വര്‍ഗ്ഗം പണിയുന്നതിനു വേണ്ടിയുള്ളതാണ്.
..................................................

Sunday, March 20, 2011

വെളിച്ചത്തിന്റെ ദീപശിഖ ഏന്തുന്നവന്‍ ആവുക.


അറിവിന്റെ വെളിച്ചത്തില്‍ എല്ലാ സമസ്യകളെയും അവസ്ഥകളെയും മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് , അന്ധമായ  വിശ്വാസത്തിന്റെ ബലത്തില്‍ സമസ്ത കാര്യങ്ങളും വിലയിരുത്തുന്നതിനേക്കാള്‍ മഹത്തരം ആണ്.  ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം നമ്മുടെ ഏതു നിഷേധവും , സ്വീകരണവും.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള -  മനുഷ്യനും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥക്ക് വേണ്ടി പ്രായോഗികമായി ഇടപെടുന്ന ശാസ്ത്രീയ ദര്‍ശനമാണ് , സ്ഥലകാല ഭേദമില്ലാത്തതും  പ്രളയകാലം വരെ മാറ്റം ഇല്ലാത്തതും അപ്രായോഗികവുമായ ദര്‍ശനത്തെക്കാളും മനുഷ്യ മോചനത്തിന് ഉതകുക.

മനുഷ്യന്റെ സാമൂഹിക പ്രതിബദ്ധതയും , അന്തസ്സും , സ്വതന്ത്ര  ചിന്തയും നിലനില്‍ക്കുന്ന സമാധാനവും സമതയും കൂട്ടായ്മയും ഉള്ള ഒരു ലോകം ആണ് നമുക്ക് വേണ്ടത് . അത് നേടിയെടുക്കുവാന്‍ എല്ലാ സങ്കുചിത പ്രതിലോമ പിന്തിരിപ്പന്‍ ആശയങ്ങളോടും പ്രസ്ഥാനങ്ങളോടും സന്ധിയില്ലാത്ത സമരം അനിവാര്യമാണ്.

ചരിത്രത്തിന്റെ ഓരോ ദശാസന്ധികളിലും ജീര്‍ണ്ണിച്ച ദര്‍ശനങ്ങളോട്  കലഹിച്ചു കൊണ്ടാണ് മനുഷ്യന്‍ സംസ്കാരത്തിന്റെ ഓരോ പടവുകളും താണ്ടിയത് . തമസ്സിന്റെ ഉപാസകരാകുന്നതിനു  പകരം വെളിച്ചത്തിന്റെ ദീപശിഖ ഏന്തുന്നവന്‍ ആവുക എന്നതായിരിക്കട്ടെ നമ്മുടെ എല്ലാവരുടെയും ജീവിത സമീപനം.

Saturday, March 19, 2011

തീവ്ര അരാജകവാദികളുടെ വിടുവായത്വം അല്ല സാമൂഹികവിപ്ലവം.

ബഹുഭൂരിപക്ഷം ജനതയെ നീതിയും അവകാശങ്ങളും അന്തസ്സും നിഷേധിക്കപെട്ട അവസ്ഥയില്‍, വികസിതമായ ഒരു സാമൂഹിക ജീവിതത്തിന്റെ തീര്‍ത്തും അവികസിതമായ പിന്നാംപുറങ്ങളിലേക്ക് തള്ളിവിടുന്ന കെട്ടവ്യവസ്ഥിതിയുടെ കടപുഴക്കി എറിഞ്ഞു പകരം എല്ലാ മനുഷ്യരുടെയും അന്തസ്സും അവകാശവും പുലരുന്ന മനഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും നിലനില്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപടുക്കുക എന്നതാണ് കമ്മ്യൂണിസം ലക്‌ഷ്യം വെക്കുന്ന വിപ്ലവം.

അരാജകവാദികളുടെ വിടുവായത്വം ഒരിക്കലും യഥാര്‍ത്ഥ വിപ്ലവത്തിലേക്ക് സമൂഹത്തെ നയിക്കുകയില്ല എന്നത് വളരെ ലളിതം ആയ ഒരു വസ്തുതയാണ്. ദിഗന്ധം പൊട്ടിത്തെറിക്കുന്ന വാക്കുകള്‍ തൊടുത്തു വിട്ടാല്‍ വിപ്ലവം നടക്കും എന്നാണെങ്കില്‍ ഇന്ത്യയില്‍ ഇതിനകം എത്രയോ വിപ്ലവങ്ങള്‍ നടന്നേനെ. ഒരു പിടി പേരുടെ കോഫീ ക്ലബ്‌ വായാടിത്തം കൊണ്ട് ഒരിക്കലും സാമൂഹികവ്യവസ്തിയില്‍ മാറ്റം ഉണ്ടാകില്ല.

ഇന്ത്യയിലെ സാമൂഹ്യ സാഹചര്യം വിപ്ലവത്തിന് പക്വമല്ല ഇപ്പോയും എന്ന വസ്തുത കാണണം. കടുത്ത ജാതിചിന്തകളും ജാതി വിവേചനവും മതപരമായ പിന്തിരിപ്പന്‍ ചിന്താഗതികളും സമൂഹത്തില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നു. ഫ്യൂടല്‍ സംസ്കാരവും അതിന്റേതായ കുലീന ദാസ്യ മനോഭാവങ്ങളും അറുത്തു മാറ്റികൊണ്ടല്ല ഇന്ത്യയിലെ ബൂര്‍ഷാ രാഷ്ട്രീയവും ഭരണവര്‍ഗ്ഗവും നിലകൊള്ളുന്നത്. 

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം സമകാലിക ഇന്ത്യയുടെ വസ്തുനിഷ്ഠ യാഥാര്‍ത്യങ്ങള്‍   ഉള്‍ക്കൊണ്ടു  ഇന്നത്തെ ഭൌതിക സാഹചര്യത്തില്‍ ഏറ്റവും പ്രായോഗികം ആയ ചുവടുകള്‍ എടുത്തു കൊണ്ട് നിരന്തരം ഒരു  ഉണര്‍ത്തുപാട്ടായി ‘ഉറങ്ങി കിടക്കുന്ന’ ജനതക്കിടയില്‍ ആത്മബോധത്തിന്റെയും അവകാശ ബോധത്തിന്റെയും ആയ രാഷ്ട്രീയം പ്രചരിപ്പിക്കേണ്ടതുണ്ട്. അത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രവര്‍ത്തനം ആണ്. അതുവഴി സാമൂഹിക സാമ്പത്തിക വിപ്ലവത്തിന് അനുകൂലമായ ഒരു സമൂഹ മനസ്സ് കെട്ടിപടുക്കേണ്ടതുണ്ട്.

കമ്മ്യൂണിസം എന്ന ദര്‍ശനം സ്ഥലകാല ഭേദം ഇല്ലാത്ത ഒരു അവസാന വാക്കല്ല. ഇന്ത്യയില്‍ എങ്ങിനെ വിപ്ലവം സാധ്യമാവും എന്നതിനെ സംബദ്ധിച്ചു വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന ഒട്ടേറെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഉണ്ട്. ഒരോരുത്തരും അവകാശപ്പെടുന്നു ഞങ്ങള്‍ നയിക്കുന്ന പ്രസ്ഥാനം ആണ് ശരിയായ വിപ്ലവ പാര്‍ടി എന്ന്. ഇങ്ങിനെ അവകാശ വാദം ഉന്നയിച്ച പലതും ചെറിയ കാലം കൊണ്ടുതന്നെ ചിറകു പോയി എന്നതും നമുക്കറിയാം. സമൂഹത്തിന്റെ പൊതുസമ്മതി കൂടാതെ നടക്കേണ്ട ഒന്നല്ല വിപ്ലവം. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ രാഷ്ട്രീയമായ പ്രബുദ്ധതയും അതുവഴി ഉണ്ടാവുന്ന ഉണര്‍വ്വും ആണ് ഒരു സമൂഹത്തെ വിപ്ലവ സജ്ജരാക്കുക. കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോടുള്ള അരിശം തീര്‍ക്കുന്നത് കൊണ്ട് മാത്രം ആരും വിപ്ലവ 
കേസരികള്‍ ആവില്ല.

ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയിലാണ് ജനാധിപത്യത്തിന്‍റെ കരുത്ത്.

നാടിനും നാട്ടുകാര്‍ക്കും നല്ലതായ ഭരണ വര്ഗ്ഗത്തെ തെരെഞ്ഞെടുക്കുവാനുള്ള രാഷ്ട്രീയ പ്രബുദ്ധത ജനങ്ങള്‍ക്ക്‌ ഉണ്ടാവുമ്പോള്‍ ആണ് ജനാധിപത്യം അര്‍ത്ഥ പൂര്‍ണ്ണമാവുന്നത് . അത്തരം ഒരു ജനാധിപത്യ സംസ്കാരത്തില്‍ വര്‍ഗീയത്ക്കോ മതമൌലിക വാദികള്‍ക്കോ ഇടമില്ല. സങ്കുചിത ചിന്താഗതിക്കാര്‍ക്ക് ഇടമില്ല. പ്രതിലോമ ശക്തികള്‍ക്ക് ഇടമില്ല.

ഇന്ന് ചില ബൂര്‍ഷാ പാര്ട്ടികളില്‍ കാണപ്പെടുന്ന ആള്‍ദൈവ സംസ്കാരം സത്യത്തില്‍ ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് ഒട്ടും ചേര്‍ന്നതല്ല . ഒന്നുകില്‍ ഒരു സോണിയാഗാന്ധി, അല്ലെങ്കില്‍ ഒരു ആത്മീയ നേതാവ് – ഇങ്ങിനെയുള്ള ആള്‍ ദൈവങ്ങള്‍ തലപ്പത്തില്ലെങ്കില്‍ പ്രസ്ഥാനം ആകെ കുഴപ്പത്തില്‍ ആവും എന്നതാണ് ചില ബൂര്‍ഷാ പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥ.  ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഒന്നിനും സമഗ്രമായ ഒരു സാമൂഹിക വീക്ഷണമോ രാഷ്ട്രീയ ദര്‍ശനമോ ഇല്ല എന്നത് ഒരു വസ്തുതയാണ്. ഒരു വ്യക്തിപൂജാ കേന്ദ്രീകൃതമായ പൊള്ളയായ രാഷ്ട്രീയം. ഇങ്ങിനെ ആള്‍ ദൈവങ്ങളുടെ മുന്നില്‍ പഞ്ചപുച്ഛം അടക്കി നില്‍ക്കുന്ന നേതാക്കളും അണികളും ഒരു നല്ല ജനാധിപത്യത്തിനു ഭൂഷണം ആണോ?

മനുഷ്യന്റെ ദാസ്യമാനോഭാവം ഇല്ലാതാക്കി ആതബോധം ഉള്ള അന്തസ്സുള്ള പൌരനാക്കുക എന്നതായിരിക്കണം ജനകീയമായ ജനാധിപത്യത്തിന്റെ 
ആത്യന്തിക ലക്ഷ്യം.

വികേന്ദ്രീകൃത ഭാരതീയ സംസ്കാരത്തിന്റെ മഹത്വവും ഇന്ത്യയുടെ മതേതര ഭരണഘടനയും

ചരിത്രത്തില്‍ സംസ്കാരങ്ങളുടെ ചിന്തകളുടെ അറിഞ്ഞുകൊണ്ടുള്ള വിനിമയങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്. അറിവിന്‍റെ പിന്‍ബലം കൂടാതെയുള്ള അനുകരണങ്ങളും നടന്നിട്ടുണ്ട്. അറിവ് നേടുക എന്നത് മഹാഭൂരിപക്ഷം വരുന്ന സാധാരണജനതക്ക്‌ അസാധ്യം ആയിരുന്ന ചരിത്ര കാലങ്ങളില്‍ 'യഥാരാജാ തഥാപ്രജ' എന്നതായിരുന്നു അവസ്ഥ. ഇന്ന് കാണപ്പെടുന്ന അല്ലെങ്കില്‍ ഇന്നും മനുഷ്യസമൂഹത്തില്‍ വിശ്വാസത്തിന്‍റെ തലത്തിലും ആചാരങ്ങളുടെ തലത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന പല  മതങ്ങളുടെയും ദൈവങ്ങളുടെയും വ്യാപകമായ സഞ്ചാരങ്ങള്‍ നടന്നിട്ടുള്ളത് അല്ലെങ്കില്‍ കൈമാറ്റങ്ങള്‍ നടന്നിട്ടുള്ളത് മുകളില്‍ പറഞ്ഞ 'യഥാരാജാ തഥാപ്രജ' എന്ന അവസ്ഥനിലനിന്ന ചരിത്ര കാലഘട്ടങ്ങളില്‍ ആണ്.

ഇന്നത്തെ കാലത്ത് ഇന്ത്യന്‍സംസ്കാരത്തെ ദേശീയം എന്നും വിദേശീയം  എന്നും വേര്‍തിരിക്കുന്നത് അടിസ്ഥാനരഹിതമായ ചിന്താഗതിയാണ്. ലോകത്ത് ഒരു രാജ്യത്തും പരസ്പര വിനിമയം നടക്കാത്ത തനത് ദേശീയം എന്ന് അവകാശപ്പെടാവുന്ന അറിവുകളും സംസ്കാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നില്ല. മതമൌലികവാദം പോലെ തന്നെ സാംസ്കാരിക മൌലികവാദങ്ങളും മനുഷ്യന്റെ സ്വതന്ത്ര ചിന്തകളെ തടയുന്ന ഫാസിസ്റ്റ് ഭീകരതയായി വളരും എന്ന അപകടം നാം തിരിച്ചറിയേണ്ടതുണ്ട്. തങ്ങളുടേത് ശ്രേഷ്ടം മറ്റുള്ളത് മ്ലേച്ചം എന്ന ഒരു സങ്കുചിത ചിന്തയിലേക്ക് ആണ് ഇത്തരം ഫാസിസ്റ്റ്‌ ആശയങ്ങള്‍ കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങള്‍ സമൂഹത്തെ നയിക്കുവാന്‍ ശ്രമിക്കുന്നത്.

ഏക ദൈവവും അവസാന പ്രവാചകനും അവസാന വാക്കുകളുടെ  വിശുദ്ധ ഗ്രന്ഥവും ഒന്നുമില്ലാത്ത വളരെ വികേന്ദ്രീകൃതമായ ഒരു സാംസ്കാരിക ജീവിതരീതിയെ ആണ് നാം പ്രയോഗപരമായ സൌകര്യത്തിനു വേണ്ടി ഹിന്ദുമതം എന്ന് വിളിക്കുന്നത്. വ്യവസ്ഥാപിത മതത്തിന്റെ 'അടച്ചുപൂട്ടിയ അറകള്‍' ഒന്നും അവ്യവസ്ഥാപിതം ആയ ഹിന്ദുമതത്തിനില്ല. അത്തരം ഒരു മഹത്തായ സാംസ്കാരികപദ്ധതിക്ക്, ആര്യവര്‍ണ്ണ വ്യവസ്ഥിതിക്ക്‌ അധിഷ്ഠിതം ആയ ഒരു കേന്ദ്രീകൃത സങ്കുചിത സ്വഭാവം പകര്‍ന്നു കൊടുക്കുവാന്‍ ആണ് ആധുനികകാലത്തെ ഹൈന്ദവ മൌലികവാദികളും അവരുടെ പ്രസ്ഥാനങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

തള്ളുകയും കൊള്ളുകയും ചെയ്തിട്ടുള്ള വിശ്വാസങ്ങളും സംസ്കാരങ്ങളും മാത്രമേ, കാലാതീതമായി സചേതനമായി ഭൌതികമായ സമസ്യകളില്‍ മാര്‍ഗദര്‍ശനമായി നിലനില്‍ക്കുകയുള്ളൂ. അല്ലാത്തത് ചരിതത്തിലെ സ്മാരകശിലകള്‍ ആയി, മനുഷ്യജീവിതത്തിന്റെ സമസ്യകളെക്കാളും, മരണാനന്തര വിഷയസങ്കല്‍പ്പങ്ങള്‍ പ്രസക്തമായി കാണുന്നവരുടെ ശീതളച്ചായയായി നമുക്കിടയില്‍ വര്‍ത്തമാനലോകത്ത് നിലനില്‍ക്കും. വൈദേശികവും ദേശീയവും ആയ ദര്‍ശനങ്ങളുടെയും  സംസ്കാരങ്ങളുടെയും സങ്കലനം ആണ് ഹൈന്ദവസംസ്കാരം. അതില്‍ മുഖ്യമാണ് ആര്യദ്രാവിഡ സംസ്കാരങ്ങളും അതിന്റെ സങ്കലനവും. 

