Monday, February 28, 2011

മനുഷ്യന്റെ നന്മയും ഒരുമയും തകര്‍ക്കുന്ന ഒരു പ്രവണതയും നമുക്ക്‌ അംഗീകരിക്കുവാന്‍ പറ്റില്ല.

സമാധാനത്തിന്റെ മതം എന്ന് നല്ലവരായ ഇസ്ലാം മത വിശ്വാസികള്‍ അഭിമാന പൂര്‍വ്വം വിശേഷിപ്പിക്കുന്ന ഇസ്ലാം മതത്തെ സങ്കുചിത വര്‍ഗീയതയുടെ ആലയില്‍ കെട്ടിയിടാന്‍ ശ്രമിക്കുന്ന മുസ്ലിം ലീഗിന്റെ രാഷ്ട്രീയ കച്ചവട നീക്കത്തെ മുസ്ലിം സമുദായം ശക്തമായി ചെറുക്കുവാന്‍ ഇനിയും വൈകരുത്. കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം മത വൈകാരികത ഇളക്കി വിടുകയും , മതത്തെ അധികാരത്തിലേക്ക്‌ കയറുവാനുള്ള ഒരു ഏണിയായി മാത്രം കാണുകയും ചെയ്യുന്ന ലീഗ് നിലപാടിനെ നല്ലവരായ മുസ്ലിം സമുദായത്തിലെ വിശ്വാസികളും മതേതരത്വത്തെ സ്നേഹിക്കുന്ന പൊതു സമൂഹവും ഒരു പോലെ തിരിച്ചറിയേണ്ടതുണ്ട് .

അഴിമതിയും സ്ത്രീ പീഡനവും എല്ലാം അധികാരം ഉപയോഗിച്ച് നടത്തുന്ന നേതാക്കള്‍ പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം, മതത്തെയും പള്ളിയെയും മറ്റും തങ്ങളുടെ രാഷ്ട്രീയ കളിക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ , ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന നിസ്സംഗത ആത്മീയ നേതാക്കളും സമുദായ സംഘടനകളും തുടരുന്നത് മുസ്ലിം സമുദായത്തിനു എന്തു മാത്രം ദുഷ്പേര് ഉണ്ടാക്കുന്നു എന്നോര്‍ക്കണം.

ഇപ്പോയിതാ നാദാപുരത്തു കുടുംബത്തിന്റെ അത്താണികള്‍ ആവേണ്ട ഏതാനും മുസ്ലിം ചെറുപ്പക്കാര്‍ രഹസ്യ കേന്ദ്രത്തില്‍ ബോംബു നിര്‍മ്മാണം നടത്തവേ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഇവര്‍ ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ഇത്ര മാരകമായ ബോംബുകള്‍ നിര്‍മ്മിച്ചു? ആരാണ് ഇവര്‍ക്ക് ഇത്ര ഹീനമായ ഒരു കൃത്യത്തിനു പ്രേരണ നല്‍കിയത്? കണിശമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ആ സത്യങ്ങള്‍ പുറത്തു വരികയുളൂ. ഇവരെല്ലാവരും ലീഗിന്റെ പ്രവര്‍ത്തകര്‍ ആണെന്നാണ്‌ എല്ലാ മാധ്യമങ്ങളും ഒരു പോലെ പറയുന്നത്. 
നാദാപുരത്തെ നല്ലവരായ നാട്ടുകാര്‍ക്കും അറിയാം ഈ ഹീന കൃത്യം ചെയ്തത് മുസ്ലിം  ലീഗിന്റെ സജീവ പ്രവര്‍ത്തകര്‍ ആണെന്നെ സത്യം.  

ഇത് ഇസ്ലാം മതത്തെ കളങ്കപ്പെടുത്തുന്ന ഒരു കൃത്യം ആല്ലേ? വിവിധ സമുദായങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വേണോ ഇത്തരം ഭീകരതയുടെ താലിബാന്‍ മോഡലുകള്‍?  നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ മതഭീകരതയും സങ്കുചിതത്വവും സ്വസമുദായത്തിലെ തന്നെ വിവിധ ജനവിഭാഗങ്ങളുടെ സമാധാന ജീവിതത്തിനു ഭീഷണിയായി മാറിയിരിക്കുന്ന വാര്‍ത്തകള്‍ നാം കൂടെ കൂടെ മാധ്യമങ്ങളില്‍ വായിക്കുന്നു.

തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും പറയുവാനുള്ള, മതപരമായി തങ്ങളില്‍ അര്‍പ്പിക്കപെട്ട ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് ലീഗെന്ന വര്‍ഗീയ രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള വിധേയത്വം ആത്മീയ നേതാക്കള്‍ക്കും സമുദായ നേതാക്കള്‍ക്കും ഒരിക്കലും തടസ്സമായി കൂടാ. വര്‍ഗീയതയും ഭീകരപ്രവര്‍ത്തനവും നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ മതേതര സംസ്കാരത്തിന് ഭീഷണിയായി തീര്‍ന്നിരിക്കുന്നു. മതത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും മനുഷ്യന്റെ നന്മയും ഒരുമയും തകര്‍ക്കുന്ന ഒരു പ്രവണതയും നമുക്ക്‌ അംഗീകരിക്കുവാന്‍ പറ്റില്ല. 

തിരുത്തേണ്ടത് മുഴുവന്‍ തിരുത്തി തുടങ്ങിയാല്‍ പിന്നെ യു.ഡി.എഫ്‌.മുന്നണിയുടെ ഭാവിഗതി എന്താവും? കട്ടപ്പുക!

