നമ്മുടെ മണ്ണും വിണ്ണും പ്രകൃതിയും നമുക്ക് നല്‍കുന്ന സന്ദേശം ഭേദചിന്തയില്ലാത്ത ഒരുമയുടെതാണ് - കൂട്ടായ്മയുടെതാണ്. അന്യോന ബന്ധങ്ങളും സഹകരണവും വിനിമയവും ഇടപെടലും കൂടാതെ ഒന്നും ഒന്നും സ്ഥായിയായി നിലനില്‍ക്കുന്നില്ല.
സൂക്ഷ്മ നിരീക്ഷണത്തില്‍ , വേരുകള്‍ തേടിയുള്ള ഏത് അന്വേഷണത്തിലും നമ്മുടെ സാമൂഹിക അടിത്തറ തികച്ചും മതേതരം ആണെന്ന് നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. പ്രകൃതിയിലുള്ള പദാര്‍ത്ഥങ്ങളും ഊര്‍ജവും, ഊരുംപേരും ജാതിയുംമതവും നമുക്കറിയാത്ത നിരവധി കൈവഴികളിലൂടെ സംസ്കരിക്കപ്പെട്ടു ഉല്‍പ്പനങ്ങള്‍ ആയി പരിണമിച്ചു നമ്മുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നു. നമ്മുടെ ആഹാരമായി വസ്ത്രമായി മരുന്നായി ഭവനംആയി ഭൌതികജീവിതത്തിനു സുഖം ഏകുന്ന ഉപാധികളായി നമ്മുടെ മുന്നില്‍ എത്തുന്നു. ജാതിമതഭേദങ്ങള്‍ ഇല്ലാത്ത പ്രകൃതിയുടെ വിഭവങ്ങള്‍ സംസ്കരിക്കപ്പെടുന്ന കൈവഴികള്‍ ഏതെങ്കിലും പ്രത്യേക ജാതിമത വിഭാഗങ്ങളിലൂടെയല്ല എന്നത് ലളിതമായ ഒരു വസ്തുതയാണ്.
മതേതരത്വം എന്നത് അഥവാ പരസ്പര പൂരകമായ ഏകത്വം എന്നത് പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും ജീവത്തായ നിലനില്‍പ്പിന്റെ താളം ആണ്. ഭേദ ചിന്തകളുടെ അതിരുകളില്‍ ഒതുങ്ങുന്ന, സ്നേഹവും കരുണയും നീതിയും അന്തസ്സും അവകാശവും മൂല്യ വിചാരങ്ങളും അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ തലത്തില്‍ വികസിക്കാതെ വഴിമുട്ടി നില്‍ക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍ നാം പങ്കു വെക്കേണ്ട ആശയങ്ങളും വികാരങ്ങളും ഇങ്ങിനെ വഴിമുട്ടി നില്‍ക്കുമ്പോള്‍ സാമൂഹിക വ്യവസ്ഥിതി ജീര്‍ണതയിലേക്ക് നീങ്ങുന്നു.സമൂഹത്തിന്റെ താളഭംഗത്തിനു കാരണം ആവുന്നു.
മനുഷ്യ സംകാരത്തിന്റെ ആധുനികതയുടെ ഭരണ വ്യവസ്ഥിതിയാണ് ജനാധിപത്യം. ജനാധിപത്യം എന്നതിന്റെ അര്‍ഥം ജനങ്ങളുടെ ആധിപത്യം എന്നാണല്ലോ. അല്ലാതെ ഭൂപ്രഭുക്കളുടെയോ , പ്രമാണിമാരുടെയോ സമ്പന്ന കുത്തകകളുടെയോ കള്ളപ്പണക്കാരുടെയോ ആധിപത്യം ജനാധിപത്യം ആവുന്നില്ല. എന്ത് കൊണ്ട് ജനാധിപത്യം അതിന്റെ അര്‍ത്ഥപൂര്‍ണതയിലേക്ക് വികസിക്കുന്നില്ല എന്നത് ചിന്തനീയം ആയ ഒരു വിഷയം ആണ്. പൌരന്റെ രാഷ്ട്രീയപ്രബുദ്ധതയുടെയും സാമൂഹികപ്രതിബദ്ധതയുടെയും വളര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു നാം ജീവിക്കന്ന രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥിതിയുടെ അര്‍ത്ഥപൂര്‍ണ്ണതയിലേക്കുള്ള രൂപപരിണാമ വികാസങ്ങള്‍ എന്ന് ലളിതമായി നമുക്ക് പറയാം.
