Friday, January 4, 2013

മാറേണ്ട ജീര്‍ണ്ണതകള്‍ മാറ്റുവാന്‍ മാറുക നാം ആദ്യം.


ദാചാര ഘോഷണം വലിയതോതില്‍ നടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നലെകളിലും സ്ത്രീ പീഡിപ്പിക്കപ്പെട്ടിരുന്നു. സദാചാര കല്‍പ്പനകളുടെ ഭാഗമായി സീതയെ പോലുള്ള പതിവ്രതകളെ തീര്‍ത്ത പുരുഷാധിപത്യ സമൂഹം തന്നെയാണ് മറുപുറത്ത് മറകൂടാതെ വെപ്പാട്ടിയായും വേശ്യയായും സ്ത്രീയില്‍ കളങ്കിത മുദ്ര ചാര്‍ത്തിയതും എന്നതാണ് വസ്തുത.

ജനാധിപത്യ പൂര്‍വ്വകാലത്ത് ലോകമെമ്പാടും സമൂഹത്തില്‍ അധികാരവും ആധിപത്യവും പുലര്‍ത്തിവന്ന അധീശ പ്രമാണിവര്‍ഗ്ഗം, സ്വന്തം പെണ്ണിന്റെ പരിശുദ്ധിയില്‍ കര്‍ക്കശനിലപാട് സ്വീകരിക്കകയും മറുപുറത്ത് അന്യസ്ത്രീകളെ പീഡിപ്പിക്കുന്നത് സ്വന്തം അവകാശവും അധികാരവുമായി ആഘോഷിക്കുകയും ചെയ്തു. തമ്പുരാന്റെ ഹിതം അനുസരിക്കുക എന്നതാണ് തന്റെ ജീവിതദൌത്യം എന്ന് ദാസ്യബോധ്യം കാരണം വിശ്വസിച്ചു വന്ന സാധാരണ ജനം,  ഒരുപാടുകാലം ഒട്ടും പരാതിയോ പരിഭവമോ പ്രതിഷേധമോ കൂടാതെ പ്രമാണിമാര്‍ക്ക് വിനീതവിധേയരായി. സദാചാര കാപട്യം പണ്ടേ നമ്മുടെ സമൂഹത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ന് പേരിനൊരു ജനാധിപത്യ വ്യവസ്ഥിതിയുള്ള ഈ കാലത്തും സദാചാര കാപട്യം തുടരുന്നു!

ചരിത്രത്തിന്റെ ഇന്നലെകള്‍ തൊട്ടു തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീ പീഡന പര്‍വ്വത്തിലെ ഒരു ഏട് മാതമാണ് ഇപ്പോള്‍ ഇന്ത്യ ഒട്ടുക്കും പ്രതിഷേധങ്ങളുടെ അസാധാരണമായ ഉണര്‍വ്വ് തീര്‍ത്തിരിക്കുന്ന ദല്‍ഹി സംഭവം. മനുഷ്യന്‍ പിശാചായാല്‍ "കാല്‍പ്പനിക പിശാചു" പോലും വിറങ്ങലിച്ചു പോവും എന്ന് ബോധ്യപ്പെടുത്തുന്നു, ഡല്‍ഹിയില്‍ നടന്ന കിരാതമായ ബലാല്‍സംഗവും അതിനെ തുടര്‍ന്നുള്ള പെണ്‍കുട്ടിയുടെ മരണവും. ഇന്ന് ഉണ്ടായിട്ടുള്ള ഉണര്‍വ്വും സജീവമായ സംവാദങ്ങളും സഹജീവിയുടെ അവകാശവും അന്തസ്സും മാനിക്കുക എന്ന നിലക്കുള്ള സാമൂഹിക വ്യവസ്ഥിതിയുടെ മാറ്റത്തിനു ഉര്‍ജ്ജം പകരുന്നതാവണം. അല്ലാതെ തെരുവില്‍ ഉണരുന്ന ക്ഷോഭം കൊണ്ട് ഇവിടെ ഒരു മാറ്റവും സംഭവിക്കില്ല. ഇനിയും ഇതുപോലുള്ള ഹത്യകളും പീഡനങ്ങളും നാടിന്റെ പലകോണുകളിലായി തുടര്‍ന്ന് കൊണ്ടിരിക്കും.