തിരുത്തേണ്ടത് തിരുത്താതിരുന്നാല്‍ യു.ഡി.എഫ്‌.മുന്നണിക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവും എന്ന് ആ മുന്നണിയുടെ പ്രമുഖ നേതാവ് ശ്രീ കെ.എം.മാണി പറയുന്നു.
എന്തൊക്കെയാണ് തിരുത്തേണ്ടത്? .......

1. അഴിമതിക്കാരെ പൂമാലയിട്ട് സ്വീകരിക്കുന്നതും കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ചാല്‍ ജഡ്ജിമാരെ രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങികള്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നതും തിരുത്തണോ?


2. ലക്ഷകണക്കിന് കോടികളുടെ അഴിമതി കോണ്‍ഗ്രസ്‌ ‌ പ്രധാനമന്ത്രിയുടെ മൂക്കിനു മുമ്പില്‍ വെച്ച് നടന്നിട്ടും മൌനവ്രതം തുടരുകയും ഒടുവില്‍ എല്ലാം വെളിച്ചത്തയപ്പോള്‍ അത് മുന്നണി ഭരണത്തിന്റെ ഗതികേടാണ് എന്ന് പറഞു ഒഴിഞ്ഞു മാറുകയും ചെയ്യുന്ന പോക്കണം കെട്ട നിലപാട് തിരുത്തണോ?


3. റേഷന്‍ അരിയുടെ കാര്യത്തിലും കൊച്ചി മെട്രോയുടെ കാര്യത്തിലും മറ്റും കേരളത്തോട് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്‌ മുന്നണി തുടരുന്ന അവഗണന തിരുത്തണോ?


4. കേരളത്തില്‍ ഇടതു ജനാധിപത്യ മുന്നണി കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏറെയായി തുടര്ന്ന് കൊണ്ടിരിക്കുന്ന ജനക്ഷേമ നടപടികളും കാര്‍ഷിക വ്യവസായ രംഗത്ത്‌ ഉണ്ടായിട്ടുള്ള വന്‍ മുന്നേറ്റവും തള്ളി പറഞു കള്ളപ്രചാരണം നടത്തുന്നത് തിരുത്തണോ?


5. തെരുവകളില്‍ മാരക ആയുധങ്ങളുമായി മുന്നണിയിലെ ഘടക കഷികള്‍ തമ്മില്‍ അടിപിടി കൂടി ക്രമസമാധാന ഭംഗം വരുത്തുന്ന മോശമായ നിലപാട് തിരുത്തണോ?


6. സംസ്ഥാനത്തിന്റെ മികച്ച ഭരണത്തിനു വിവധ കേന്ദ്രങ്ങളില്‍ നിന്ന് അവാര്‍ഡുകളും പ്രശംസകളും ലഭിക്കുമ്പോള്‍ സങ്കുചിത രാഷ്ട്രീയ നേട്ടം മാത്രം മുന്നില്‍ കണ്ടു അസഹിഷ്ണത പ്രകടിപ്പിക്കുന്ന ചീപ്പ് നിലപാട് തിരുത്തണോ?

മാണി സാറേ ....ഇങ്ങിനെ തിരുത്തേണ്ടത് മുഴുവന്‍ തിരുത്തി തുടങ്ങിയാല്‍ പിന്നെ യു.ഡി.എഫ്‌.മുന്നണിയുടെ ഭാവിഗതി എന്താവും? കട്ടപ്പുക!

Saturday, February 26, 2011

ഇരുട്ടില്‍ തപ്പുന്ന യു.ഡി.എഫ്. മുന്നണിക്ക്‌ ഇനിയെങ്കിലും നല്ല ബുദ്ധിയുണ്ടാവട്ടെ!

യു.ഡി.എഫ്. മുന്നണി അധികാരത്തില്‍ ഇരുന്ന കാലത്ത് അതിന്റെ നേതാക്കള്‍ കാട്ടികൂട്ടിയ അഴിമതിയും സ്ത്രീ പീഡനവും,  തെളിവുകളും സാക്ഷികളും മൊഴികളുമായി കോടതിയില്‍ എത്തികൊണ്ടേയിരിക്കുന്നു. അടുത്തത് ആരായിരിക്കും ജയിലിലേക്ക് എന്ന ചിന്ത ഓരോ യു.ഡി.എഫ്. നേതാക്കളെയും വല്ലാതെ അലട്ടുന്നു.

നേതാക്കള്‍ ഇങ്ങിനെ നാറി തുടങ്ങിയാല്‍ എങ്ങിനെ ഇവരെയും പേറി ജനങ്ങളുടെ മുഖത്ത് നോക്കും എന്ന അങ്കലാപ്പുമായി യു.ഡി.എഫ്. അണികള്‍ കാറ്റുപോയ ബലൂണ്‍ പോലെ തളരുന്നു. ഈ കെട്ട നേതാക്കളെയും അവര്‍ കൊണ്ട് നടക്കുന്ന പ്രസ്ഥാനത്തെയും ആണോ നാളെ നമ്മുടെ പ്രതിനിധിയായി തെരെന്നെടുത്തു നിയമസഭയിലേക്ക് അയക്കേണ്ടത് എന്ന് കടുത്ത രോഷത്തോടെ പൊതുജനം ചിന്തിക്കുന്നു. 


