Saturday, June 18, 2011

ആശയ സമരവും ബഹുജനഅടിത്തറയും ശാസ്ത്രീയ സോഷ്യലിസവും.


കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് വിപ്ലവ നയമില്ലെന്നും അതൊരു വിപ്ലവപാര്‍ട്ടി അല്ലെന്നും മുതലാളിത്തപാതയിലൂടെയാണ് ആ പ്രസ്ഥാനം മുന്നോട്ടു പോകുന്നത് എന്നും വിലപിച്ചു  വിപ്ലവരോഷം പ്രകടിപ്പിക്കുന്ന, അതിവിപ്ലവകാരി ചമഞ്ഞു നടക്കുന്ന ചിലരുടെ പ്രതികരണ കുറിപ്പുകള്‍ ഇടയ്ക്കിടെ വായിക്കാറുണ്ട്. സാമൂഹിക വിപ്ലവത്തിന്റെ അപ്രായോഗികവും അയഥാര്‍ഥവും അമൂര്‍ത്തവുമായ സങ്കല്പങ്ങള്‍ കൊണ്ട് നടക്കുന്നവരാണ് ഈ കൂട്ടര്‍ എന്നാണു എന്റെ പക്ഷം.

ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ്‌ ചിന്തകളും , ശാസ്ത്രീയ സോഷ്യലിസവും തമ്മില്‍ അജഗജാന്തരമുണ്ട്. സാമൂഹിക വിപ്ലവത്തിന്റെ മഹത്തായ ദര്‍ശനം ആയ,  മാര്‍ക്സിയന്‍ ദര്‍ശനം തികച്ചും യാന്ത്രികമായി നടപ്പിലാക്കേണ്ട, ചരിത്രപരവും ഭൌതികവും ആയ ഓരോ ദേശത്തിന്റെയും കാലത്തിന്റെയും മാറ്റങ്ങള്‍ ഒന്നും ഉള്‍കൊള്ളാന്‍ വിസ്സമ്മതിക്കുന്ന അഴകൊഴമ്പന്‍ ഇരുമ്പ് ഒലക്ക വേദാന്തം അല്ല!

എല്ലാ ദേശത്തിന്റെയും കാലത്തിന്റെയും സാമൂഹ്യ വ്യവസ്ഥിതിയെ ഒറ്റയടിക്ക്‌ ഒരുപോലെ മാറ്റുന്ന മാന്ത്രികദര്‍ശനം ഒന്നുമല്ല മാര്‍ക്സിസം. ഓരോ കാലത്തിന്റെയും ദേശത്തിന്റെയും സവിശേഷതകള്‍ക്ക് അനുസരിച്ച് വിപ്ലവപാതയും വിപ്ലവത്തിന്റെ ഗതിവേഗവും വ്യത്യസ്തം ആയിരിക്കും എന്നാണു മാര്‍ക്സിയന്‍ ദര്‍ശനം പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് മാര്‍ക്സിസത്തെ ശാസ്ത്രീയദര്‍ശനം എന്നും പ്രായോഗികദര്‍ശനം എന്നും നാം അഭിമാനപൂര്‍വ്വം പറയുന്നത്.

സ്വന്തംപക്ഷത്തിന്റെയും ശത്രുപക്ഷത്തിന്റെയും ശക്തി ദൌര്‍ബല്യങ്ങള്‍ നല്ലതുപോലെ മനസ്സിലാക്കി അടവ് നയങ്ങള്‍ ആവിഷ്കരിക്കുക എന്നതാണ് ഏറ്റവും ശരിയായ യുദ്ധതന്ത്രം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗസമരം, സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ മാറ്റത്തിന് വേണ്ടിയുള്ള ഒരു യുദ്ധം തന്നെയാണ്. വിപ്ലവം ഒരു ജനതയുടെ നിശ്ചയദാര്‍ഡ്യത്തില്‍ ആണ് സംഭവിക്കുന്നത്. മൂര്‍ത്തമായ സാഹചര്യത്തില്‍ അതിനു നേതൃത്ത്വം കൊടുക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ദൌത്യം.

