Friday, May 27, 2011

അന്വേഷണത്തിന്റെയും അറിവിന്റെയും ചിന്തയുടെയും വെളിച്ചത്തില്‍ .......


ജാതിമതങ്ങളുടെ സങ്കുചിത ലോകത്ത് പിറന്നു വീഴുക എന്നത് കേവലം ജന്മത്തിന്റെ ആകാസ്മികത. അത് ഒരു വ്യക്തിയുടെയും സ്വന്തമായ സ്വതന്ത്രമായ തെരെഞ്ഞെടുപ്പ് അല്ല. പിറവിനല്‍കിയ ജാതിമത മുദ്രകളെ അന്ധമായി ജീവിതകാലം മുഴുവന്‍ ആഘോഷപൂര്‍വ്വം അനുകരിക്കുക എന്നതാണ് അസംബന്ധജടിലമായ കാര്യം. അന്വേഷണത്തിന്റെയും അറിവിന്റെയും ചിന്തയുടെയും വെളിച്ചത്തില്‍ തള്ളേണ്ടതിനെ തള്ളുകയും കൊള്ളേണ്ടതിനെ കൊള്ളൂകയും ചെയ്യുമ്പോള്‍ ആണ് നാം ആത്മബോധത്തിലെക്ക് ഉയരുന്നത്.

പൂര്‍വാശ്രമത്തിലെ അടയാളങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും യാന്ത്രികമായി പുനരാവിഷ്കരിക്കുകയും പൂര്‍വ്വസ്മൃതികള്‍ അയവിറക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ കാലത്ത് ജാതിമതങ്ങളുടെ പേരില്‍ വല്ലാതെ അഭിമാനിക്കുകയും അഹങ്കരിക്കുകയും മേനി നടിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ . കാലികപ്രസക്തിയും പ്രയോഗക്ഷമതയും നഷ്ടപെട്ട ബിംബങ്ങളും ആശയങ്ങളും ആണ് ഇവര്‍ പേറിനടക്കുന്നത് .

ഇന്നത്തെ സാമൂഹികസാമ്പത്തിക വ്യവസ്ഥിതിയില്‍ സ്വന്തം ജീവിതവിജയത്തിനു വേണ്ടി, കാലപ്രസക്തമായ ആധുനികതയുടെ എല്ലാ ചിട്ടവട്ടങ്ങളും ഉപാധികളും രീതികളും മൂല്യങ്ങളും സ്വകാര്യജീവിതത്തിന്റെ അകത്തളങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്നു എന്നത് ഇവരുടെ കാപട്യത്തിന്റെ സാക്ഷ്യപത്രങ്ങള്‍ . അന്യ ജാതിമതങ്ങളോടുള്ള വിദ്വേഷത്തിന്റെയും അകല്‍ച്ചയുടെയും സങ്കുചിതലോകത്ത് സ്വന്തം ബോധമണ്ഡലത്തെ തളച്ചിട്ടിരിക്കുന്ന ഇവര്‍ക്ക്‌ മാനവസമൂഹത്തിന്റെ പൊതുവായ ഉണര്‍വിനും മോചനത്തിനും വേണ്ടി നിലകൊള്ളുക അസാധ്യം.


അധികാര മണ്ഡലത്തില്‍ വാഴുന്ന ദുഷ്ടമൂര്‍ത്തികളുടെ പതനം അനിവാര്യം ആണ് ....

ഒന്നും നന്നാവില്ല . ഒരിക്കലും ശരിയാവില്ല എന്നത് നിസ്സംഗതയുടെ കൂടെപിറപ്പായ അശുഭാപ്തി വിശ്വാസം ആണ്. സമൂഹത്തിന്റെ പൊതുവായ ഉണര്‍വ്വിനും മോചനത്തിനും വിഘാതം ആയ തിന്മയുടെ ജീര്‍ണ്ണത ബാധിച്ച വ്യവസ്ഥിതിയും അധികാര ശക്തികളും എന്നെന്നും തകര്‍ച്ച കൂടാതെ നിലനില്‍ക്കും എന്നത് പ്രതിലോമ ശക്തികളുടെ ആശയ മണ്ഡലത്തില്‍ രൂപം കൊളളുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമായ ചരിത്ര വിരുദ്ധ പ്രസ്താവനകള്‍ ആണ്.

മഹാഭൂരിപക്ഷത്തിന് നീതിയും അന്തസ്സും അവകാശങ്ങളും നിഷേധിക്കുന്ന മനുഷ്യാവകാശ വിരുദ്ധ സമീപനം സ്വീകരിക്കുന്ന, മഹാഭൂരിപക്ഷത്തിന് ദുരിത ജീവിതത്തിന്റെ നരകം സമ്മാനിച്ചു കൊണ്ട് തങ്ങളുടെ ഇട്ടാവട്ടത്തു തങ്ങള്‍ക്കു മാത്രം സുഖിച്ചു രമിക്കുവാനുള്ള സര്‍ഗ്ഗം പണിയുന്ന - തങ്ങളുടെ പ്രമാണികത്ത്വവും കുലീന പദവിയും എന്നെന്നും നിലനിക്കുവാന്‍ മനുഷ്യ സമൂഹത്തില്‍ എന്നെന്നും അവകാശങ്ങളുടെ അന്തരങ്ങള്‍ നിലനില്‍ക്കണം എന്ന മനുഷ്യത്ത വിരുദ്ധ സമീപനം വെച്ച്പുലര്‍ത്തുന്ന ചൂഷക വര്‍ഗ്ഗത്തിനും അവരുടെ അനര്‍ഹമായ താല്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ വേണ്ടി നിലകൊള്ളുന്ന ഭരണ വര്ഗ്ഗത്തിനും എതിരെ നിന്ദിതരും പീഡിതരും ചൂഷിതരും ആയ ജനതയും , മനുഷവകാശ ബോധമുള്ള പൊതു സമൂഹവും ഐക്യപ്പെടണം. നീതിക്ക് വേണ്ടിയുള്ള പൊതുസമരം വളരണം . ഇന്നല്ലെങ്കില്‍ നാളെ അധികാര മണ്ഡലത്തില്‍ വാഴുന്ന ദുഷ്ടമൂര്‍ത്തികളുടെ പതനം അനിവാര്യം ആണ് എന്ന ശുഭാപ്തിവിശ്വാസം ആണ്  മാനവ ചരിത്രത്തില്‍ നടന്നിട്ടുള്ള മുന്നേറ്റങ്ങളും വിമോചന പോരാട്ടങ്ങളും നമുക്ക്‌ നല്‍കുന്നത്.

