Friday, June 10, 2011

യഥാരാജാ തഥാപ്രജാ എന്നതുപോലെ, യഥാജഡ്ജി തഥാവിധി!

യഥാരാജാ തഥാപ്രജാ എന്നൊരു ചൊല്ലുണ്ടല്ലോ. രാജാധിപത്യത്തില്‍ രാജാവ് പ്രജാസ്നേഹി ആണെങ്കില്‍ പ്രജകള്‍ക്കു നല്ലത്. അല്ലെങ്കില്‍ പ്രജകള്‍ക്കു ജീവിതം ദുരിതസാഗരം. രാജാവിന്റെ ധര്‍മനീതി ചിന്തകളെ ആശ്രയിച്ചിരിക്കുന്നു ജനങ്ങളുടെ ജീവിതവിധി.
ഇന്ന് പേരിനു നാം ജീവിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയില്‍ . നമുക്ക്‌ മഹത്തായ ഉദാത്തമായ ഒരു ഭരണഘടനയുണ്ട്. അതില്‍ ...പൌരന് നീതിയും അന്തസ്സും അവകാശവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള ഒരു പാട് മൌലിക അവകാശ രേഖകള്‍ ഉണ്ട്. ചട്ടങ്ങള്‍ ഉണ്ട്. പക്ഷെ ഫലത്തില്‍ രാജ്യത്തെ മഹാഭൂരിപക്ഷം ജനതയെ സംബദ്ധിച്ചിടത്തോളം അവരുടെ അനുഭവത്തില്‍ നമ്മുടെ ഭരണഘടന ഒരു തരം ഏട്ടിലെ പശുവാണ്.

ഭരണഘടനയെ അധാരമാക്കിയാണല്ലോ നമ്മുടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ നീതിയുടെ അവസാന വാക്ക്‌ പറയുവാന്‍ അവകാശവും അധികാരവും ഉള്ള വിധി കര്‍ത്താക്കള്‍ ഉണ്ട്. അവരില്‍ ചിലരുടെ ഭാവം ഞങ്ങള്‍ തെറ്റ് കുറ്റങ്ങള്‍ക്ക് അതീതരായ "വൈകുണ്ടത്തു" നിന്നും വരുന്ന ധര്മ്മപുത്രന്മാര്‍ ആണെന്നാണ്‌. അഴിമതിയും കള്ളപ്പണവും സര്‍വ്വത്ര വിരാജിക്കുന്ന, കീഴാളനും മേലാളനും ഉള്ള, വരേണ്യ വര്‍ഗ്ഗ വിധേയത്ത്വവും ജാതി വിവേചനവും മതവര്‍ഗീയ ചിന്തയും എല്ലാം അടക്കി വാഴുന്ന ഈ ഭാരതഭൂമിയുടെ സന്തതികള്‍ തന്നെയാണ് നമ്മുടെ നീതിപാലകരും.

നീതിതേടി കോടതി കയറുവാനുള്ള പഠിപ്പും സാമ്പത്തിക ശേഷിയും ഇല്ലാത്ത , അന്തസ്സും അവകാശവും നീതിയും നിഷേധിക്കപ്പെട്ടു മേലാള വര്‍ഗ്ഗം ചവിട്ടി മെതിക്കുന്ന ജനകോടികളുടെ ആശ്രയ കേന്ദ്രമായി കോടതികള്‍ മാറുന്നില്ല പലപ്പോയും. ജനപക്ഷ വിധികളെക്കാളും ജനവിരുദ്ധ വിധികള്‍ ആണ് കൂടുതലും കോടതികളില്‍ നിന്ന് ഉണ്ടാവുന്നത്. സമ്പന്നകുറ്റവാളികള്‍ പണത്തിന്റെ ബലത്തില്‍ ജയിലറകാണാതെ വിലസുമ്പോള്‍ , മേലാളര്‍ കെട്ടിച്ചമച്ച കേസുകളില്‍ കുടുങ്ങിയ പാവങ്ങള്‍ കേസ് നടത്തുവാന്‍ നല്ല വക്കീലിനെ തേടുവാനുള്ള പണംഇല്ല എന്നത് കൊണ്ട് ജയിലറകള്‍ക്കിടയില്‍ ജീവിതം തീര്‍ക്കുന്നു.

യഥാരാജാ തഥാപ്രജാ എന്നതുപോലെ, യഥാജഡ്ജി തഥാവിധി എന്നതാണ് ഇന്നത്തെ അവസ്ഥ. ജഡ്ജിമാരുടെ നീതിബോധം സാമൂഹിക രാഷ്ട്രീയ വീക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു കോടതികളുടെ വിധികള്‍ എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വര്‍ഗ്ഗസമൂഹത്തിന്റെ അനുബന്ധം മാത്രമായ കോടതിയുടെ വിധികള്‍ ഒരു പോലെ സ്വാഗതം ചെയ്യുവാന്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പറ്റില്ല. ജനപക്ഷ നിലപാട് സ്വീകരിക്കുന്ന നല്ല വിധികള്‍ കോടതികളില്‍ നിന്ന് വരുമ്പോള്‍ നീതിബോധമുള്ള ജനങ്ങള്‍ തീര്‍ച്ചയായും സന്തോഷപൂര്‍വ്വം ആ വിധികളെ സ്വാഗതം ചെയ്യും.

No comments:

Post a Comment