Friday, November 2, 2012

മതഭീകരത തീര്‍ക്കുന്ന ഇരുട്ടില്‍ പ്രകാശം പരത്തുന്നു മലാല എന്ന പെണ്‍കുട്ടി !

മതങ്ങള്‍ നന്മയിലേക്കുള്ള വഴികാട്ടിയാണെന്നാണ് വിവിധ മതങ്ങളെ സ്വന്തം ജീവിതപാതയായി സ്വീകരിച്ചിട്ടുള്ള  ജനങ്ങള്‍ പൊതുവേ വിശ്വസിക്കുന്നത്. എന്നാല്‍ മതത്തിന്റെ തെറ്റായ വായനയും അത് തീര്‍ക്കുന്ന വികലമായ ബോധവും മനുഷ്യനെ കാടത്തത്തിലേക്ക്‌ തിരിച്ചു നയിക്കും എന്നതിന്റെ തെളിവാണ് താലിബാനും അതുപോലുള്ള സങ്കുചിത മതഭീകരവാദ പ്രസ്ഥാനങ്ങളും എന്ന് സമകാലിക അനുഭവങ്ങള്‍ വിളിച്ചോതുന്നു. 


ഇത് മലാല യൂസുഫ്‌സായ്‌ .
ഇരുട്ടിന്റെ കിരാത ശക്തികള്‍ക്കെതിരെ ധീരമായി നിലകൊണ്ട പതിനാലു വയസ്സുള്ള ഒരു കൊച്ചു ബാലികയുടെ കഥ.

സ്വന്തം നാടിന്റെ ഭരണം രണ്ടു വര്‍ഷം താലിബാന്‍ എന്ന ഇരുട്ടിന്റെ ഉപാസകരുടെ വരുതിയില്‍ ആയിരുന്നപ്പോള്‍ "വെളിച്ചത്തിന്റെ പുറം ലോകം" പെണ്‍ സമൂഹത്തിന് നിഷേധിക്കപ്പെട്ടു. പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നത് തെറ്റ് എന്ന് വിധിക്കപ്പെട്ടു. ഇരുട്ടിലേക്ക്‌ ഒതുക്കപ്പെട്ടതിന്റെ വേദനയും പ്രതിഷേധവും വിചാരങ്ങളും അസാമാന്യ ധീരതയോടെ, കേവലം പതിനൊന്നു വയസ്സില്‍ ഡയറി കുറിപ്പുകളായി കുറിച്ച് കൊണ്ട്, ഈ കൊച്ചുമിടുക്കി സമൂഹ ശ്രദ്ധയിലെക്കും ലോകശ്രദ്ധയിലേക്കും കൊണ്ടുവന്നു. താലിബാന്റെ കാട്ടാളത്തതിനു എതിരെ വെളിച്ചത്തിന്റെ ചൂട്ടായി തീര്‍ന്നു ഈ കൊച്ചുമിടുക്കിയുടെ കുറിപ്പുകള്‍ . മലാലായ്‌ "മതേതരത്വം" പ്രചരിപ്പിക്കുന്നു എന്ന് താലിബാന്‍ കുറ്റം ചുമത്തി. തികഞ്ഞ മതവിശ്വാസിയായ മലാലായ്‌, സ്ത്രീത്വത്തിന്റെ അന്തസ്സിന്റെ പ്രതീകമായി കൊണ്ട് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ധീരമായി പ്രതികരിച്ചതോടെ താലിബാന്റെ കണ്ണിലെ കരടായി തീര്‍ന്നു. 

താലിബാന്‍ എന്ന പ്രസ്ഥാനം സമൂഹത്തില്‍ പടര്‍ത്തുന്ന കാടത്തത്തിനെതിരെ ചിന്തിക്കുകയും ഉറക്കെ പറയുകയും ചെയ്തു എന്നതാണ് മലാലയുടെ കുറ്റം! മാലാല പാശ്ചാത്യ സംസ്കാരത്തിന്റെ ചാരയായി, തങ്ങളുടെ പ്രസ്ഥാനത്തിന് എതിരെ പ്രതികരിച്ചു എന്നത് കൊണ്ട് അവള്‍ മരണം അര്‍ഹിക്കുന്നു എന്നാണ് താലിബാന്റെ ന്യായവാദം. കേവലം വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി സംസാരിച്ചു എന്നതുകൊണ്ടല്ല, ഞങ്ങള്‍ നടത്തുന്ന "ജിഹാദിനെതിരെ" മലാല നിലകൊള്ളുകയും ചയ്തു എന്നതുകൊണ്ടാണ് ആക്രമണം നടത്തിയത് എന്നുമാണ് താലിബാന്‍റെ പ്രസ്താവന.