കരാളമായ ഒരു പാട് സാമൂഹ്യ കാലഘട്ടങ്ങളെ തരണം ചെയ്തു കൊണ്ടാണ് മനുഷ്യചരിത്രം വളര്‍ന്നിട്ടുള്ളത്.  കിരാതമായ പല സമൂഹ്യവ്യവസ്ഥിതികളും തകര്‍ന്നടിഞ്ഞത് ആത്മബോധം നേടിയ അടിമമാനസങ്ങളുടെ ഉണര്‍വ്വിന്റെയും ഉജ്ജ്വല പോരാട്ടങ്ങളുടെയും ഫലമായിട്ടാണ്. നാം ജീവിക്കുന്ന സമൂഹത്തിന്റെ തിന്മകള്‍ക്കെതിരെ, ജീര്‍ണ്ണതക്കെതിരെ നാം നടത്തുന്ന ഓരോ പ്രതിഷേധവും പ്രതികരണവും സമരവും പോരാട്ടവും എല്ലാം മാറ്റത്തിന്റെ വഴിക്കുള്ള , സമാധാന പൂര്‍ണ്ണമായ ഒരു സാമൂഹ്യ ജീവിതത്തിനു വേണ്ടിയുള്ള നമ്മുടെ മുന്നേറ്റത്തിന്റെ ചുവടുവെപ്പുകള്‍ ആണ്.

Sunday, May 22, 2011

രാഷ്ട്രീയം ജനാധിപത്യം മതേതരത്വം - എന്‍റെ ചില ചിന്താ ശകലങ്ങള്‍ .

സ്വന്തം അന്തസ്സും അവകാശവും തിരിച്ചറിയാത്ത അടിമമാനസങ്ങളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തടിച്ചുകൊഴുത്തു വളരുവാന്‍ സാധിക്കുകയുളൂ.

ദേശ ഭാഷ ജാതി മത ലിംഗ ഭേദമില്ലാതെ എല്ലാ മനുഷ്യരുടെയും രക്തത്തിന്‍റെ നിറം ചുവപ്പ്. കുലീന രക്തം എന്നത് അശാസ്ത്രീയം ആയ ഭേദചിന്തയുടെ പൊളി വചനം.

സ്വന്തം സാമൂഹികഅടിത്തറയും ഉത്തരവാദിത്ത്വവും മറക്കുന്നവരാണ് അരാഷ്ട്രീയതയെ മഹത്വവല്‍ക്കരിച്ചു ആഘോഷിക്കുന്നത്. അവര്‍ സമൂഹത്തിന്‍റെ ശത്രുക്കള്‍ .

ആശ്രിത ബന്ധിതം ആയ ഒരു സാമൂഹികജീവിയാണ് മനുഷ്യന്‍. ശ്രദ്ധയും പരിഗണനയും സ്നേഹവും അന്തസ്സും എല്ലാ മനുഷ്യരുടെയും അവകാശം ആയി അംഗീകരിക്കപ്പെടണം.

മനുഷ്യനും പ്രകൃതിയും , മനുഷ്യനും മനുഷ്യനും തമ്മിലുള്ള സന്തുലിതമായ സമീപനം കൂടാതെ, വേട്ടക്കാരനും ഇരയും ആയി നാം മാറിയാല്‍ ,  നരകം നിത്യസത്യം!

പ്രകൃതിയോടും മനുഷ്യനോടും ഗുണാത്മക സമീപനം സ്വീകരിക്കുന്ന സമൂഹത്തിനു മാത്രമേ അര്‍ത്ഥ പൂര്‍ണ്ണമായ സമാധാന ജീവിതം സാധ്യമാവൂ.

വിത്തനാഥന് ശീതള പൊറുതിയും പാവങ്ങള്‍ക്ക് തീയാളും വറുതിയും സമ്മാനിക്കുന്ന ഭരണകൂടത്തെ, എങ്ങിനെ ജനാധിപത്യത്തിലെ ജനകീയഭരണം എന്ന് വിളിക്കും ?

സ്ഥലകാലങ്ങളുടെ പരിമിതിയില്‍ പിറന്ന പഴയ വചനങ്ങള്‍ കാലിക പ്രസക്തിയും പ്രയോഗ പ്രസക്തിയും നേടുവാന്‍ യുക്തിസഹമായ തിരുത്തലുകള്‍ അനിവാര്യം.

