Saturday, March 24, 2012

മാര്‍ക്സിസവും മതവും ക്രിസ്തുവും കത്തോലിക്കാസഭയും.

മാര്‍ക്സിസം ഒരു ആത്മീയ ദര്‍ശനമല്ല. ആധികാരികമായ അവസാന വാക്കുകള്‍ മാത്രം പറയുന്ന മാറ്റമില്ലാത്ത ദൈവിക ദര്‍ശനവുമല്ല. പുനര്‍ജന്മത്തെ കുറിച്ചും , മോക്ഷത്തെ കുറിച്ചും, പരലോകത്തെ കുറിച്ചും, അവിടെ കാത്തിരിക്കുന്ന മോഹന സുന്ദരമായ സ്വര്‍ഗ്ഗത്തെ കുറിച്ചും, ഭീകരമായ നരകത്തെ കുറിച്ചും പ്രലോഭനത്തിന്റെയും ഭീഷണിയുടെയും  സ്വരത്തില്‍ മാനവസമൂഹത്തോട് സംവദിക്കുന്ന മതവുമല്ല മാര്‍ക്സിസം. ഭൌതിക മാറ്റങ്ങള്‍ക്കൊത്ത് അനിവാര്യമായ മാറ്റങ്ങള്‍ സ്വീകരിക്കുവാന്‍ സദാ സന്നദ്ധമായ, അറിവിന്റെയും ശാസ്ത്രത്തിന്‍യും വെളിച്ചത്തില്‍ ഉള്ള മനുഷ്യന്റെ തികച്ചും ഭൌതികമായ ദര്‍ശനമാണ് മാര്‍ക്സിസം.

അവകാശവും അന്തസ്സും ഹനിക്കപെട്ടു അടിച്ചമര്‍ത്തപെട്ട മനുഷ്യന്റെ വിമോചനത്തിന്‍റെ ആശയപരവും പ്രായോഗികവും ആയ ആയുധമാണ് മാര്‍ക്സിസം. മതവും മാര്‍ക്സിസവും തമ്മില്‍ സാമൂഹിക സമസ്യകളുടെ വീക്ഷണ തലത്തിലും സമീപന തലത്തിലും ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും, നീതിക്കും മനുഷ്യന്‍റെ പുരോഗതിക്കും ഉതകുന്ന മതത്തിന്‍റെ ആചാര്യന്മാരില്‍ നിന്നുണ്ടായ ഏതൊരു ക്രിയാത്മക സമീപനത്തെയും അംഗീകരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് ഒരു പ്രയാസവുമില്ല. ഭിന്നമായ സ്ഥലകാലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ആധുനികതയില്‍ എത്തിനില്‍ക്കുന്ന മനുഷ്യന്‍റെ എല്ലാ അറിവുകളും ശാസ്ത്രവും ദര്‍ശനവും എല്ലാം അനുസ്യൂതമായ തുടര്‍ച്ചയും വളര്‍ച്ചയുമാണ്.

വര്‍ഗ്ഗ സമരത്തില്‍ നീതിയുടെ പക്ഷത്തു നിലകൊള്ളുക എന്നതും, ചൂഷിതന്‍റെയും പീഡിതന്‍റെയും വിമോചനപക്ഷത്തു നിലകൊള്ളുക എന്നതുമാണ് ശരിയായ മത ധര്‍മ്മം എന്ന് തിരിച്ചറിയുന്ന വിശ്വാസികള്‍ ലോകത്തെവിടെയും പ്രായോഗിക പോരാട്ടങ്ങളുടെ രംഗത്ത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നു എന്നതാണ് സത്യം. ചൂഷക വ്യവസ്ഥിതിയിലെ മാനവ സമൂഹത്തിന്റെ വര്‍ഗ്ഗപരമായ വൈരുദ്ധ്യങ്ങളെ അഭിസംബോധനം ചെയ്യുവാന്‍ വൈമനസ്യം കാട്ടുന്ന, വിശ്വാസത്തിന്‍റെ ലോകത്ത് ആധിപത്യം പുലര്‍ത്തുന്ന പ്രതിലോമ ശക്തികളും പിന്തിരിപ്പന്‍ ചിന്താഗതിക്കാരും,  മത വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ കടന്നു വരുന്നത് അസഹിഷ്ണതയോടെ കാണുന്നു എന്നതും ഒരു വസ്തുതയാണ്.

