Thursday, June 30, 2011

അടിമമാനസങ്ങളുടെ സാമാന്യബോധവും തിരിച്ചറിവുള്ള ജനതയുടെ വിപ്ലവബോധവും.

വെട്ടിപിടിച്ച സ്വകാര്യസ്വത്തിന്റെ  ബലത്തില്‍ , അധികാരത്തിന്റെ മത്തു പിടിച്ച അധീശവര്‍ഗ്ഗം  സ്വന്തം സഹജീവിയെ കന്നുകാലികളെപോലെ അടിമകളാക്കി, ഹൃദയശൂന്യമായ നികൃഷ്ടതയോടെ സുഖിച്ചു മദിച്ചു ജീവിച്ചിരുന്ന കാലത്തും, 'ധര്‍മ നീതി സംഗ്രഹം' എന്നവകാശപ്പെടുന്ന മതങ്ങള്‍ വാതം പിടിച്ച കുറുംന്തോട്ടി പോലെ ചരിത്ര സാക്ഷികളായി നില്‍പ്പുണ്ടായിരുന്നു ! .......
നാം മനുഷ്യര്‍ ഒരു സാമൂഹിക ജീവിയാണ്. സമൂഹമാണ് നമ്മുടെ ജീവിതത്തിന്‍റെ അടിത്തറ. നിലനില്‍ക്കുന്ന ഏതൊരു സാമൂഹ്യ വ്യവസ്ഥിതിയുടെയും നിലനില്‍പ്പ്‌ ഉറപ്പുവരുത്തുന്ന മുഖ്യഘടകം സമൂഹത്തിന്‍റെ പൊതുബോധം ആണ്. ഏതൊരു കെട്ടവ്യവസ്ഥിതിയും ചരിത്രത്തിന്‍റെ ഏടുകളിലേക്ക് മടക്കയാത്ര നടത്തണമെങ്കില്‍ ‍, ആ വ്യവസ്ഥിതിക്ക്‌ എതിരെ ഉറച്ചപ്രതികരണം ഉയര്‍ന്നു വരത്തക്കവിധം സമൂഹത്തിന്‍റെ പൊതുബോധം പ്രഫുല്ലമാവണം.
എങ്ങിനെയാണ് ഒരു സമൂഹത്തിന്‍റെ പൊതുബോധം രൂപപ്പെടുന്നത്?  സാധാരണഗതിയില്‍ സമൂഹത്തില്‍ ആധിപത്യംപുലര്‍ത്തുന്ന - സമ്പത്തും അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന വര്‍ഗ്ഗത്തിന്‍റെ ആശയങ്ങള്‍ ആണ് ഒരു സമൂഹത്തിന്‍റെ സാമാന്യബോധം ആയിതീരുന്നത്. അനര്‍ഹമായ അവകാശങ്ങളും അധികാരങ്ങളും വെട്ടി പിടിക്കുന്ന,  ഹീനമായ സ്വന്തം താല്പര്യങ്ങളെ സാധൂകരിക്കുന്ന ആശയങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നവര്‍ഗ്ഗം പൊതുസമൂഹത്തിന്റെ ആശയമായി അവതരിപ്പിക്കുന്നത്. 
അന്ധമായ അനുകരണത്തിന് പകരം, സ്വതന്ത്രമായ അന്വേഷണത്വരയോടെ ആശയലോകത്ത് നാം സഞ്ചരിക്കണം. ആധിപത്യംപുലര്‍ത്തുന്നവര്‍ഗ്ഗം കൈയൊപ്പ്‌ ചാര്‍ത്തിയ സാമാന്യബോധത്തിന്‍റെ പൊള്ളത്തരം തിരിച്ചറിയുന്ന തലത്തിലേക്ക്‌ മനുഷ്യന്‍ ഉണരുന്നത്, സ്വതന്ത്രമായി സ്വീകരിക്കുന്ന ആശയങ്ങളിലൂടെയാണ്. മാനവസമൂഹത്തിന്‍റെ ആധുനിക ചരിത്രത്തില്‍ എക്കാലത്തും സാമൂഹിക ജീര്‍ണ്ണതക്ക് എതിരായ സമരങ്ങളുടെ നായകത്ത്വം വഹിച്ചിട്ടുള്ളത് ഈ ദിശയില്‍ ധീരമായി സഞ്ചരിച്ചിട്ടുള്ള ഉല്‍പ്പതിഷ്ണുക്കള്‍ ആണ് .