മനുഷ്യാവകാശത്തെ മാനിക്കാത്ത മനുഷ്യന്‍റെ ജന്‍മം, മൃഗ ജന്‍മത്തിനു തുല്യം! ദുരിതം പേറുന്ന മനുഷ്യന്‍റെ നൊമ്പരം അറിയാത്തവര്‍ ഇരുകാലി മൃഗങ്ങള്‍ !!

പുരോഗമന ആശയ സമരങ്ങള്‍ അകത്തും (കുടുംബത്തിലും) , പുറത്തും (പൊതു സമൂഹത്തില്‍ ) നിരന്തരം നടത്താതെ, പുരോഗമന വാദിയാകുവാന്‍ ആര്‍ക്കും പറ്റില്ല.

ജനതയുടെ അന്തസ്സുള്ള ഭൌതിക ജീവിതം ഉറപ്പു വരുത്തുക എന്നതായിരിക്കണം ജനപക്ഷ ഭരണകൂടത്തിന്റെ വികസന നയത്തിന്റെ ലക്‌ഷ്യം.

ജാതിമത സാമുദായിക വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയത്തിലെ സമ്മര്‍ദ്ധ ഗ്രൂപ്പുകള്‍ ആവുന്നത് മതേതര ജനാധിപത്യ വ്യവസ്ഥിതിക്ക് ഹാനികരം.

ഉള്ളവനും ഇല്ലാത്തവനും എന്ന നാം ജീവിക്കുന്ന ലോകത്തെ ഭൌതിക യാഥാര്‍ത്ഥ്യം, അടിമ മാനസങ്ങളില്‍ ഉളവാക്കുന്ന പ്രതിഫലനം ആണ് സ്വര്‍ഗ്ഗവും നരകവും.

ഭൂമിയില്‍ എല്ലാ മനുഷ്യരുടെയും അന്തസ്സും അവകാശങ്ങളും അംഗീകരിക്കപ്പെടുന്ന വ്യവസ്ഥിതി വന്നാല്‍ , സ്വര്‍ഗ്ഗ നരക സങ്കല്‍പ്പത്തിന് പ്രസക്തിയില്ല.

സമ്പത്ത് അധികാരത്തിന്റെ പര്യായം ആവുമ്പോള്‍ , സാമ്പത്തിക വികേന്ദ്രീകാരണം കൂടാതെ അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമാവില്ല.

കോടതിയുടെ കൂട്ടില്‍ കയറിനില്‍ക്കുന്ന പ്രതിയും വാദിയും സാക്ഷിയും കള്ളസാക്ഷിയും വേദഗ്രന്ഥം പിടിച്ചു ദൈവനാമത്തില്‍ സത്യംചൊല്ലുന്നു. അസംബദ്ധം!

സ്വര്‍ണ്ണവും സ്വത്തും അല്ല, പ്രണയവും ഇഷ്ടവും ആയിരിക്കണം സ്ത്രീ പുരുഷ ബന്ധത്തിന്റെ - വിവാഹത്തിന്റെ പ്രഥമവും പ്രധാനവും ആയ അടിസ്ഥാനം.

അടിമ മാനസങ്ങളുടെ ആത്മബോധത്തിലേക്കുള്ള ഉയിത്തെഴുനേല്‍പ്പ് കൂടാതെ ജനാധിപത്യം രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കില്ല.

എല്ലാ ജനതയുടെയും നീതിയും അവകാശവും അന്തസ്സും അംഗീകരിക്കപ്പെസുമ്പോള്‍ ആണ് ഏത് സമൂഹത്തിലും സമാധാനവും സുരക്ഷിതത്വവും ഉണ്ടാവുന്നത്.

സങ്കുചിത വര്‍ഗീയ വിചാരധാരയുടെ വിഷജ്വരം ചിന്തയില്‍ അധിനിവേശം നടത്തുമ്പോള്‍ അറിവിന്‍റെ വെളിച്ചവും യുക്തി ചിന്തയുടെ ജ്വാലയും കെട്ടുപോകുന്നു!


സ്വര്‍ഗ്ഗ നരകങ്ങള്‍ ഇല്ലാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ചിന്താ വഴികള്‍ .


നമ്മുടെ മണ്ണും വിണ്ണും പ്രകൃതിയും നമുക്ക്‌ നല്‍കുന്ന സന്ദേശം ഭേദചിന്തയില്ലാത്ത ഒരുമയുടെതാണ് - കൂട്ടായ്മയുടെതാണ്. അന്യോന ബന്ധങ്ങളും സഹകരണവും വിനിമയവും ഇടപെടലും കൂടാതെ ഒന്നും ഒന്നും സ്ഥായിയായി നിലനില്‍ക്കുന്നില്ല.