മാര്‍ക്സിയന്‍ ശാസ്ത്രീയ ഭൌതിക ദര്‍ശനത്തെ സ്വന്തം ജീവിത വീക്ഷണമായും പ്രപഞ്ച വീക്ഷണമായും സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് മതവും ദൈവവുമില്ല. പക്ഷെ പീഡിതരും ചൂഷിതരും നിന്ദിതരും ആയ ലോകമെങ്ങുമുള്ള മഹാഭൂരിപക്ഷം ജനതക്കും മതവുമുണ്ട്.ദൈവവുമുണ്ട്. ഭൌതികമായ ദുരിതജീവിതത്തില്‍ നിന്നും മോചനത്തിനുള്ള നീതിയുടെ പ്രായോഗിക വഴി തേടുന്ന അടിച്ചര്‍ത്തപെട്ട ജനകോടികള്‍ , നീതിക്ക് വേണ്ടി പൊരുതുന്ന ജനതയുടെ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തിരിച്ചറിയുമ്പോള്‍ , ജന്മം കൊണ്ട് ലഭിച്ച സ്വന്തം വിശ്വാസങ്ങള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി സഹകരിക്കുന്നു. അണിചേരുന്നു. സഖാക്കള്‍ ആയി തീരുന്നു. വിശ്വാസികള്‍ക്ക് കടന്നു വരാന്‍ പാടില്ലാത്ത ഇടമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്ന് അപ്രായോഗികമായ അബദ്ധധാരണ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒരിക്കലും വെച്ചുപുലര്‍ത്തുന്നില്ല.
.....................................
വലതുപക്ഷ രാഷ്ട്രീയ ദൌത്യം ഏറ്റെടുത്തിരിക്കുന്ന കേരളത്തിലെ കത്തോലിക്കാസഭ, ക്രിസ്തുമത വിശ്വാസത്തിന്‍റെ കേന്ദ്രമായ ലാറ്റിന്‍ അമേരിക്കയില്‍ അലയടിച്ചു കൊണ്ടിരിക്കുന്ന ഇടതു രാഷ്ട്രീയ മുന്നേറ്റവും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും സുസംഘടിതവും അതിസമ്പന്നവുമായ പ്രസ്ഥാനമാണ് കത്തോലിക്കാസഭ. വിശ്വാസികള്‍ക്ക്‌ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിലൂടെ ജീവിക്കുവാന്‍ വേണ്ട മാര്‍ഗ്ഗദീപം നല്‍കുക എന്നതാണ് സഭയുടെ പ്രഖ്യാപിതമായ നയം. പക്ഷെ ഫലത്തില്‍ കാണുന്നത് ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിന് തികച്ചും വിരുദ്ധമായ മുതലാളിത്ത വ്യവസ്ഥിതിക്ക്‌ കൈയൊപ്പ്‌ ചാര്‍ത്തുന്ന കത്തോലിക്കാസഭയെയാണ്.  മുതലാളിത്തത്തിന്‍റെ ആധിപത്യത്തിന് ഭീഷണിയായി ആശയ തലത്തിലും പ്രായോഗിക തലത്തിലും നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ചെറുക്കുക എന്നതായിരിക്കുന്നു ഇന്ന് സ്ഥാപനവല്‍ക്കരിക്കപെട്ട കത്തോലിക്കാസഭയുടെ സുപ്രധാന അജണ്ട.

ചൂഷിതരും പീഡിതരും ആയ ലോകമെങ്ങും ഉള്ള നീതിക്ക് വേണ്ടിയും അവകാശത്തിനു വേണ്ടിയും പൊരുതുന്ന ക്രിസ്തുമത വിശ്വാസികള്‍ , കത്തോലിക്കാസഭയുടെ മാര്‍ഗ്ഗമല്ല ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം എന്ന് നല്ലതുപോലെ മനസ്സിലാക്കിയിരിക്കുന്നു. അവര്‍ പീഡിതരും ചൂഷിതരുമായ മനുഷ്യന്‍റെ വിമോചന സമരപാതയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നത് അതിന്റെ സ്വാഭാവിക ഫലമാണ്.  പീഡിതരും ചൂഷിതരുമായ ജനതയുടെ മോചനത്തിന് വേണ്ടി സമൂഹത്തിലെ കറുത്ത ശക്തികള്‍ക്കെതിരെ പൊരുതുകയും, അവരുടെ കെട്ടനീതി സമ്മാനിച്ച കുരിശുമരണം ഏറ്റുവാങ്ങുകയും ചെയ്ത ജീസസിനെ മനുഷ്യ വിമോചനത്തിന് വേണ്ടിയുള്ള സമരത്തിലെ ധീര രക്തസാക്ഷിയായിട്ടാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കാണുന്നത്. ആ നിലക്കാണ് യേശു ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആദരിക്കുന്നത്.

