Friday, January 4, 2013

ഇന്ത്യയുടെ മകള്‍ കണ്ണടച്ചു. ഇന്ത്യയുടെ ജ്യോതി കണ്ണടച്ചു. കണ്ണീരോടെ വിട.

അവളുടെ ദേഹത്ത് മനുഷ്യത്ത്വം പൂര്‍ണ്ണമായും നഷ്ടപെട്ട കാമവെറിപൂണ്ട ഒരു കൂട്ടം പിശാചുക്കള്‍ അതിഭീകരമായ താണ്ടവം നടത്തി . ബോധം നഷ്ടപ്പെടുന്നത് വരെ തന്നെ കടിച്ചുകീറുവാന്‍ സായുധരായി വന്ന പിശാചുക്കളുമായി അതിധീരമായി പൊരുതി. ശരീരത്തിന് മാരകമായി ആഘാതം സംഭവിച്ച അവസ്ഥയിലും ബോധം വീണ്ടു കിട്ടിയപ്പോള്‍ അസാധാരണമായ മനകരുത്തോടെ അവള്‍ ജീവന് വേണ്ടി പൊരുതി. 

ഈ സംഭവം ഉണ്ടാക്കിയ നടുക്കം നമ്മുടെ രാജ്യത്ത് എങ്ങും നീതിക്ക് വേണ്ടിയുള്ള വലിയ നിലവിളികള്‍ തീര്‍ത്ത്‌ കൊണ്ടിരിക്കുകയാണ്.  സ്ത്രീക്ക് ഒട്ടും സുരക്ഷിതത്ത്വം ഇല്ലാത്ത നാടെന്ന അപകീര്‍ത്തി നേരിടുന്ന നമ്മുടെ നാടിന്റെയും സമൂഹത്തിന്റെയും അവസ്ഥയെ കുറിച്ച് അതിന്റെ കാരണങ്ങളെ കുറിച്ച്  പരിഹാരങ്ങളെ കുറിച്ച് സജീവമായ സംവാദങ്ങളും പ്രതികരണങ്ങളും നടക്കുന്നു. നീതിയുടെയും നിയമത്തിന്റെയും സമീപനത്തിന്റെയും മാറ്റങ്ങള്‍ക്കു വേണ്ടി ഉയരുന്ന ഈ  ശബ്ദങ്ങള്‍ ഈ ദുഖവേളയിലും ഭാവിയെ കുറിച്ച് നമുക്ക് പ്രതീക്ഷയേകുന്നു.

നമ്മുടെ സ്വന്തം സഹജീവികളാണ് സ്ത്രീകള്‍ . അവര്‍ക്ക് പൂര്‍ണ്ണമായ സുരക്ഷിതബോധത്തോടെ നമ്മുടെ സമൂഹത്തില്‍ ഇടപെടുവാനും സഞ്ചരിക്കുവാനും ജീവിക്കുവാനും സാധിക്കണം. അല്ലെങ്കില്‍ നമ്മുടെ ജനാധിപത്യത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും അഭിമാനിക്കുവാന്‍ നമുക്ക് ഒട്ടും അവകാശമില്ല.
.................................................................................................
ദല്‍ഹിയില്‍ നടന്ന ഓടുന്ന ബസ്സിലെ കിരാതമായ കൂട്ടബലാല്‍സംഗം ഒറ്റപ്പെട്ട സംഭവമല്ല. പൈശാചികമായ സ്ത്രീപീഡനങ്ങളും ബലാല്‍സംഗങ്ങളും ഒരു തുടര്‍ക്കഥയായി ഇന്ത്യയുടെ പലഭാഗങ്ങളിലും നടക്കുന്നു. അധികാരികള്‍ ജാതിമത രാഷ്ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയമായി കര്‍ശനമായ നിയമനടപടികളും നിലപാടുകളും ഈ വിഷയത്തില്‍ സ്വീകരിക്കുന്നില്ല. പീഡനങ്ങളിലെ പ്രതികളായ പണവും പ്രതാപവും ഉള്ള ഏഭ്യന്മാര്‍ നിയമത്തിന്‍റെ കുരുക്കില്‍പ്പെടാതെ സ്വര്യവിഹാരം നടത്തുന്നതായിട്ടാണ് പൊതുസമൂഹം കാണുന്നത്.