സൂക്ഷ്മ നിരീക്ഷണത്തില്‍ ‍, വേരുകള്‍ തേടിയുള്ള ഏത്‌ അന്വേഷണത്തിലും നമ്മുടെ സാമൂഹിക അടിത്തറ തികച്ചും മതേതരം ആണെന്ന് നമുക്ക്‌ കണ്ടെത്തുവാന്‍ സാധിക്കും. പ്രകൃതിയിലുള്ള പദാര്‍ത്ഥങ്ങളും ഊര്‍ജവും,  ഊരുംപേരും ജാതിയുംമതവും നമുക്കറിയാത്ത നിരവധി കൈവഴികളിലൂടെ സംസ്കരിക്കപ്പെട്ടു ഉല്‍പ്പനങ്ങള്‍ ആയി പരിണമിച്ചു നമ്മുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നു.  നമ്മുടെ ആഹാരമായി വസ്ത്രമായി മരുന്നായി ഭവനംആയി ഭൌതികജീവിതത്തിനു സുഖം ഏകുന്ന ഉപാധികളായി നമ്മുടെ മുന്നില്‍ എത്തുന്നു. ജാതിമതഭേദങ്ങള്‍ ഇല്ലാത്ത പ്രകൃതിയുടെ വിഭവങ്ങള്‍ സംസ്കരിക്കപ്പെടുന്ന കൈവഴികള്‍ ഏതെങ്കിലും പ്രത്യേക ജാതിമത വിഭാഗങ്ങളിലൂടെയല്ല എന്നത് ലളിതമായ ഒരു വസ്തുതയാണ്.

മതേതരത്വം എന്നത് അഥവാ പരസ്പര പൂരകമായ ഏകത്വം എന്നത് പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും ജീവത്തായ നിലനില്‍പ്പിന്റെ താളം ആണ്. ഭേദ ചിന്തകളുടെ അതിരുകളില്‍ ഒതുങ്ങുന്ന,  സ്നേഹവും കരുണയും നീതിയും അന്തസ്സും അവകാശവും മൂല്യ വിചാരങ്ങളും അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ തലത്തില്‍ വികസിക്കാതെ വഴിമുട്ടി നില്‍ക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍ നാം പങ്കു വെക്കേണ്ട ആശയങ്ങളും വികാരങ്ങളും ഇങ്ങിനെ വഴിമുട്ടി നില്‍ക്കുമ്പോള്‍ സാമൂഹിക വ്യവസ്ഥിതി ജീര്‍ണതയിലേക്ക്‌ നീങ്ങുന്നു.സമൂഹത്തിന്റെ താളഭംഗത്തിനു കാരണം ആവുന്നു.

മനുഷ്യ സംകാരത്തിന്റെ ആധുനികതയുടെ ഭരണ വ്യവസ്ഥിതിയാണ് ജനാധിപത്യം. ജനാധിപത്യം എന്നതിന്റെ അര്‍ഥം ജനങ്ങളുടെ ആധിപത്യം എന്നാണല്ലോ. അല്ലാതെ ഭൂപ്രഭുക്കളുടെയോ , പ്രമാണിമാരുടെയോ സമ്പന്ന കുത്തകകളുടെയോ കള്ളപ്പണക്കാരുടെയോ ആധിപത്യം ജനാധിപത്യം ആവുന്നില്ല. എന്ത് കൊണ്ട് ജനാധിപത്യം അതിന്റെ അര്‍ത്ഥപൂര്‍ണതയിലേക്ക്‌ വികസിക്കുന്നില്ല എന്നത് ചിന്തനീയം ആയ ഒരു വിഷയം ആണ്. പൌരന്റെ രാഷ്ട്രീയപ്രബുദ്ധതയുടെയും  സാമൂഹികപ്രതിബദ്ധതയുടെയും വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു നാം ജീവിക്കന്ന രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥിതിയുടെ അര്‍ത്ഥപൂര്‍ണ്ണതയിലേക്കുള്ള   രൂപപരിണാമ വികാസങ്ങള്‍ എന്ന് ലളിതമായി നമുക്ക്‌ പറയാം.

പക്ഷെ അത്ര ലളിതം അല്ല ജനാധിപത്യത്തിന്റെ വികാസ വഴികള്‍ . വര്‍ഗ്ഗതാല്‍പര്യങ്ങളുടെ വൈരുദ്ധ്യങ്ങളും അന്തരങ്ങളും നിലനില്‍ക്കുന്ന ഒരു സാമൂഹികഘടനയില്‍  ജനാധിപത്യത്തിന്റെ അര്‍ത്ഥപൂര്‍ണ്ണ വികാസം അസാധ്യം. ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ ആണ് പ്രായോഗിക തലത്തില്‍ അവിടെ നടപ്പില്‍ ആവുക. സാമ്പത്തികഅടിത്തറയില്‍ ഊന്നിയ താല്പര്യവൈരുദ്ധ്യങ്ങള്‍ ഇല്ലാത്ത  ഒരു സമൂഹത്തില്‍ മാത്രമേ ജനാധിപത്യത്തിന്റെ പൂര്‍ണ്ണമായ വികാസം സാധ്യമാവൂ.

സമ്പത്താണ് അധികാരം എന്നത് ശാസ്ത്രസത്യം. സമ്പത്തിന്റെ കേന്ദ്രീകരണം സമൂഹത്തിലെ ചെറുന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ അധികാരവും അവരില്‍ തന്നെ കേന്ദ്രീകരിക്കുന്നു. സമ്പത്ത് ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും എങ്ങനെ ആവണം എന്ന് സ്വന്തംതാല്പര്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ഈ ചെറുന്യൂനപക്ഷം തീരുമാനിക്കുന്നു. ഇതിനു മാറ്റം ഉണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തികഘടനയില്‍ സമൂലമായ പൊളിച്ചെഴുത്ത് നടക്കണം. സമ്പത്തിന്റെ വികേന്ദ്രീകരണം കൂടാതെ അധികാരത്തിന്റെ ജനകീയതയിലേക്കുള്ള വികേന്ദ്രീകരണം സാധ്യമല്ല. സമൂഹത്തിലെ ന്യൂനപക്ഷത്തിന്റെ അധികാരത്തിന്റെ കേന്ദ്രീകരണം നടക്കുന്ന ബൂര്‍ഷാ ജനാധിപത്യത്തെ മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുക്കുന്ന ഭരണ വ്യവസ്ഥിതിയായി മാറ്റുന്ന സമരരൂപത്തെയാണ്, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ജനകീയജനാധിപത്യം എന്ന ലക്ഷത്തിലേക്കുള്ള സമരം എന്ന് പറയുന്നത്.

മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന, ഒരു പിടി പേര്‍ക്ക് സ്വഗ്ഗവും മഹാഭൂരിപക്ഷത്തിന് നരകവും സമ്മാനിക്കുന്ന മഹാഅന്തരങ്ങളുടെതായ വ്യവസ്ഥിതി, നമ്മെ താല്പര്യങ്ങളുടെ വിവിധ ശ്രേണികളില്‍ നിലകൊള്ളുന്ന പരസ്‌പര ശത്രുക്കള്‍ ആക്കുന്നു. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണം. ഈ വ്യവസ്ഥിതിക്ക് മാറ്റം ഉണ്ടാവണം.

ഭൂമിയില്‍ മനുഷ്യന്‍ പിറക്കുന്നത് ഭേദചിന്തകളുടെതായ ഒരു പ്രത്യേക മുദ്രകളും കൂടാതെയാണ്. പിന്നീട് പിറന്നു വീഴുന്ന ഭൌതികലോകത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ അവനില്‍ ജാതിമത മുദ്രകള്‍ ചാര്‍ത്തുന്നു. ചൂഷണഅധിഷ്ടിത ലോകത്തിന്റെ മൂല്യരഹിതമായ കിടമല്‍സരങ്ങളും ചൂതാട്ടങ്ങളും അവനെ സാമ്പത്തിക സാമൂഹിക അന്തരങ്ങളുടെ ലോകത്ത് വിഭജിച്ചു നിര്‍ത്തുന്നു.

സത്യത്തില്‍ നമ്മള്‍ ഒന്നാണ്. നമ്മള്‍ ഒന്നായിരിക്കണം. ഞങ്ങള്‍ നിങ്ങള്‍ എന്ന സങ്കുചിതചിന്തയില്‍ നിന്ന് നമ്മള്‍ എന്ന വിശാലഭാവത്തിലേക്ക് നാം വളരണം. ഇത് ഒരു ഭാവനയോ സ്വപ്നമോ സങ്കല്‍പ്പമോ അല്ല. നിലനില്‍ക്കുന്ന വസ്തുനിഷ്ഠ അവസ്ഥകളില്‍ ഇടപ്പെട്ടു പ്രായോഗികമായ സമരരൂപങ്ങളിലൂടെ മോചനം ആഗ്രഹിക്കുന്ന മനുഷ്യസമൂഹം നേടിയെടുക്കേണ്ട ഒരു മഹത്തായ ലക്‌ഷ്യം ആണ്.

അന്തസ്സിലും അവകാശത്തിലും എല്ലാ മനുഷ്യരും തുല്യരാണ്. ആര്‍ക്കും ആരുടെ മേലും അധിനിവേശം നടത്തുവാന്‍ അവകാശം ഇല്ല. ഇരയും വേട്ടക്കാരനും എന്ന സാമൂഹിക അവസ്ഥ നിലനില്‍ക്കരുത്‌ . സമൂഹത്തിലും ലോകത്തും സമാധാനം ഉണ്ടാവണമെങ്കില്‍ സുരക്ഷിതത്ത്വം ഉണ്ടാവണമെങ്കില്‍ അന്തരങ്ങളുടെ ചീത്ത മുദ്രകള്‍ പാടെ ഇല്ലാതാവണം.

അന്തസ്സിലും അവകാശത്തിലും എല്ലാ മനുഷ്യരും തുല്യരാണ്. ആര്‍ക്കും ആരുടെ മേലും അധിനിവേശം നടത്തുവാന്‍ അവകാശം ഇല്ല. ഇരയും വേട്ടക്കാരനും എന്ന സാമൂഹിക അവസ്ഥ നിലനിക്കരുത്. സമൂഹത്തിലും ലോകത്തും സമാധാനം ഉണ്ടാവണമെങ്കില്‍   അന്തരങ്ങളുടെ ചീത്ത മുദ്രകള്‍ പാടെ ഇല്ലാതാവണം. അന്തമായ അനുകരണങ്ങള്‍ അന്ധവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കാരണം ആവുന്നു. അറിവിന്‍റെപ്രകാശവും യുക്തിചിന്തയുടെജ്വാലയും കടന്നു ചെല്ലാത്ത അവസ്ഥയിലാണ് നാം അടിമമാനസങ്ങള്‍ ആയി മാറുന്നത്.

അടിമമാനസങ്ങള്‍ ജനാധിപത്യത്തിന്റെ മഹത്വപൂര്‍ണ്ണമായ വളര്‍ച്ചക്ക് വിഖാതം ആണ്. നമ്മുടെ ഭൌതികമായസമസ്യകളുടെ ഉത്തരം,  അഭൌതികമായ കാരണങ്ങളില്‍ തേടുന്ന അവസ്ഥയില്‍ നിന്ന് നാം മോചിതരാവേണ്ടതുണ്ട്. നമ്മുടെ ഭൌതികമായസമസ്യകളുടെ, അവസ്ഥകളുടെ, വ്യവസ്ഥിതിയുടെ സ്രഷ്ടിസ്ഥിതിസംഹാരകന്‍ നാം തന്നെയാണ്. ഈ തിരിച്ചറിവ് നമ്മളില്‍ ഉണ്ടാവുമ്പോള്‍ വളരെ ക്രിയാത്മകം ആയി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കുവാന്‍ നമുക്ക് സാധിക്കും.

