Thursday, June 30, 2011

അടിമമാനസങ്ങളുടെ സാമാന്യബോധവും തിരിച്ചറിവുള്ള ജനതയുടെ വിപ്ലവബോധവും.

വെട്ടിപിടിച്ച സ്വകാര്യസ്വത്തിന്റെ  ബലത്തില്‍ , അധികാരത്തിന്റെ മത്തു പിടിച്ച അധീശവര്‍ഗ്ഗം  സ്വന്തം സഹജീവിയെ കന്നുകാലികളെപോലെ അടിമകളാക്കി, ഹൃദയശൂന്യമായ നികൃഷ്ടതയോടെ സുഖിച്ചു മദിച്ചു ജീവിച്ചിരുന്ന കാലത്തും, 'ധര്‍മ നീതി സംഗ്രഹം' എന്നവകാശപ്പെടുന്ന മതങ്ങള്‍ വാതം പിടിച്ച കുറുംന്തോട്ടി പോലെ ചരിത്ര സാക്ഷികളായി നില്‍പ്പുണ്ടായിരുന്നു ! .......
നാം മനുഷ്യര്‍ ഒരു സാമൂഹിക ജീവിയാണ്. സമൂഹമാണ് നമ്മുടെ ജീവിതത്തിന്‍റെ അടിത്തറ. നിലനില്‍ക്കുന്ന ഏതൊരു സാമൂഹ്യ വ്യവസ്ഥിതിയുടെയും നിലനില്‍പ്പ്‌ ഉറപ്പുവരുത്തുന്ന മുഖ്യഘടകം സമൂഹത്തിന്‍റെ പൊതുബോധം ആണ്. ഏതൊരു കെട്ടവ്യവസ്ഥിതിയും ചരിത്രത്തിന്‍റെ ഏടുകളിലേക്ക് മടക്കയാത്ര നടത്തണമെങ്കില്‍ ‍, ആ വ്യവസ്ഥിതിക്ക്‌ എതിരെ ഉറച്ചപ്രതികരണം ഉയര്‍ന്നു വരത്തക്കവിധം സമൂഹത്തിന്‍റെ പൊതുബോധം പ്രഫുല്ലമാവണം.
എങ്ങിനെയാണ് ഒരു സമൂഹത്തിന്‍റെ പൊതുബോധം രൂപപ്പെടുന്നത്?  സാധാരണഗതിയില്‍ സമൂഹത്തില്‍ ആധിപത്യംപുലര്‍ത്തുന്ന - സമ്പത്തും അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന വര്‍ഗ്ഗത്തിന്‍റെ ആശയങ്ങള്‍ ആണ് ഒരു സമൂഹത്തിന്‍റെ സാമാന്യബോധം ആയിതീരുന്നത്. അനര്‍ഹമായ അവകാശങ്ങളും അധികാരങ്ങളും വെട്ടി പിടിക്കുന്ന,  ഹീനമായ സ്വന്തം താല്പര്യങ്ങളെ സാധൂകരിക്കുന്ന ആശയങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നവര്‍ഗ്ഗം പൊതുസമൂഹത്തിന്റെ ആശയമായി അവതരിപ്പിക്കുന്നത്. 
അന്ധമായ അനുകരണത്തിന് പകരം, സ്വതന്ത്രമായ അന്വേഷണത്വരയോടെ ആശയലോകത്ത് നാം സഞ്ചരിക്കണം. ആധിപത്യംപുലര്‍ത്തുന്നവര്‍ഗ്ഗം കൈയൊപ്പ്‌ ചാര്‍ത്തിയ സാമാന്യബോധത്തിന്‍റെ പൊള്ളത്തരം തിരിച്ചറിയുന്ന തലത്തിലേക്ക്‌ മനുഷ്യന്‍ ഉണരുന്നത്, സ്വതന്ത്രമായി സ്വീകരിക്കുന്ന ആശയങ്ങളിലൂടെയാണ്. മാനവസമൂഹത്തിന്‍റെ ആധുനിക ചരിത്രത്തില്‍ എക്കാലത്തും സാമൂഹിക ജീര്‍ണ്ണതക്ക് എതിരായ സമരങ്ങളുടെ നായകത്ത്വം വഹിച്ചിട്ടുള്ളത് ഈ ദിശയില്‍ ധീരമായി സഞ്ചരിച്ചിട്ടുള്ള ഉല്‍പ്പതിഷ്ണുക്കള്‍ ആണ് .
മനുഷ്യന്‍റെ ബോധവും ചിന്തയും സ്വതന്ത്രമായി വളരുന്നതിനു, സ്വതന്ത്രമായ വായനയും നിരീക്ഷണവും സുപ്രധാന പങ്കുവഹിക്കുന്നു. മനുഷ്യന്‍റെ പൊതുബോധം, വ്യവസ്ഥാപിത മതങ്ങളുടെ വിലക്കുകളുടെ കരിങ്കല്‍ ഭിത്തികളാല്‍ തളച്ചിടപ്പെട്ടിരുന്ന കാലത്തിനു ആന്ത്യം കുറിക്കപ്പെട്ടത് ആധുനിക ജാനാധിപത്യ വിപ്ലവങ്ങളിലൂടെയായിരുന്നു. പുതിയ കാലത്ത് എന്ത് എഴുതണമെന്നും എന്ത് വായിക്കണമെന്നും സ്വതന്ത്രമായി തീരുമാനിക്കുവാനുള്ള അവകാശം പൊതുസമൂഹത്തിനു കൈവന്നു.
അവകാശത്തിലും അന്തസ്സിലും എല്ലാ മനുഷ്യരും തുല്യരാണ് എന്ന മഹത്തായ മനുഷ്യാവകാശബോധം ആധുനിക ജനാധിപത്യ വിപ്ലവത്തിന്‍റെ സംഭാവനയാണ്. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെയും മാനവ വിമോചനത്തിന്‍റെയും മഹത്തായ ദര്‍ശനം ആയ മാര്‍ക്സിസം മനുഷ്യന്‍റെ സ്വതന്ത്രബോധത്തെ വിപ്ലവകരമായി സ്വാധീനിച്ചു. ആധിപത്യവര്‍ഗ്ഗത്തിന്‍റെ നുകത്തില്‍ കന്നുകാലികളെ പോലെ ജീവിച്ചുവന്ന ഇരകളെ അവകാശബോധത്തിന്‍റെ സമരനിരയില്‍ അണിനിരത്തി മാര്‍ക്സിസം.
സമ്പത്തിന്‍റെയും അറിവിന്‍റെയും പ്രഭവകേന്ദ്രം അദ്ധ്വാനം ആണെന്ന ശാസ്ത്രീയ സത്യം മാര്‍ക്സിസം വെളിപ്പെടുത്തിയപ്പോള്‍ ലോകമെങ്ങും പ്രതിലോമ പിന്തിരിപ്പന്‍ ശക്തികള്‍ ഞെട്ടി. മനുഷ്യന്‍റെ ഭൌതികമായ അവസ്ഥകളുടെ സൃഷ്ടി സ്ഥിതി സംഹാരകന്‍ മനുഷ്യന്‍ തന്നെയാണെന്നും മറ്റൊരു സാങ്കല്‍പ്പിക അഭൌതിക ശക്തിക്കും അതില്‍ പങ്കില്ലെന്നും മാക്സിയന്‍ ദര്‍ശനം മനുഷ്യ സമൂഹത്തെ ഓര്‍മ്മപ്പെടുത്തി. സ്ഥല കാല ഭേദങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ സമസ്യകളെ പുതിയ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന പ്രയോഗത്തിന്റെ ദര്‍ശനം ആയ മാര്‍ക്സിസം എന്നെന്നും അജയ്യമായിരിക്കും. വിമോചനത്തിന് വേണ്ടി പൊരുതുന്ന ജനതയുടെ ആശയപരമായ ആയുധം ആണ്  മാര്‍ക്സിസം .


അറിവിന്റെ വെളിച്ചവും യുക്തിചിന്തയുടെ സൂക്ഷ്മതയും അന്വേഷണത്വരയുള്ള സ്വതന്ത്ര മനസ്സും ....

