Wednesday, October 13, 2010

മലയാളത്തിന്റെ മാണിക്യവീണ

മലയാളത്തിന്റെ മാണിക്യവീണ ‍


അരനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സവിശേഷസംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ടവ്യക്തികളെ ആദരിക്കുന്നത് സന്തോഷകരമാണ്. കവി, ഗാനരചയിതാവ്, അധ്യാപകന്‍, വാഗ്മി, സാംസ്കാരികനായകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളിലായി കേരളത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ഒ എന്‍ വി.

ഒ എന്‍ വി എഴുതിത്തുടങ്ങിയത് 1940കളിലാണ്. ദേശീയതലത്തിലും സാര്‍വദേശീയതലത്തിലും ആ ഘട്ടത്തിന് ചരിത്രപരമായ വലിയ ഒരു പ്രത്യേകതയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ്യൂണിയന്‍ ഫാസിസ്റ്ശക്തികളെ തോല്‍പ്പിച്ച് സോഷ്യലിസ്റ്മൂല്യങ്ങളും മാനവികതയും ഉയര്‍ത്തിപ്പിടിച്ച കാലം. കിഴക്കന്‍ യൂറോപ്പിലെ അരഡസന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റുപാര്‍ടി അധികാരത്തില്‍വന്ന കാലം. വിപ്ളവം വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ട് ജനകീയചൈന ഉയര്‍ന്നുവന്ന കാലം. കൊറിയയില്‍നിന്ന് അമേരിക്കയെ തുരത്താന്‍ റെഡ്ഗാര്‍ഡുകള്‍ പൊരുതി മുന്നേറിയ കാലം. സോവിയറ്റ്യൂണിയന്‍ നവവിമോചിതരാഷ്ട്രങ്ങളുടെ കാവലാളായി ഉയര്‍ന്നുനിന്ന കാലം. ദേശീയതലത്തിലാകട്ടെ, തെലുങ്കാനാസമരത്തിന്റെയും കയ്യൂര്‍-കാവുമ്പായി, പുന്നപ്ര-വയലാര്‍ പോരാട്ടങ്ങളുടെയും ചൂരും ചൂടും ജനഹൃദയങ്ങളില്‍ ആവേശമുണര്‍ത്തിയ കാലം. കമ്യൂണിസ്റുപാര്‍ടിക്കെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്വവും ഭൂപ്രഭുക്കന്മാരും പില്‍ക്കാലത്തു കോണ്‍ഗ്രസ് ഗവണ്‍മെന്റും നരനായാട്ടു നടത്തിക്കൊണ്ടിരുന്ന കാലം. സാര്‍വദേശീയവും ദേശീയവുമായ ഇത്തരമൊരു പ്രക്ഷുബ്ധാന്തരീക്ഷം നിലനില്‍ക്കെയാണ് ഒ എന്‍ വി കാവ്യരംഗത്തേക്ക് കടന്നുവന്നത്. സ്വാഭാവികമായും ആ കാലത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായി ഒ എന്‍ വിയുടെ കവിതകളും പാട്ടുകളും.

മോചനത്തിനുവേണ്ടിയുള്ള അദമ്യമായ മോഹവും അധ്വാനിക്കുന്ന തൊഴിലാളികളുടെ അജയ്യശക്തിയിലുള്ള വിശ്വാസവും ആ കാലത്ത് കവിതകളിലാകെ മുഴങ്ങിനിന്നു. ഒ എന്‍ വിയുടെ മാത്രം പ്രത്യേകതയല്ല ഇത്. അക്കാലത്ത് വയലാറിന്റെയും പി ഭാസ്കരന്റെയുമൊക്കെ കവിതകളില്‍ വീറുള്ള പോരാട്ടങ്ങളുടെ അന്നത്തെ കാലം ജ്വലിച്ചുനിന്നു. കാലത്തിന്റെയും സമൂഹത്തിന്റെയും ഭാഗമായി വന്ന ആ രചനകളെ അധ്വാനിക്കുകയും അടിച്ചമര്‍ത്തപ്പെടുകയുംചെയ്ത ജനങ്ങള്‍ സ്വന്തം ഹൃദയത്തിലേക്ക് സ്വീകരിച്ചു. ജനങ്ങളും അവരുടെ ജീവിതവുമാണ് തങ്ങളുടെ ശക്തി എന്ന് ഈ കവികള്‍ തിരിച്ചറിഞ്ഞു. ജനങ്ങളുമായുള്ള അന്നത്തെ ബന്ധം അന്നുതൊട്ടിന്നോളം ഒ എന്‍ വി തുടര്‍ന്നുപോന്നിട്ടുണ്ട്. അതാകട്ടെ, അദ്ദേഹത്തിന്റെ കവിതകളുടെയും പാട്ടുകളുടെയും സ്വീകാര്യത കൂടുതല്‍ ജനകീയമാകുന്നതിന് സഹായകമായിട്ടുണ്ട്.