അന്തസ്സും അവകാശവും നിഷേധിക്കപ്പെട്ട ജീവിതാവസ്ഥയുടെ തടവറയില്‍ കഴിയുന്ന മഹാഭൂരിപക്ഷം വരുന്ന ജനകോടികളുടെ യഥാര്‍ത്ഥമോചനം സാധ്യമാവണമെങ്കില്‍ ഈ തിരിച്ചറിവ് അനുപേക്ഷണീയമാണ്. അത്തരം ഒരു ബോധ്യം സ്വന്തം അവസ്ഥ തിരിച്ചറിയുവാനും  സംഘടിക്കുവാനും പൊരുതുവാനുമുള്ള ആശയപരമായ കരുത്ത് അവനു സമ്മാനിക്കും.
നാം രാഷ്ട്രീയ പ്രബുദ്ധരാവുമ്പോള്‍ ആണ് ജനാധിപത്യം കരുത്ത് നേടുക. നാം സാമൂഹിക പ്രതിബദ്ധതയുള്ള ജനതയാകുമ്പോള്‍ ആണ് നമ്മുടെ വ്യവസ്ഥിതിയില്‍ ഗുണപരം ആയ മാറ്റങ്ങള്‍ ഉണ്ടാവുക. കേവലം കുഞ്ഞാടുകള്‍ ആയി ഏതെങ്കിലും രാഷ്ട്രീയ പര്‍ട്ടികളില്‍ അണിനിരക്കുന്നത്‌ കൊണ്ട് മാത്രം നാം രാഷ്ട്രീയ പ്രബുദ്ധര്‍ ആവുന്നില്ല.നാം നമ്മെ, നമ്മുടെ അന്തസ്സിനെ, നമ്മുടെ അവകാശത്തെ, നമ്മുടെ സാമൂഹികഅടിത്തറയെ തിരിച്ചരിയുന്നിടത്താണ് നാം ഒരു രാഷ്ട്രീയവ്യക്തി ആവുന്നത്.

ലോകചരിത്രത്തില്‍ അടിച്ചമാര്‍ത്തപെട്ട ജനതക്ക്, അവകാശങ്ങളും അന്തസ്സും നിഷേധിക്കപ്പെട്ട ജനതക്ക് , അടിമമാനസങ്ങള്‍ക്ക്  ആത്മബോധത്തിന്റെ തിരിച്ചറിവിന്റെ വെളിച്ചം പകര്‍ന്ന മഹത്തായ ദര്‍ശനം ആണ് കമ്മ്യൂണിസം. കമ്മ്യൂണിസം സചേതനമായ സാമൂഹിക സാമ്പത്തിക ശാസ്ത്ര ദര്‍ശനം ആണ്. കമ്മ്യൂണിസം മനുഷ്യന്‍റെ മോചനത്തിന് വേണ്ടി പൊരുതുന്ന ജനതയുടെ ആശയപരമായ ആയുധം ആണ്. അത് ഒരു പിടി പേരുടെ സ്വഗ്ഗവും മഹാ ഭൂരിപക്ഷത്തിന്റെ നരകവും തീര്‍ക്കുന്ന ചൂഷണവ്യവസ്ഥിതിയെ അംഗീകരിക്കുന്നില്ല. നിരന്തരം വളരുന്ന അറിവിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ആധുനിക ഭൌതിക സമസ്യകളെ വിശകലനം ചെയ്യുകയും സമൂഹത്തിന്റെ മോചന മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യന്നു കമ്മ്യൂണിസം. ജനാധിപത്യത്തെ എല്ലാ അര്‍ത്ഥത്തിലും അര്‍ത്ഥപൂര്‍ണ്ണം ആക്കുക എന്നത് തന്നെയാണ് കമ്മ്യൂണിസത്തിന്റെ ലക്‌ഷ്യം. നിലനിക്കുന്ന തെറ്റായ സാമൂഹിക സാമ്പത്തികവ്യവസ്ഥിതിയെ തങ്ങിനിര്‍ത്തുന്ന എല്ലാ പ്രതിലോമ പ്രസ്ഥാനങ്ങളും കമ്മ്യൂണിസത്തെ എക്കാലവും നഖശിഖാന്തം എതിര്‍ക്കുന്നത് കമ്മ്യൂണിസത്തിന്റെ ശക്തിയും കരുത്തും ലക്ഷ്യവും  നല്ലപോലെ തിരിച്ചറിഞ്ഞതു കൊണ്ടുതന്നെയാണ്.