സ്വന്തം അവസ്ഥയും അവകാശവും അന്തസ്സും തിരിച്ചറിയാതെ അടിമ മാനസങ്ങളായി ദുരിത ജീവിതം തുടര്‍ന്ന് കൊണ്ടിരുന്ന ജനകോടികള്‍ക്ക് അത്മബോധത്തിന്‍റെ കരുത്തും അവകാശങ്ങളുടെ തിരിച്ചറിവും പ്രതികരണത്തിന്‍റെ ശബ്ദവും പ്രതിഷേധത്തിന്‍റെ വാനിലേക്ക് ഉയര്‍ത്തിയ മുഷ്ടിയും നല്‍കിയ വിപ്ലവ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. പിറന്നുവീണ കുടുംബ സാമൂഹിക സാഹചര്യത്തില്‍ നിന്നും സിദ്ധമായ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ലോകത്ത് ചോദ്യമോ സന്ദേഹമോ കൂടാതെ ജീവിച്ചുപോന്ന ജനകോടികളുടെ ജീവിതത്തില്‍ സമൂഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള ശാസ്ത്രീയമായ അവബോധത്തിന്‍റെ വെളിച്ചം പകര്‍ന്ന ദര്‍ശനമാണ് മാര്‍ക്സിസം. യുക്തിരഹിതവും പ്രയോഗശൂന്യവുമായ അസംബന്ധങ്ങളുടെ അന്ധമായ അനുകരണത്തിന്‍റെ അലസബോധത്തിന് പകരം, പ്രയോഗപ്രസക്തവും കാര്യകാരണ ബന്ധിതവുമായ യുക്തിചിന്തയുടെ ചൈതന്യബോധം മാനവ സമൂഹത്തിനു സമ്മാനിച്ച ദര്‍ശനമാണ് മാര്‍ക്സിസം.  വിശ്വാസത്തിന്‍റെ കല്‍പനകളുമായി ബന്ധപെട്ട പാപപുണ്യ ചിന്തകളുടെതായ ധാര്‍മിക മൂല്യങ്ങളുടെ സ്ഥാനത്ത്, സംഘര്‍ഷഭരിതമായ ജീവിത സമസ്യകള്‍ക്കും സാമ്പത്തിക അന്തരങ്ങളുടെതായ ലോകത്ത്‌ പ്രാന്തവല്‍ക്കരിക്കപെട്ട ജനത അനുഭവിക്കുന്ന അവകാശ നിഷേധാങ്ങള്‍ക്കും ഫലപ്രദമായ പരിഹാരം ലക്ഷ്യമാക്കികൊണ്ടുള്ള സാമൂഹിക അടിത്തറയുള്ള ധാര്‍മിക മൂല്യത്തിന്‍റെ ഉള്‍ക്കരുത്ത് സമ്മാനിച്ചു മാര്‍ക്സിസം .

നന്മയുടെ പ്രതീകമായ ദൈവസങ്കല്‍പ്പത്തെ വിശ്വാസത്തിന്‍റെ ലോകത്ത് ഒതുക്കി നിര്‍ത്തി, അധീശവര്‍ഗ്ഗം മാനവ ചരിത്രത്തില്‍ തുടര്‍ന്ന് വന്ന നീതിരഹിതമായ കിരാത ഭരണത്തില്‍ പീഡിതരും ചൂഷിതരുമായി ദുരിതജീവിതം നയിച്ചുപോന്ന ജനകോടികളുടെ മോചനത്തിന് വേണ്ടി മാര്‍ക്സിസത്തിന്‍റെ ദര്‍ശന കരുത്തില്‍ നിന്ന് ഊര്‍ജ്ജം നേടിയ ധീര വിപ്ലവകാരികള്‍ , ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ത്യാഗത്തിന്‍റെ കുരിശു ചുമന്നു. തിന്മയുടെ ശക്തികളോട് ധീരമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചു.

ചരിത്രത്തിലും ചരിത്രാതീത കാലത്തും പീഡിതന്‍റെയും ചൂഷിതന്‍റെയും മോചനത്തിന് വേണ്ടി നിലകൊണ്ട ദര്‍ശനങ്ങളോടും, സാമൂഹിക തിന്മകള്‍ക്കെതിരെ പൊരുതി ത്യാഗങ്ങള്‍ ഏറ്റുവാങ്ങുകയും വീരമൃത്യു വരിക്കകയും ചെയ്ത മഹത്തുക്കളോടും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കടപെട്ടിരിക്കുന്നു. പ്രതിലോമ ശക്തികളോട് എതിരിടുകയും ഏറ്റുമുട്ടുകയും ചെയ്തുകൊണ്ട് മാനവ ജീവിത പുരോഗതിക്കും മോചനത്തിനും വേണ്ടി പൊരുതിയ എണ്ണമറ്റ വീരവിപ്ലവകാരികളുടെ തുടിക്കുന്ന ഓര്‍മ്മകളാണ് എന്നുമെന്നും സമരപാതയില്‍ പടയണി ചേരുന്ന സഖാക്കളുടെ ഊര്‍ജ്ജവും കരുത്തും.

 

No comments:

Post a Comment