തുടര്‍ച്ചയും വളച്ചയും ഇലാത്ത ദര്‍ശനങ്ങളുടെ സംസ്കാരങ്ങളുടെ കാലികപ്രസക്തം അല്ലാത്ത ‘തനിമ’ എന്നത് ഒരു തരം മൌലികചിന്ത തന്നെയാണ്. ഇന്ത്യയുടെ മഹത്തായ വികേന്ദ്രീകൃത സംസ്കാരത്തിന്റെ ഒരു അപജയം ആയിരുന്നു, അപഥസഞ്ചാരം ആയിരുന്നു ആര്യമേധാവിത്വവും ചാതുര്‍വര്‍ണ്യവും. അതിനെതിരെ നടന്ന പോരാട്ടങ്ങളും ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗം ആണ്. ചാതുര്‍വര്‍ണ്യത്തിന്‍റെ ബ്രാമണ മേധാവിത്വ സാമൂഹ്യഘടനയുടെ അവശിഷ്ടം ആയ ജാതിചിന്ത, ഇന്ത്യന്‍ ജനതയുടെ ഐക്യത്തിന് വിഘാതം ആയി ഇന്നും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു എന്നത് ഖേദകരം ആണ്. ജാതിസമ്പ്രദായത്തിനെതിരായ സാമൂഹികപരിഷ്‌കരണ ശ്രമത്തിന്റെ ഗുണഫലങ്ങള്‍ ഇന്നും ഇന്ത്യയുടെ പലഭാഗങ്ങളിലും എത്തിച്ചേര്‍ന്നിട്ടില്ല. അതിനു പ്രധാന കാരണം ഫ്യൂടല്‍വ്യവസ്ഥിതിയുടെ നട്ടെല്ല്തകര്‍ക്കുന്ന കാര്‍ഷികപരിഷ്ക്കരണവും  സാമ്പത്തികപരിഷ്ക്കരണവും നടപ്പിലാക്കുവാന്‍ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം തയ്യാറാവുന്നില്ല എന്നത് തന്നെയാണ്.

ഒരു കാര്യം അടിവരയിട്ടു പറയേണ്ടതുണ്ട്. ഇത്ര ഉദാത്തമായ ഒരു മതേതര ഭരണഘടന ഇന്ത്യക്ക്‌ ഉണ്ടാവാന്‍ കാരണം ഇന്ത്യയുടെ ബഹുഭൂരിപക്ഷം ജനത വികേന്ദ്രീകൃതമായ വിശ്വാസസംസ്കാര പദ്ധതിയായ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ ആണ് എന്നത് കൊണ്ടാണ്. കേന്ദ്രീകൃതവും വ്യവസ്ഥാപിതവും ആയ മറ്റു മതങ്ങളില്‍ പെട്ടവര്‍ ആയിരുന്നു ഇന്ത്യയിലെ ബഹുഭൂരിപക്ഷം മതവിശ്വാസികള എങ്കില്‍ ഇതയും ഉദാത്തമായ ഒരു മതേതര ഭരണഘടന ഇന്ത്യന്‍ ജനതക്ക്‌ ലഭിക്കുമായിരുന്നില്ല.

ഇവിടെ ഇന്ത്യക്കാര്‍ ആയ എല്ലാ പൌരന്മാരും ഭരണഘടനാപരമായി തുല്യര്‍ ആണ്. ഏത് മതത്തില്‍ വിശ്വസിക്കുവാനും ഏത് മതവും പ്രചരിപ്പിക്കുവാനും പരസ്പരം തുറന്ന ആശയസംവാദം നടത്തുവാനും എല്ലാവര്ക്കും തുല്യ സ്വതന്ത്യം ഉണ്ട്. മതവിശ്വസിക്കും യുക്തിവാദിക്കും നിരീശ്വരവാദിക്കും, ദൈവങ്ങള്‍ഇല്ലാത്ത മതത്തില്‍ വിശ്വസിക്കുന്നവനും, മതങ്ങള്‍ഇല്ലാത്ത ദൈവങ്ങളില്‍ വിശ്വസിക്കുന്നവനും ഭരണഘടനാ പ്രകാരം തുല്യമായ അവകാശ സ്വതന്ത്യങ്ങള്‍ അനുവദിക്കുന്നു. ചിന്താ സ്വാതന്ത്രത്തിന്റെ തുല്യത ഭരണഘടന എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്നു. അധികാരമണ്ഡലത്തിലും വിശ്വസപരം ആയ വിവേചനങ്ങള്‍ ഇല്ല.

മനുഷ്യപുരോഗതിക്ക് വിഘാതം ആയി നിലകൊള്ളുന്ന ജീര്‍ണ്ണിച്ച ആശയങ്ങളോടും ചിന്തകളോടും നിരന്തരമായ ആശയസമരം നടത്തികൊണ്ടാല്ലാതെ, അറിവിന്‍റെയും സംസ്കാരത്തിന്റെയും പരസ്പര വിനിമയം കൂടാതെ, നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു ഒരു സമൂഹത്തിനും വിമോചനത്തിലേക്ക് മുന്നേറുവാന്‍ സാധ്യമല്ല. അതാണ്‌ മാനവചരിത്രം നല്കുന്ന പാഠം.

Tuesday, March 15, 2011

കെട്ട വ്യവസ്ഥിതിക്ക്‌ എതിരെ ജനാധിപത്യ അവകാശത്തെ ആയുധമാക്കുക.