Sunday, May 1, 2011

അല്പം രാഷ്ട്രീയം. അല്പം ജനാധിപത്യ ചിന്തകള്‍

വോട്ട് അവകാശമുള്ള ജനങ്ങളുടെ സമഗ്രമായ രാഷ്ട്രീയ പ്രബുദ്ധത കൂടാതെ,  ജനാധിപത്യ വ്യവസ്ഥിതി അര്‍ത്ഥപൂര്‍ണ്ണമാവില്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനും ക്ഷേമത്തിനും ഉതകുന്ന സാമൂഹിക സാമ്പത്തിക സാംസ്കാരിക വിചാരങ്ങള്‍ ജനങ്ങള്‍ക്ക്‌ ഉണ്ടാവണം. അറിവിലും കഴിവിലും അവസ്ഥയിലും അന്തരങ്ങളുടെ വിവിധ ശ്രേണിയില്‍ ജീവിക്കുന്ന ജനങ്ങളുടെ ഒരു സമൂഹം ആണ് നമ്മുടെ രാജ്യത്തുള്ളത്  എന്നതൊരു വസ്തുതയാണ്. വ്യത്യസ്തവും വിരുദ്ധവും ആയ ബഹുമുഖ താല്പര്യങ്ങള്‍ നമ്മുടെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ട്. അത് കൊണ്ട് തന്നെ എല്ലാ ജനവിഭാഗങ്ങളുടെയും എല്ലാ തല്പര്യങ്ങളെയും ഒരു പോലെ പരിഗണിക്കുന്ന രാഷ്ട്രീയവും ഭരണവും അസാധ്യം ആണ്.

രണ്ടു നൂറ്റാണ്ട് ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കോളനിയായി  നിലകൊണ്ട ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ജനകീയം ആയതിന്റെ തുടക്കം, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ്. അന്ന് മഹാത്മാഗാന്ധി ഇന്ത്യയിലെ ജാതി വിവേചനവും,  ജന്മിത്ത്വത്തിന്റെ കടുത്ത ചൂഷണവും അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയോട് പറഞ്ഞു , " സ്വാതന്ത്ര്യം നേടിയാല്‍ ഇവിടെ പുതിയൊരു പുലരിയുണ്ടാവും. നിങ്ങള്‍ ഇന്നനുഭവിക്കുന്ന ജാതി വിവേചനവും അടിമത്വവും ചൂഷണവും എല്ലാം അവസാനിക്കും" എന്ന്. പക്ഷെ പിന്നീട് നാം സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ കണ്ടത് മഹാത്മാഗാന്ധി അന്ന് ജനങ്ങള്‍ക്ക്‌ നല്‍കിയ സ്വപ്നം കേവലം  ജലരേഖയായി തീര്‍ന്നു  എന്നതാണ്. വെളുത്ത സായിപ്പ് പോയപ്പോള്‍ "കറുത്ത സായിപ്പ്" പകരം വന്നു എന്നതാണ് പീഡിതരും ചൂഷിതരും ആയ ജനവിഭാഗങ്ങളുടെ അനുഭവ സത്യം.

ഇന്നും ഗ്രാമീണ ഇന്ത്യയില്‍ കടുത്ത രീതിയില്‍ ഭൂപ്രഭുക്കളുടെ ചൂഷണവും ജാതിപരമായ വിവേചനവും അനുഭവിച്ചു, കന്നുകാലികലെക്കാളും പരിതാപകരം ആയ അവസ്ഥയില്‍ ആണ് ജനകോടികള്‍ ദുരിതം പേറി ജീവിതം ജീവിച്ചു തീര്‍ക്കുന്നത്. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകന് ഭൂമിയുടെ അവകാശവും,  അവന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക്  ന്യായമായ വിലയും ഉറപ്പു വരുത്തുന്ന കാര്‍ഷിക പരിഷ്കരണങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്ന ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ആണ് ഇന്നും യാഥാര്‍ത്ഥ്യം ആയിട്ടുള്ളത്.

സ്വാതന്ത്ര്യം നേടി ആറുവര്ഷം പിന്നിട്ടപ്പോള്‍ അഴിമതി ഒരു സംസ്കാരം ആയി മാറിയിരിക്കുന്നു. അഴിമതികൂടാതെ  അന്തസ്സുള്ള മനുഷ്യന്‍ ആയി ജീവിക്കുവാന്‍ ആവില്ല എന്നതായി അവസ്ഥ. ജനധിപത്യത്തിന്റെ ശ്രീകോവിലില്‍ ശതകോടീശ്വരന്‍മാര്‍ അടക്കി വാഴുന്നു.  ഭരണകൂടം കുത്തകവര്‍ഗ്ഗത്തിന്റെ ദല്ലാള്‍പണി നടത്തുമ്പോള്‍ ,  ഖജാനാവ് കൊള്ളയടിക്കുന്ന ലക്ഷക്കണക്കിന് കോടികളുടെ അഴിമതി കഥകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയുടെ തൂണുകള്‍ ആയ കോടതിയും മാധ്യമ രംഗവും എല്ലാം അഴിമതിയുടെ പങ്കാളികള്‍ ആയി കുത്തക താല്പര്യം ഉറപ്പു വരുത്തുവാന്‍ നിലകൊള്ളുന്നു. ഇരുട്ടിന്റെ മറവില്‍ കൊള്ളയടിക്കുന്ന കള്ളന്മാരെപോലെ അധികാരം ദുരുപയോഗം ചെയ്യുന്ന ജനവിരുദ്ധ വര്‍ഗ്ഗം,  സാമാന്യ ജനങ്ങളുടെ ഗൌരവതരം ആയ രാഷ്ട്രീയചിന്തകള്‍ വന്ധ്യംകരിക്കുവാന്‍ ലക്ഷ്യമിട്ട്  ബോധപൂര്‍വം അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്നു.