മനസ്സിന് ആനന്ദം പകരുന്ന ഏത് സ്വപ്നവും സങ്കല്‍പ്പവും സന്ദര്യവും സംഗീതവും നൃത്തവും കലയും സാഹിത്യവും നദിയും പുഴയും കാടും മലയും പൂന്തോട്ടവും കടലും കായലും പൂക്കളും പറവകളും പക്ഷികളും മൃഗങ്ങളും രുചികരമായ ഭക്ഷണവും എല്ലാം എനിക്കിഷ്ടം ആണ്. ഇതൊക്കെ ആസ്വദിക്കുന്ന ഇഷ്ടപെടുന്ന ദൈവവും മനുഷ്യന്റെ നല്ലൊരു സങ്കല്‍പ്പമാണ്. സന്ദര്യ സങ്കല്പ്പങ്ങളുടെയും... സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രണയത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും നന്മയുടെയും മൂര്‍ത്തിയായി ദൈവത്തെ സങ്കല്പ്പിക്കുന്നത് നല്ല ഭാവനയാണ് . പക്ഷെ നമ്മുടെ വിചാരങ്ങളും സ്വപ്നവും സങ്കല്‍പ്പവും ഭാവനയും എല്ലാം  യാഥാര്‍ത്ഥ്യം ആണ് എന്ന് സ്ഥാപിക്കുവാന്‍ പെടാപാട് പെടുന്നിടത്താണ് മനുഷ്യന്‍ അയുക്തിക ചിന്തകളുടെ ഉപാസകര്‍ ആവുന്നത്.
അറിവിന്റെ വെളിച്ചവും യുക്തിചിന്തയുടെ സൂക്ഷ്മതയും അന്വേഷണത്വരയുള്ള സ്വതന്ത്ര മനസ്സും ഉള്ളിടത്താണ് തുറന്ന ആശയസംവാദത്തിനു പ്രസക്തി ഉണ്ടാവുക. ഒരുവന് അയഥാര്‍ത്ഥ സങ്കല്പങ്ങള്‍ യഥാര്‍ത്ഥം ആണെന്ന് വിശ്വസിക്കുവാന്‍ ഇതിന്റെയൊന്നും ആവശ്യം ഇല്ല. എന്തും അന്ധമായി അനുകരിക്കുവാനും അനുസരിക്കുവാനും തയ്യാറുള്ള മാനസിക സന്നദ്ധത മാത്രം മതി!


Saturday, June 18, 2011

ഉന്നത വിദ്യാഭ്യാസമോ? - പാവങ്ങള്‍ക്ക്‌ ബാലികേറാമല!!!

അതിവേഗ സാമ്പത്തികപരിഷ്കരണത്തിന്‍റെ തിരക്കിലാണല്ലോ നമ്മുടെ രാജ്യംഭരിക്കുന്ന സര്ക്കാര്‍. അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്ക്ക് അനുസരിച്ച് ആയിരിക്കണമല്ലോ നമ്മുടെ വിദ്യാഭ്യാസരംഗം. എല്ലാം കമ്പോള താല്പര്യങ്ങള്ക്ക് അനുസരിച്ച് ആയിരിക്കണം. അതായത്‌ കമ്പോളത്തില്‍ രാജവാഴ്ച നടത്തുന്ന സമ്പന്ന കുത്തകവര്ഗ്ഗിത്തിന്റെ ഹിതം അനുസരിച്ചായിരിക്കണം. അല്ലെങ്കില്‍ ?    നമ്മുടെ “വികസനം” വഴിമുട്ടും!
............................
വിദ്യഭ്യാസത്തിന്റെ സര്‍വ്വതലങ്ങളും അഴിച്ചുപണിയുകയാണ്. പഠന രീതിയും പഠന വിഷയവും ചരിത്രവും സാമൂഹിക സാമ്പത്തിക ശാസ്ത്രവും എല്ലാം മുതലാളിത്തത്തിന്റെ പുതിയ ലോകത്തിനു ഇണങ്ങുന്നത് ആവണം. വിദ്യാഭ്യാസ കച്ചവടരംഗത്ത്‌ ദേശീയവും അന്തര്‍ദേശീയവുമായ എല്ലാ കുത്തക വര്‍ഗ്ഗത്തിനും കടന്നു വരാം. പണമുള്ള കുട്ടിക്ക് പണത്തിന്റെ ബലത്തിന് അനുസരിച്ച് ഒന്നാംതരം വിദ്യാഭ്യാസം! പാവപെട്ട കുട്ടിക്ക് മൂന്നാംതരം വിദ്യാഭ്യാസം!! ഉന്നത വിദ്യാഭ്യാസമോ ? - പാവങ്ങള്‍ക്ക്‌ ബാലികേറാമല!!!
മുന്‍ മുഖ്യമന്ത്രി ശ്രീമാന്‍ എ.കെ.ആന്റണി സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജ്കള്‍ക്ക്‌ അനുമതി കൊടുത്തത് വാക്കാലുള്ള ഒരു ധാരണയില്‍ ആയിരുന്നു. തുടന്ന് സ്വകാര്യ വ്യക്തികളും സാമുദായിക ശക്തികളും മെഡിക്കല്‍ കോളേജ് തട്ടികൂട്ടുന്ന തിരക്കിലായി. കച്ചവടവിദ്യഭ്യാസത്തിന്റെ‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പരിശുദ്ധ ളോഹധരിച്ചവര്‍ വാക്ക് തെറ്റിക്കില്ല എന്നായിരുന്നു ആന്റണി കരുതിയത് . അമ്പതുശതമാനംസീറ്റ്‌ സര്‍ക്കാര്‍ ഫീസില്‍ മെറിറ്റ് ‌അടിസ്ഥാനത്തില്‍ നല്കാം എന്നതായിരുന്നു പരസ്പരധാരണ. രേഖാമൂലം ധാരണ ഉറപ്പു വരുത്തിയില്ല എന്നത് ആന്റണിക്ക് പറ്റിയ പിഴവ്.

പാലം കടന്നതോടെ ളോഹധരിച്ചവര്‍ നടത്തുന്ന കോളേജുകള്‍ അതിശക്തമായിതന്നെ വാക്ക്‌ തെറ്റിച്ചു. “എന്നെ വഞ്ചിച്ചു” എന്ന് ആന്റണി പരിഭവം പറഞ്ഞു. ഈ രംഗത്ത്‌ നിലകൊള്ളുന്ന മറ്റു സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ഇഷ്ടം അനുസരിച്ച് ചുവടുവെച്ചു. എന്ത്ധാരണ ഏത്ധാരണ എന്നായി അവരുടെ ചോദ്യം. മുഴുവന്‍ സീറ്റിലും തങ്ങള്‍ നിര്ണ്ണ യിക്കുന്ന ഫീസില്‍ പഠിക്കുവാന്‍ തയ്യാറുള്ള പണക്കാരന്റെ കുട്ടികള്ക്ക് മാത്രം സീറ്റ്‌ നല്‍കി. കച്ചവട വിദ്യാഭ്യാസം പൊടിപൊടിച്ചു!
തങ്ങള്‍ക്കു കച്ചവടനീതിയല്ലാതെ സാമൂഹ്യനീതി നടപ്പിലാക്കുവാന്‍ ബാധ്യതയില്ല എന്നായി സഭാ മാനേജ്‌മെന്റ്‌കളുടെ വാദം. അവര്ക്ക് സംരക്ഷണമായി കേന്ദ്രസര്ക്കാ്രിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസഅവകാശം നിയമം ദുരുപയോഗം ചെയ്തു. മെഡിക്കല്‍ കൌണ്‍സിലിന്റെ് അംഗീകാരം എടുത്തു കാട്ടി സര്‍ക്കാരിനെ വെല്ലുവിളിച്ചു. രണ്ട്‌വര്ഷം മുന്‍പ് ആയിരുന്നു രണ്ടുകോടി രൂപ പഞ്ചാബിലെ ഒരു മെഡിക്കല്‍കോളേജില്‍നു അംഗീകാരംകൊടുക്കാന്‍ കൈകൂലി മേടിച്ചത് കാരണം മെഡിക്കല്‍ കൌണ്സിലിന്റെ പ്രസിഡന്റ് കേതന്‍ ദേശായ് എന്ന വ്യക്തിയെ സി.ബി.ഐ. അറസ്റ്റ്‌ ചെയ്തത് എന്ന് നാം ഓര്‍ക്കുക . അതാണ്‌ കച്ചവടവിദ്യാഭ്യാസക്കാരുടെ മകുടി ഊത്തിനു ഒത്തു ചുവടുവെക്കുന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ മഹത്ത്വം!


കഴിഞ്ഞ ഇടതുജനാധിപത്യ മുന്നണി സര്ക്കാര്‍ സ്വകാര്യ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത്‌ സാമൂഹിക നീതിയുടെ നിയന്ത്രണം കൊണ്ടുവരുന്നതിന് കഴിവിന്റെ് പരമാവധി ശ്രമിച്ചു. ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ നിയന്ത്രിക്കുന്ന ളോഹധാരികളുടെ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അമ്പതു ശതമാനം സീറ്റില്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഫീസില്‍  നല്‍കുന്നതിനോട് യോജിച്ചു.

ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ മാത്രം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വഴങ്ങിയില്ല. തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഹനിക്കുന്നു ഇടതു ഭരണം എന്ന് അവര്‍ വിളിച്ചുകൂവി. പ്രതിപക്ഷത്തു നിലകൊള്ളുന്ന വലതുപക്ഷ ശക്തികള്‍ ഈ പ്രശ്നത്തില്‍ചര്‍ച്ചിന് അനുകൂലമായ തണുപ്പന്‍ നയം സ്വീകരിച്ചു. പകരം വലതുപക്ഷത്തെ അനുകൂലിക്കുന്ന പരസ്യ നയം സഭ സ്വീകരിച്ചു. ഇടയലേഘനങ്ങള്‍ ഇറക്കി. ളോഹധാരികള്‍ രാഷ്ട്രീയം കളിച്ചു. ജനാധിപത്യ പ്രക്രിയയില്‍ മത സംഘടനകള്‍ പരസ്യമായി നിലപാട് സ്വീകരിച്ചു ഇടപെടുന്നതും സമ്മര്‍ദ്ധ ഗ്രൂപ്പ്‌ ആയി പ്രവര്ത്തി ക്കുന്നതും ഒട്ടും ഭൂഷണമല്ല എന്ന് ഇടതുപക്ഷം ഓര്മ്മപ്പെടുത്തി. എന്നിട്ടും വലതുപക്ഷം നിലപാട് സീകരിച്ചില്ല. പ്രതികരിച്ചില്ല. സഭയും വലതുമുന്നണിയും തമ്മിലുള്ള ഒരുതരം ഒത്തുകളിയാണ് കേരളം കണ്ടത്‌.

ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സ്വീകരിച്ച പരസ്യമായ ധിക്കാര നിലപാടിനെ ചെറുത്തു പരാജയപ്പെടുത്തുവാന്‍ ഇടതു ഭരണത്തിനു സാധിച്ചില്ല എന്നത് സത്യം. ആ പരാജയം അന്ന് നോക്കിനിന്ന് രസിച്ചു വലതുപക്ഷ ശക്തികള്‍ കോടതികളുടെ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ലിന്റെ കച്ചവട താല്പര്യങ്ങള്‍ക്ക് അനുകൂലമായ വിധികളും, കേന്ദ്രസര്ക്കാതരിന്റെ വിദ്യാഭ്യാസ നയനിലപാടുകളുംഅവര്‍ക്ക് തുണയായി.

ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യസ്ഥാപനങ്ങളുടെ സാമൂഹിക നീതിക്ക് വിരുദ്ധമായ നിലപാടുകള്‍ അവസാനിപ്പിക്കുവാന്‍ ശക്തമായ നിയമം കൊണ്ടുവരണം എന്ന് ഇടതുമുന്നണി കേന്ദ്ര സര്ക്കാവരിനോട്‌ നിരന്തരം ആവശ്യപ്പെട്ടു. അവര്‍ ചെവികൊണ്ടില്ല. ഇനിയെന്ത് സംഭവിക്കും എന്ന് നമുക്ക്‌ കാത്തിരുന്നു കാണാം.

വിമോചനത്തിന്റെ ഹരിതതീരത്തു അണയുന്നതുവരെ മനുഷ്യന്റെ സമരം തടരും.

ഇത്  ആഗോളവല്ക്കരണത്തിന്റെ കാലമാണല്ലോ. അതിന്റെന മഹത്ത്വം ഉറക്കെ പാടുന്നു, കുത്തകവര്‍ഗ്ഗ കൂട്ടികൊടുപ്പുകാരായ സാമ്പത്തിക വിദഗ്ദ്ധരും ഭരണാധികാരികളും മാധ്യമങ്ങളും. എല്ലാം നാടിനുവേണ്ടി ജനതക്ക് വേണ്ടി വികസനത്തിന് വേണ്ടി എന്നെല്ലാമാണ് ഇവരുടെ വായ്പാട്ട്. ഒരിക്കല്‍പോലും അബദ്ധത്തില്‍പോലും, ഞങ്ങള്‍ ആര്‍ത്തിപണ്ടാരങ്ങള്‍ ആയ കുത്തകസമ്പന്ന വര്‍ഗ്ഗത്...തിന്റെ അതിരുകളില്ലാത്ത ചൂഷണത്തിനു വേണ്ടി, സാമൂഹിക നീതിയിലധിഷ്ടിതമായ നിയന്ത്രണത്തിന്റെ വേലിക്കെട്ടുകള്‍ എല്ലാം തകര്ത്ത് ലോകത്തെ ഒരു ആഗോളഗ്രാമം ആക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്നവര്‍ പറയില്ല. പക്ഷെ ലോകമെങ്ങുമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴിലാളികളുടെ കര്‍ഷകരുടെ പൊള്ളുന്ന അനുഭവങ്ങള്‍ ആഗോളവല്ക്കുരണം ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി എന്ന കറുത്തസത്യത്തെ സാക്ഷ്യപ്പെടുത്തുന്നു.

അഴിമതിക്കും കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും എതിരെ , നാടിന്റെയും ജനതയുടെ ക്ഷേമ തലപര്യങ്ങളെ ഹാനികരമായി ബാധിക്കുന്ന ഉല്‍പാദന വിതരണ മേഖലകളുടെ സ്വകാര്യ കുത്തകവല്‍ക്കരനത്തിനും എതിരെ എന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ന് ഇപ്പോള്‍ അരാഷ്ട്രീയ പൊതുസമൂഹത്തിന്റെ പ്രതിനിധികളും ഭീകരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നു എന്നത് സ്വാഗതാര്‍ഹം ആണ്. അതോടൊപ്പം അവര്‍ കാട് കാണാതെ മരം കാണുകയാണ് എന്ന വിമര്‍ശനവും ഉണ്ട്. അദ്ധാനത്തിന്റെയും കമ്പോളത്തിന്റെയും പ്രകൃതിയുടെയും ആവാസ വ്യവസ്ഥിതിയുടെയും നെറികെട്ട ചൂഷണത്തിലൂടെ സ്വന്തം ലാഭ കൊയ്ത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന മുതലാളിത്ത വ്യവസ്തിയുടെ ഉല്പന്നം ആണ് അഴിമതിയും കള്ളപ്പണവും എന്നതാണ് വസ്തുത. മുതലാളിത്തം എന്നത് നീതിയിലും നന്മയിലും മാനവസ്നേഹത്തിലും അധിഷിടിതം ആയ ഒരു സാമ്പത്തിക വ്യവസ്ഥിതിയല്ല. മാനവസമൂഹത്തിനു നല്ലൊരു ലോകം എന്നത് മുതലാളിത്ത വ്യവസ്ഥിതിയിലൂടെ സാധ്യവുമല്ല.

ലോകമെങ്ങും തിരിച്ചറിവ്നേടിയ ജനത തങ്ങളുടെ അവകാശങ്ങളുടെ അന്തസ്സിന്റെല ഭദ്രമായജീവിതത്തിന്റെ അതിവേഗഅന്തകനായി രാക്ഷസഭാവംപൂണ്ടു നിലകൊള്ളുന്ന ആധുനിക മുതലാളിത്തത്തിനെതിരായ സമരത്തില്‍ പടയണിചേര്‍ന്ന്കൊണ്ടിരിക്കുന്നു. നീതിയുടെ, ധര്‍മത്തിന്റെ വിമോചനത്തിന്റെ ഹരിതതീരത്തു അണയുന്നതുവരെ മനുഷ്യന്റെ ഈ സമരം തുടര്‍ന്ന് കൊണ്ടേയിരിക്കും.

സമരനിര്‍ഭരം ആയ ഇന്നത്തെ ലോകം, വിമോചനത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് നാളെ ഉണരും.

മുതലാളിത്ത സമ്പദ്ഘടന ശക്തമായി നിലകൊള്ളുന്ന ഇന്നത്തെ ആഗോള സാഹചര്യത്തില്‍ സ്വകാര്യ മേഖല ഉല്‍പാദന വിതരണ മേഖലകളില്‍ കടന്നു വരുന്നത് പൂര്‍ണ്ണമായും തടയുക എന്നത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ആശ്രയം അനിവാര്യം ആയിട്ടുള്ള ഒരു രാജ്യത്തും പ്രായോഗികം അല്ല. പക്ഷെ സമൂഹത്തിലെ ന്യൂനപക്ഷം വരുന്ന സമ്പന്ന കുത്തകവര്‍ഗ്ഗത്തിന്റെ ലാഭാ താല്പര്യങ്ങള്‍ക്ക്  മുകളില്‍ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ അന്തസ്സും അവകാശവും ഉറപ്പുവരുത്തുന്ന സാമൂഹിക നീതിയുടെ നിയന്ത്രണം സാമ്പത്തിക നയത്തില്‍ ഉണ്ടായിരിക്കണം.

കറയറ്റ സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയുള്ള ഒരു രാഷ്ട്രവും ലോകത്ത് ഇന്നുവരെ സ്ഥാപിതം ആയിട്ടില്ല. ആ ലക്ഷ്യത്തിനു വേണ്ടി നിലകൊള്ളുന്ന സോഷ്യലിസ്റ്റ്‌ പാര്‍ട്ടികല്‍ ഭരിക്കുന്ന രാഷ്ട്രങ്ങള്‍ ഉണ്ട്. ആഗോള തലത്തില്‍ ആശയപരമായും ഘടനാപരമായും മുതലാളിത്തം ദുര്‍ബലപ്പെടുന്നതുവരെ സന്ധി കൂടാതെ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്ക് നിലനില്‍ക്കുക പ്രയാസം ആണ്.

അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് മുതലാളിത്ത്വം കടന്നു പോയികൊണ്ടിരിക്കുന്നത്. സമരനിര്‍ഭരം ആയ ഇന്നത്തെ ലോകം, ദുരിതജീവിതം നയിക്കുന്ന ജനതയുടെ വിമോചനത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് നാളെ ഉണരും എന്ന ശുഭ പ്രതീക്ഷയാണ് നമുക്ക്‌ ഉണ്ടാവേണ്ടത്.

ആശയ സമരവും ബഹുജനഅടിത്തറയും ശാസ്ത്രീയ സോഷ്യലിസവും.


കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് വിപ്ലവ നയമില്ലെന്നും അതൊരു വിപ്ലവപാര്‍ട്ടി അല്ലെന്നും മുതലാളിത്തപാതയിലൂടെയാണ് ആ പ്രസ്ഥാനം മുന്നോട്ടു പോകുന്നത് എന്നും വിലപിച്ചു  വിപ്ലവരോഷം പ്രകടിപ്പിക്കുന്ന, അതിവിപ്ലവകാരി ചമഞ്ഞു നടക്കുന്ന ചിലരുടെ പ്രതികരണ കുറിപ്പുകള്‍ ഇടയ്ക്കിടെ വായിക്കാറുണ്ട്. സാമൂഹിക വിപ്ലവത്തിന്റെ അപ്രായോഗികവും അയഥാര്‍ഥവും അമൂര്‍ത്തവുമായ സങ്കല്പങ്ങള്‍ കൊണ്ട് നടക്കുന്നവരാണ് ഈ കൂട്ടര്‍ എന്നാണു എന്റെ പക്ഷം.

ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ്‌ ചിന്തകളും , ശാസ്ത്രീയ സോഷ്യലിസവും തമ്മില്‍ അജഗജാന്തരമുണ്ട്. സാമൂഹിക വിപ്ലവത്തിന്റെ മഹത്തായ ദര്‍ശനം ആയ,  മാര്‍ക്സിയന്‍ ദര്‍ശനം തികച്ചും യാന്ത്രികമായി നടപ്പിലാക്കേണ്ട, ചരിത്രപരവും ഭൌതികവും ആയ ഓരോ ദേശത്തിന്റെയും കാലത്തിന്റെയും മാറ്റങ്ങള്‍ ഒന്നും ഉള്‍കൊള്ളാന്‍ വിസ്സമ്മതിക്കുന്ന അഴകൊഴമ്പന്‍ ഇരുമ്പ് ഒലക്ക വേദാന്തം അല്ല!

എല്ലാ ദേശത്തിന്റെയും കാലത്തിന്റെയും സാമൂഹ്യ വ്യവസ്ഥിതിയെ ഒറ്റയടിക്ക്‌ ഒരുപോലെ മാറ്റുന്ന മാന്ത്രികദര്‍ശനം ഒന്നുമല്ല മാര്‍ക്സിസം. ഓരോ കാലത്തിന്റെയും ദേശത്തിന്റെയും സവിശേഷതകള്‍ക്ക് അനുസരിച്ച് വിപ്ലവപാതയും വിപ്ലവത്തിന്റെ ഗതിവേഗവും വ്യത്യസ്തം ആയിരിക്കും എന്നാണു മാര്‍ക്സിയന്‍ ദര്‍ശനം പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് മാര്‍ക്സിസത്തെ ശാസ്ത്രീയദര്‍ശനം എന്നും പ്രായോഗികദര്‍ശനം എന്നും നാം അഭിമാനപൂര്‍വ്വം പറയുന്നത്.

സ്വന്തംപക്ഷത്തിന്റെയും ശത്രുപക്ഷത്തിന്റെയും ശക്തി ദൌര്‍ബല്യങ്ങള്‍ നല്ലതുപോലെ മനസ്സിലാക്കി അടവ് നയങ്ങള്‍ ആവിഷ്കരിക്കുക എന്നതാണ് ഏറ്റവും ശരിയായ യുദ്ധതന്ത്രം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗസമരം, സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ മാറ്റത്തിന് വേണ്ടിയുള്ള ഒരു യുദ്ധം തന്നെയാണ്. വിപ്ലവം ഒരു ജനതയുടെ നിശ്ചയദാര്‍ഡ്യത്തില്‍ ആണ് സംഭവിക്കുന്നത്. മൂര്‍ത്തമായ സാഹചര്യത്തില്‍ അതിനു നേതൃത്ത്വം കൊടുക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ദൌത്യം.

ദേശത്തും ആഗോളതലത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ മാറ്റങ്ങളും സുസൂക്ഷ്മം വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ . ഒരു വസ്തുത വിനയപൂര്‍വ്വം നാം ഓര്‍ക്കണം. ലോകസമൂഹത്തില്‍ ശാസ്ത്രീയവും യുക്തിപരവും ആയ ചിന്തകളും ജീവിത വിശകലനങ്ങളും , അതിരുകള്‍ ഇല്ലാത്ത മാനവമൂല്യങ്ങളും ഉള്‍കൊള്ളുന്ന ജനവിഭാഗങ്ങള്‍ വളരെ ന്യൂനപക്ഷം ആണ് ഇന്നും. വേട്ടക്കാരന്‍ മാത്രമല്ല,  ഇരകളിലെ മഹാഭൂരിപക്ഷവും ഇന്നും  വേട്ടക്കാരന്റെ മേധാവിത്ത്വത്തെ സാധൂകരിക്കുന്ന  പ്രതിലോമ പിന്തിരിപ്പന്‍ ആശയങ്ങളുടെ, ചിന്തകളുടെ, വിശ്വാസങ്ങളുടെ തടവറയില്‍ ആണ്.

മാനവ മോചനത്തിന് വിഖാതം ആയി നിലകൊള്ളുന്ന കെട്ടവ്യവസ്ഥിതി എത്രയും വേഗം മാറണം എന്ന മോഹവും സങ്കല്‍പ്പവും നല്ലത് തന്നെ. പക്ഷെ ആ സങ്കല്പം യഥാര്‍ത്ഥ്യം ആക്കുവാന്‍ വേണ്ട മൂര്‍ത്തമായ ഭൌതിക സാഹചര്യം നിലവില്‍ ഉണ്ടോ എന്ന് നാം പരിശോധിക്കണം. സോഷ്യലിസ്റ്റ്‌ വിരുദ്ധ സാമൂഹിക വ്യവസ്ഥിതി നിലനില്‍ക്കുന്നതിന്  ഉതകുന്ന ആശയപരവും ഘടനാപരവും ആയ ഉപാധികള്‍ ഇന്നും  ലോകമെങ്ങും വളരെ ശക്തം ആണ്. വ്യവസ്ഥിതി മാറ്റത്തിനുള്ള പടയണി ഒരുക്കുവാന്‍, വിപ്ലവത്തിന്റെ ബഹുജനഅടിത്തറ കെട്ടിപടുക്കുവാന്‍  അവകാശസമരങ്ങളോടൊപ്പം രാഷ്ട്രീയസമരങ്ങളോടൊപ്പം വിപുലമായ ആശയസമരങ്ങളും നടക്കേണ്ടതുണ്ട്.

ദുരിതജീവിതം തള്ളിനീക്കുമ്പോള്‍ ,  അടിമമാനസങ്ങള്‍ ആയ വ്യവസ്ഥിതിയുടെ ഇരകള്‍ ചിന്തിക്കുന്നത് തന്റെ അവസ്ഥക്ക് കാരണം തലവിധിയാണെന്നും ദൈവനിശ്ചയം ആണെന്നും മുന്‍ജന്മപാപഫലം ആണെന്നും മറ്റുമാണ്. അതുകൊണ്ട് തന്നെ തികച്ചും ഭൌതികമായ തന്റെ യഥാര്‍ത്ഥ വര്‍ഗ്ഗശത്രുവിനെ തിരിച്ചറിയുവാന്‍ അവനു സാധിക്കുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതി പോലും അതിന്റെ അര്‍ത്ഥപൂര്‍ണ്ണതയിലേക്ക് വികസിക്കാത്തതിനു ഈ അവസ്ഥ മുഖ്യ കാരണം ആണ്.

കമ്മ്യൂണിസ്റ്റ്‌ ആശയത്തോടും , തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളോടും മുഖം തിരിച്ചു നില്‍ക്കുന്ന അടിമമാനസങ്ങളെ, ആത്മബോധത്തിന്റെ തിരിച്ചറിവിലേക്ക് നയിക്കുന്ന ആശയസമരങ്ങളും , അതിനെ തുടര്‍ന്നുള്ള ശക്തമായ ബഹുജനഅടിത്തറയും കെട്ടിപടുക്കാതെ ഏതാനും സാഹസികര്‍ നടത്തുന്ന സായുധവിപ്ലവം തികച്ചും അപ്രായോഗികവും, പൊതുസമൂഹത്തില്‍ വിപ്ലവപ്രസ്ഥാനങ്ങളെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതുമായ ഏര്‍പ്പാടാണ്.


Friday, June 10, 2011

വിമോചന പോരാട്ടത്തിന് ദിശാബോധം നല്‍കുന്ന വിശ്വദര്‍ശനം ആണ് കമ്മ്യൂണിസം.