ചെളിയില്‍ പൂണ്ടു കിടക്കുന്ന യു.ഡി.എഫ്. നേതാക്കള്‍ ഇടതു മുന്നണിയുടെ നായകന്റെ ദേഹത്ത് ചെളി തെരിപ്പിക്കുവാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു നോക്കുകയാണ്. സാക്ഷാല്‍ മനോരമ പോലും തിരിച്ചറിയുന്നു തുംബില്ലാത്ത അത്തരം അപവാദങ്ങള്‍ ഒട്ടും ഏഷുന്നില്ല എന്ന്.  തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടന്നം ഉറച്ച നിലപാടാണ് ഇടതുമുന്നണിക്ക്‌ ഉള്ളത്. അല്ലാതെ കുറ്റവാളികള്‍ വായ്ത്തപ്പെടരുത്. അവര്‍ പൂമാലയിട്ടു സ്വീകരിക്കപ്പെടരുത്. സഖാവ് വി.എസ്. തുറന്നു പറഞു : എന്റെ മകനായാലും മറ്റാര്  തന്നെയായാലും തെളിവ് സഹിതം ആരോപണം കൊണ്ടുവന്നാല്‍ ഒരു മടിയും വിട്ടു വീഴ്ചയും കൂടാതെ ഉചിതമായ നടപടിയെടുക്കും.ഒരു സംശയവും വേണ്ട" എന്ന് . അതാണ്‌ മൂല്യ ബോധമുള്ള ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഉണ്ടാവേണ്ട ആര്‍ജവം.

ഇതുപോലെ പരിതാപകരമായ ഒരവസ്ഥ ഒരു കാലത്തും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മുന്നണിക്ക്‌ ഉണ്ടായിട്ടില്ല. ഇരുട്ടില്‍ തപ്പുന്ന യു.ഡി.എഫ്. മുന്നണിക്ക്‌ സ്വന്തം തെറ്റുകള്‍ തുറന്നു പറഞു ജനങ്ങളോട്‌ മാപ്പ് ചോദിക്കുവാനുള്ള സല്‍ബുദ്ധി ഇനിയെങ്കിലും ഉണ്ടാവട്ടെ!  

ഇടതു ജനാധിപത്യ മുന്നണി എന്നും ജനങ്ങളോടൊപ്പം ജനങ്ങള്‍ക്ക്‌ വേണ്ടി......

നാലര വര്‍ഷത്തെ ഇടതു ജനാധിപത്യമുന്നണിയുടെ ഭരണം സ്വീകരിച്ച ഓരോ നടപടികളും ഒരു തുറന്ന പുസ്തകം പോലെ കേരളീയ പോതുമാനസ്സിന്റെ മുന്‍പില്‍ ഉണ്ട്. സാമാന്യ ജനതയുടെ ജീവിതാവസ്ഥകളെ പിറകോട്ടടിപ്പിക്കുന്ന പ്രന്തവല്‍ക്കരിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലത്ത് അതിന്റെ ദോഷ വശങ്ങളെ പ്രതിരോധിക്കുന്ന ഒരു ബദല്‍ എങ്ങിനെ സാധ്യമാക്കാം എന്നതിന്റെ ഒരു പരീക്ഷണവും പ്രയോഗവും ആയിരുന്നു ഇടതു ജനാധിപത്യ മുന്നണി ഭരണത്തിന്റെ ഓരോ നയങ്ങളും നിലപാടുകളും. അതിന്റെ ഗുണ ഫലം കേരളത്തിലെ സാമാന്യ ജനങ്ങള്‍ നല്ലപോലെ അനുഭവിക്കുന്നുണ്ട്.

പൊതുവിതരണ രംഗത്ത് പൊതുമേഖലയോടുള്ള സമീപനത്തില്‍ സ്ത്രീ ശാക്തീകരണത്തില്‍ നികുതി വെട്ടിപ്പ്തടയുന്നതില്‍ ആരോഗ്യ രംഗത്ത് വ്യവസായ വികസന രംഗത്ത് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തുടങ്ങി എല്ലാ രംഗത്തും അതിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കാണുവാന്‍ സാധിക്കും. കേവലം അപവാദ വിവാദ പ്രചാരണങ്ങളിലൂടെ ഇടതു ഭരണത്തിന്റെ തിളക്കത്തെ മറച്ചു പിടിക്കുവാനുള്ള ശ്രമം ആണ് എന്നും വലതു മുന്നണി നടത്തിയിട്ടുള്ളത്‌ . 


അഴിമതിക്കെതിരെ അധികാര ദുര്‍വിനിയോഗത്തിനെതിരെ എന്നും ഉറച്ച നിലപാടാണ് ഇടതു ജനാധിപത്യ മുന്നണിക്കുള്ളത്. ആര് തന്നെ അത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്താലും അവര്‍ ശിക്ഷിക്കപ്പെടന്നം. അധികാരം ജനസേവനത്തിനുള്ളതാണ്. ജനങ്ങളുടെയും നാടിന്റെയും കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വേണ്ടിയുള്ളതാണ്. നാടിന്റെയും ജനങ്ങളുടെയും വികസന ലക്ഷ്യങ്ങള്‍ സഫലം ആക്കുവാന്‍ വേണ്ടി പ്രയോഗിക്കുവാന്‍ വേണ്ടിയുള്ളതാണ് അധികാരം.

ഇന്നത്തെ നമ്മുടെ രാജ്യത്തെ വ്യവസ്ഥിതിയുടെയും അധികാര ഘടനയുടെ എല്ലാ പരിമിതിയുടെയും അകത്ത് നിന്ന് കൊണ്ട് അടിസ്ഥാന ജനതയുടെ ജീവിതാവസ്ഥയെ എങ്ങിനെ മെച്ചപ്പെടുത്താം എന്ന ശ്രമകരമായ ഒരു ദൌത്യം ആണ് ഇടതു ജനാധിപത്യ മുന്നണി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. അതുവഴി ഇന്നത്തെ ബൂര്‍ഷാ ജനാധിപത്യത്തെ നാളത്തെ ജനകീയ ജനാധിപത്യം ആയി വികസിപ്പിക്കുന്നതിനുള്ള കളംഒരുക്കുക എന്നതാണ് ഇടതു പ്രസ്ഥാനങ്ങളുടെ വിദൂര ലക്‌ഷ്യം.