രാജ്യത്തിന്റെ ഭദ്രതക്കും ജനതയുടെ ഐക്യത്തിനും ഏറ്റവും ആവശ്യം എല്ലാ ജനവിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കുന്ന രാഷ്ട്രീയവും ഭരണവും ആണ്. മഹാഭൂരിപക്ഷം ജനതയെ പ്രാന്തവല്ക്കരിച്ചു കൊണ്ടുള്ള ഒരു വികസനം അല്ല നമുക്ക് ആവശ്യം. മുന്നോക്കംനില്‍ക്കുന്ന  ജനതയോടൊപ്പം പിന്നോക്കംനില്‍ക്കുന്ന ജനതയെ വളര്‍ത്തിയെടുക്കുന്നതും,  മുന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളോടൊപ്പം  പിന്നോക്കംനില്‍ക്കുന്ന പ്രദേശങ്ങളെയും ഉയര്‍ത്തികൊണ്ടു വരുന്നതും ആയിരിക്കണം നമ്മുടെ വികസന നയം.

എല്ലാവര്ക്കും ആധുനികമായ ആരോഗ്യ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടായിരിക്കണം. മനുഷ്യന്റെ അന്തസ്സോടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ജീവിക്കുവാന്‍ അവസരം ഉണ്ടാവണം. ആരും തന്നെ ആഹാരം മേടിക്കുവാന്‍ ഗതിയില്ലാതെ പട്ടിണി കിടക്കുന്നവരായി , ചികില്‍സക്ക് ഗതിയില്ലാതെ വലയുന്നവരായി , വസ്ത്രം മേടിക്കുവാന്‍ ഗതിയില്ലാതെ കൌപീനധാരികള്‍ ആയി  പുഴുക്കളെ പോലെ ജീവിക്കുന്ന അവസ്ഥ ഉണ്ടാവരുത്.

അടിമമാനസങ്ങളെ ആത്മബോധം ഉള്ള നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യരായി ജീവിക്കുവാന്‍ പ്രപ്തരാക്കുന്നതാവണം നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം. സങ്കുചിത ചിന്തകളുടെ അടച്ചിട്ട ലോകത്ത് നിന്ന്  മാനവികതയുടെ വിശാലമായ പൊതുമണ്ഡലത്തിലേക്ക് നമ്മുടെ സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ആനയിക്കുവാന്‍ പ്രേരണയേകുന്ന ആശയക്കരുത്ത്  രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാവണം. ഇവിടെ ബൂര്‍ഷാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപെട്ട - ആശയ ദാരിദ്രം അനുഭവിക്കുന്ന ഒരു ആള്‍കൂട്ടം ആയി ചുരുങ്ങുന്ന അവസ്ഥയാണ് നാം കാണുന്നത്.

ഒരു നല്ല സമൂഹം വാര്‍ത്തെടുക്കുന്നതിന് വേണ്ടിയുള്ള പ്രതികരണവും ഇടപെടലും പോരാട്ടവും  ജാഗ്രതയും ആയി നമ്മുടെ രാഷ്ട്രീയ ബോധം വളരേണ്ടതുണ്ട്. അത്തരം ഒരു പരിവര്‍ത്തനം
നമ്മുടെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഉണ്ടാവുമ്പോള്‍ , ഇന്ന് നാം രാഷ്ട്രീയ ഭരണ രംഗങ്ങളില്‍  കാണുന്ന ജനവിരുദ്ധ ദുഷ്ടമൂര്‍ത്തികള്‍ പൊതുമണ്ഡലത്തില്‍ നിന്ന് പാലായനം ചെയ്യേണ്ടി വരും. ഭരണകൂടം  കുത്തകവര്‍ഗ്ഗത്തിന്റെ ദല്ലാള്‍ പണി തുടരുമ്പോള്‍ അല്ല,  എല്ലാ വിഭാഗം ജനങ്ങളുടെയും  ക്ഷേമത്തിനും , രാജ്യത്തിന്റെ ശ്രേയസ്സിനും വേണ്ടി ജനങ്ങള്‍ നല്‍കിയ അധികാരം പ്രയോഗിക്കുമ്പോള്‍ ആണ് ജനാധിപത്യം ജനകീയം ആവുക.

നീതി നിഷേധിക്കപ്പെട്ടവന്റെ നീതിയും, അവകാശങ്ങള്‍ നിഷേധിക്കപെട്ടവന്റെ അവകാശങ്ങളും, അന്തസ്സ് നിഷേധിക്കപെട്ടവന്റെ അന്തസ്സും, അര്‍ഹമായ ജനവിഭാഗങ്ങള്‍ക്ക് നേടികൊടുക്കുവാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കണം. അതിനു തടസ്സം നില്‍ക്കുന്നതു  വ്യവസ്ഥിതിയും അതിന്റെ നിയമങ്ങളും ആണെങ്കില്‍ ,  ആ വ്യവസ്ഥിതിയും  നിയമവും  മനുഷ്യ വിമോചനത്തിന് ഉത്തകുന്നവിധം പൊളിച്ചെഴുതുവാന്‍ വേണ്ടതായ ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാവണം.
തീര്‍ച്ചയായും ഇന്ന് ഉറങ്ങികിടക്കുന്ന  ജനത നാളെ  ഉണരും. ജനങ്ങള്‍ ഉണരുമ്പോള്‍ ജനാധിപത്യത്തിന്റെ വസന്തം ഒരു യാഥാര്‍ത്ഥ്യം ആവും. അതാണ്‌ ചരിത്രം നമുക്ക് നല്‍കുന്ന പാഠം.