ജനാധിപത്യത്തില്‍ ഏറ്റവും പ്രസക്തം ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നയങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളിലുള്ള അവരുടെ നിലപാടുകളും ആണ്.  അല്ലാതെ പ്രസ്ഥാനത്തിനകത്തുള്ള വ്യക്തികളുടെ സ്വഭാവ ഗുണങ്ങളോ  മൂല്യങ്ങളോ അല്ല.
വ്യക്തിയുടെ നയവും നിലപാടും മൂല്യങ്ങളും പ്രസക്തമാവുന്നത് രാജഭരണ വ്യവസ്ഥിതിയില്‍ ആണ്. കാരണം അവിടെ രാജാവിന്റെ നന്‍മയും തിന്‍മയും പ്രജകളുടെയും  സമൂഹത്തിന്റെയും അവസ്ഥകളെ ഗുണപരമായും ദോഷകരമായും ബാധിക്കുന്നു.
ജനാധിപത്യ വ്യവസ്ഥിതിയില്‍ അതിന്‍റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്നത് ജനങ്ങള്‍ ‍ തെരഞ്ഞെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ്. മൊത്തത്തില്‍ കെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഏതാനും നല്ല വ്യക്തികള്‍ ഉണ്ടെന്നത് ഒട്ടും തന്നെ പ്രസക്തമായ കാര്യം അല്ല.  'നല്ല വ്യക്തികള്‍' ഒരു കെട്ട പ്രസ്ഥാനത്തിന്റെ വക്താക്കള്‍ ആവുക എന്നത് സ്വാഭാവികമായും ജനമനസ്സില്‍ ഒരു ചോദ്യം ഉയര്‍ത്തുന്നു. പറയപ്പെടുന്നത്‌ പോലെ, പ്രചരിപ്പിക്കപ്പെടുന്നത് പോലെ, ഈ വ്യക്തികള്‍ നല്ല മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെങ്കില്‍ എന്തുകൊണ്ട് ഒരു  കെട്ടരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ ആയി അതിന്‍റെ താങ്ങും തണലും ആയി നിലകൊള്ളുന്നു? .  പാല്‍തുള്ളി നല്ലതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ  പാല്‍തുള്ളി അമേദ്യ കുണ്ടില്‍ പതിച്ചാല്‍ പിന്നെ എന്ത് പുണ്യം?
അഴിമതിയില്‍ ആസകലം പൂണ്ടു കിടക്കുന്നു, സോണിയാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്ഥാനം. യു.പി.എ. ഭരണത്തിനു കീഴെ രാജ്യം അഴിമതിയുടെ രംഗത്ത്‌ സര്‍വ്വകാല റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ഭരണത്തിന്റെ ആസ്ഥാന കേന്ദ്രങ്ങളില്‍ അഴിമതിയുടെ ദുര്‍ഗന്ധം നിറഞ്ഞു നില്‍ക്കുന്നു!
രാജ്യം ആര്‍ക്കു വേണ്ടി എങ്ങിനെ ഭരിക്കണം എന്ന് കുത്തകകളും അവരുടെ മാധ്യമ ഇടനിലക്കാരും തീരുമാനിക്കുന്നു. സാമ്രാജ്യത്ത്വ ശക്തികള്‍ ഭരണവര്‍ഗ്ഗത്തിന്റെ ഉപദേശകരായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം ഒരു പ്രസ്ഥാനത്തിന്റെ വക്താകളും സ്തുതി പാടകരും ആയവരെ എങ്ങിനെ മൂല്യബോധമുള്ള വ്യക്തികള്‍ ആണെന്ന് നമുക്ക്‌ വിശേഷിപ്പിക്കുവാന്‍ ആവും?
രാജ്യത്തിന്റെ ഖജാനാവിലെക്ക് എത്തി ചേരേണ്ട നികുതിപ്പണം വെട്ടിച്ചു കൂട്ടിയ കള്ളപ്പണം വന്‍തോതില്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കുന്ന കുറ്റവാളികളുടെ പേരില്‍ ശക്തമായ നടപടി സ്വീകരിക്കുവാന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ തയ്യാറാവാത്തത് എന്ന് യു.പി.എ. ഭരിക്കുന്ന കേന്ദ്ര ഗവേര്‍മെന്റിനോട്‌ രാജ്യത്തെ പരമോന്നത കോടതി ചോദിക്കുന്നത് നാം വാര്‍ത്തകളില്‍ വായിക്കുന്നു. ഇതിനൊക്കെ മൂകസാക്ഷികള്‍ ആയി, നിസ്സംഗരായി നിന്ന് സ്വന്തം അധികാരസ്ഥാനങ്ങള്‍ ഉറപ്പാക്കുന്ന വ്യക്തിത്ത്വങ്ങളെ മഹത്തായ മൂല്യങ്ങളുടെ "പാല്‍തുള്ളികള്‍ " എന്ന് വിശേഷിപ്പിക്കുന്നത് എന്ത് മാത്രം അസംബന്ദ്ധം ആണ്?
"ഞാന്‍ ഒരു ഗാന്ധിയന്‍ കോണ്‍ഗ്രസുകാരന്‍ ആണ് ഇപ്പോയും. പക്ഷെ പുഴുത്തു നാറിയ ഇന്നത്തെ അഴിമതി കോണ്‍ഗ്രസിന്റെ ആളല്ല ഞാന്‍. ഗാന്ധി എന്ന പദം ഉച്ചരിക്കുവാന്‍ ഉള്ള യോഗ്യത പോലും ഇന്നത്തെ സോണിയാഗാന്ധി ഗാന്ധി കോണ്‍ഗ്രസിനില്ല. " - ഇത് ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്‍റെ വാക്കുകള്‍.   രാജ്യം ഭരിച്ചു മുടിക്കുന്ന ഇന്നത്തെ കോണ്‍ഗ്രസിനോടുള്ള ആത്മരോഷം ആണ് അഴീക്കോടിന്‍റെ വാക്കുകളില്‍.
"ഈ മഹത്തായ രാജ്യത്തെ അഴിമതിയില്‍ നിന്ന് മുക്തമാക്കുവാന്‍ ജനാധിപത്യ അവകാശത്തെ ജനങ്ങള്‍ ആയുധമാക്കുക"  കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ പറഞ്ഞു. തീര്‍ച്ചയായും അത് തന്നെയാണ് അഴിമതിക്കെതിരെ പൊരുതുവാന്‍ നമ്മുടെ കൈയ്യിലെ ശക്തമായ ആയുധം. അതിനു നാം രാഷ്ട്രീയമായി പ്രബുദ്ധരാവണം. രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയുവാനുള്ള കാര്യശേഷി നമ്മുടെ ജനതക്ക്‌ ഉണ്ടാവണം. എല്ലാവരുടെയും അന്തസ്സും അവകാശങ്ങളും ഉറപ്പുവരുത്തുന്ന നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തെ തിരിച്ചറിയുവാനുള്ള
രാഷ്ട്രീയ വിദ്യാഭ്യാസം അവര്‍ക്ക്‌ ഉണ്ടാവണം. എങ്കില്‍ മാത്രമേ കെട്ട വ്യവസ്ഥിതിക്കും അതിന്‍റെ വക്താക്കള്‍ക്കും എതിരെ ജനാധിപത്യത്തെ ആയുധമാക്കി പൊരുതുവാന്‍ സാധിക്കുകയുള്ളൂ.
ആ ദിശയിലേക്കുള്ള ഉണര്‍ത്തു പാട്ടാവട്ടെ നമ്മുടെ ഓരോ ആശയ സംവാദങ്ങളും.

Thursday, March 10, 2011

അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണു കിടക്കുന്ന കോണ്‍ഗ്രസ്‌ പ്രസ്ഥാനം.

കസേര സംരക്ഷിക്കുവാനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഴിമതിയോട് സന്ധി ചെയ്യുകയാന്നെന്ന് ചെന്നിത്തല പറയുന്നു. കള്ളം പറയുന്നതിന് ഒരു അതിരും വരമ്പും വേണ്ടേ ?  ചെന്നിത്തല വിടുവായത്വം പറയുന്നത് കൊണ്ട് കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണിയുടെ അഴിമതി വിരുദ്ധ പോരാട്ടം അവസാനിക്കുകയില്ല. കേരളത്തിലെ ഇടതുജനാധിപത്യ മുന്നണിയുടെ ജനകീയ ഭരണത്തിന്റെ നേട്ടങ്ങളുടെ തിളക്കം കെടുത്തുവാന്‍ സാധ്യവുമല്ല. 