മനുഷ്യന്‍റെ ബോധവും ചിന്തയും സ്വതന്ത്രമായി വളരുന്നതിനു, സ്വതന്ത്രമായ വായനയും നിരീക്ഷണവും സുപ്രധാന പങ്കുവഹിക്കുന്നു. മനുഷ്യന്‍റെ പൊതുബോധം, വ്യവസ്ഥാപിത മതങ്ങളുടെ വിലക്കുകളുടെ കരിങ്കല്‍ ഭിത്തികളാല്‍ തളച്ചിടപ്പെട്ടിരുന്ന കാലത്തിനു ആന്ത്യം കുറിക്കപ്പെട്ടത് ആധുനിക ജാനാധിപത്യ വിപ്ലവങ്ങളിലൂടെയായിരുന്നു. പുതിയ കാലത്ത് എന്ത് എഴുതണമെന്നും എന്ത് വായിക്കണമെന്നും സ്വതന്ത്രമായി തീരുമാനിക്കുവാനുള്ള അവകാശം പൊതുസമൂഹത്തിനു കൈവന്നു.
അവകാശത്തിലും അന്തസ്സിലും എല്ലാ മനുഷ്യരും തുല്യരാണ് എന്ന മഹത്തായ മനുഷ്യാവകാശബോധം ആധുനിക ജനാധിപത്യ വിപ്ലവത്തിന്‍റെ സംഭാവനയാണ്. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെയും മാനവ വിമോചനത്തിന്‍റെയും മഹത്തായ ദര്‍ശനം ആയ മാര്‍ക്സിസം മനുഷ്യന്‍റെ സ്വതന്ത്രബോധത്തെ വിപ്ലവകരമായി സ്വാധീനിച്ചു. ആധിപത്യവര്‍ഗ്ഗത്തിന്‍റെ നുകത്തില്‍ കന്നുകാലികളെ പോലെ ജീവിച്ചുവന്ന ഇരകളെ അവകാശബോധത്തിന്‍റെ സമരനിരയില്‍ അണിനിരത്തി മാര്‍ക്സിസം.
സമ്പത്തിന്‍റെയും അറിവിന്‍റെയും പ്രഭവകേന്ദ്രം അദ്ധ്വാനം ആണെന്ന ശാസ്ത്രീയ സത്യം മാര്‍ക്സിസം വെളിപ്പെടുത്തിയപ്പോള്‍ ലോകമെങ്ങും പ്രതിലോമ പിന്തിരിപ്പന്‍ ശക്തികള്‍ ഞെട്ടി. മനുഷ്യന്‍റെ ഭൌതികമായ അവസ്ഥകളുടെ സൃഷ്ടി സ്ഥിതി സംഹാരകന്‍ മനുഷ്യന്‍ തന്നെയാണെന്നും മറ്റൊരു സാങ്കല്‍പ്പിക അഭൌതിക ശക്തിക്കും അതില്‍ പങ്കില്ലെന്നും മാക്സിയന്‍ ദര്‍ശനം മനുഷ്യ സമൂഹത്തെ ഓര്‍മ്മപ്പെടുത്തി. സ്ഥല കാല ഭേദങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ സമസ്യകളെ പുതിയ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന പ്രയോഗത്തിന്റെ ദര്‍ശനം ആയ മാര്‍ക്സിസം എന്നെന്നും അജയ്യമായിരിക്കും. വിമോചനത്തിന് വേണ്ടി പൊരുതുന്ന ജനതയുടെ ആശയപരമായ ആയുധം ആണ്  മാര്‍ക്സിസം .


No comments:

Post a Comment