ദേശത്തും ആഗോളതലത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ മാറ്റങ്ങളും സുസൂക്ഷ്മം വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ . ഒരു വസ്തുത വിനയപൂര്‍വ്വം നാം ഓര്‍ക്കണം. ലോകസമൂഹത്തില്‍ ശാസ്ത്രീയവും യുക്തിപരവും ആയ ചിന്തകളും ജീവിത വിശകലനങ്ങളും , അതിരുകള്‍ ഇല്ലാത്ത മാനവമൂല്യങ്ങളും ഉള്‍കൊള്ളുന്ന ജനവിഭാഗങ്ങള്‍ വളരെ ന്യൂനപക്ഷം ആണ് ഇന്നും. വേട്ടക്കാരന്‍ മാത്രമല്ല,  ഇരകളിലെ മഹാഭൂരിപക്ഷവും ഇന്നും  വേട്ടക്കാരന്റെ മേധാവിത്ത്വത്തെ സാധൂകരിക്കുന്ന  പ്രതിലോമ പിന്തിരിപ്പന്‍ ആശയങ്ങളുടെ, ചിന്തകളുടെ, വിശ്വാസങ്ങളുടെ തടവറയില്‍ ആണ്.

മാനവ മോചനത്തിന് വിഖാതം ആയി നിലകൊള്ളുന്ന കെട്ടവ്യവസ്ഥിതി എത്രയും വേഗം മാറണം എന്ന മോഹവും സങ്കല്‍പ്പവും നല്ലത് തന്നെ. പക്ഷെ ആ സങ്കല്പം യഥാര്‍ത്ഥ്യം ആക്കുവാന്‍ വേണ്ട മൂര്‍ത്തമായ ഭൌതിക സാഹചര്യം നിലവില്‍ ഉണ്ടോ എന്ന് നാം പരിശോധിക്കണം. സോഷ്യലിസ്റ്റ്‌ വിരുദ്ധ സാമൂഹിക വ്യവസ്ഥിതി നിലനില്‍ക്കുന്നതിന്  ഉതകുന്ന ആശയപരവും ഘടനാപരവും ആയ ഉപാധികള്‍ ഇന്നും  ലോകമെങ്ങും വളരെ ശക്തം ആണ്. വ്യവസ്ഥിതി മാറ്റത്തിനുള്ള പടയണി ഒരുക്കുവാന്‍, വിപ്ലവത്തിന്റെ ബഹുജനഅടിത്തറ കെട്ടിപടുക്കുവാന്‍  അവകാശസമരങ്ങളോടൊപ്പം രാഷ്ട്രീയസമരങ്ങളോടൊപ്പം വിപുലമായ ആശയസമരങ്ങളും നടക്കേണ്ടതുണ്ട്.

ദുരിതജീവിതം തള്ളിനീക്കുമ്പോള്‍ ,  അടിമമാനസങ്ങള്‍ ആയ വ്യവസ്ഥിതിയുടെ ഇരകള്‍ ചിന്തിക്കുന്നത് തന്റെ അവസ്ഥക്ക് കാരണം തലവിധിയാണെന്നും ദൈവനിശ്ചയം ആണെന്നും മുന്‍ജന്മപാപഫലം ആണെന്നും മറ്റുമാണ്. അതുകൊണ്ട് തന്നെ തികച്ചും ഭൌതികമായ തന്റെ യഥാര്‍ത്ഥ വര്‍ഗ്ഗശത്രുവിനെ തിരിച്ചറിയുവാന്‍ അവനു സാധിക്കുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതി പോലും അതിന്റെ അര്‍ത്ഥപൂര്‍ണ്ണതയിലേക്ക് വികസിക്കാത്തതിനു ഈ അവസ്ഥ മുഖ്യ കാരണം ആണ്.

കമ്മ്യൂണിസ്റ്റ്‌ ആശയത്തോടും , തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളോടും മുഖം തിരിച്ചു നില്‍ക്കുന്ന അടിമമാനസങ്ങളെ, ആത്മബോധത്തിന്റെ തിരിച്ചറിവിലേക്ക് നയിക്കുന്ന ആശയസമരങ്ങളും , അതിനെ തുടര്‍ന്നുള്ള ശക്തമായ ബഹുജനഅടിത്തറയും കെട്ടിപടുക്കാതെ ഏതാനും സാഹസികര്‍ നടത്തുന്ന സായുധവിപ്ലവം തികച്ചും അപ്രായോഗികവും, പൊതുസമൂഹത്തില്‍ വിപ്ലവപ്രസ്ഥാനങ്ങളെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതുമായ ഏര്‍പ്പാടാണ്.


No comments:

Post a Comment