ഞങ്ങള്‍  ഇടതുപക്ഷം പോതുവതരണ സമ്പ്രദായം ശക്തിപ്പെടുത്തി വിലകയറ്റത്തിന്റെ പ്രയാസങ്ങളില്‍ നിന്ന് സാധാരണക്കാരന് ആശ്വാസം നല്‍കി. നിങ്ങള്‍ കെടുകാര്യസ്ഥത കൊണ്ട് തുലച്ച പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. വ്യവസായ കാര്‍ഷിക രംഗത്ത് വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ സൃഷ്ടിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ നാടിനും സാധാരണ ജനങ്ങള്‍ക്കും ഗുണപരമായ സേവനം ലഭിക്കുന്നവിധം മാറ്റങ്ങള്‍ കൊണ്ടുവന്നു. എല്ലാ മേഘലയിലും തിളങ്ങി നിന്ന അഞ്ചു വര്‍ഷത്തെ ഇടതുജനാധിപത്യ മുന്നണിയുടെ ഭരണ നേട്ടങ്ങള്‍ക്ക്‌ ഒട്ടേറെ പ്രശംസകള്‍ കിട്ടി. കേന്ദ്രം ഭരിക്കുന്ന യു.പി.എ. സര്‍ക്കാരിനു പോലും കേരളത്തിന്റെ ഭരണ മികവു അംഗീകരിക്കേണ്ടി വന്നു. ഇതെല്ലാം ഈ നാട്ടിലെ ജനങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന സത്യങ്ങള്‍ മാത്രം.
......................................
അഴിമതിയോട് സന്ധിചെയ്തും യു.പി.എ. ഗവേര്‍ണമെന്റിനെ അധികാരത്തില്‍ നിലനിര്‍ത്തുക എന്നത് സോണിയ ഗാന്ധിയുടെയും മന്മോഹന്‍ സിങ്ങിന്റെയും ഗതികേടാണ് എന്നതല്ലേ യഥാര്‍ത്ഥ സത്യം?  ചെന്നിത്തലയില്‍ എന്ത് കൊണ്ട് ഈ സത്യത്തിന്റെ വെളിപാട് ഉണ്ടാവുന്നില്ല എന്നത് അതിശയം തന്നെ !

അഴിമതിയും കോണ്‍ഗ്രസ്സും ആയുള്ള ബന്ധം ഇന്ന് നാട്ടിലെങ്ങും പാട്ടാണ്. കോണ്‍ഗ്രസ്‌ ഭരണത്തില്‍ അധികാരത്തിന്റെ ഇടനാഴിയില്‍ സ്വര്യ വിഹാരം നടത്തുന്നത് കള്ളപ്പണക്കാരും സമ്പന്ന കുത്തകകളും ആണെന്നത് മറച്ചു വെക്കാനാവാത്ത വിധം ജനശ്രദ്ധയില്‍ വന്നിരിക്കുന്നു. കുമ്പസാരകൂട്ടില്‍ നിന്ന് കുറ്റം ഏറ്റു പറയുന്നത് പോലെ ലോകസഭയിലും രാജ്യസഭയിലും വന്നുനിന്നു പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് തന്റെ തെറ്റുകള്‍ ഏറ്റു പറയേണ്ടി വന്ന നാണക്കേട് ചെന്നിത്തല അറിയാതിരിക്കുവാന്‍ ഇടയില്ല. 

കോണ്‍ഗ്രീസ്സുകാര്‍ അധികാരത്തിലിരുന്നു രാജ്യം കട്ടുമുടിക്കുന്നതും, കട്ടുമുടിക്കുന്ന കുത്തകകള്‍ക്കും കള്ളപ്പണക്കാര്‍ക്കും ചൂട്ടു പിടിക്കുന്നതും രാജ്യത്തെ പരമോന്നത കോടതി പോലും രൂക്ഷമായി വിമര്‍ശിക്കുകയും ഇടപെടുകയും ചെയുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വെറുതെയല്ല സുധാകരന്‍ എന്ന കാളപ്പെട്ടിയെ ഉപയോഗിച്ച് കോടതിയെയും ജഡ്ജിമാരെയും തള്ളി പറയുവാന്‍ കോണ്‍ഗ്രസ്‌ പ്രസ്ഥാനം തയ്യാറായത് !

അഴിമതിയിലും പിടിപ്പുകേടിലും ജനവിരുദ്ധ നയങ്ങളിലും മുന്‍ കോണ്‍ഗ്രസ്‌ ഗവേര്‍മെന്റുകളുടെ റിക്കാര്‍ഡുകള്‍ തകര്‍ത്ത് കൊണ്ട് ഭരണം തുടരുന്ന സോണിയ - മാന്‍മോഹന്‍ കോണ്‍ഗ്രസിന്റെ വര്‍ത്തമാനങ്ങള്‍ കടുത്ത അമര്‍ഷത്തോടെ ജനങ്ങള്‍ നോക്കി കാന്നുന്നു എന്നാണു സമീപകാല സര്‍വ്വേകള്‍ വെളിപ്പ്ടുത്തുന്നത്.

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് വിറ്റ്‌ തുലയ്ക്കുന്നു. പൊതുവിതരണ സമ്പ്രദായം ശക്തീകരിക്കാതെ ദുരിതം പേറുന്ന സാധാരണ ജനങ്ങളെ മാര്‍ക്കറ്റിന്റെ – സ്വകാര്യ മുതലാളിമാരുടെ ഇരകള്‍ ആക്കുന്നു. വിലകയറ്റം കൊണ്ട് പൊതുജനം പൊറുതി മുട്ടുന്നു. കുത്തകകള്‍ കൊള്ളലാഭം കൊയ്തുകൂട്ടി മഹാപര്‍വതം പോലെ തടിച്ചു കൊഴുക്കുന്നു. രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ  എണ്ണപ്പെരുപ്പം ചൂണ്ടികാട്ടി കോണ്‍ഗ്രെസ്സ്കാര്‍ പറയുന്നു, രാജ്യം സാമ്പത്തിക വികസനത്തിലൂടെ കുതിച്ചു കൊണ്ടിരിക്കുയാന്നെന്ന്. 

നിര്‍ത്തു കോണ്‍ഗ്രെസ്സുകാരാ നിങ്ങളുടെ കാപട്യം. ദുരിതം പേറുന്ന ഈ രാജ്യത്തെ സാധാരണ ജനം നിങ്ങളുടെ കാപട്യം നല്ലത് പോലെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ രാജ്യത്തിന്‍റെ നന്മക്കും നാടിന്റെ നന്മക്കും നിങ്ങളെ അധികാരത്തില്‍ നിന്ന് തൂത്തെരിയണം എന്ന ഉറച്ച തീരുമാനത്തിലാണ് പ്രബുദ്ധരായ ജനത.  

Wednesday, March 9, 2011

മനുഷ്യന്റെ ഭൌതിക ലോകത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മനുഷ്യന്‍ തന്നെയാണ്

മനുഷ്യന്റെ ഭൌതിക ലോകത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മനുഷ്യന്‍ തന്നെയാണ്. ഒരു ബാഹ്യശക്തിക്കും അതില്‍ ഒരു പങ്കുമില്ല. മനുഷ്യനും പ്രകൃതിയും തമ്മില്ലുള്ള, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ ആരോഗ്യകരമായ ചില ചിട്ടകള്‍ അനിവാര്യമാണ്.
വിതക്കുകയും കൊയ്യുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്ന മനുഷ്യന് ചില നിയന്ത്രണങ്ങള്‍ വേണം. എങ്കില്‍ മാത്രമേ മനുഷ്യന്റെ ജീവിതത്തില്‍ സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാവൂ. എങ്കില്‍ മാത്രമേ സ്നേഹത്തിന്റെ ശീതളമായ ഒരുമ ഉണ്ടാവൂ.

ഈ ഒരു ലക്‌ഷ്യം നേടുന്നതിനു വേണ്ടി കാലങ്ങളിലൂടെ, ചരിത്രത്തിലൂടെ മനുഷ്യന്‍ നടത്തിയ പൂര്‍ണ്ണവും അപൂര്‍ണ്ണവും ആയ അന്വേഷണങ്ങളും കണ്ടെത്തലുകളും ആണ് ഇന്ന് മനുഷ്യനില്‍ കാണപ്പെടുന്ന എല്ലാ ധാര്‍മികതയും സംസ്കാരവും. ആദികാലത്തെ മനുഷ്യന്‍ അവന്റെ ജീവസന്ധാരണത്തിനു വേണ്ടി പ്രകൃതിയില്‍ ഇടപെട്ടു നേടിയ അറിവുകളുടെയും ചിന്തകളുടെയും തുടര്‍ച്ചയും വളര്‍ച്ചയും ആണ് എല്ലാ ആധുനിക അറിവുകളും ചിന്തകളും.