മഹാഭൂരിപക്ഷത്തിന്റെ അന്തസ്സും അവകാശങ്ങളും ഹനിച്ചു കൊണ്ടാണ് ലോകത്ത്‌ എവിടെയും ജനവിരുദ്ധ ചൂഷണ വ്യവസ്ഥിതികള്‍ നിലനിന്നു പോരുന്നത്. ദുരിതജീവിതം നയിക്കുന്ന ജനതയുടെ ക്ഷേമം അല്ല, ആര്‍ത്തിപണ്ടാരങ്ങള്‍ ആയ ചൂഷകവര്‍ഗ്ഗത്തിന്റെ ലാഭതാല്പര്യങ്ങള്‍ ആണ് ജനപക്ഷ നിലപാട് സ്വീകരിക്കാത്ത ഭരണകൂടങ്ങള്‍ മുഖ്യ അജണ്ടയായി കാണുന്നത്.
അന്തസ്സിന്റെയും അവകാശങ്ങളുടെ......യും തുല്യത നേടികൊണ്ടുള്ള ഒരു ജീവിതത്തിനു വേണ്ടി, നാം ഇന്ന് ജീവിക്കുന്ന കെട്ടവ്യവസ്ഥിതിയെ തകര്‍ക്കുവാന്‍ ഏറ്റവും പ്രായോഗികം ആയ പോരാട്ടങ്ങള്‍ വളര്തിയെടുക്കേണ്ടതുണ്ട്. പൊരുതുന്നവന്‍ സാങ്കല്‍പ്പികവിപ്ലവത്തെ സ്വപ്നം കാണുകയല്ല വേണ്ടത്‌. മാറ്റത്തിന്റെ ശുഭാപ്തി വിശ്വാസത്തോടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ വേരുകള്‍ കണ്ടെത്തി - ശക്തി ദൌര്‍ബല്യങ്ങള്‍ കണ്ടെത്തി പ്രായോഗികമായ പോരട്ട രീതികള്‍ വളര്‍ത്തിയെടിക്കുകയാണ്.

ആശയരംഗത്തും പ്രായോഗികരംഗത്തും സമരം നടക്കണം. ചൂഷണവ്യവസ്ഥിതിയെ തങ്ങി നിര്‍ത്തുന്ന ആശയ മണ്ഡലം നമ്മുടെ സമൂഹത്തില്‍ ശക്തമായി നിലകൊള്ളുന്നു.. പ്രതിലോമശക്തികളുടെ ആധിപത്യം അഭംഗുരം തുടരുവാന്‍ വേണ്ട താങ്ങും തണലും ആയി വര്‍ത്തിക്കുന്ന പ്രതിലോമ ആശയങ്ങള്‍ക്ക് എതിരെ ശക്തമായ ആശയസമരം നടത്തുക എന്നതും പോരാട്ടത്തിന്റെ ഭാഗം ആണ്. തികച്ചും ശാസ്ത്രീയമായി ആ ദൌത്യം നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന - ആശയരംഗത്തും പ്രായോഗികരംഗത്തും വിമോചന പോരാട്ടത്തിന് ദിശാബോധം നല്‍കുന്ന വിശ്വദര്‍ശനം ആണ് കമ്മ്യൂണിസം.

അരാഷ്ട്രീയം അന്തിമ ഫലത്തില്‍ പ്രതിലോമപക്ഷത്തിന് ഗുണം ചെയ്യുന്നു.

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. നാം സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തില്‍ നമുക്ക്‌ അവകാശങ്ങളും ഉത്തരവാദിത്ത്വവും ഉണ്ട്. വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍ ഉള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അത് കൊണ്ട് തന്നെ വിവിധ ലക്ഷ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വാഭാവികം.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരു പോലെ പോക്കാണ് എന്ന് തള്ളി പറഞ്......ഞു സ്വന്തം സ്വകാര്യതയില്‍ ഒതുങ്ങുന്നത് ഒരുതരം അരാഷ്ട്രീയ നിരുത്തരവാദ നിലപാടാണ്. നാടിനു ശ്രേയസ്സും നാട്ടുകാര്‍ക്ക്‌ ക്ഷേമവും സമാധാനവും ഏകുന്ന രാഷ്ട്രീയ ദര്‍ശനം ഏത്‌ എന്ന് തെരഞ്ഞെടുക്കുക എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ പൌരന്റെയും ഉത്തരവാദിത്ത്വം ആണ്.

നമ്മള്‍ മനുഷ്യര്‍ ആണ്. വിശ്വാസികള്‍ പൂര്‍ണ്ണത ആരോപിക്കുന്ന ദൈവങ്ങള്‍ അല്ല . തെറ്റുകളും പിഴവുകളും ഉണ്ടാവും. നല്ല പ്രസ്ഥാനത്തിന്റെ ഭാഗമാവുമ്പോള്‍ അത് തിരുത്താനുള്ള പ്രേരണയും പ്രചോദനവും അവനില്‍ ഉണ്ടാകുന്നു.

ജാനധിപത്യം പൂര്‍ന്നമാവുന്നത്, തിരിച്ചറിവിന്റെ ആത്മബോധം നേടിയ പൊതുസമൂഹം ജനാധിപത്യ പ്രക്രിയയില്‍ അര്‍ത്ഥപൂര്‍ണ്ണമായ പങ്കാളിത്തം വഹിക്കുമ്പോള്‍ ആണ്. കെട്ടവ്യവസ്ഥിതിയുടെ അകകാമ്പ് നല്ലപോലെ മനസ്സിലാക്കുവാന്‍ സാധിച്ച വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാതമേ അത് തിരുത്തി ജനപക്ഷ നിലപാട് സ്വീകരിക്കുന്ന നല്ല രാഷ്ട്രീയത്തിന് വേണ്ടി സമരം ചെയ്യുവാന്‍ സാധിക്കുകയുളൂ.

പലപ്പോയും അരാഷ്ട്രീയജനവിഭാഗത്തിന്റെ ധാര്‍മിക രോഷങ്ങള്‍ ‍"കാട് കാണാതെ മരം കാണുന്ന" ഏര്‍പ്പാടാണ്. അവര്‍ക്ക് എല്ലാം ഒറ്റ വാചകത്തില്‍ ചോദ്യവും ഉത്തരവും ആയി കാണുന്നതെ ശീലമുള്ളൂ. അരാഷ്ട്രീയം അന്തിമ ഫലത്തില്‍ പ്രതിലോമപക്ഷത്തിന് ഗുണം ചെയ്യുന്നു. അത് കൊണ്ടാണ് നിലനില്‍ക്കുന്ന കെട്ടവ്യവസ്തിയുടെ മൂട്താങ്ങികള്‍ ആയ മാധ്യമങ്ങളും മറ്റും ആരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നത്.

എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രമായ മുതലാളിത്ത വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കപ്പെടണം.

സമൂഹത്തില്‍ ഒരു വിഭാഗം അനര്‍ഹമായ കാര്യങ്ങള്‍ സാധിച്ചെടുക്കുവാന്‍ അഴിമതിയുടെ വഴി തേടുന്നു. മറു വശത്ത് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ പോലും കൈകൂലി കൊടുക്കുവാന്‍ മ്മുടെ സമൂഹം നിര്‍ബന്ധിതര്‍ ആവുന്നു.
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ അന്തസ്സും അവകാശവും നീതിയും നിഷേധിക്കപ്പെട്ടവരായി ജീവിക്കേണ്ടി വരുന്നു എങ്കില്‍ അതിനു കാരണം നമ്മുടെ  വ്യവസ്ഥിതിയെ ബാധിച്ച അഴിമതിയുടെ കാന്‍സര്‍ തന്നെയാണ്. രാജ്യത്തെ ജനവിരുദ്ധ രാഷ്ട്രീയ ലക്ഷ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഭരണ വര്‍ഗ്ഗവും കടുത്ത സാമൂഹ്യ ചൂഷണത്തിലൂടെ സ്വന്തം സ്വര്‍ഗ്ഗം പണിയുന്ന സമ്പന്ന മേലാളവര്‍ഗ്ഗവും അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടന്നു പുളയുകയാണ്.

നരക ജീവിതം നയിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനവിഭാഗത്തിന് യഥാര്‍ത്ഥ മോചനം ലഭിക്കുവാന്‍ ഈ അഴിമാതിരാജിനു അന്ത്യം കുറിക്കപ്പെടണം. എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രമായ മുതലാളിത്ത വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കപ്പെടണം. ജനപക്ഷ നിലപാടുള്ള വ്യക്തികളും സമൂഹവും പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ചു ഈ ലക്ഷ്യത്തിലേക്കുള്ള സമരനിര കെട്ടിപടുക്കണം. ലക്ഷ്യം  അത്ര എളുപ്പമല്ല എന്ന് നമുക്ക്‌ അറിയാം. പക്ഷെ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടുകളും നാം മുന്നോട്ടു വെച്ചേ തീരൂ.

യഥാരാജാ തഥാപ്രജാ എന്നതുപോലെ, യഥാജഡ്ജി തഥാവിധി!