പക്ഷെ അത്ര ലളിതം അല്ല ജനാധിപത്യത്തിന്റെ വികാസ വഴികള്‍ . വര്‍ഗ്ഗതാല്‍പര്യങ്ങളുടെ വൈരുദ്ധ്യങ്ങളും അന്തരങ്ങളും നിലനില്‍ക്കുന്ന ഒരു സാമൂഹികഘടനയില്‍ ജനാധിപത്യത്തിന്റെ അര്‍ത്ഥപൂര്‍ണ്ണ വികാസം അസാധ്യം. ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ ആണ് പ്രായോഗിക തലത്തില്‍ അവിടെ നടപ്പില്‍ ആവുക. സാമ്പത്തികഅടിത്തറയില്‍ ഊന്നിയ താല്പര്യവൈരുദ്ധ്യങ്ങള്‍ ഇല്ലാത്ത ഒരു സമൂഹത്തില്‍ മാത്രമേ ജനാധിപത്യത്തിന്റെ പൂര്‍ണ്ണമായ വികാസം സാധ്യമാവൂ.
സമ്പത്താണ് അധികാരം എന്നത് ശാസ്ത്രസത്യം. സമ്പത്തിന്റെ കേന്ദ്രീകരണം സമൂഹത്തിലെ ചെറുന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ അധികാരവും അവരില്‍ തന്നെ കേന്ദ്രീകരിക്കുന്നു. സമ്പത്ത് ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും എങ്ങനെ ആവണം എന്ന് സ്വന്തംതാല്പര്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ഈ ചെറുന്യൂനപക്ഷം തീരുമാനിക്കുന്നു. ഇതിനു മാറ്റം ഉണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തികഘടനയില്‍ സമൂലമായ പൊളിച്ചെഴുത്ത് നടക്കണം. സമ്പത്തിന്റെ വികേന്ദ്രീകരണം കൂടാതെ അധികാരത്തിന്റെ ജനകീയതയിലേക്കുള്ള വികേന്ദ്രീകരണം സാധ്യമല്ല. സമൂഹത്തിലെ ന്യൂനപക്ഷത്തിന്റെ അധികാരത്തിന്റെ കേന്ദ്രീകരണം നടക്കുന്ന ബൂര്‍ഷാ ജനാധിപത്യത്തെ മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന ഭരണ വ്യവസ്ഥിതിയായി മാറ്റുന്ന സമരരൂപത്തെയാണ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനകീയജനാധിപത്യം എന്ന ലക്ഷത്തിലേക്കുള്ള സമരം എന്ന് പറയുന്നത്.
മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന, ഒരു പിടി പേര്‍ക്ക് സ്വഗ്ഗവും മഹാഭൂരിപക്ഷത്തിന് നരകവും സമ്മാനിക്കുന്ന മഹാഅന്തരങ്ങളുടെതായ വ്യവസ്ഥിതി, നമ്മെ താല്പര്യങ്ങളുടെ വിവിധ ശ്രേണികളില്‍ നിലകൊള്ളുന്ന പരസ്‌പര ശത്രുക്കള്‍ ആക്കുന്നു. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണം. ഈ വ്യവസ്ഥിതിക്ക് മാറ്റം ഉണ്ടാവണം.
ഭൂമിയില്‍ മനുഷ്യന്‍ പിറക്കുന്നത് ഭേദചിന്തകളുടെതായ ഒരു പ്രത്യേക മുദ്രകളും കൂടാതെയാണ്. പിന്നീട് പിറന്നു വീഴുന്ന ഭൌതികലോകത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ അവനില്‍ ജാതിമത മുദ്രകള്‍ ചാര്‍ത്തുന്നു. ചൂഷണഅധിഷ്ടിത ലോകത്തിന്റെ മൂല്യരഹിതമായ കിടമല്‍സരങ്ങളും ചൂതാട്ടങ്ങളും അവനെ സാമ്പത്തിക സാമൂഹിക അന്തരങ്ങളുടെ ലോകത്ത് വിഭജിച്ചു നിര്‍ത്തുന്നു.