കോളേജ് വിദ്യാഭ്യാസഘട്ടത്തില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ നേതാവായി വളര്‍ന്നയാളാണ് ഒ എന്‍ വി. ഒളിവില്‍ കഴിയുന്ന കമ്യൂണിസ്റ് നേതാക്കളെ കൊണ്ടുനടക്കുക, പാര്‍ടി സാഹിത്യം, പത്രം എന്നിവ പ്രചരിപ്പിക്കുക, പാവപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി പ്രസംഗിക്കുക എന്നിവയൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥി ജീവിതഘട്ടത്തില്‍തന്നെ സ്വന്തം മനസ്സോട് ചേര്‍ത്തുപിടിച്ച കമ്യൂണിസ്റ് ദര്‍ശനത്തെയും തൊഴിലാളിവര്‍ഗബോധത്തെയും ഒരു ചാഞ്ചല്യവുമില്ലാതെ അന്നുമുതലിന്നോളം അദ്ദേഹം കൂടെ കൊണ്ടുനടന്നു. കമ്യൂണിസ്റാകുക എന്നത് ഒരു ജോലി കിട്ടുന്നതിനുപോലും തടസ്സമായിരുന്ന ഒരു കാലത്ത്, കമ്യൂണിസ്റ് പ്രസ്ഥാനത്തിനൊപ്പം ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയാണ് അദ്ദേഹം. കമ്യൂണിസ്റാകുക എന്നതിന് പീഡനങ്ങള്‍ സഹിക്കുക എന്നേ അന്ന് അര്‍ഥമുണ്ടായിരുന്നുള്ളൂ. കമ്യൂണിസ്റുപാര്‍ടി അധികാരത്തില്‍ വരുമെന്നോ, അങ്ങനെ വന്നാല്‍ എന്തെങ്കിലും പദവി കിട്ടുമെന്നോ ഒന്നും സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന കാലത്ത് പാര്‍ടിക്കൊപ്പം നിന്നു ഒ എന്‍ വി.