യഥാരാജാ തഥാപ്രജാ എന്നൊരു ചൊല്ലുണ്ടല്ലോ. രാജാധിപത്യത്തില്‍ രാജാവ് പ്രജാസ്നേഹി ആണെങ്കില്‍ പ്രജകള്‍ക്കു നല്ലത്. അല്ലെങ്കില്‍ പ്രജകള്‍ക്കു ജീവിതം ദുരിതസാഗരം. രാജാവിന്റെ ധര്‍മനീതി ചിന്തകളെ ആശ്രയിച്ചിരിക്കുന്നു ജനങ്ങളുടെ ജീവിതവിധി.
ഇന്ന് പേരിനു നാം ജീവിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയില്‍ . നമുക്ക്‌ മഹത്തായ ഉദാത്തമായ ഒരു ഭരണഘടനയുണ്ട്. അതില്‍ ...പൌരന് നീതിയും അന്തസ്സും അവകാശവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള ഒരു പാട് മൌലിക അവകാശ രേഖകള്‍ ഉണ്ട്. ചട്ടങ്ങള്‍ ഉണ്ട്. പക്ഷെ ഫലത്തില്‍ രാജ്യത്തെ മഹാഭൂരിപക്ഷം ജനതയെ സംബദ്ധിച്ചിടത്തോളം അവരുടെ അനുഭവത്തില്‍ നമ്മുടെ ഭരണഘടന ഒരു തരം ഏട്ടിലെ പശുവാണ്.

ഭരണഘടനയെ അധാരമാക്കിയാണല്ലോ നമ്മുടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ നീതിയുടെ അവസാന വാക്ക്‌ പറയുവാന്‍ അവകാശവും അധികാരവും ഉള്ള വിധി കര്‍ത്താക്കള്‍ ഉണ്ട്. അവരില്‍ ചിലരുടെ ഭാവം ഞങ്ങള്‍ തെറ്റ് കുറ്റങ്ങള്‍ക്ക് അതീതരായ "വൈകുണ്ടത്തു" നിന്നും വരുന്ന ധര്മ്മപുത്രന്മാര്‍ ആണെന്നാണ്‌. അഴിമതിയും കള്ളപ്പണവും സര്‍വ്വത്ര വിരാജിക്കുന്ന, കീഴാളനും മേലാളനും ഉള്ള, വരേണ്യ വര്‍ഗ്ഗ വിധേയത്ത്വവും ജാതി വിവേചനവും മതവര്‍ഗീയ ചിന്തയും എല്ലാം അടക്കി വാഴുന്ന ഈ ഭാരതഭൂമിയുടെ സന്തതികള്‍ തന്നെയാണ് നമ്മുടെ നീതിപാലകരും.

നീതിതേടി കോടതി കയറുവാനുള്ള പഠിപ്പും സാമ്പത്തിക ശേഷിയും ഇല്ലാത്ത , അന്തസ്സും അവകാശവും നീതിയും നിഷേധിക്കപ്പെട്ടു മേലാള വര്‍ഗ്ഗം ചവിട്ടി മെതിക്കുന്ന ജനകോടികളുടെ ആശ്രയ കേന്ദ്രമായി കോടതികള്‍ മാറുന്നില്ല പലപ്പോയും. ജനപക്ഷ വിധികളെക്കാളും ജനവിരുദ്ധ വിധികള്‍ ആണ് കൂടുതലും കോടതികളില്‍ നിന്ന് ഉണ്ടാവുന്നത്. സമ്പന്നകുറ്റവാളികള്‍ പണത്തിന്റെ ബലത്തില്‍ ജയിലറകാണാതെ വിലസുമ്പോള്‍ , മേലാളര്‍ കെട്ടിച്ചമച്ച കേസുകളില്‍ കുടുങ്ങിയ പാവങ്ങള്‍ കേസ് നടത്തുവാന്‍ നല്ല വക്കീലിനെ തേടുവാനുള്ള പണംഇല്ല എന്നത് കൊണ്ട് ജയിലറകള്‍ക്കിടയില്‍ ജീവിതം തീര്‍ക്കുന്നു.

യഥാരാജാ തഥാപ്രജാ എന്നതുപോലെ, യഥാജഡ്ജി തഥാവിധി എന്നതാണ് ഇന്നത്തെ അവസ്ഥ. ജഡ്ജിമാരുടെ നീതിബോധം സാമൂഹിക രാഷ്ട്രീയ വീക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു കോടതികളുടെ വിധികള്‍ എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വര്‍ഗ്ഗസമൂഹത്തിന്റെ അനുബന്ധം മാത്രമായ കോടതിയുടെ വിധികള്‍ ഒരു പോലെ സ്വാഗതം ചെയ്യുവാന്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പറ്റില്ല. ജനപക്ഷ നിലപാട് സ്വീകരിക്കുന്ന നല്ല വിധികള്‍ കോടതികളില്‍ നിന്ന് വരുമ്പോള്‍ നീതിബോധമുള്ള ജനങ്ങള്‍ തീര്‍ച്ചയായും സന്തോഷപൂര്‍വ്വം ആ വിധികളെ സ്വാഗതം ചെയ്യും.

Wednesday, June 8, 2011

വേട്ടക്കാരന്റെ പാപവും , മാറ്റത്തിന്റെ ശുഭാപ്തി വിശ്വാസവും.

നിലനില്‍ക്കുന്ന വ്യവസ്ഥിതിയാണ് തന്നെ പീഡിപ്പിക്കുന്നതെന്നും തന്റെ അവകാശങ്ങളും അന്തസ്സും ഹനിക്കുന്നത് എന്നും തിരിച്ചറിയുന്ന വ്യക്തിയും സമൂഹവും ആണ് , ഈ വ്യവസ്ഥിതി മാറണം എന്നാഗ്രഹിക്കുന്നത്. സമാധാനവും സുരക്ഷിതത്ത്വവും ഭദ്രതയും ഇല്ലാത്ത ജീവിതാവസ്ഥക്ക് കാരണം ചൂഷണാധിഷ്ഠിതം ആയ ഇന്നത്തെ വ്യവസ്തിയാണ് എന്ന് തിരിച്ചരിയുന്നവരും ഈ വ്യവസ്ഥിതി മാറണം എന്നാഗ്രഹിക്കും. ആത്മബോധം ഉള്ള നല്ലവരായ മനുഷ്യ സമൂഹത്തിന്റെ എക്കാലത്തെയും പൊതുവായ ആഗ്രഹവും സ്വപ്നവും ആണ് അന്തസ്സും അവകാശവും ക്ഷേമവും സമാധാനവും സുരക്ഷിതത്ത്വവും ഉള്ള സാമൂഹ്യ ജീവിതം.

ഇവിടെ ഒന്നും ശരിയാവില്ല. എല്ലാം എക്കാലവും ഇതുപോലെ തന്നെ . കള്ളപ്പണവും അഴിമതിയും എല്ലാം ഒരിക്കലും ഇല്ലാതാക്കാന്‍ പറ്റില്ല. ഇങ്ങിനെ ആശുഭാപ്തിയുടെ നീണ്ട നിരകള്‍ അവതരിപ്പിച്ചു എല്ലാ സമരങ്ങളുടെയും വെളിച്ചം ഊതി കെടുത്തുവാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തില്‍ കാണാം. പ്രതിലോമ ചിന്തകള്‍ക്ക് - ആശയങ്ങള്‍ക്ക് നല്ല വിളഭൂമിയാണ് ഇവരുടെ ബോധതലം.

മനുഷ്യന്‍ ആണ് ചരിത്രം നിര്‍മ്മിക്കുന്നത് എന്നും , ഇന്നത്തെ ഭൌതിക അവസ്ഥ മനുഷ്യ സൃഷ്ടിയാണെന്നും അറിയുന്നവര്‍ക്ക്, പോരാട്ടങ്ങളുടെ ഗുണഫലത്തെ കുറിച്ചുള്ള, പുത്തന്‍വ്യവസ്ഥിതിയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം തീര്‍ച്ചയായും ഉണ്ടാവും. ഉണ്ടാവണം.

ശുഭാപ്തി വിശ്വാസികള്‍ക്ക് മാത്രമേ ഇന്നത്തെ കെട്ടവ്യവസ്ഥിതിക്കെതിരായ പോരാട്ട ഭൂമികയില്‍ ഉറച്ച ചുവടുകളോടെ നിലകൊള്ളുവാന്‍ സാധിക്കുകയുള്ളൂ .
......................................
സമൂഹത്തില്‍ രണ്ടുതരം ' പാപികള്‍ ' ഉണ്ട്. പാപം ചെയ്യാതെ ജീവിക്കാന്‍ അനുവദിക്കാത്ത ഭൌതിക സാഹചര്യത്തിന്റെ ഇരകള്‍ ആണ് ഒരു വിഭാഗം. ശാസ്ത്രീയ വീക്ഷണത്തില്‍ അവര്‍ കുറ്റവാളികള്‍ ആല്ല. അവരെ കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആക്കുന്ന ഭൌതിക സാഹചര്യമാണ് അല്ലെങ്കില്‍ വ്യവസ്ഥിതിയാണ് അവിടെ പ്രതികള്‍ .

അന്തസ്സുള്ള ജീവിതം നയിക്കുവാന്‍ വേണ്ട എല്ലാ ഭൌതിക സാഹചര്യങ്ങളും ഉണ്ടായിട്ടും കൂടുതല്‍ വെട്ടിപ്പിടിക്കുവാനുള്ള ആര്‍ത്തിയില്‍ സ്വന്തം സഹജീവികളെയും രാജ്യത്തെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന പാപികള്‍ ആണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ക്കെതിരെയാണ് ജനകീയ പോരാട്ടങ്ങള്‍ വളര്‍ന്നു വരേണ്ടത്.