എന്നും ജനങ്ങളോടൊപ്പം ജനങ്ങള്‍ക്ക്‌ വേണ്ടി എന്നതാണ് ഇടതു പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യം. അധികാരത്തിന്റെയും വ്യവസ്ഥിതിയുടെയും ജനവിരുദ്ധ മുഖം ജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്നു കാട്ടുന്ന വര്‍ഗ്ഗ സമരങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ്‌ ഇടതു പ്രസ്ഥാനങ്ങള്‍ ജനകീയ ശക്തിയായി വളരുന്നത്.

Monday, February 21, 2011

വിശ്വാസിയും യുക്തിവാദിയും അല്പം ധാര്‍മിക ചിന്തകളും - യൂനുസ്‌


പ്രളയകാലം വരെ മാറ്റംഇല്ലാത്ത എല്ലാറ്റിന്റെയും അവസാനവാക്കായ അമൂര്‍ത്തമായ അരൂപിയായ ഒരു ദൈവം. നിറമോ മണമോ ഒന്നുമില്ല. സ്ഥലകാലങ്ങള്‍ ഇല്ല. അയാള്‍ അനാദിയാന്നു. ആദിയും അന്ത്യവും ഇല്ല. സൃഷ്ടാവില്ലാതെ സ്വയംഭൂ ആയവന്‍. നാം ജീവിക്കുന്ന ഭൂമിയും പാതാളവും ആകാശവും പ്രപഞ്ചവും അതിലെ സര്‍വ്വ ചരാചരങ്ങളും നക്ഷത്ര ഗാലക്സികളും എല്ലാം അവന്റെ സൃഷ്ടി. അവന്‍ സൃഷ്ടി സ്ഥിതി സംഹാരകന്‍. 


അവനറിയാത്ത അറിവുകള്‍ ഇല്ല. അവനറിയാത്ത ഭാഷകള്‍ ഇല്ല. ഈച്ചയുടെയും പൂച്ചയുടെയും കടലിന്റെയും കാറ്റിന്‍റെയും എല്ലാം ഭാഷകള്‍ അവനറിയാം. മനുഷ്യന്‍ ആണ് അവന്റെ കാര്യമായ പരീക്ഷണ ജീവി. പടച്ചോന്‍ വരച്ച വര തെറ്റിച്ചുനടക്കുന്ന ഏക ജീവി! ഒരു ദിവസം മനുഷ്യന്‍റെ പ്രാണന്‍ പോകും. പിന്നെ പരലോകം. അവിടെ വിചാരണ. തിളയ്ക്കുന്ന എണ്ണയും കരമുള്ളും ഉള്ള നരകം പാപികള്‍ക്ക്. തേനും പാലും കസ്തൂരി മണവും ഹൂറിയും എല്ലാം ഉള്ള സ്വഗ്ഗം പുണ്യം ചെയ്തവര്‍ക്ക്‌. പക്ഷെ ഒരു കാര്യം, ആരെന്തു ചെയ്താലും എവിടെ അഡ്മിറ്റ്‌ ചെയ്യണം എന്നതിന്റെ അവസാനവാക്ക്‌ പടച്ചോന്റെ തീരുമാനം മാത്രം.


ഇതാണ് യുക്തിവാദികളുടെ നേരെ വാളോങ്ങുന്ന വിശ്വാസിയുടെ വിശ്വാസം. ദൈവത്തിന്റെ വചനങ്ങള്‍ക്ക് തെറ്റുമില്ല തിരുത്തുമില്ല. ഒട്ടും ചോദ്യം കൂടാതെ , ഒട്ടും സംശയം കൂടാതെ അത് വിശ്വസിച്ചിരിക്കണം. ചെറുതായൊന്നു സംശയിച്ചു പോയാല്‍ വിശ്വാസത്തിനു  ദൈവത്തിന്റെ  ISO 9000 സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. 
 --------------------------------------------------------------------------------


അറിവിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ സകലമാന വിഷയങ്ങളെയും അവസ്ഥകളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും വിലയിരുത്തുകയും വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രീതിക്കാണ് യുക്തിവാദം എന്ന് പറയുന്നത്. അതിനു ഒരു പ്രവാചകനോ വേദ ഗ്രന്ഥമോ ദൈവമോ പണ്ഡിതനോ ഫിലോസഫറോ  പ്രളയകാലം വരെ മാറ്റമില്ലാത്ത ഒരു അവസാനവാക്കോ ഇല്ല. 


അറിവും ശാസ്ത്രവും വേദഗ്രന്ഥം  പോലെയല്ല. അത് നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓരോ മനുഷ്യനും   അവന്‍റെ  അന്വേഷണങ്ങള്‍ക്കും പരിശ്രമത്തിനും അനുസരിച്ച് ആവുന്നത്ര അറിവ് ഗ്രഹിക്കാന്‍ ശ്രമിക്കുന്നു. അതിന്‍റെ വെളിച്ചത്തില്‍ അവന്‍ എന്തും വിശകലനം നടത്തുന്നു. സംവദിക്കുന്നു. അറിവിന്‍റെയും കഴിവിന്റെയും കാര്യത്തില്‍ പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍ ആണ് ഓരോ മനുഷ്യനും. മനുഷ്യന്‍റെ അറിവ് ഏതു വിഷയത്തില്‍ ആയാലും എപ്പോയും ആപേക്ഷികം ആണ്. പ്രതിജനഭിന്നവും ആണ്. അതെ സമയം തികച്ചും മൌലികമാണ്‌ ഓരോ വ്യക്തിയുടെയും അറിവുകള്‍. അത് കൊണ്ട് തന്നെ മനുഷ്യര്‍ക്കിടയില്‍ ഭിന്ന സ്വരങ്ങള്‍ സ്വാഭാവികം ആണ്.
യുക്തിവാദികള്‍ക്ക്‌  മാത്രം അല്ല  മതത്തിന്റെ വേദ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുള്ള വിശ്വാസികള്‍ക്കും ഒരേ സ്വരത്തില്‍ ഒരു കാര്യവും സംവദിക്കുവാന്‍ പറ്റില്ല.  


