Wednesday, June 8, 2011

വേട്ടക്കാരന്റെ പാപവും , മാറ്റത്തിന്റെ ശുഭാപ്തി വിശ്വാസവും.

നിലനില്‍ക്കുന്ന വ്യവസ്ഥിതിയാണ് തന്നെ പീഡിപ്പിക്കുന്നതെന്നും തന്റെ അവകാശങ്ങളും അന്തസ്സും ഹനിക്കുന്നത് എന്നും തിരിച്ചറിയുന്ന വ്യക്തിയും സമൂഹവും ആണ് , ഈ വ്യവസ്ഥിതി മാറണം എന്നാഗ്രഹിക്കുന്നത്. സമാധാനവും സുരക്ഷിതത്ത്വവും ഭദ്രതയും ഇല്ലാത്ത ജീവിതാവസ്ഥക്ക് കാരണം ചൂഷണാധിഷ്ഠിതം ആയ ഇന്നത്തെ വ്യവസ്തിയാണ് എന്ന് തിരിച്ചരിയുന്നവരും ഈ വ്യവസ്ഥിതി മാറണം എന്നാഗ്രഹിക്കും. ആത്മബോധം ഉള്ള നല്ലവരായ മനുഷ്യ സമൂഹത്തിന്റെ എക്കാലത്തെയും പൊതുവായ ആഗ്രഹവും സ്വപ്നവും ആണ് അന്തസ്സും അവകാശവും ക്ഷേമവും സമാധാനവും സുരക്ഷിതത്ത്വവും ഉള്ള സാമൂഹ്യ ജീവിതം.

ഇവിടെ ഒന്നും ശരിയാവില്ല. എല്ലാം എക്കാലവും ഇതുപോലെ തന്നെ . കള്ളപ്പണവും അഴിമതിയും എല്ലാം ഒരിക്കലും ഇല്ലാതാക്കാന്‍ പറ്റില്ല. ഇങ്ങിനെ ആശുഭാപ്തിയുടെ നീണ്ട നിരകള്‍ അവതരിപ്പിച്ചു എല്ലാ സമരങ്ങളുടെയും വെളിച്ചം ഊതി കെടുത്തുവാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തില്‍ കാണാം. പ്രതിലോമ ചിന്തകള്‍ക്ക് - ആശയങ്ങള്‍ക്ക് നല്ല വിളഭൂമിയാണ് ഇവരുടെ ബോധതലം.

മനുഷ്യന്‍ ആണ് ചരിത്രം നിര്‍മ്മിക്കുന്നത് എന്നും , ഇന്നത്തെ ഭൌതിക അവസ്ഥ മനുഷ്യ സൃഷ്ടിയാണെന്നും അറിയുന്നവര്‍ക്ക്, പോരാട്ടങ്ങളുടെ ഗുണഫലത്തെ കുറിച്ചുള്ള, പുത്തന്‍വ്യവസ്ഥിതിയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം തീര്‍ച്ചയായും ഉണ്ടാവും. ഉണ്ടാവണം.

ശുഭാപ്തി വിശ്വാസികള്‍ക്ക് മാത്രമേ ഇന്നത്തെ കെട്ടവ്യവസ്ഥിതിക്കെതിരായ പോരാട്ട ഭൂമികയില്‍ ഉറച്ച ചുവടുകളോടെ നിലകൊള്ളുവാന്‍ സാധിക്കുകയുള്ളൂ .
......................................
സമൂഹത്തില്‍ രണ്ടുതരം ' പാപികള്‍ ' ഉണ്ട്. പാപം ചെയ്യാതെ ജീവിക്കാന്‍ അനുവദിക്കാത്ത ഭൌതിക സാഹചര്യത്തിന്റെ ഇരകള്‍ ആണ് ഒരു വിഭാഗം. ശാസ്ത്രീയ വീക്ഷണത്തില്‍ അവര്‍ കുറ്റവാളികള്‍ ആല്ല. അവരെ കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആക്കുന്ന ഭൌതിക സാഹചര്യമാണ് അല്ലെങ്കില്‍ വ്യവസ്ഥിതിയാണ് അവിടെ പ്രതികള്‍ .

അന്തസ്സുള്ള ജീവിതം നയിക്കുവാന്‍ വേണ്ട എല്ലാ ഭൌതിക സാഹചര്യങ്ങളും ഉണ്ടായിട്ടും കൂടുതല്‍ വെട്ടിപ്പിടിക്കുവാനുള്ള ആര്‍ത്തിയില്‍ സ്വന്തം സഹജീവികളെയും രാജ്യത്തെയും പ്രകൃതിയെയും കൊള്ളയടിക്കുന്ന പാപികള്‍ ആണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ക്കെതിരെയാണ് ജനകീയ പോരാട്ടങ്ങള്‍ വളര്‍ന്നു വരേണ്ടത്.

ഇവിടെ പാപത്തിന്‍റെ സാമാന്യവല്‍ക്കരണം ശുദ്ധ അസംബദ്ധം ആണ്. "നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ" എന്ന വചനം, നാം ജീവിക്കുന്ന കാലത്തെയും ലോകത്തെയും ഭൌതിക യാഥാര്‍ത്യങ്ങള്‍ നല്ല പോലെ അറിയുന്ന ഒരാള്‍ക്ക്‌ ആദര്‍ശത്തിന്റെ വാക്കായി എഴുന്നെള്ളിക്കുവാന്‍ പറ്റില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ കെട്ട വ്യവസ്ഥിതിയോടും അതിന്റെ മൂല്യങ്ങളോടും ഒട്ടും സന്ധി ചെയ്യാതെ ജീവിക്കുന്നവരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ .

ഇരകളുടെ പാപം അല്ല വിഷയം, വേട്ടക്കാരന്റെ പാപം തന്നെയാണ്. കാരണം അതാണ്‌ സമൂഹത്തിന്റെ കാന്‍സര്‍ .


No comments:

Post a Comment