ഏത് മതത്തില്‍ ചേരണം എന്ന്, ഏതാണ് യുക്തിഭദ്രമായ ജീവിത ദര്‍ശനം എന്ന് തന്‍റെ കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ സ്വയം പഠിച്ചറിഞ്ഞു തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുവാന്‍ ഒരു വിശ്വാസ സമൂഹവും തയ്യാറല്ല. ഓരോ കുഞ്ഞും ഭൂമിയില്‍ ജനിക്കുന്നത് സ്വതന്ത്രമായിട്ടാണ് എന്ന മനുഷ്യാവകാശ ചിന്തയൊന്നും വിശ്വാസത്തിന്‍റെ ലോകം അംഗീകരിച്ചു കൊടുക്കുന്ന പ്രശ്നമില്ല. ദൈവത്തിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന സ്വന്തം വിശ്വാസ പ്രമാണത്തിന്‍റെ, സ്വതന്ത്ര ലോകത്തെ സ്വീകാര്യതയെ കുറിച്ച് വിശ്വാസ സമൂഹത്തിനു വലിയതോതില്‍ ആശങ്കയുണ്ട് എന്നതാണ് അതിന്‍റെ കാരണം.
പിറവിയില്‍ തന്നെ തന്‍റെ മതവും തന്‍റെ ജീവിത വഴികളും ഒരു കുഞ്ഞും കണ്ടെത്തില്ല എന്നത്, നേരെ ചൊവ്വേ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ യുക്തിവിചാരമാണ്.അതൊക്കെ പിറവിയുടെ ചുറ്റുപാടുകളുടെ യാദൃച്ചികത, ഒന്നുമറിയാത്ത കുഞ്ഞില്‍ ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. ചെറുപ്പത്തിലെ നടന്ന വിശ്വാസപരമായ മസ്തിഷ്ക പ്രക്ഷാളനം കാരണം, പിന്നീട് വളര്‍ന്നു വലുതാകുമ്പോള്‍ സ്വന്തം കുടുംബ സമുദായ സാഹചര്യം ഒരുക്കുന്ന അടഞ്ഞ ലോകത്തിന്‍റെ തടവറയില്‍ നിന്ന് മോചനം നേടാന്‍ ഉതകുന്ന, സ്വതന്ത്രമായ അന്വേഷണത്തിന്‍റെയും അറിവിന്‍റെയും പഠനത്തിന്‍റെയും ചിന്തയുടെയും രജതവഴികള്‍ കണ്ടെത്താന്‍ അവരില്‍ മഹാഭൂരിപക്ഷത്തിനും സാധ്യമാവുന്നില്ല.
തിരിച്ചറിവിന്‍റെ രജതരേഖ കണ്ടെത്തിയാലും, കുടുംബ സമുദായ ചുറ്റുപാടുകളില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റെ വഴി തേടുന്നത് ഭൌതികമായ നഷ്ടങ്ങളും പ്രയാസങ്ങളും ത്യാഗങ്ങളും അനുഭവിക്കുവാന്‍ ഇടയാക്കും എന്ന ഉല്‍കണ്ട കാരണം തമസ്സിന്‍റെ ലോകത്ത് തന്നെ കപടമായ ജീവിതം തുടരുന്നവരും ഉണ്ട്. വിശ്വാസി സമൂഹം അംഗീകരിച്ചാലും ഇല്ലെങ്കിലും, മഹാഭൂരിപക്ഷം വിശ്വാസികളും അകകാമ്പ് അറിയാതെ തന്നില്‍ ജന്മം കൊണ്ട് ആരോപിക്കപെട്ട വിശ്വാസത്തെ അന്ധമായി അനുകരിക്കുകയാണ് ചെയ്തു വരുന്നത് എന്നതാണ് വസ്തുത.
സ്വതന്ത്രമായ ആശയ സംവാദത്തിന്‍റെ ലോകത്ത് വിമര്‍ശനത്തിനും വിശകലനത്തിനും അതീതമായ ഒന്നും തന്നെയില്ല. ആശയ സംവാദങ്ങളില്‍ യുക്തിഭദ്രമായ തര്‍ക്ക വാദങ്ങള്‍ ഉന്നയിക്കുന്നതിനു പകരം, സംവാദത്തിലെ വ്യക്തിയുടെ മതനാമം {ഒരു നാമവും ഏതെങ്കിലും മതത്തിന്‍റെ സ്വന്തമല്ല എന്നതാണ് വസ്തുത} അടിസ്ഥാനപ്പെടുത്തി വ്യക്തിവിമര്‍ശനം നടത്തുക എന്നത് ബാലിശമായ മതയഥാസ്ഥിതിക രീതിയാണ്. സ്വതന്ത്ര ചിന്തക്ക് ഇടമില്ലാത്ത വിശ്വാസത്തിന്‍റെ അടഞ്ഞ ലോകത്ത് പിറന്ന ആണോ പെണ്ണോ, കമ്മ്യൂണിസ്റ്റ് ആയി തീരുക എന്നതും യുക്തിവാദി ആയിത്തീരുക എന്നതും എന്തോ അസാധാരണത്ത്വം ആയിട്ടാണ് യഥാസ്ഥിതിക പിന്തിരിപ്പന്‍ ജനവിഭാഗങ്ങള്‍ നോക്കി കാണുന്നത്.
മനുഷ്യന്‍റെ വ്യക്തിപരമായ തെരെഞ്ഞെടുപ്പിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഭാഗമായി വിശ്വാസത്തെ കാണുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
വ്യക്തിയുടെ സ്വതന്ത്രമായ അന്വേഷണത്തിന്‍റെയും അറിവിന്‍റെയും പഠനത്തിന്‍റെയും ചിന്തയുടെയും തെരെഞ്ഞെടുപ്പിന്‍റെയും അവകാശം ജനാധിപത്യ വ്യവസ്ഥിതിയില്‍, വ്യക്തിയുടെ മൌലിക അവകാശമാണ്. അത് നിഷേധിക്കുന്ന മതയഥാസ്ഥിതിക വിഭാഗത്തിന്‍റെ സമീപനം, ജനാധിപത്യ അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണ്.
No comments:
Post a Comment