മാനവികതക്ക് വേണ്ടി, തുല്യതക്ക് വേണ്ടി, ജനാധിപത്യ പുരോഗമന ആശയങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് "വിശ്വാസ വിരുദ്ധമായ പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം" ആയിട്ടാണ് ഈ കൂട്ടര്‍ കരുതുന്നത്. മലാലയെ അഭിവാദ്യം ചെയ്യുന്ന "അവിശ്വാസികള്‍ " അവള്‍ക്കു അവാര്‍ഡുകളും റിവാര്‍ഡുകളും നല്‍കുമ്പോള്‍ ശതുവിന്റെ പക്ഷത്തു നിലകൊള്ളുന്ന അവള്‍ക്ക്, ഞങ്ങള്‍ മരണം സമ്മാനിക്കുന്നു എന്നാണു താലിബാന്റെ വിശദീകരണം. കിരാതമായ ഇവരുടെ നിലപാടുകള്‍ക്കും ചെയ്തികള്‍ക്കും കൂട്ടായി സാധൂകരണമായി, ഇവര്‍ "ദൈവവചന" ങ്ങളെയും കൂട്ടുപിടിക്കുന്നു.

ഇതൊന്നുമല്ല മതത്തിന്റെ സന്ദേശം എന്ന് നല്ലവാരായ മതവിശ്വാസികള്‍ ഈ കിരാതവര്‍ഗ്ഗങ്ങളെ തള്ളിപറഞ്ഞുകൊണ്ട് ലോകത്തോട് തുറന്നു പറയേണ്ടിയിരിക്കുന്നു. ഏതായാലും മലാലയുടെ നേരെയുണ്ടായ ഹീനമായ ആക്രമണം , പാകിസ്ഥാന്‍ ജനതക്കിടയില്‍ താലിബാന്‍ പോലുള്ള ഇരുട്ടിന്റെ ഉപാസകരായ പ്രസ്ഥാനങ്ങള്‍ക്ക് നേരെ പുതിയൊരു ഉണര്‍വ്വിനും തിരിച്ചറിവിനും പ്രതിരോധത്തിനും പ്രചോദനം ആയിരിക്കുന്നു എന്നത് ആശാവഹമാണ്.


സഹോദരീ, നിന്റെ പോരാട്ടം മനുഷ്യാവാകാശ പോരാട്ടത്തിന്റെ രജത രേഖയാണ്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രത്തില്‍ എന്നുമെന്നും നിന്റെ കൊച്ചു പോരാട്ടം ഓര്‍മ്മിക്കപ്പെടും. ഒരായിരം അഭിവാദ്യങ്ങള്‍ !
--------------------------------------------------------------------------------------------------
ഗുണപാഠം:
സമകാലിക സമസ്യകളില്‍ ഫലപ്രദമായി ഇടപെട്ടു മാനവികതയിലേക്ക്‌ വികസിക്കേണ്ട വിശ്വാസ പ്രമാണങ്ങള്‍ , തെറ്റായ വായനയിലൂടെ പിന്തിരിപ്പന്‍ ശക്തികള്‍ വികലബോധത്തിന് ഉര്‍ജ്ജം പകരുന്ന കാട്ടാള ദര്‍ശനമായി ചുരുക്കുമ്പോള്‍ താലിബാന്‍ പോലുള്ള കിരാത വര്‍ഗ്ഗങ്ങള്‍ മാനവികതക്കും മനുഷ്യന്റെ പുരോഗതിക്കും വിഘാതമായി വളരുന്നു.



No comments:

Post a Comment