അന്ന് ഒ എന്‍ വിക്കൊപ്പം നിന്നിരുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇടക്കാലത്തു മാനസാന്തരം വന്നു; അവരില്‍ ചിലര്‍ കമ്യൂണിസ്റുപാര്‍ടിയെ അധിക്ഷേപിച്ചു; പുതിയ വഴികള്‍ തേടി, പുതിയ സാധ്യതകള്‍ തേടി, പുതിയ ഭാഗ്യങ്ങള്‍ തേടി വഴിമാറി നടന്നു. എന്നാല്‍, കമ്യൂണിസ്റുപാര്‍ടിയെ ആക്ഷേപിക്കുന്നതിലൂടെ കിട്ടാവുന്ന ഭാഗ്യങ്ങള്‍ തേടി ഒ എന്‍ വി ഒരിക്കലും വഴിമാറി നടന്നിട്ടില്ല.എന്നാല്‍, മറ്റൊന്നുണ്ടായി. ഒ എന്‍ വിയെയും പുരോഗമന സാഹിത്യത്തെയും അന്ന് അധിക്ഷേപിച്ചിരുന്ന ശുദ്ധസാഹിത്യവാദികള്‍ പലരും പില്‍ക്കാലത്ത് തെറ്റുതിരുത്തി കമ്യൂണിസ്റ് പ്രസ്ഥാനത്തിനൊപ്പം വന്നു. ഇതുകൂടി മനസ്സില്‍ വെച്ചുകൊണ്ടാകണം, സാംസ്കാരികരംഗത്തെ പ്രമുഖനായ ഒരാള്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ഒ എന്‍ വിക്ക് വിദ്യാര്‍ഥിയായിരിക്കെത്തന്നെ ശരിയെന്ന് തോന്നിയ ദര്‍ശനം, ശരി തന്നെയായിരുന്നു എന്നു കണ്ടെത്താന്‍ ചിലര്‍ക്ക് വാര്‍ധക്യമാകേണ്ടിവന്നു എന്ന്. ഏതായാലും ആദ്യഘട്ടത്തില്‍ എതിര്‍ത്തവരെക്കൂടി പുരോഗമനസാഹിത്യപ്രസ്ഥാനത്തില്‍ കൂട്ടിച്ചേര്‍ത്തു മുന്നോട്ടുപോകുകയാണ് ഒ എന്‍ വി ചെയ്തത്.പുരോഗമനസാഹിത്യത്തിന്റെ വിമര്‍ശകര്‍ ഇടക്കിടെ മുഴക്കിയ ഒരു മുദ്രാവാക്യമുണ്ട്. തൊഴിലാളിവര്‍ഗത്തോടും അതിന്റെ ആശയത്തോടും പ്രതിബദ്ധതയുണ്ടായിപ്പോയാല്‍ സര്‍ഗാത്മകസാഹിത്യകാരന് ഹൃദയച്ചുരുക്കം വന്നുപോകുമെന്നതാണത്. ആ വിമര്‍ശനത്തെ ഭയന്ന് പുരോഗമനസാഹിത്യത്തെ ഉപേക്ഷിച്ചുപോകുകയല്ല, മറിച്ച്, അടിയാളജീവിതത്തെ വിഷയമാക്കിയാല്‍ ഹൃദയച്ചുരുക്കം വരില്ലെന്ന് സ്വന്തം സാഹിത്യജീവിതംകൊണ്ടു തെളിയിച്ചു കാട്ടിക്കൊടുക്കുകയാണ് ഒ എന്‍ വി ചെയ്തത്.

ആദ്യകാലത്തുതന്നെ 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ' എന്ന് എഴുതിയ കവിയാണ് ഒ എന്‍ വി. ആദ്യകാലത്തെ പ്രസിദ്ധമായ ഒരു കവിതയുടെ പേരുതന്നെ 'അരിവാളും രാക്കുയിലും' എന്നതാണ്. അന്നേ അരിവാളിനെക്കുറിച്ച് എഴുതിയ കവിക്ക്, ഏറെ പതിറ്റാണ്ടുകള്‍ക്കുശേഷം ഏറെ പ്രശസ്തനായ ശേഷവും

'ശവകുടീരത്തില്‍ നീ ഉറങ്ങുമ്പോഴും
ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു'