കറയറ്റ കാപട്യമേ നിന്റെ പേരോ കോണ്‍ഗ്രസ്‌ ‌?

ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന മഹാപുരുഷന്‍ എന്ന പരിവേഷവുമായിട്ടാണല്ലോ കുറെ നാളായി കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന കാളപ്പെട്ടിയായ ശ്രീ സതീശന്റെ നടപ്പ്.

അച്ചുതാനന്തന്റെ മൂക്ക് ചെത്തികളയും എന്ന ഭാവത്തിലാണ് ആശാന്റെ ചാനല്‍ ഡയലോഗുകള്‍ . ഓണ്ലൈ്ന്‍ ലോട്ടറി ചക്രവര്‍ത്തി മാണി കുമാര്‍ സുബ്ബയെ കോണ്‍ഗ്രസിന്റെ പ്രതിനിധിയും പണപ്പെട്ടിയും ആയി കൊണ്ട്നടക്കുമ്പോള്‍, ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ചിദംബരവും ഭാര്യ നളിനി ചിദംബരവും കോണ്ഗ്രസസ്‌ വാക്താവ് അശോക്‌ സിന്ഗ്വിയും ഓണ്‍ലൈന്‍ ലോട്ടറിക്കാരുടെ വാക്താക്കള്‍ ആയി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രിസിന്റെ പൂമുഖത്ത് ഉലാത്തുമ്പോള്‍ ‍, ഇതാ ഇവിടെ കേരളത്തില്‍ ഒരു ലോട്ടറി വിരുദ്ധ പോരാളി. സാക്ഷാല്‍ സതീശന്‍. എന്തൊരു കാപട്യം!

തെരഞ്ഞെടുപ്പ് അടുത്തതോടെ ചാനലില്‍ നിന്നിറങ്ങി നേരെ ലോട്ടറി കേസുമായി സാക്ഷാല്‍ സതീശന്‍ ഹൈകോടതി കയറി. അപ്പോയും വല്ലാത്ത ഭാവം ആയിരുന്നു ആശാന്റെ മുഖത്ത്. ഇടതിനെ ഇപ്പോ കശക്കി കളയും എന്നതായിരുന്നു ഭാവം. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് വി.എസ്. തയ്യാറാവുന്നില്ല എന്നതായിരുന്നു കേസ്. കേരളം പ്രധാനമന്ത്രിയോട് പലതവണ ഈ കാര്യം ആവശ്യപെട്ടിട്ടും കേന്ദ്രം അനങ്ങാപ്പാറ നയം തുടതുന്നു എന്ന കാര്യം വി.എസ്.ഗവേര്‍മെന്റ്റ് രേഖ സഹിതം കോടതിയെ ബോധിപ്പിച്ചു.

ഇപ്പോള്‍ ഇതാ ഹൈകോടതി സുവ്യക്തമായി പറഞ്ഞിരിക്കുന്നു, ഈ പന്ത് കേന്ദ്ര ഗവേര്‍മെന്റിന്റെ കൈയ്യില്‍ ആണെന്ന്. മാത്രമല്ല എന്ത് കൊണ്ട് മുഖ്യമന്ത്രി ആവശ്യപെട്ടിട്ടും പ്രധാനമന്ത്രി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുന്നില്ല എന്ന് കോടതി ചോദിക്കുന്നു. ചിദംബരത്തിനും കൂട്ടര്‍ക്കും വിശദീകരണം ആവശ്യപെട്ടു കോടതി നോട്ടീസ് അയക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

കോടതി ചോദിക്കുന്നു,“ നാണമില്ലേ സതീശാ, സ്വന്തം പാര്ട്ടി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കൃത്യ വിലോപം എടുത്തു കാണിക്കുന്ന ഒരു കേസുമായി കോടതി കയറുവാന്‍” എന്ന്. അതോടൊപ്പം ഒരു താക്കീതും കൊടുത്ത്. “താങ്കളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ ഇത് പോലുള്ള കേസുകളുമായി വന്നു കോടതിയെ ദുരുപയോഗം ചെയ്യുവാനുള്ള ശ്രമം നല്ലതല്ല” എന്ന്.

ലോറിക്കിടയില്‍ പെട്ട അലൂമിനിയം പാത്രം പോലെ, ചുളുങ്ങിയത് സതീശനും കോണ്‍ഗ്രസ്സും അവരുടെ ഗതിയില്ലാതുഴലുന്ന വലതു മുന്നണിയും! എന്തൊരു നാണക്കേട് !!


ഇടതു രാഷ്ട്രീയത്തിന്റെ വെളുപ്പും വലതു രാഷ്ട്രീയത്തിന്റെ കറുപ്പും.

ഞങ്ങള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്ക്ക് രസിക്കുന്നില്ല. ഞങ്ങള്‍ പോതുമെഘലയെ ശക്തീകരിക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ പോതുമെഘലാ സ്ഥാപനങ്ങള്‍ വിറ്റ് തുലക്കുന്നതിന്റെ സ്പീഡ് കൂട്ടേണ്ട കാര്യം ആലോചിക്കുന്നു.

ഞങ്ങള്‍ പൊതുവിതരണ സമ്പ്രദായം വിപുലമാക്കി വിലക്കയറ്റം പിടിച്ചു നിര്‍ത്തി സാധാരണ ജനവിഭാഗങ്ങള്‍ക്ക് ന്യായമായ വിലക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കണം എന്ന് പറയുമ്പോള്‍ നിങ്ങള്‍ ചെവികൊടുക്കുന്നില്ല. കുത്തകള്‍ക്ക് അവധി വ്യാപാരത്തിന് അവകാശവും അനുമതിയും നല്‍കി അവശ്യ സാധനങ്ങളുടെ വിപണി കൈയ്യടക്കാനും കൊള്ളലാഭം കൊയ്യാനും അവസരം ഒരുക്കി കൊടുക്കുന്നു.

ഞങ്ങള്‍ സാമ്പത്തിക അന്തരം കുറക്കുവാന്‍ ഉതകുന്നതും ജനങ്ങളുടെ മൊത്തം ജീവിതത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതുമായ വിധം സാമ്പത്തിക പരിഷ്കാരം നടപ്പിലാക്കണം എന്ന് പറയുമ്പോള്‍ , നിങ്ങള്‍ സ്വദേശിയും വിദേശിയും ആയ കുട്ടക വര്‍ഗ്ഗത്തിന്റെ കൊള്ള ലാഭത്തിനു രാജപാത ഒരുക്കുന്ന സാമ്പത്തിക പരിഷ്കാരം നടത്തി മഹാ ഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തെ പ്രന്തവല്‍ക്കരിക്കുന്നു.

ഞങ്ങള്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത പ്രയാസങ്ങളുടെ മോചനത്തിന് വേണ്ടി, എല്ലാ ജനതയുടെയും ന്യായമായ അവകാശങ്ങള്‍ക്കും അന്തസ്സിനും വേണ്ടി പൊരുതുമ്പോള്‍ , നിങ്ങള്‍ മത്സര ബുദ്ധിയോടെ കുത്തക സമ്പന്ന വര്‍ഗ്ഗത്തിന് വിടുപണി ചെയ്യുന്നു. നിങ്ങള്‍ കള്ളപ്പണക്കാര്‍ക്ക് കുടപിടിക്കുന്നു.

ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിന്റെ ജനപക്ഷ രാഷ്ട്രീയവും, നിങ്ങളുടെ ജനവിരുദ്ധ വലതുപക്ഷ രാഷ്ട്രീയവും വെളുപ്പും കറുപ്പും പോലെ വളരെ പ്രകടം ആണ്.