ചുരുക്കത്തില്‍ നാം അറിയേണ്ടത്‌, സാമാന്യബുദ്ധിക്ക് ചേര്‍ന്ന ചോദ്യവും സംശയവും പോലും അനുവദനീയം അല്ലാത്ത മതവിശ്വാസവും, അറിവിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഉള്ള യുക്തിവാദവും പരസ്പരം ഒരിക്കലും കൂടിമുട്ടാത്ത റെയില്‍പാളങ്ങള്‍ പോലെയാണ്. സ്വതന്ത്ര മനുഷ്യന്‍റെ അടയാളം ആണ് യുക്തിവാദം. മാനസികമായ അടിമത്വവും കണ്ണടച്ചുള്ള അനുകരണവും യുക്തിവാദത്തിനു അന്യമാണ്.
---------------------------------------------------------------------------------------- 
എല്ലാം വിശ്വാസത്തില്‍ നിന്ന് മാത്രം എന്ന് കരുതുന്നു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ദിനചര്യയും അവന്റെ സദാചാരവും അവന്റെ മൂല്യങ്ങളും എല്ലാം ദൈവം കല്പ്പിച്ചതിന്റെ കേവലമായ അനുസരണം മാത്രം. അതുകൊണ്ട് തന്നെ വേദങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്ത് ചെയ്യണം എന്ത് ചെയ്യാതിരിക്കണം എന്നാ കാര്യത്തില്‍ അവന്‍ ഇരുട്ടില്‍ തപ്പുമായിരുന്നേനെ.


വ്യവസ്ഥാപിതവും അവ്യവസ്ഥാപിതവും ആയ ഒരു മതത്തിലും വിശ്വസിക്കാത്ത ജനവിഭാഗങ്ങള്‍ക്കും ഉന്നതമായ ജീവിത രീതിയുണ്ട്. മൂല്യങ്ങള്‍ ഉണ്ട്. അതൊക്കെ മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക വളര്‍ച്ചയുടെ ഭാഗമായി പകര്‍ന്നു കിട്ടിയതാണ്. അവന്റെ കര്‍മ്മങ്ങളുടെ ശരിയും തെറ്റും നിര്‍ണ്ണയിക്കുന്നത് അവന്റെ സാമൂഹിക പ്രതിബദ്ധതയാണ്. അവന്റെ അറിവുകള്‍ ആണ്. സുരക്ഷിതത്ത്വവും ശാന്തിയും ഒരുമയും സമാധാനവും ആരോഗ്യവും ഉള്ള ഒരു സമൂഹത്തെ കുറിച്ചുള്ള അവന്റെ ചിന്തകളാണ്. മനുഷ്യന്റെ അന്തസ്സിനെ കുറിച്ചുള്ള അവന്റെ ബോധം ആണ്.


യുക്തിവാദം ഒരു വാദ രീതി മാത്രം ആണ്. അതൊരു സാമൂഹിക ദര്‍ശനം അല്ല. സാമൂഹിക പ്രതിബദ്ധതയും മനുഷ്യനെ മനുഷ്യന്‍റെ  അന്തസ്സോടെ ജീവിക്കുവാന്‍ അനുവദിക്കാത്ത ദുഷിച്ച വ്യവസ്ഥിതിയോടുള്ള എതിര്‍പ്പും അന്തസ്സിലും അവകാശത്തിലും എല്ലാ മനുഷ്യരും തുല്യരാണ് എന്ന ബോധവും ആരും ആരുടേയും അടിമയല്ല എന്ന തിരിച്ചറിവും ഉണ്ടാവുമ്പോള്‍ ആണ്, മനുഷ്യന്‍റെ ധാര്‍മിക നീതി ബോധങ്ങള്‍ അര്‍ത്ഥ പൂര്‍ണ്ണം ആകുന്നത്. 


തലയെണ്ണി നോക്കിയാല്‍ കാക്കത്തൊള്ളായിരം വിശ്വാസികള്‍ ഉള്ള ഈ ലോകത്ത്‌ ഇതമാത്രം അനീതിയും അധര്‍മവും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നു എന്നതിന് ഉത്തരം പറയേണ്ടത്‌ വിശ്വാസ സമൂഹമാണ്.


ചിന്തനീയം ആയ ഒരു വാര്‍ത്ത. അതിവികസിത മുതലാളിത്ത രാഷ്ട്രമായ  അമേരിക്കയിലെ ജനതയില്‍ യുക്തിവാദികളുടെ എണ്ണം കേവലം പത്തു ശതമാനം മാത്രം.എന്നാല്‍ അമേരിക്കന്‍ ശാസ്ത ഗവേഷകരില്‍ മഹാഭൂരിപക്ഷവും തൊണ്ണൂര് ശതമാനവും യുക്തിവാദികള്‍.    


എന്നും എവിടെയും അബദ്ധജടിലമായ ധാരണകളുടെ ഇരുട്ടില്‍ ഒതുങ്ങി കിടക്കുന്ന മനുഷ്യ സമൂഹത്തെ അറിവിന്‍റെയും ശാസ്ത്രത്തിന്റെയും  വെളിച്ചത്തിലേക്ക്‌ നയിക്കുന്ന പ്രകാശ ദീപങ്ങള്‍ ആണ് യുക്തിവാദികള്‍.