എന്ന് കാള്‍ മാര്‍ക്സിനെക്കുറിച്ചു കവിതയെഴുതാന്‍ മടിയുണ്ടായില്ല. ആ വാക്കുകളിലുണ്ട് മാര്‍ക്സിസം അദ്ദേഹത്തിനു സ്വന്തം ഹൃദയത്തിന്റെ ഭാഗമാണ് എന്നതിനുള്ള തെളിവ്. മാര്‍ക്സിനെക്കുറിച്ച് കവിതയെഴുതിയാല്‍ യാഥാസ്ഥിതികസാഹിത്യവാദികള്‍ തന്നെ താഴ്ത്തിക്കെട്ടുമോ എന്ന് അദ്ദേഹം ഭയന്നില്ല. കാള്‍ മാര്‍ക്സിന്റെ ജന്മശതാബ്ദിവേളയില്‍ 1983-ല്‍ ഒ എന്‍ വി എഴുതിയ ആ കവിതയാണ് മാര്‍ക്സിനെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല കവിത. നാടിന്റെ താളവും കര്‍ഷകത്തൊഴിലാളികളടക്കമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിന്റെ ഈണവും ഒക്കെ ആ പാട്ടുകളില്‍ വന്നുനിറഞ്ഞു. അതുകൊണ്ടാണ് പഴയ കെപിഎസി ഗാനങ്ങള്‍ സ്റേജില്‍നിന്ന് നേരിട്ടു ജനങ്ങളുടെ മനസ്സിലേക്കെത്തിയത്. 'പൊന്നരിവാളമ്പിളിയില്' പോലുള്ള പാട്ടുകള്‍ കാസറ്റാകുന്നതു പിന്നീടാണ്. കാസറ്റിന്റെ പിന്തുണയില്ലാതെതന്നെ ജനമനസ്സുകള്‍ അതേറ്റുപാടി. ആ പാട്ടുകള്‍ നമ്മുടെ പുരോഗമനകലാപ്രസ്ഥാനങ്ങള്‍ക്ക് പുതിയ ഉണര്‍വ് പകര്‍ന്നു; ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നു; ജനകീയ കലാപ്രസ്ഥാനങ്ങള്‍ക്ക് നവചൈതന്യം പകര്‍ന്നു. അങ്ങനെ അവ നമ്മുടെ ജനകീയ കലാസംസ്കാരത്തിന്റെ വിലപ്പെട്ട ഭാഗമായി.

വ്യക്തമായ ഒരു സാമൂഹ്യലക്ഷ്യത്തോടെയാണ് കെപിഎസിയും മറ്റും അക്കാലത്ത് നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്. കമ്യൂണിസ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിക്കു സഹായകരമാകുന്നതായിരുന്നു ഒ എന്‍ വിയുടെ ഗാനങ്ങളും. ഈ സാമൂഹ്യലക്ഷ്യവും കലാപരമായ മികവും ഒരുപോലെ ഒ എന്‍ വിയുടെ ഗാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അതുകൊണ്ടാണ് ആ ഗാനങ്ങള്‍ ഇന്നും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്.കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഒ എന്‍ വിയുടെ കാവ്യവ്യക്തിത്വം വിസ്മയകരമാംവിധം വളര്‍ന്നു. ഒരുപാടു കവിതകളും കാവ്യാഖ്യായികകളും അദ്ദേഹത്തില്‍നിന്ന് ഉണ്ടായി. ഏതോ ദന്തഗോപുരത്തിലിരുന്നു കവിത എഴുതുകയല്ല ഒ എന്‍ വി ചെയ്തത്. തൊഴിലാളികളുടെ സമ്മേളനങ്ങളിലും സെക്രട്ടേറിയറ്റിനുമുന്നിലെ സമരപ്പന്തലിലും ഒ എന്‍ വിയെ നമ്മള്‍ കാണാറുണ്ട്.

സാംസ്കാരികരംഗത്തെ ജീര്‍ണതകള്‍ക്കെതിരെ സമൂഹത്തിന്റെ മനസ്സിനെ ജാഗ്രതപ്പെടുത്തിക്കൊണ്ട് അദ്ദേഹം കേരളത്തിലുടനീളം പ്രസംഗിക്കുന്നുണ്ട്. സമകാലികസംഭവങ്ങളോട് കവിതയിലൂടെയും അല്ലാതെയും അദ്ദേഹം പ്രതികരിക്കുന്നുണ്ട്.മതേതരമായ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനെതിരെ വര്‍ഗീയതയുടെ ഭാഗത്തുനിന്നും, വിദ്യാഭ്യാസം ജനകീയമാക്കുന്നതിനെതിരെ സ്ഥാപിതതാല്‍പ്പര്യക്കാരുടെ ഭാഗത്തുനിന്നും അക്രമാസക്തമായ വിലക്കുകളുണ്ടാകുന്ന കാലമാണിത്. ഇത്തരമൊരു കാലത്ത് ഒ എന്‍ വിയെപ്പോലുള്ളവരുടെ സാംസ്കാരികരംഗത്തെ സംഭാവന പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് വളരെയേറെ വിലപ്പെട്ടതാണ്.





No comments:

Post a Comment