തരവും തക്കവും ഒക്കുമ്പോള്‍ സ്ത്രീപീഡനങ്ങള്‍ക്ക് മുതിരുന്ന കാമവെറിയന്മാര്‍ നമ്മുടെ രാജ്യത്ത് എങ്ങും ഉണ്ട്. സമൂഹത്തിന്‍റെ പുരുഷമേധാവിത്ത്വ ചിന്തകള്‍ തീര്‍ക്കുന്ന സാംസ്കാരികജീര്‍ണ്ണതയുടെ ഭൂമികയാണ് സ്ത്രീപീഡനങ്ങള്‍ക്കുള്ള ഉള്‍പ്രേരണയായി പരിണമിക്കുന്നത്. സാമൂഹിക ജീവിതത്തിലെ തന്‍റെ അര്‍ദ്ധപാതിയാണ് സ്ത്രീയെന്നും, അവളുടെ വ്യക്തിത്ത്വവും അന്തസ്സും മാനിക്കപ്പെടണം എന്നതും മറന്നുകൊണ്ട്, സ്ത്രീയെ കേവലം കാമത്തിന്‍റെ ഉപാധിയായി മാത്രം കാണുന്ന വികലമായ സാംസ്കാരികബോധം മാറേണ്ടതുണ്ട്. സമൂഹഗാത്രത്തില്‍ സ്ത്രീയെക്കാള്‍ ഉപരിയായ അവകാശവും അന്തസ്സും വ്യക്തിത്ത്വവും സ്വാതന്ത്ര്യവും പുരുഷനില്ല എന്ന തിരിച്ചറിവ് “സ്ത്രീയും പുരുഷനും” ഉള്‍കൊള്ളുന്ന നമ്മുടെ സമൂഹത്തിനു ഉണ്ടാവണം.

പീഡിതരായ സ്ത്രീകളെ അവമതിപ്പോടെ കാണുമ്പോള്‍ പീഡനകേസരികളായ പുരുഷന് മാന്യതയും സ്വീകാര്യതയും നല്‍കുന്നത് പുരുഷമേധാവിത്ത്വ സംസ്കാരത്തിന്‍റെ സദാചാരം കാപട്യമാണെന്ന് പറയാതെ വയ്യ. ഇവിടെ നീതിയും ചട്ടവും മാത്രമല്ല, സംസ്കാരവും സമീപനവും മാറേണ്ടതുണ്ട്. പുരുഷമേധാവിത്വം തന്നിഷ്ടപ്രകാരം അടിച്ചേല്‍പ്പിക്കുന്നതായ വിലക്കുകളും വേലികളും “മറക്കുടകളും” ഇല്ലാതാവണം.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പുരുഷന്‍റെ അര്‍ദ്ധപാതിയാണ് സ്ത്രീ എന്ന മാനവികചിന്ത ഉള്‍കൊള്ളുന്ന പുതിയൊരു സ്ത്രീപുരുഷ ചിന്തയും സംസ്കാരവും വളര്‍ന്നു വരേണ്ടതുണ്ട്. മാനുഷിക ബന്ധങ്ങളില്‍ ലിംഗഭേദം കൂടാതുള്ള തുല്യത അംഗീകരിക്കുവാന്‍ വൈമനസ്യം കാട്ടുന്ന പിന്തിരിപ്പന്‍ ആശയങ്ങള്‍ മാറേണ്ടതുണ്ട്. അതിലേക്ക്കൂടി വിരല്‍ചൂണ്ടുന്നതാവട്ടെ സ്ത്രീയുടെ അന്തസ്സിനും സുരക്ഷിതത്ത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വളര്‍ന്നു വരുന്ന പോരാട്ടങ്ങള്‍
 .


ജനാധിപത്യം അഭിസംബോധനം ചെയ്യുന്നത് അതിരുകളും കള്ളികളും തീര്‍ക്കുന്ന ഫ്യൂഡല്‍ ആശയ വിശ്വാസ മണ്ഡലങ്ങളെയല്ല. ലിംഗ ഭേദത്തിന്റെ അതിരുകളും കള്ളികളും കൂടാതെ നീതി പുലരുന്ന സമൂഹത്തിലേ സ്ത്രീക്ക് സുരക്ഷയുണ്ടാവൂ. അത്തരം ഒരു സാമൂഹിക മാറ്റത്തിന് അഗ്നി കൊളുത്തുന്നതാവട്ടെ നമ്മുടെ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും.











No comments:

Post a Comment