അനീതിയുടെയും അധര്‍മ്മത്തിന്‍റെയും പ്രഭവകേന്ദ്രമായ എല്ലാവിധ “തിന്മയില്‍” നിന്നുമുള്ള മനുഷ്യസമൂഹത്തിന്‍റെ വിമോചനത്തിന് വേണ്ടിയുള്ള വിപ്ലവദര്‍ശനമായി, നീതിക്കും അവകാശത്തിനും വേണ്ടി പൊരുതുന്ന ജനതയുടെ ഉര്‍ജ്ജമായി, പ്രചോദനമായി, അതിരുകളില്ലാത്ത മനുഷ്യനെ അഭിസംബോധനം ചെയ്തിരുന്ന മത ദര്‍ശനങ്ങളുടെ അകകാമ്പ് അറിയുന്ന ഒരു ജനതക്കും വര്‍ഗീയഫാസിസത്തിന്‍റെ വേട്ടമൃഗങ്ങള്‍ ആയി അധപതിക്കുവാന്‍ സാധ്യമല്ല.
ഹൃദയശൂന്യമായ നരഹത്യകള്‍ക്ക് ഉര്‍ജ്ജം പകരുന്ന വര്‍ഗീയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ സന്ധിയില്ലാ പോരാട്ടം തുടരുക എന്നത് ജാതി-മത ഭേദമന്യേ മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന എല്ലാ ജനതയുടെയും ഒഴിച്ച്കൂടാനാവാത്ത കടമയാണ്.
വര്‍ഗീയതയും ഫാസിസവും അഭിസംബോധനം ചെയ്യുന്നത് സങ്കുചിത മനസ്സുകളെയാണ്. അതേസമയം ജനാധിപത്യരാഷ്ട്രീയം അഭിസംബോധനം ചെയ്യുന്നത് അതിരുകളുടെ വേലിക്കെട്ടുകള്‍ ഇല്ലാത്ത സമൂഹഗാത്രത്തെയാണ്. വര്‍ഗീയതയും ഫാസിസവും ജനാധിപത്യത്തിനു അന്യമായ വികാരവിചാരമാണ് എന്ന് തിരിച്ചറിയുന്ന ജനത നിസ്സംഗത വെടിഞ്ഞു ഈ വിഷധൂളികളുടെ പ്രസരണത്തിനെതിരെ പ്രതികരിക്കണം. ജാഗ്രത പുലര്‍ത്തണം.
അതിരുകള്‍ ഇല്ലാത്ത പരസ്പര പൂരകമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ മാത്രം സാധ്യമാവുന്ന സാമൂഹിക ജീവിതത്തിന്‍റെയും അതിനു ബലമേകുന്ന വികാരവിചാരങ്ങളുടെയും അടിത്തറ തകര്‍ക്കുന്ന വര്‍ഗീയശക്തികള്‍ ഏത് വേഷം ധരിച്ചു വന്നാലും ഏത് നിറം ചാര്‍ത്തിവന്നാലും അവര്‍ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മനുഷ്യ വിമോചന പോരാട്ടങ്ങളുടെയും ശത്രുക്കള്‍ തന്നെയാണ്.
No comments:
Post a Comment