സത്യത്തില്‍ നമ്മള്‍ ഒന്നാണ്. നമ്മള്‍ ഒന്നായിരിക്കണം. ഞങ്ങള്‍ നിങ്ങള്‍ എന്ന സങ്കുചിതചിന്തയില്‍ നിന്ന് നമ്മള്‍ എന്ന വിശാലഭാവത്തിലേക്ക് നാം വളരണം. ഇത് ഒരു ഭാവനയോ സ്വപ്നമോ സങ്കല്‍പ്പമോ അല്ല. നിലനില്‍ക്കുന്ന വസ്തുനിഷ്ഠ അവസ്ഥകളില്‍ ഇടപ്പെട്ടു പ്രായോഗികമായ സമരരൂപങ്ങളിലൂടെ മോചനം ആഗ്രഹിക്കുന്ന മനുഷ്യസമൂഹം നേടിയെടുക്കേണ്ട ഒരു മഹത്തായ ലക്‌ഷ്യം ആണ്.
അന്തസ്സിലും അവകാശത്തിലും എല്ലാ മനുഷ്യരും തുല്യരാണ്. ആര്‍ക്കും ആരുടെ മേലും അധിനിവേശം നടത്തുവാന്‍ അവകാശം ഇല്ല. ഇരയും വേട്ടക്കാരനും എന്ന സാമൂഹിക അവസ്ഥ നിലനില്‍ക്കരുത് . സമൂഹത്തിലും ലോകത്തും സമാധാനം ഉണ്ടാവണമെങ്കില്‍ സുരക്ഷിതത്ത്വം ഉണ്ടാവണമെങ്കില്‍ അന്തരങ്ങളുടെ ചീത്ത മുദ്രകള്‍ പാടെ ഇല്ലാതാവണം.
അന്തസ്സിലും അവകാശത്തിലും എല്ലാ മനുഷ്യരും തുല്യരാണ്. ആര്‍ക്കും ആരുടെ മേലും അധിനിവേശം നടത്തുവാന്‍ അവകാശം ഇല്ല. ഇരയും വേട്ടക്കാരനും എന്ന സാമൂഹിക അവസ്ഥ നിലനിക്കരുത്. സമൂഹത്തിലും ലോകത്തും സമാധാനം ഉണ്ടാവണമെങ്കില്‍ അന്തരങ്ങളുടെ ചീത്ത മുദ്രകള്‍ പാടെ ഇല്ലാതാവണം. അന്തമായ അനുകരണങ്ങള്‍ അന്ധവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കാരണം ആവുന്നു. അറിവിന്‍റെപ്രകാശവും യുക്തിചിന്തയുടെജ്വാലയും കടന്നു ചെല്ലാത്ത അവസ്ഥയിലാണ് നാം അടിമമാനസങ്ങള്‍ ആയി മാറുന്നത്.
അടിമമാനസങ്ങള്‍ ജനാധിപത്യത്തിന്റെ മഹത്വപൂര്‍ണ്ണമായ വളര്‍ച്ചക്ക് വിഖാതം ആണ്. നമ്മുടെ ഭൌതികമായസമസ്യകളുടെ ഉത്തരം, അഭൌതികമായ കാരണങ്ങളില്‍ തേടുന്ന അവസ്ഥയില്‍ നിന്ന് നാം മോചിതരാവേണ്ടതുണ്ട്. നമ്മുടെ ഭൌതികമായസമസ്യകളുടെ, അവസ്ഥകളുടെ, വ്യവസ്ഥിതിയുടെ സ്രഷ്ടിസ്ഥിതിസംഹാരകന്‍ നാം തന്നെയാണ്. ഈ തിരിച്ചറിവ് നമ്മളില്‍ ഉണ്ടാവുമ്പോള്‍ വളരെ ക്രിയാത്മകം ആയി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കുവാന്‍ നമുക്ക് സാധിക്കും.