Thursday, March 3, 2011

കാതലായ മാറ്റത്തിനു വേണ്ടി സമൂഹത്തിന്റെ രാഷ്ട്രീയവല്‍ക്കരണം - അതാണ്‌ പുരോഗമന പ്രസ്ഥാനങ്ങളുടെ എന്നത്തെയും കടമ.

പ്രതിലോമ ചിന്താഗതിക്കാര്‍ . സാമൂഹ്യ മാറ്റം ആഗ്രഹിക്കാത്ത പിന്തിരിപ്പന്‍ വര്‍ഗ്ഗങ്ങള്‍ . ചൂഷക വര്‍ഗ്ഗവ്യവസ്ഥിതി അഭംഗുരം നിലനില്‍ക്കണം എന്നഗ്രഹിക്കുന്നവര്‍ . തല്ലുകൊണ്ടാലും തമ്പുരാന്റെ മോതിരകൈകൊണ്ടാണ് തല്ലിയത് എന്ന് മേനി പറയുന്നവര്‍ . പ്രമാണി വര്‍ഗ്ഗത്തോട് മാനസികമായി ദാസ്യം വെച്ച് പുലര്‍ത്തുന്നവര്‍ . ഇവരൊക്കെ ഇന്നും നമ്മുട സമൂഹത്തില്‍ സജീവമാണ്.

കുത്തക വര്‍ഗ്ഗത്തിന് വിടുപണി ചെയ്യുന്നവര്‍ . കുത്തക വര്‍ഗ്ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ വികസനം എന്ന് വിശേഷിപ്പിക്കുന്നവര്‍ . ഇവരുടെ കൂട്ടികൊടുപ്പുകാരായി നീതിയുടെയും മാധ്യമങ്ങളുടെയും തലപ്പത്തിരിക്കുന്നവര്‍ . അധികാരത്തെ കുത്തക വര്‍ഗ്ഗ സേവനത്തിനും അഴിമതിക്കും ഉള്ള അവസരമായി കാണുന്ന രാഷ്ട്രീയ ദല്ലാളന്മാര്‍ . ഇവരില്‍ നിന്നുള്ള രാജ്യത്തിന്റെയും ജനതയുടെയും മോചനം ആണ് - അതിനുള്ള പോരാട്ടം ആണ് പുരോഗമന രാഷ്ട്രീയത്തിന്റെ കാതല്‍ .

സചേതനമാവേണ്ട യുവത്വത്തെ നിസ്സംഘതയുടെ അരാഷ്ട്രീയതയിലെക്ക് ബോധപൂര്‍വ്വം തള്ളി വിടുന്നു ചില കുത്തക മാധ്യമങ്ങള്‍ . ആരോഗ്യകരമായി വളരേണ്ട സംവാദങ്ങള്‍ മടുപ്പുളവാക്കുന്ന വവാധങ്ങള്‍ ആക്കി മാറ്റുന്നു ചാനലുകള്‍. നിലനില്‍ക്കുന്ന ജീര്‍ണ്ണ വ്യവസ്ഥിതിയെ തകരാതെ താങ്ങി നിര്‍ത്തുക എന്നതാണ് ഈ മാധ്യമങ്ങളുടെയും ചാനലുകളുടെയും ആത്യന്തിക ധര്‍മ്മം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

സമൂഹത്തെ സമഗ്ര അര്‍ത്ഥത്തില്‍ രാഷ്ട്രീയവല്ക്കരിക്കുക എന്നതായിരിക്കണം പുരോഗമന പ്രസ്തങ്ങള്‍ നടത്തുന്ന ഏതൊരു ആശയസംവാദത്തിന്റെയും ആത്യന്തിക ലക്‌ഷ്യം. ജനങ്ങളുടെ നീതിയും അന്തസ്സും അവകാശങ്ങളും ഉറപ്പുവരുത്തിയാലെ സമൂഹത്തില്‍ സമാധാനവും ഭദ്രതയും സുരക്ഷിതത്വവും ഉണ്ടാവൂ എന്ന പരമമായ സത്യം നാം നമുക്ക്‌ ചുറ്റുമുള്ള സമൂഹത്തോട്‌ ഉറക്കെ പറയേണ്ടതുണ്ട്.

യു.ഡി.എഫ്.മുന്നണിയുടെ പൊറുതികേട് അഥവാ ഇടതുജനാധിപത്യ മുന്നണി ഭരണത്തിന്റെ ജനകീയത ....


ഇതുപോലെ കഴിവുകെട്ട ഭരണം കേരളം കണ്ടിട്ടില്ല എന്നാണ് നാലര വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിന് യു.ഡി.എഫ് മുന്നണി കൊടുത്തിരിക്കുന്ന സര്‍ട്ടിഫിക്കറ്റ്. എന്തായിരിക്കാം യു.ഡി.എഫ് മുന്നണിയെ ഇത്രമാത്രം ചൊടിപ്പിച്ച ഇടതുജനാധിപത്യ മുന്നണിയുടെ കഴിവുകേട്?

ഇന്ത്യന്‍ പ്രധാനമന്ത്രി പോലും പ്രശസിക്കുവാന്‍ കാരണമായി തീര്‍ന്ന വിധം പൊതുവിതരണ സമ്പ്രദായം ശക്തമാക്കി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനതയെ കുതിച്ചുയരുന്ന വിലകയറ്റത്തിന്‍റെ പ്രയാസങ്ങളില്‍ നിന്ന് മോചിതരാക്കി എന്നതാണോ ഇടതുജനാതിപത്യ മുന്നണി ഭരണത്തിന്റെ കഴിവുകേട്?

കേരളത്തിലെ വ്യവസായ വികസനത്തിന്റെ ചരിതത്തില്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റം സൃഷ്ടിച്ചു എന്നതാണോ കഴിവുകേട്?
കാര്‍ഷിക ഉത്പാദന രംഗത്ത്‌ - നെല്ലുല്‍പാദന രംഗത്ത്‌ ആശാവഹമായ മുന്നേറ്റം കാഴ്ച വെച്ച് എന്നതാണോ കഴിവുകേട്?

യു.ഡി.എഫ്. ഭരണകാലത്ത് കാര്‍ഷിക ഉല്പന്നങ്ങളുടെ വില തകര്‍ച്ച കാരണം കടബാധ്യത തിരിച്ചടക്കാനാവാതെ ആത്മഹത്യ തുടര്‍ന്ന് വന്ന കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിതള്ളി കര്‍ഷക ആത്മഹത്യകള്‍ ഒരു കടംകഥയാക്കി. ഇടതുമുന്നണി ഭരണം കാര്‍ഷിക മേഘലയില്‍ പുത്തന്‍ഉണര്‍വ് ഉണ്ടാക്കി. ഇതാണോ കഴിവുകേട്?
അറുപതിനായിരം ഹെക്ടര്‍ ഭൂമിയില്‍ കുടുംബശ്രീ സംഘങ്ങളുടെ സഹകരണത്തോടെ പുതുതായി നെല്ലുല്‍പാദനം തുടങ്ങി എന്നതാണോ കഴിവുകേട്? 

വാര്‍ദ്ധക്യകാല പെന്‍ഷന്‍ 110 രൂപയായിരുന്നത് 400 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നതാണോ കഴിവുകേട്?  അദ്ധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കുക എന്ന ഇടതുമുന്നണിയുടെ നയം ഇത്തവണയും കൂടുതല്‍ വിപുലമാക്കി. ഗാര്‍ഹിക തൊഴിലാളികള്‍ക്കും പീടിക തൊഴിലാളികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കുടംബശ്രീ അംഗങ്ങള്‍ക്കും പുതുതായി ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കി. പെന്‍ഷന്‍ 110 രൂപയായിരുന്നത് 400 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. തൊഴിലില്ലായ്മ വേതനം 100 രൂപയില്‍ നിന്ന് 300 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഇതാണോ ഇടതു മുന്നണി ഭരണത്തിന്റെ  കഴിവുകേട്?