Friday, February 18, 2011

ജനാധിപത്യവും മതാധിപത്യവും – യൂനുസ്‌ വളപ്പില്‍


ജനാധിപത്യത്തിന്റെ പ്രാണവായു ആണ് മതേതരത്വം. അതേസമയം മതേതരത്വം ഒരു സമൂഹത്തിന്റെ സംസ്കാരം ആവുമ്പോള്‍ മതാധിപത്യതിന്റെ നിലനില്‍പ്പ്‌ അസാധ്യം ആവുന്നു. മതേതരത്വ സംസ്കാരം തകര്‍ത്ത് കൊണ്ടല്ലാതെ സകലമാന ജീവിത മേഘലകളിലും ദൈവത്തിന്റെ കല്പനകളുടെ ആധിപത്യം ഉദ്ദേശിക്കുന്ന മതാധിപത്യം പച്ചപിടിക്കില്ല.

ദൈവം എല്ലാറ്റിലും പൂര്ന്നന്‍ ആണെന്നാണ് ദൈവ വിശ്വാസികള്‍ പ്രത്യകിച്ചും മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍ മതാധിപത്യം വേണമെന്ന് വാദിക്കുന്നവര്‍ വിശ്വസിക്കുന്നത്. പുരാണ കഥകളില്‍ അല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ ദൈവം ഭൂമിയില്‍ ഇറങ്ങി വന്നു മനുഷ്യന്റെ ഭരണം ഏറ്റെടുക്കുക എന്ന മായാജാലം സംഭവിക്കില്ല.

അപ്പോള്‍ എന്നും അറിവിലും കഴിവിലും പൂര്‍ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍ ആയി തുടരുന്ന മനുഷ്യന്‍ തന്നെ വേണം, മതാധിപത്യം ഉദ്ദേശിക്കുന്ന ദൈവത്തിന്റെ ഭരണം ഭൂമിയില്‍ നടത്തുവാന്‍. മാത്രമല്ല മനുഷ്യന്റെ അറിവും കഴിവും ഏത് വിഷയത്തില്‍ ആയാലും പ്രതിജന ഭിന്നമാണ്. തെറ്റും തിരുത്തലും ഒക്കെ മനുഷ്യ സഹാജവുമാണ്. ചുരുക്കത്തില്‍ മതത്തിന്റെ ആധികാരിക വാക്താക്കള്‍ അല്ലെങ്കില്‍ മുല്ലമാര്‍ സ്വന്തം ബോധ്യത്തിനനുസരിച്ചു വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയുയ്ന്ന വിധികളും വിലക്കുകളും അനുസരിച്ച് ജനസമൂഹം അവരുടെ ജീവിതത്തെ ഒതുക്കിയെടുക്കക എന്ന ഏകാധിപത്യം ആണ് മതാധിപത്യത്തില്‍ സംഭവിക്കുക.

മതവിശ്വാസി ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും ഏതൊരു വിഷയത്തെയും വിലയിരുത്തുന്നതും വിമര്‍ശിക്കുന്നതും സ്വന്തം അറിവിന്റെ പരിമിതിയില്‍ നിന്നുകൊണ്ടാണ്. അറിവിന്റെ അവസാന വാക്ക്‌ എന്ന് പറയാവുന്ന ഒരു വ്യക്തിയും ഇന്നലെകളില്ല. ഇന്നും ഇല്ല. കാരണം അറിവ് എന്നത് ഏത് ശാഖയിലും നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം ആണ്. ഇന്ന് മനുഷ്യസമൂഹം കലാന്തരങ്ങളിലൂടെ ആര്‍ജിച്ചെടുത്ത അറിവിന്റെ സഞ്ചയം ഒരു വ്യക്തിക്കും സ്വന്തം ജീവിത കാണ്ഡത്തില്‍ എത്തിപിടിക്കുവാന്‍ സാധിക്കുന്ന ഒന്നല്ല. അറിവ് എന്നത് നോക്കെത്താത്ത ഒരു സാഗരം ആണ്.

ഏത് വിഷയത്തെ കുറിച്ചും വിമര്‍ശനവും പ്രതിവിമര്‍ശനവും സാധ്യമാക്കുന്നു ജനാധിപത്യം. അതേസമയം സ്വന്തം മതവിമര്‍ശനത്തെ കടുത്ത അസഹിഷ്ണതയോടെ കാണുന്ന മതാധിപത്യം, സ്വതന്ത്ര ചിന്തക്ക് നേരെ വിശ്വാസത്തിന്റെ
വാള്‍ ഒങ്ങുന്നു. വിശ്വാസികളെയും അവിശ്വസികളെയും ഒരു പോലെ കാണുന്നില്ല മതാധിപത്യ ഭരണകൂടം. അന്യമത വിശ്വാസികള്‍ക്ക് ആചാരത്തിലും അനുഷ്ടാനത്തിലും പ്രചാരണത്തിലും പ്രഘോഷണം നടത്തുന്നതിലും തുല്യമായ അവകാശങ്ങള്‍ അവര്‍ നല്‍കുന്നില്ല. വിശ്വാസത്തിന്റെ അതിരുകള്‍ ഇല്ലാത്ത സ്വതന്ത്ര സംവാദം അവിടെ അസാധ്യം ആണ്.