ഇവിടെ പാപത്തിന്‍റെ സാമാന്യവല്‍ക്കരണം ശുദ്ധ അസംബദ്ധം ആണ്. "നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ" എന്ന വചനം, നാം ജീവിക്കുന്ന കാലത്തെയും ലോകത്തെയും ഭൌതിക യാഥാര്‍ത്യങ്ങള്‍ നല്ല പോലെ അറിയുന്ന ഒരാള്‍ക്ക്‌ ആദര്‍ശത്തിന്റെ വാക്കായി എഴുന്നെള്ളിക്കുവാന്‍ പറ്റില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ കെട്ട വ്യവസ്ഥിതിയോടും അതിന്റെ മൂല്യങ്ങളോടും ഒട്ടും സന്ധി ചെയ്യാതെ ജീവിക്കുന്നവരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ .

ഇരകളുടെ പാപം അല്ല വിഷയം, വേട്ടക്കാരന്റെ പാപം തന്നെയാണ്. കാരണം അതാണ്‌ സമൂഹത്തിന്റെ കാന്‍സര്‍ .


Saturday, June 4, 2011

ആത്മബോധം നേടിയ അടിസ്ഥാന ജനതക്ക്,‌ സഹനമല്ല സമരമാണ് ജീവിതവഴി .

എന്തും വിലക്ക് വാങ്ങുവാന്‍ കെല്‍പ്പുള്ളവന് - എന്തും വിലക്ക് വാങ്ങുക എന്നത് ജീവിതരീതിയായി സുഖിച്ചുമദിച്ചു ജീവിക്കുന്നവര്‍ക്ക്‌ , നമ്മുടെ രാജ്യത്ത് ഒരു ജനകീയ പ്രശ്നവും ഇല്ല. വിശാലമായ റോഡില്ല, പടുകൂറ്റന്‍ ഷോപ്പിംഗ്‌ മാള്‍ ഇല്ല തുടങ്ങിയതാണ് അവരുടെ പ്രശ്നം. പിന്നെ ഇല്ലാത്തവന്റെ നിലവിളിയും മുദ്രാവാക്യവും സമരവും പ്രക്ഷോഭവും ചേരികളും എല്ലാം അവനു അസൌകര്യം ഉണ്ടാക്കുന്നു. അതാണ്‌ അവനെ അലോസരപ്പെടുത്തുന്നത്. ശതകോടീശ്വരന്മാരും സിനിമാ താരങ്ങളും കുത്തക വര്‍ഗ്ഗങ്ങളും നിയന്ത്രിക്കുന്ന രാഷ്ട്രീയം ആണ് അവനു പഥ്യം.

സ്വന്തം അവസ്ഥയും അവകാശവും തിരിച്ചറിഞ്ഞ - ആത്മബോധം നേടിയ അടിസ്ഥാന ജനതക്ക്,‌ സഹനമല്ല  സമരമാണ് ജീവിതവഴി . രാജ്യത്തെ പ്രാന്തവല്‍ക്കരിക്കപ്പെട്ട മഹാഭൂരിപക്ഷം ജനതയ്ക്ക് പ്രശ്നഭരിതം ആണ് നമ്മുടെ നാട്. അവനു ജീവിതം സമരമാണ്. അവന്‍ ജീവിക്കുവാന്‍ വേണ്ടി എന്നും സമരഭൂമിയില്‍ കടന്നു വരേണ്ടി വരുന്നു. അവനു മാറ്റത്തിന് വേണ്ടിയുള്ള മുദ്രാവാക്യവും പ്രക്ഷോഭവും ആണ് രാഷ്ട്രീയം. അവനു അന്തസ്സും അവകാശവും ഉള്ള ജീവിതം വേണം.  ചൂഷണം ഭീകരമായി നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ പണംഇല്ലാത്തവന്‍ ആയി പോയത്കൊണ്ട്, ആരോഗ്യ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് അവനു അംഗീകരിക്കുവാന്‍ സാധ്യമല്ല.

വിശക്കുന്നവന് ഭക്ഷണവും  ഭൂമിയില്ലാത്തവന് ഭൂമിയും, വസ്ത്രമില്ലത്തവന് വസ്ത്രവും, വീടില്ലത്തവന് വീടും നല്‍കുന്ന രാഷ്ട്രീയം ആണ്  നമ്മുടെ  രാജ്യത്തിന്റെ ജനതയുടെ ശ്രേയസ്സിനും ക്ഷേമത്തിനും ആവശ്യം.  ഉള്ളവന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയല്ല , ഇല്ലാത്തവന്റെ ക്ഷേമം ഉറപ്പുവരുത്തുക എന്നതായിരിക്കണം ജനാധിപത്യത്തില്‍ ഭരണകൂടത്തിന്റെ കടമ.
................................

ജനകീയ ജനാധിപത്യവും അധികാര വികേന്ദ്രീകരണവും .

ജനാധിപത്യം ജനകീയം ആവണമെങ്കില്‍ അത് എല്ലാ ജനവിഭാഗത്തിന്റെയും ന്യായമായ തലപര്യങ്ങളെ പ്രതിനിധാനം ചെയ്യണം. വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ അത് പ്രായോഗികം അല്ല. അപ്പോള്‍ സാധ്യാമാവുന്ന കാര്യം സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുക എന്നതാണ്. അതിനും ഭരണകൂടം സന്നദ്ധമല്ല എന്ന് വരുമ്പോള്‍ , അത് ജനാധിപത്യത്തോട് നീതി പുലര്‍ത്തുന്ന ജനപക്ഷ ഭരണം ആവില്ല. രാജ്യത്തിന്റെ സമ്പത്തിന്റെ എണ്പതു ശതമാനവും ഒരു പിടി ന്യൂനപക്ഷം വരുന്ന കുത്തകകളിലും സമ്പന്ന ജനവിഭാഗങ്ങളിലും കേന്ദ്രീകരിക്കുകയും, സമ്പത്ത്‌ അധികാരത്തിന്റെ പര്യായമായി തുടരുകയുയം ചെയ്യുന്ന വ്യവസ്ഥിതിയില്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല.

അധികാരത്തിന്റെ വികേന്ദ്രീകരണത്തിലൂടെയല്ലാതെ സമൂഹത്തിലെ ദുര്‍ബലമായ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ശാക്തീകരണം സാധ്യമല്ല. അനര്‍ഹമായ അവകാശങ്ങള്‍ സ്വന്തമാക്കി വെച്ചവരോട് കണക്ക് തീര്‍ത്തല്ലാതെ , മഹാഭൂരിപക്ഷത്തിന്റെ അവകാശ നിഷേധത്തിനു അറുതി കുറിക്കുവാന്‍ സാധ്യമല്ല. അധികാര വികേന്ദ്രീകരണം യാഥാര്‍ത്ഥ്യം ആവണമെങ്കില്‍ , സമ്പത്തിന്റെ ശേഖരണത്തിലും വിതരണത്തിലും വികേന്ദ്രീകരണം നടപ്പിലാക്കുവാന്‍ ഉതകുന്ന നിയമങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഭരണഘടനാ പരിഷ്കരണം നടക്കണം. ജനകീയ ജനാധിപത്യം എന്ന മുദ്രാവാക്യത്തിലൂടെ ആ വഹിക്കുള്ള ബദല്‍ ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ ലക്‌ഷ്യം വെക്കുന്നത്.
....................................
അധീശവര്‍ഗ്ഗം എന്ന വാക്ക് പോലും മാനവികമൂല്യങ്ങള്‍ക്ക് അന്യമായതാണ്. അധീശവര്‍ഗ്ഗ ആധിപത്യം പുലരുന്ന വ്യവസ്ഥിതിയില്‍ മനുഷ്യാവകാശം ഏട്ടിലെ പശുവാണ്‌. ഏട്ടിലെ പശു പുല്ലു തിന്നാറില്ല!

അധീശവര്‍ഗ്ഗം ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗ വ്യവസ്ഥിതിയില്‍ അവകാശങ്ങളും അന്തസ്സും നിഷേധിക്കപ്പെടുന്ന വര്‍ഗ്ഗത്തിന്റെ വിമോചനത്തിനു വേണ്ടി പൊരുതുന്ന ദര്‍ശനം ആണ് കമ്മ്യൂണിസം. അതിലൂടെ വര്‍ഗ്ഗരഹിതസമൂഹം കെട്ടി പടുക്കുക എന്നതാണ് കമ്മ്യൂണിസം ലക്‌ഷ്യംവെക്കുന്നത്.

ഭീകരമായ അന്തരങ്ങള്‍ നിലനില്‍ക്കുന്ന ലോകത്ത് എല്ലാ വര്‍ഗ്ഗത്തിന്റെയും താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രായോഗിക ദര്‍ശനം എന്ന വാക്ക് ഒരു തരാം ബൂര്‍ഷാ അസംബന്ധമാണ്.

സന്ധികളും സ്ഥലകാല ഭിന്നതകളും അംഗീകരിക്കാത്ത ദര്‍ശനങ്ങള്‍ക്ക് പ്രയോഗക്ഷമത അന്യം.

ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ എല്ലാ വിധ ഭൌതിക സൌകര്യങ്ങളും എളുപ്പം സാധിച്ചെടുക്കാവുന്ന സാമ്പത്തിക അടിത്തറയില്‍ ‍ അല്ല നമ്മളില്‍ കൂടുതല്‍ പേരും ജനിച്ചു വളരുന്നത്. പൊരുതി നേടേണ്ട ഒന്നാണ് 'വായില്‍ വെള്ളികരണ്ടിയുമായി' ജനിക്കാത്ത നമ്മെ സംബന്ധിച്ചിടത്തോളം ജീവിതം. മൂല്യനിരാസം ജീവിതരീതി ആയിട്ടുള്ള നമ്മുടെ ലോകത്ത് മാനുഷിക മൂല്യങ്ങളും ധാര്‍മിക മൂല്യങ്ങളും മുറുകെ പിടിച്ചു ഭൌതിക ജീവിതത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടിയെടുക്കുക എന്നത് വളരെ ദുഷ്കരം ആണ്.

ഓരോ മനുഷ്യന്റെയും ബോധ തലത്തില്‍ ‍ മൂല്യങ്ങളും താല്പര്യങ്ങളും തമ്മില്‍ ഒരു യുദ്ധം നടക്കുന്നുണ്ട്. ചിലപ്പോള്‍ മൂല്യങ്ങളെ അടിയറവെച്ചു, അല്ലെങ്കില്‍ സന്ധി ചെയ്തു ഭൌതിക താല്പര്യങ്ങള്‍ സ്വന്തം ആക്കുന്നു. നമ്മുടെ സമൂഹം അവരെ ജീവിക്കാന്‍ അറിയുന്ന സാമര്‍ത്ത്യക്കാരന്‍ എന്ന് വിളിക്കുന്നു! ചിലര്‍ തന്‍റെ ബോധം അംഗീകരിക്കുന്ന ധാര്‍മിക ചിന്തകളോട് പരമാവധി നീതി പുലര്‍ത്തി, ആഗ്രഹങ്ങളും ആവശ്യങ്ങളും ചുരുക്കി ജീവിതം ജീവിച്ചു തീര്‍ക്കുന്നു. നേട്ടങ്ങള്‍ എങ്ങിനെയും വെട്ടിപിടിക്കുക എന്നത് ജീവിത ശീലമാക്കിയ സമൂഹം, ഇവരെ മണ്ടന്മാര്‍ എന്ന് വിളിക്കുന്നു!!

ഇത് അഴിമതി ജീവിതസംസ്കാരമായി തീര്‍ന്ന, കള്ളപ്പണക്കാര്‍ മാന്യന്മാരായി വിലസുന്ന നമ്മുടെ ചൂഷണഅധിഷ്ടിത വ്യവസ്ഥിതിയുടെ നേരായ ചിത്രം.
.......................................
ഒട്ടും സന്ധിചെയ്യാതെ ആര്‍ക്കും ജീവിതം സാധ്യമല്ല. നാം പൊരുതുന്നത് ജീവിക്കുവാന്‍ വേണ്ടി ആയതുകൊണ്ട്തന്നെ സന്ധി ഒരു തെറ്റുമല്ല. നന്മ മുറുകെപിടിച്ചു എല്ലാ ഭൌതിക സൌകര്യങ്ങളും അനുഭവിച്ചു എല്ലാജനതക്കും ജീവിക്കുവാന്‍ സാധിക്കണംഎങ്കില്‍ നമ്മുടെ കെട്ടവ്യവസ്ഥിതി മാറണം.

മനുഷ്യാവകാശങ്ങള്‍ ആദരിക്കപ്പെടുന്ന - മൂല്യങ്ങള്‍ സന്ധി ചെയ്യാതെ എല്ലാമനുഷ്യര്‍ക്കും അന്തസ്സോടെ ജീവിക്കാവുന്ന ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയാണ് നമ്മുടെ ആഗ്രഹവും പ്രതീക്ഷയും. അതിനു വേണ്ടിയാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും മറ്റു മനുഷ്യ വിമോചന പ്രസ്ഥാനങ്ങളും പൊരുതുന്നത്. കെട്ടവ്യവസ്ഥിതിയെ തകര്‍ത്ത് പുതിയൊരു ലോകം കെട്ടിപടുക്കാതെ ധാര്‍മികജീവിതം ആര്‍ക്കും സാധ്യമല്ല.

അധാര്‍മികത പുലരുന്ന സമൂഹത്തില്‍ പ്രതികരണവും പ്രതിഷേധവും പ്രക്ഷോഭവും കൂടാതെ നിസ്സംഗത പാലിക്കുവാന്‍ ധാര്‍മിക-മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ആര്‍ക്കും സാധ്യമല്ല. അടിമമാനസങ്ങളും, അന്ധവിശ്വാസികളും, അറിവിന്‍റെ വെളിച്ചത്തിന് നേരെ വാതില്‍കൊട്ടിഅടച്ചവരും തിങ്ങിനിറഞ്ഞു ജീവിക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരവസ്ഥയിലാണ് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ നില. അതുകൊണ്ട് തന്നെ സന്ധിയില്ലാസമരം എന്നത് അപ്രായോഗികം ആണ്. വ്യക്തിജീവിതത്തിന്‍റെ തലത്തില്‍ സ്വീകരിക്കുന്ന സന്ധിപോലെ, വിമോചന പോരാട്ടത്തിന്‍റെ പ്രയോഗത്തിലും സന്ധികള്‍ അനിവാര്യം ആണ്. സന്ധികളും സ്ഥലകാല ഭിന്നതകളും യാഥാര്‍ത്ഥ്യം ആണെന്ന് അംഗീകരിക്കാത്ത ദര്‍ശനങ്ങള്‍ക്ക് പ്രയോഗക്ഷമത അന്യമായിരിക്കും.

പ്രയോഗത്തിന്‍റെ ദര്‍ശനമായ കമ്മ്യൂണിസം സന്ധികളും സ്ഥലകാല ഭിന്നതകളും അംഗീകരിക്കുന്ന മഹത്തായ വിമോചന ശാസ്ത്രം ആണ്.
.................................


അന്തരങ്ങളുടെ വലിയ ലോകത്താണ് നാം ജീവിക്കുന്നത് .

അന്തരങ്ങളുടെ  വലിയ ലോകത്താണ് നാം ജീവിക്കുന്നത്. സാമൂഹികവും സാമ്പത്തികവും ആയ അന്തരങ്ങള്‍ . അറിവിന്റെയും കഴിവിന്റെയും അന്തരങ്ങള്‍ . അവകാശങ്ങളുടെ അന്തരങ്ങള്‍ . ജീവിതാവസ്ഥകളുടെ അന്തരങ്ങള്‍ . സ്വപ്നങ്ങളുടെ മോഹങ്ങളുടെ അന്തരങ്ങള്‍ . അധീശ വര്‍ഗ്ഗങ്ങളും അടിമമാനസങ്ങളും അഴിമതിക്കാരും കള്ളപ്പണക്കാരും എല്ലാം നമ്മുടെ സമൂഹയാഥാര്‍ത്യങ്ങള്‍ . നീതിനിഷേധവും അവകാശനിഷേധവും തട്ടിപ്പും വെട്ടിപ്പും എല്ലാം പച്ചയായ സമൂഹയാഥാര്‍ത്യങ്ങള്‍ മാത്രം. താല്പര്യവാരുദ്ധ്യങ്ങളുടെ വിവിധശ്രേണിയില്‍ നിലകൊള്ളുന്നതാണ് നമ്മുടെ സമൂഹം എന്നത് ആര്‍ക്കും നിഷേധിക്കുവാനാവാത്ത വസ്തുതയാണ്. വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെതാന് നമ്മുടെ സമൂഹം.

ആത്മബോധം നേടിയ ജനത, മാനവികമൂല്യങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞ ജനത ഈ സത്യം ഉറക്കെ വിളിച്ചു പറയുന്നു. 'രാജാവ് നഗ്നന്‍' ആണെന്ന് പറയുന്നു.

ഒരു നാടിന്റെ വികസനം എന്നത് കേവലം സാമ്പത്തിക വളര്‍ച്ചയില്‍ ഗണിച്ചെടുക്കേണ്ട ഒന്നല്ല. ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുകളില്‍ പറഞ്ഞ അന്തരങ്ങള്‍ കുറച്ചുകൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയുള്ള സാമ്പത്തിക പരിഷ്കരണവും വികസന നയവും ആണ് നമുക്ക്‌ വേണ്ടത്‌.

ഇന്ന് നിലനില്‍ക്കുന്ന കറുത്ത സത്യങ്ങള്‍ തുറന്നു പറയാതെ , തങ്ങളുടെ പക്ഷം ഏതെന്നു തുറന്നു പറയാതെ , വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ അത്തരം  വികസന നയം നടപ്പിലാക്കുവാന്‍ ഒരു ഭരണാധികാരിക്കും സാധ്യമല്ല. എല്ലാവിഭാഗത്തെയും ഒരു പോലെ സുഖിപ്പിച്ചു ഭരിച്ചുകളയാം എന്ന വ്യാമോഹം തികഞ്ഞ ശുംബത്തരം ആണ്.
.......................................................................