ചൂഷകവര്‍ഗ്ഗം ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗസമൂഹത്തില്‍ അല്ലാതെ, വര്‍ഗ്ഗരഹിത സമൂഹത്തില്‍ ഫ്യൂഡല്‍ സംസ്കാരത്തിനും, പുരുഷാധിപത്യത്തിനും പ്രസക്തിയില്ല. അവിടെ പ്രമാണിയും വിധേയനും ഇല്ല. ചൂഷണവും പീഡനവും അനുഭവിക്കുന്ന മനുഷ്യന്റെ പൊതുവായ വിമോചനസമരത്തില്‍ നിന്ന് വേറിട്ടുകൊണ്ട് സ്ത്രീയുടെ അന്തസ്സിനെയും സ്വാതന്ത്രത്തെയും സുരക്ഷിതത്തെയും കുറിച്ച് നടക്കുന്ന ഏതൊരു സംവാദവും അപൂര്‍ണ്ണമായിരിക്കും.

ഇന്ന് നാം ജീവിക്കുന്ന സമൂഹത്തില്‍ ഫ്യൂഡല്‍ സംസ്കാരത്തിന്റ് ജീര്‍ണ്ണതയും അതിന്റെ ആശയ വിശ്വാസങ്ങളുടെ സ്വാധീനവും വളരെ ശക്തമാണ്. ബോധപൂര്‍വ്വമായ തിരസ്കരണം കൂടാതെ നമുക്കതില്‍ നിന്നുള്ള മുക്തിയുണ്ടാവില്ല. മനുഷ്യ സമൂഹത്തില്‍ വികസിതമായ ആശയങ്ങളും സംസ്കാരവും കടന്നു വന്നത് വിപ്ലവകരമായി ചിന്തിച്ച പൂര്‍വ്വികര്‍ ധീരമായ നിലപാട് സ്വീകരിച്ചു    ജീര്‍ണ്ണിച്ച ആശയങ്ങളെയും വിശ്വാസങ്ങളെയും നിരാകരിച്ചതുകൊണ്ടാണ്. അതിന്റെ തുടര്‍ച്ചയുണ്ടാവുക എന്നതാണ് ഇന്ന് നാം സ്വീകരിക്കേണ്ട വഴി. എങ്കില്‍ മാത്രമേ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വ്യവസ്ഥിതിയുടെയും ഗുണപരമായ മാറ്റം സംഭവിക്കുകയുള്ളൂ.

നാം പുറത്തേക്ക് നോക്കി ക്ഷോഭിക്കുന്നതോടൊപ്പം അകത്തേക്ക് നോക്കി നമ്മെ തന്നെ നിരന്തരമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ ഭാഷയിലും പ്രയോഗത്തിലും നിലപാടുകളിലും പിന്തിരിപ്പന്‍ പുരുഷാധിപത്യ സ്വാധീനം എന്തുമാത്രം ഉണ്ട് എന്ന് പരിശോധിക്കണം. നമ്മുടെ വിപ്ലവബോധത്തിന്റെയും നാം ഉള്‍കൊള്ളുന്ന ജനാധിപത്യ സംസ്കാരത്തിന്റെയും പ്രയോഗം ആദ്യം നമ്മുടെ കുടുംബത്തിനു അകത്തു തുടങ്ങണം. നാം സാധാരണ കേള്‍ക്കാറുള്ള നീയൊരു ആണല്ലേ എന്ന ആക്ഷേപവും നീയൊരു പെണ്ണല്ലേ എന്ന ആക്ഷേപവും പുരുഷാധിപത്യ അവബോധം തീര്‍ക്കുന്ന ചോദ്യങ്ങള്‍ ആണ് എന്ന് നാം തിരിച്ചറിയണം. പകരം മാനവികതയുടെ എതിര്‍ചേരിയില്‍ സഞ്ചരിക്കുന്നവരുടെ നേരെ നീയൊരു മനുഷ്യനല്ലേ എന്ന ചോദ്യം ആവട്ടെ നമ്മുടെ ചിന്തകളിലും ഭാഷയിലും വാക്കുകളിലും.




 

No comments:

Post a Comment