മതനിരപേക്ഷ സംസ്കാരം ഇല്ലാത്ത വിശ്വാസികളാല്‍ നിയന്ത്രിക്കപ്പെടുന്ന മതാധിപത്യ ഭരണത്തില്‍, സങ്കുചിത സമീപനം അതിന്റെ അടയാളം ആണ്. വിശ്വാസികള്‍ പരലോക ജീവിതത്തില്‍ പരിഗണിക്കപ്പെടും എന്ന് കരുതുന്ന, മനുഷ്യന്റെ കര്‍മ്മത്തിന്റെ പാപവും പുണ്യവും എല്ലാം സ്വന്തം മതത്തിന്റെ ഇടുങ്ങിയ കണ്ണുകളിലൂടെയാണ് അവന്‍ നോക്കികാണുന്നത്. അതുകൊണ്ടാണ് ദുരിതവും മാരക രോഗങ്ങളും പേറുന്ന മനുഷ്യന്റെ സേവനത്തിനു വേണ്ടി സമര്‍പ്പിത ജീവിതം നയിച്ച്‌ ചരിത്രത്തില്‍ ഇടംനേടിയ ഫാദര്‍ ഡാമിയനും മതെര്‍ തെരേസയും തന്റെ മതത്തില്‍ വിശ്വസിക്കുന്നവര്‍ അല്ല എന്നത് കൊണ്ട്, അവര്‍ക്ക്‌ സ്വര്‍ഗ്ഗം ലഭിക്കില്ല എന്ന് ഒരു അന്യമത വിശ്വാസി കരുതുന്നത്.

ഇവിടെ ഒരു കാര്യം അടിവരയിട്ടു പറയട്ടെ. മനുഷ്യന്റെ ജീവിതത്തിന്റെ സര്‍വ മേഖലകളിലും മതാധിപത്യം ലക്‌ഷ്യം വെക്കുന്ന മതമൌലിക പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും മതേതര സംസ്കാരത്തിന്റെയും തുറന്ന സംവാദത്തിന്റെയും ആകാശങ്ങള്‍ ഉള്ള ജനാധിപത്യത്തിന്റെ വാക്താക്കള്‍ ആവുക സാധ്യമല്ല. അത്തരം ഒരു അവകാശ വാദം ആരെങ്കിലും ഉന്നയിക്കുന്നുവെങ്കില്‍ ശുദ്ധ ഭോഷ്ക്കാന്നു.

നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യം ആണ്. സമ്പന്ന കുത്തകകളുടെയും ഫയൂടല്‍ ഭൂവുടമകളുടെയും മേധാവിത്വവും അനര്‍ഹമായ അവകാശങ്ങളും നിലനില്‍ക്കുന്ന, ചൂഷവര്‍ഗ്ഗ താല്പര്യം ഉറപ്പുവരുത്തുന്ന വര്‍ഗ്ഗ സമൂഹത്തിലെ അപക്വമായ ജനാധിപത്യം ആണ് നമ്മുടെ രാജ്യത്ത്‌ ഇന്ന് നിലനിക്കുന്നത്. അത് ഒരിക്കലും എല്ലാ ജനവിഭാഗങ്ങളുടെയും അന്തസ്സും അവകാശവും ക്ഷേമവും ഉറപ്പു വരുത്തുവാന്‍ ഉതകുന്നതല്ല.

ജനാധിപത്യം എന്നത് ലളിതമായ വാക്കില്‍ യാതൊരു പ്രത്യേകമായ ക്ലോസും ഇല്ലാത്ത അതായത്‌ അതിരുകളും കള്ളികളും ഇല്ലാത്ത ജനതയുടെ ആധിപത്യം ആണ്. അത് പൂര്‍ണ്ണ അര്ത്ഥ്ത്തില്‍ സ്വാര്തകമാവുക അന്തസ്സിലും അവകാശത്തിലും നമ്മള്‍ ഒന്ന് എന്ന മഹത്തായ ചിന്ത ഒരു സമൂഹത്തില്‍ ഉണ്ടാവുമ്പോള്‍ ആണ്. അവിടെ ജാതി മത ലിംഗ വര്‍ഗ്ഗ ഭേദങ്ങള്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല.

ജനാധിപത്യത്തിന്റെ ചാലക ശക്തി മനുഷ്യന്റെ സാമൂഹികമായ പ്രതിബദ്ധതയായിരിക്കണം. ജനങ്ങളുടെ അവകാശ ബോധവും, സ്വതന്ത്ര ചിന്തയും സാമൂഹികമായ കടപ്പാടും തുറന്ന ആശയ സംവാദങ്ങളും ആയിരിക്കണം ജനാധിപത്യത്തിന്റെ സഞ്ചാരവഴി. സങ്കുചിത ചിന്ത ജനാധിപത്യ സംസ്കാരത്തിന് അന്യമാണ്. സമൂഹത്തിന്റെ ഭദ്രതയും ഒരുമയും ലക്‌ഷ്യം ആക്കിയുള്ള തുറന്ന സംവാദം സാധ്യമാക്കുന്നു യഥാര്‍ത്ഥ ജനാധിപത്യം.




അല്പം ജനാധിപത്യ ചിന്തകള്‍ - യൂനുസ്


ജനാധിപത്യം എന്നത് ലളിതമായ വാക്കില്‍ യാതൊരു പ്രത്യേകമായ ക്ലോസും ഇല്ലാത്ത അതായത്‌  അതിരുകളും കള്ളികളും ഇല്ലാത്ത ജനതയുടെ ആധിപത്യം ആണ്. അത് പൂര്ണ്ണു അര്ത്ഥ്ത്തില്‍ സ്വാര്തകമാവുക അന്തസ്സിലും അവകാശത്തിലും നമ്മള്‍ ഒന്ന് എന്നാ മഹത്തായ ചിന്ത ഒരു സമൂഹത്തില്‍ ഉണ്ടാവുമ്പോള്‍ ആണ്. അവിടെ ജാതി മത ലിംഗ  വര്‍ഗ്ഗ  ഭേദങ്ങള്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല. അതൊരു വര്‍ഗ്ഗ രഹിത സമൂഹമായിരിക്കും.

