Monday, February 21, 2011

വിശ്വാസിയും യുക്തിവാദിയും അല്പം ധാര്‍മിക ചിന്തകളും - യൂനുസ്‌


പ്രളയകാലം വരെ മാറ്റംഇല്ലാത്ത എല്ലാറ്റിന്റെയും അവസാനവാക്കായ അമൂര്‍ത്തമായ അരൂപിയായ ഒരു ദൈവം. നിറമോ മണമോ ഒന്നുമില്ല. സ്ഥലകാലങ്ങള്‍ ഇല്ല. അയാള്‍ അനാദിയാന്നു. ആദിയും അന്ത്യവും ഇല്ല. സൃഷ്ടാവില്ലാതെ സ്വയംഭൂ ആയവന്‍. നാം ജീവിക്കുന്ന ഭൂമിയും പാതാളവും ആകാശവും പ്രപഞ്ചവും അതിലെ സര്‍വ്വ ചരാചരങ്ങളും നക്ഷത്ര ഗാലക്സികളും എല്ലാം അവന്റെ സൃഷ്ടി. അവന്‍ സൃഷ്ടി സ്ഥിതി സംഹാരകന്‍. 


അവനറിയാത്ത അറിവുകള്‍ ഇല്ല. അവനറിയാത്ത ഭാഷകള്‍ ഇല്ല. ഈച്ചയുടെയും പൂച്ചയുടെയും കടലിന്റെയും കാറ്റിന്‍റെയും എല്ലാം ഭാഷകള്‍ അവനറിയാം. മനുഷ്യന്‍ ആണ് അവന്റെ കാര്യമായ പരീക്ഷണ ജീവി. പടച്ചോന്‍ വരച്ച വര തെറ്റിച്ചുനടക്കുന്ന ഏക ജീവി! ഒരു ദിവസം മനുഷ്യന്‍റെ പ്രാണന്‍ പോകും. പിന്നെ പരലോകം. അവിടെ വിചാരണ. തിളയ്ക്കുന്ന എണ്ണയും കരമുള്ളും ഉള്ള നരകം പാപികള്‍ക്ക്. തേനും പാലും കസ്തൂരി മണവും ഹൂറിയും എല്ലാം ഉള്ള സ്വഗ്ഗം പുണ്യം ചെയ്തവര്‍ക്ക്‌. പക്ഷെ ഒരു കാര്യം, ആരെന്തു ചെയ്താലും എവിടെ അഡ്മിറ്റ്‌ ചെയ്യണം എന്നതിന്റെ അവസാനവാക്ക്‌ പടച്ചോന്റെ തീരുമാനം മാത്രം.


ഇതാണ് യുക്തിവാദികളുടെ നേരെ വാളോങ്ങുന്ന വിശ്വാസിയുടെ വിശ്വാസം. ദൈവത്തിന്റെ വചനങ്ങള്‍ക്ക് തെറ്റുമില്ല തിരുത്തുമില്ല. ഒട്ടും ചോദ്യം കൂടാതെ , ഒട്ടും സംശയം കൂടാതെ അത് വിശ്വസിച്ചിരിക്കണം. ചെറുതായൊന്നു സംശയിച്ചു പോയാല്‍ വിശ്വാസത്തിനു  ദൈവത്തിന്റെ  ISO 9000 സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. 
 --------------------------------------------------------------------------------


അറിവിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ സകലമാന വിഷയങ്ങളെയും അവസ്ഥകളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും വിലയിരുത്തുകയും വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രീതിക്കാണ് യുക്തിവാദം എന്ന് പറയുന്നത്. അതിനു ഒരു പ്രവാചകനോ വേദ ഗ്രന്ഥമോ ദൈവമോ പണ്ഡിതനോ ഫിലോസഫറോ  പ്രളയകാലം വരെ മാറ്റമില്ലാത്ത ഒരു അവസാനവാക്കോ ഇല്ല. 


അറിവും ശാസ്ത്രവും വേദഗ്രന്ഥം  പോലെയല്ല. അത് നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഓരോ മനുഷ്യനും   അവന്‍റെ  അന്വേഷണങ്ങള്‍ക്കും പരിശ്രമത്തിനും അനുസരിച്ച് ആവുന്നത്ര അറിവ് ഗ്രഹിക്കാന്‍ ശ്രമിക്കുന്നു. അതിന്‍റെ വെളിച്ചത്തില്‍ അവന്‍ എന്തും വിശകലനം നടത്തുന്നു. സംവദിക്കുന്നു. അറിവിന്‍റെയും കഴിവിന്റെയും കാര്യത്തില്‍ പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍ ആണ് ഓരോ മനുഷ്യനും. മനുഷ്യന്‍റെ അറിവ് ഏതു വിഷയത്തില്‍ ആയാലും എപ്പോയും ആപേക്ഷികം ആണ്. പ്രതിജനഭിന്നവും ആണ്. അതെ സമയം തികച്ചും മൌലികമാണ്‌ ഓരോ വ്യക്തിയുടെയും അറിവുകള്‍. അത് കൊണ്ട് തന്നെ മനുഷ്യര്‍ക്കിടയില്‍ ഭിന്ന സ്വരങ്ങള്‍ സ്വാഭാവികം ആണ്.
യുക്തിവാദികള്‍ക്ക്‌  മാത്രം അല്ല  മതത്തിന്റെ വേദ ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുള്ള വിശ്വാസികള്‍ക്കും ഒരേ സ്വരത്തില്‍ ഒരു കാര്യവും സംവദിക്കുവാന്‍ പറ്റില്ല.  


