മനുഷ്യന്റെ നീതിയും അവകാശങ്ങളും അടിച്ചമർത്തപ്പെട്ട വ്യവസ്ഥിതിയിൽ, വിനീതവിധേയരായി ജീവിക്കുന്ന അടിമമാനസങ്ങൾ നിസ്സംഗതയുടെ മൂകഭാവത്തിൽ തീർക്കുന്ന സമാധാനത്തെക്കാളും, ഭാവിപ്രതീക്ഷയേകുന്നത് എതിരുകളോട് ഏറ്റുമുട്ടുന്ന അവകാശബോധമുള്ള ജനതയുടെ പ്രതികരണവും പോരാട്ടവും തീർക്കുന്ന സംഘർഷഭരിതമായ സാമൂഹികാവസ്ഥയാണ്.
വൈരുദ്ധ്യങ്ങളുടെ സംഘർഷഭരിതമായ അന്യോന്യബന്ധങ്ങൾ പ്രകൃതിനിയമമാണ്. വൈരുദ്ധ്യങ്ങളുടെ വ്യവസ്ഥിതിയിൽ സമൂഹം മാറുന്നതും വളരുന്നതും എതിരുകളോട് ഏറ്റുമുട്ടുന്ന സംഘർഷഭരിതമായ അവസ്ഥാന്തരങ്ങളിലൂടെയാണ് എന്നത് ശാസ്ത്രസത്യമാണ്. സമൂഹത്തിന്റെ പുരോഗതി അടിച്ചമർത്തപ്പെട്ട ജനത നാവടക്കി തലകുനിച്ചു പണിയെടുക്കുന്നതിലൂടെ മാത്രമേ സാധ്യമാവൂ എന്ന വലുതുപക്ഷചിന്ത പ്രകൃതിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ്.
അന്നത്തേ അടിയന്തിരാവസ്ഥയുടെ കാലം എത്ര നന്നായിരുന്നു എന്ന് ചൂഷകവർഗ്ഗം, ഓർമ്മയുടെ മധുരം നുണയുന്നത് സ്വാഭാവികം! നാളെയുടെ ഭരണമോഡിയിൽ ഈ കൂട്ടർ ഫാസിസത്തിന്റെ സ്തുതിപാഠകരയാലും അത്ഭുതമില്ല! ജനാധിപത്യവിരുദ്ധ യാഥാസ്ഥിതികചിന്തയുടെ പരിസരത്ത് അലസജീവിതം നയിക്കുന്ന ജനത, കുത്തക മാധ്യമങ്ങളുടെ നിത്യേനയുള്ള "മോഡിസ സ്തുതിഗീതങ്ങൾ" കേൾക്കുമ്പോൾ, ഇതിനൊക്കെ തപ്പ് കൊട്ടുന്നതും സ്വാഭാവികമായ അവസ്ഥതന്നെ.
വ്യവസ്ഥിതിയുടെ അധികാര ശക്തികൾ തനിക്ക് ചുറ്റും തീർത്ത അടിമചങ്ങലകൾ തിരിച്ചറിയുന്ന, രാഷ്ട്രീയപ്രബുദ്ധത സ്വായത്തമാക്കിയ ജനാധിപത്യ ശക്തികൾക്ക് മാത്രമേ, ഏത് കരാളമായ കാലഘട്ടത്തിലും ജനാധിപത്യത്തിന്റെ കാവലാൾ ആകുവാൻ സാധിക്കുകയുള്ളൂ!
No comments:
Post a Comment