നാം ഇന്ന് ലോകമെങ്ങും കാണപ്പെടുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നില നില്‍ക്കുന്ന ചൂഷണ അധിഷ്ടിത വര്‍ഗ്ഗ സമൂഹത്തിന്റെ അടയാളങ്ങള്‍ ആണ്. നിലനില്‍ക്കുന്ന വര്‍ഗ്ഗ സമൂഹത്തിന്റെ ആണികല്ല്‌ പിഴുതെറി യുന്നതിനുള്ള പ്രായോഗികമായ പോരാട്ടങ്ങളിലൂടെയല്ലാതെ ജനാധിപത്യത്തിന്റെ അര്‍ത്ഥ പൂര്‍ണ്ണമായ വികാസം സാധ്യമല്ല. വര്‍ഗ്ഗ രഹിത സാമൂഹ്യ വ്യവസ്ഥിതിക്ക്‌ വേണ്ടിയുള്ള ഫലപ്രദമായ ചുവടു വെപ്പുകളിലൂടെ ജനാധിപത്യത്തിന്റെ വികാസം എന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പൊരുതുന്നത്.

ജാതിയുടെയും മതത്തിന്റെയും കള്ളികളില്‍ അഭിരമിക്കുന്നവര്‍ക്കും  വര്‍ഗീയ മത മൌലിക പ്രസ്ഥാനങ്ങള്‍ക്കും  ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുവാന്‍ അവകാശമില്ല. അവരുടെ ബോധം നിലകൊള്ളുന്നത് ജനാധിപത്യത്തിനു വിരുദ്ധമായ ആശയ മണ്ഡലത്തില്‍ ആണ്.  ജനാധിപത്യത്തിന്റെ വിരുദ്ധചേരിയില്‍ ആണ് മതാധിപത്യ മൌലിക ചിന്തകള്‍ നിലകൊള്ളുന്നത്. വളരുന്ന  മനുഷ്യന്റെ യുക്തിബോധത്തെക്കാളും, ദൈവത്തിന്റെ കല്പനകള്‍ ആണ് മതമൌലിക പ്രസ്ഥാനങ്ങളെ നയിക്കുന്നത്.

ജനാധിപത്യത്തിന്റെ ചാലക ശക്തി മനുഷ്യന്റെ സാമൂഹികമായ പ്രതിബദ്ധതയായിരിക്കണം. അല്ലാതെ ദൈവത്തിന്റെ അനുശാസനകള്‍ക്ക്  അവിടെ സ്ഥാനമില്ല. ഈ ലോകത്ത്‌ നരകീയം അല്ലാത്ത ഒരു സാമൂഹിക ജീവിത പരിസരം സ്ഥാപിക്കുക അതിനുള്ള പ്രായോഗിക മാര്‍ഗ്ഗം ശാസ്ത്ര ചിന്തക്ക് അനുസ്രിതമായി വികസിപ്പിച്ചെടുക്കുക എന്നിടത്താണ് ജനാധിപത്യത്തിന്റെ ജനകീയതയും വിജയവും.

ജനങ്ങളുടെ അവകാശ ബോധവും, സ്വതന്ത്ര ചിന്തയും സാമൂഹികമായ കടപ്പാടും തുറന്ന ആശയ സംവാദങ്ങളും ആയിരിക്കണം ജനാധിപത്യത്തിന്റെ സഞ്ചാരവഴി. പ്രളയകാലംവരെ മാറ്റം ഇല്ലാത്തതും  തിരുത്തല്‍ ഇല്ലാത്തതും, യുക്തിബോധമുള്ള മനുഷ്യന്റെ സ്വതന്ത്ര  വിമര്‍ശനങ്ങളുടെ നേരെ അസഹിഷ്ണതയുടെ വാളോങ്ങുന്നവര്‍ക്കും മതമൌലിക വാദികള്ക്കും വര്ഗീമയ ശക്തികള്‍ക്കും ജനാധിപത്യ അവകാശങ്ങള്ക്ക്ക‌ വേണ്ടി നിലകൊള്ളുവാന്‍ സാധ്യമല്ല. സ്വന്തം മതത്തിന്റെ അസംബന്ധങ്ങളെ സാധൂകരിക്കുകയും അവിടെ മാത്രം വിമര്ശനനത്തിനുള്ള അവകാശം തടയുകയും ചെയ്യുന്നവര്ക്ക് ഒരിക്കലും  സങ്കുചിത ചിന്തയില്‍ നിന്ന് മോചനം ഇല്ല. സങ്കുചിത ചിന്ത ജനാധിപത്യ സംസ്കാരത്തിന് അന്യമാണ്.

മനുഷ്യന്റെ സാമൂഹിക ജീവിത പ്രശ്നങ്ങളുടെ കാരണം മനുഷ്യന്‍ തന്നെയാണെന്നും അത് തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടത് അവന്‍  തന്നെയാണെന്നും അല്ലാതെ ഒരു ബാഹ്യ ശക്തിക്കും അതില്‍ കാര്യം ഇല്ലെന്നും ഉള്ള തിരിച്ചറിവാണ് യഥാര്ത്ഥ്മായ ജനാധിപത്യബോധം. സ്വന്തം അവസ്ഥയും അവകാശങ്ങളും അന്തസ്സും തിരിച്ചറിയുകയും അത് നേടിയെടുക്കുവാന്‍ വേണ്ടി സംഘടിക്കുകയും ശക്തിനേടുകയും എല്ലാ മനുഷ്യാവകാശ ലംഘനങ്ങള്ക്കും  എതിരെ  നിരന്തരമായി പൊരുതുകയും ചെയ്യുക എന്നതിലൂടെ മാത്രമേ മനുഷ്യന്റെ മോചനവും ജനാധിപത്യത്തിന്റെ പൂര്‍ണ്ണ മായ വികാസവും യാഥാര്‍ത്യമാവുകയുളൂ.