ചുരുക്കത്തില്‍ നാം അറിയേണ്ടത്‌, സാമാന്യബുദ്ധിക്ക് ചേര്‍ന്ന ചോദ്യവും സംശയവും പോലും അനുവദനീയം അല്ലാത്ത മതവിശ്വാസവും, അറിവിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഉള്ള യുക്തിവാദവും പരസ്പരം ഒരിക്കലും കൂടിമുട്ടാത്ത റെയില്‍പാളങ്ങള്‍ പോലെയാണ്. സ്വതന്ത്ര മനുഷ്യന്‍റെ അടയാളം ആണ് യുക്തിവാദം. മാനസികമായ അടിമത്വവും കണ്ണടച്ചുള്ള അനുകരണവും യുക്തിവാദത്തിനു അന്യമാണ്.
---------------------------------------------------------------------------------------- 
എല്ലാം വിശ്വാസത്തില്‍ നിന്ന് മാത്രം എന്ന് കരുതുന്നു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ദിനചര്യയും അവന്റെ സദാചാരവും അവന്റെ മൂല്യങ്ങളും എല്ലാം ദൈവം കല്പ്പിച്ചതിന്റെ കേവലമായ അനുസരണം മാത്രം. അതുകൊണ്ട് തന്നെ വേദങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്ത് ചെയ്യണം എന്ത് ചെയ്യാതിരിക്കണം എന്നാ കാര്യത്തില്‍ അവന്‍ ഇരുട്ടില്‍ തപ്പുമായിരുന്നേനെ.


വ്യവസ്ഥാപിതവും അവ്യവസ്ഥാപിതവും ആയ ഒരു മതത്തിലും വിശ്വസിക്കാത്ത ജനവിഭാഗങ്ങള്‍ക്കും ഉന്നതമായ ജീവിത രീതിയുണ്ട്. മൂല്യങ്ങള്‍ ഉണ്ട്. അതൊക്കെ മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക വളര്‍ച്ചയുടെ ഭാഗമായി പകര്‍ന്നു കിട്ടിയതാണ്. അവന്റെ കര്‍മ്മങ്ങളുടെ ശരിയും തെറ്റും നിര്‍ണ്ണയിക്കുന്നത് അവന്റെ സാമൂഹിക പ്രതിബദ്ധതയാണ്. അവന്റെ അറിവുകള്‍ ആണ്. സുരക്ഷിതത്ത്വവും ശാന്തിയും ഒരുമയും സമാധാനവും ആരോഗ്യവും ഉള്ള ഒരു സമൂഹത്തെ കുറിച്ചുള്ള അവന്റെ ചിന്തകളാണ്. മനുഷ്യന്റെ അന്തസ്സിനെ കുറിച്ചുള്ള അവന്റെ ബോധം ആണ്.


യുക്തിവാദം ഒരു വാദ രീതി മാത്രം ആണ്. അതൊരു സാമൂഹിക ദര്‍ശനം അല്ല. സാമൂഹിക പ്രതിബദ്ധതയും മനുഷ്യനെ മനുഷ്യന്‍റെ  അന്തസ്സോടെ ജീവിക്കുവാന്‍ അനുവദിക്കാത്ത ദുഷിച്ച വ്യവസ്ഥിതിയോടുള്ള എതിര്‍പ്പും അന്തസ്സിലും അവകാശത്തിലും എല്ലാ മനുഷ്യരും തുല്യരാണ് എന്ന ബോധവും ആരും ആരുടേയും അടിമയല്ല എന്ന തിരിച്ചറിവും ഉണ്ടാവുമ്പോള്‍ ആണ്, മനുഷ്യന്‍റെ ധാര്‍മിക നീതി ബോധങ്ങള്‍ അര്‍ത്ഥ പൂര്‍ണ്ണം ആകുന്നത്. 


തലയെണ്ണി നോക്കിയാല്‍ കാക്കത്തൊള്ളായിരം വിശ്വാസികള്‍ ഉള്ള ഈ ലോകത്ത്‌ ഇതമാത്രം അനീതിയും അധര്‍മവും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നു എന്നതിന് ഉത്തരം പറയേണ്ടത്‌ വിശ്വാസ സമൂഹമാണ്.


ചിന്തനീയം ആയ ഒരു വാര്‍ത്ത. അതിവികസിത മുതലാളിത്ത രാഷ്ട്രമായ  അമേരിക്കയിലെ ജനതയില്‍ യുക്തിവാദികളുടെ എണ്ണം കേവലം പത്തു ശതമാനം മാത്രം.എന്നാല്‍ അമേരിക്കന്‍ ശാസ്ത ഗവേഷകരില്‍ മഹാഭൂരിപക്ഷവും തൊണ്ണൂര് ശതമാനവും യുക്തിവാദികള്‍.    


എന്നും എവിടെയും അബദ്ധജടിലമായ ധാരണകളുടെ ഇരുട്ടില്‍ ഒതുങ്ങി കിടക്കുന്ന മനുഷ്യ സമൂഹത്തെ അറിവിന്‍റെയും ശാസ്ത്രത്തിന്റെയും  വെളിച്ചത്തിലേക്ക്‌ നയിക്കുന്ന പ്രകാശ ദീപങ്ങള്‍ ആണ് യുക്തിവാദികള്‍.

No comments:

Post a Comment