അന്തസ്സും അവകാശവും നിഷേധിക്കപ്പെട്ട ജീവിതാവസ്ഥയുടെ തടവറയില്‍ കഴിയുന്ന മഹാഭൂരിപക്ഷം വരുന്ന ജനകോടികളുടെ യഥാര്‍ത്ഥമോചനം സാധ്യമാവണമെങ്കില്‍ ഈ തിരിച്ചറിവ് അനുപേക്ഷണീയമാണ്. അത്തരം ഒരു ബോധ്യം സ്വന്തം അവസ്ഥ തിരിച്ചറിയുവാനും സംഘടിക്കുവാനും പൊരുതുവാനുമുള്ള ആശയപരമായ കരുത്ത് അവനു സമ്മാനിക്കും.
നാം രാഷ്ട്രീയ പ്രബുദ്ധരാവുമ്പോള്‍ ആണ് ജനാധിപത്യം കരുത്ത് നേടുക. നാം സാമൂഹിക പ്രതിബദ്ധതയുള്ള ജനതയാകുമ്പോള്‍ ആണ് നമ്മുടെ വ്യവസ്ഥിതിയില്‍ ഗുണപരം ആയ മാറ്റങ്ങള്‍ ഉണ്ടാവുക. കേവലം കുഞ്ഞാടുകള്‍ ആയി ഏതെങ്കിലും രാഷ്ട്രീയ പര്‍ട്ടികളില്‍ അണിനിരക്കുന്നത് കൊണ്ട് മാത്രം നാം രാഷ്ട്രീയ പ്രബുദ്ധര്‍ ആവുന്നില്ല.നാം നമ്മെ, നമ്മുടെ അന്തസ്സിനെ, നമ്മുടെ അവകാശത്തെ, നമ്മുടെ സാമൂഹികഅടിത്തറയെ തിരിച്ചരിയുന്നിടത്താണ് നാം ഒരു രാഷ്ട്രീയവ്യക്തി ആവുന്നത്.
ലോകചരിത്രത്തില്‍ അടിച്ചമാര്‍ത്തപെട്ട ജനതക്ക്, അവകാശങ്ങളും അന്തസ്സും നിഷേധിക്കപ്പെട്ട ജനതക്ക് , അടിമമാനസങ്ങള്‍ക്ക് ആത്മബോധത്തിന്റെ തിരിച്ചറിവിന്റെ വെളിച്ചം പകര്‍ന്ന മഹത്തായ ദര്‍ശനം ആണ് കമ്മ്യൂണിസം. കമ്മ്യൂണിസം സചേതനമായ സാമൂഹിക സാമ്പത്തിക ശാസ്ത്ര ദര്‍ശനം ആണ്. കമ്മ്യൂണിസം മനുഷ്യന്‍റെ മോചനത്തിന് വേണ്ടി പൊരുതുന്ന ജനതയുടെ ആശയപരമായ ആയുധം ആണ്. അത് ഒരു പിടി പേരുടെ സ്വഗ്ഗവും മഹാ ഭൂരിപക്ഷത്തിന്റെ നരകവും തീര്‍ക്കുന്ന ചൂഷണവ്യവസ്ഥിതിയെ അംഗീകരിക്കുന്നില്ല. നിരന്തരം വളരുന്ന അറിവിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ആധുനിക ഭൌതിക സമസ്യകളെ വിശകലനം ചെയ്യുകയും സമൂഹത്തിന്റെ മോചന മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യന്നു കമ്മ്യൂണിസം. ജനാധിപത്യത്തെ എല്ലാ അര്‍ത്ഥത്തിലും അര്‍ത്ഥപൂര്‍ണ്ണം ആക്കുക എന്നത് തന്നെയാണ് കമ്മ്യൂണിസത്തിന്റെ ലക്‌ഷ്യം. നിലനിക്കുന്ന തെറ്റായ സാമൂഹിക സാമ്പത്തികവ്യവസ്ഥിതിയെ തങ്ങിനിര്‍ത്തുന്ന എല്ലാ പ്രതിലോമ പ്രസ്ഥാനങ്ങളും കമ്മ്യൂണിസത്തെ എക്കാലവും നഖശിഖാന്തം എതിര്‍ക്കുന്നത് കമ്മ്യൂണിസത്തിന്റെ ശക്തിയും കരുത്തും ലക്ഷ്യവും നല്ലപോലെ തിരിച്ചറിഞ്ഞതു കൊണ്ടുതന്നെയാണ്.
No comments:
Post a Comment