കെടുകാര്യസ്ഥത കാരണം നഷ്ടത്തിലും നാശത്തിലും ആയി പോതുമേഘലാ സ്ഥാപനങ്ങള്‍ പലതും പൂട്ടികിടക്കേണ്ടി വന്നു,കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍. ധാരാളം തൊഴിലാളികള്‍ക്ക്‌ അത് കാരണം തൊഴില്‍ നഷ്ടപെട്ടു. ഇന്ന് കേരളത്തിലെ പൂട്ടികിടന്ന എല്ലാ പോതുമേഘലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു. മാത്രമല്ല എല്ലാ പോതുമേഘലാ സ്ഥാപനങ്ങളും മികച്ച ലാഭം നേടികൊണ്ട് കേരളത്തിന്റെ തൊഴിലാളികളുടെ അഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു. ആത്മാര്‍ഥതയും കാര്യശേഷിയും ഉണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍  സാധിക്കും എന്ന് ഇടതുപക്ഷം തെളിയിച്ചു. ഇതാണോ വലതുപക്ഷ മുന്നണി ആരോപിക്കുന്ന കഴിവുകേട്?

കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാകാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ പ്രതിമാസം പത്തു കിലോ അരിയും ഗോതമ്പും നല്‍കുവാന്‍ തീരുമാനിച്ചതാണോ നിങ്ങളുടെ നോട്ടത്തില്‍ കഴിവുകേട്.

നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ വലിയ തോതില്‍ വ്യവസായ വികസനം ഉണ്ടായി. കൂടുതല്‍ റോഡുകളും പാലങ്ങളും ഉണ്ടായി. ചെറുകിട പരമ്പരാഗത വ്യവസായ രംഗത്ത്‌ പുത്തന്‍ ഉണര്‍വുണ്ടായി. പൂട്ടികിടന്ന തോട്ടംമേഘലയും കശുവണ്ടി ഫാക്ടറികളും സജീവമായി. മല്‍സ്യബന്ധന രംഗത്ത്‌ വന്‍ കുതിപ്പുണ്ടായി. കേരളത്തിന്റെ എല്ലാ ജില്ലകളിലും വന്‍തോതിലുള്ള മുന്നേറ്റം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ രംഗത്ത്‌ സംഭവിച്ചു. കേരളത്തിന്റെ താല്പര്യങ്ങള്‍ ഉറപ്പുവരുത്തി കൊണ്ട് കൊച്ചിയില്‍ ദുബായിലെ ടീകോം സ്ഥാപനവുമായി ചേര്‍ന്ന് സ്മാര്‍ട്ട്സിറ്റി തുടങ്ങുവാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഇതുവഴി വിവിധ മേഘലകളില്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്കും ചെറുപ്പക്കാരികള്‍ക്കും പുതുതായി തൊഴില്‍ ലഭിച്ചു. വരും നാളുകളില്‍ തൊഴില്‍ രംഗത്ത്‌ പുത്തന്‍ കുതിപ്പിനുള്ള കളമൊരുങ്ങി. ഇതാണോ നിങ്ങള്‍ ആരോപിക്കുന്ന കഴിവുകേട്?

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും എല്ലാം ശമ്പളം ജീവിതസൂചികയുടെ വര്‍ദ്ധനവിന് അനുസരിച്ച് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. അതുവഴി അവരുടെ ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിച്ചു. വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചു. വിപണികള്‍ സജീവമാകുന്നു. ശമ്പളം മുടങ്ങുന്ന ട്രഷറി അടക്കുന്ന അവസ്ഥ ഒരിക്കല്‍ പോലും ഉണ്ടായില്ല. മുന്‍പ് യു.ഡി.എഫ്.ഭരണകാലതുണ്ടായിരുന്ന ഇത്തരം സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ ഒരു കടംകഥയായി തീര്‍ന്നു. ഇതാണോ ഇടതുമുന്നണി ഭരണത്തിന്റെ കഴിവുകേട്?

പ്രശസ്ത സാമ്പത്തിക വിദഗ്തന്‍ കൂടിയായ ഡോക്ടര്‍ തോമസ്‌ഐസക്‌ മികച്ച സാമ്പത്തിക മാനേജ്മെന്റിലൂടെ നികുതി വരുമാനത്തില്‍ വന്‍ വര്ദ്ധനവുണ്ടാക്കി. നികുതി വെട്ടിപ്പുകള്‍ വലിയതോതില്‍ തടഞ്ഞു. അടിസ്ഥാന ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാന്‍ നിരന്തരമായി ശ്രമംതുടര്‍ന്നു. ക്ഷേമപദ്ധതികള്‍ വിപുലമാക്കി. ഇതാണോ കഴിവുകേട്?

സര്‍ക്കാര്‍ ആശുപതികള്‍ കേവലം നോക്കുകുത്തികള്‍ എന്ന നിലയില്‍നിന്നു പുതു ചൈതന്യം നേടിയെടുത്തു. ചികിത്സാസൌകര്യങ്ങളും  വേണ്ടതായ മരുന്നും മികച്ച ഡോക്ടര്‍മാരുടെ സേവനവും വൃത്തിയും വെടിപ്പും എല്ലാം സാധാരണ ജനങ്ങളുടെ പ്രതീക്ഷക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് ഉറപ്പുവരുത്തി. മെച്ചപെട്ട ആരോഗ്യസേവനതിനുള്ള അവാര്‍ഡുകള്‍ അഖിലേന്ത്യാതലത്തില്‍ നേടിയെടുത്തു. ഇതാണോ കഴിവുകേട്?

കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്തെ കെടുകാര്യസ്ഥതയും അഴിമതിയും ജനവിരുദ്ധ നിലപാടുകളും നല്ലപോലെ ഓര്‍ക്കുന്ന ജനങ്ങളുടെ മുന്നില്‍  ഇടതുമുന്നണിയുടെ ഭരണത്തിന്റെ ജനകീയ നയങ്ങളും കാര്യക്ഷമതയും തികഞ്ഞ മതിപ്പുണ്ടാക്കുന്നു. ജനക്ഷേമ രംഗത്തും വികസന രംഗത്തും മാതൃകാപരമായ ഇടതുമുന്നണി ഭരണത്തിന്റെ ഓരോ ചുവടുവെപ്പിനും കേരള ജനത അനുഭവസാക്ഷ്യം വഹിക്കുന്നു. പിന്നെ എങ്ങിനെ യു.ഡി.എഫ്.മുന്നണിക്ക് പൊറുതികേടില്ലാതിരിക്കും?

സത്യത്തില്‍ ഇടതുജനാധിപത്യ മുന്നണി ഭരണത്തിന്റെ കഴിവുകേട് എന്ന് യു.ഡി.എഫ്.മുന്നണി ആരോപിക്കുമ്പോള്‍ അവരുടെ മനസ്സിനകത്ത് വല്ലാത്ത പൊറുതികേടാണ് എന്നതാണ് വസ്തുത. കേരളത്തിലെ സഖാവ് വി.എസ്.ന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം ജനകീയമായി ജനപ്രിയമായി ഇങ്ങിനെ പോയാല്‍ നമ്മുടെ ഗതിയെന്ത്‌ എന്ന "പുകയുന്ന ചിന്തയാണ്" ചാണ്ടിക്കും ചെന്നിത്തലക്കും മാണിക്കും കുഞ്ഞാലിക്കുട്ടിക്കും എല്ലാം ഉള്ളത്. 

സംശയം വേണ്ട . തീര്‍ച്ചയായും ജനകീയകോടതി സ്വന്തം അനുഭവസാക്ഷ്യം മുന്‍നിര്‍ത്തി നിങ്ങളെ വിചാരണ ചെയ്യുവാന്‍ തയ്യാറെടുത്തു കാത്തിരിക്കുകയാണ്!