Saturday, June 21, 2014

ജനതയുടെ ജാഗ്രതകുറവും വർഗീയശക്തികളുടെ മുന്നേറ്റവും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാവിയും...

കടുത്ത വര്ഗീയമന്ത്രണങ്ങളിലൂടെ - വിഭാഗീയ ചിന്തയുടെ പ്രചാരണത്തിലൂടെ രാഷ്ട്രീയശക്തിയായി തീര്ന്ന ഒരു പ്രസ്ഥാനം, കുത്തകവര്ഗ്ഗത്തിന്റെ പല്ലക്കില് ഏറി, ഇന്ത്യയുടെ അധികാര സോപാനത്തില് കാലുറപ്പിക്കുന്നു എന്നത് ജനാധിപത്യത്തിനു കടുത്ത വെല്ലുവിളിയാണ്. അധികാരത്തില് വാഴുന്ന വര്ഗീയതയെ, എങ്ങിനെ പ്രതിരോധിക്കണം എന്നത് എല്ലാ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ഗൌരവപൂര്വ്വം ചിന്തിക്കേണ്ട വിഷയമാണ്. 

നാട്ടില് എമ്പാടും അരങ്ങുനിറഞ്ഞു വാഴുന്ന ജാതിമതവര്ഗീയ പ്രസ്ഥാനങ്ങളുടെ, നാടിന്റെ മതേതര സംസ്കാരത്തെ വെല്ലുവിളിക്കുന്ന പരസ്യമായ ധിക്കാരനിലപാടുകള്ക്ക് നേരെ, മതേതരത്വം ഘോഷിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നിസ്സംഗതയും അലസനിലപാടുകളും വോട്ടുലാക്കാക്കിയുള്ള സംബന്ധങ്ങളുമാണ് കടുത്ത വര്ഗീയതയുടെ നിറക്കൂട്ടുകള്ക്ക് സമൂഹത്തില് മാന്യതയും സ്വീകാര്യതയും ഏകിയത് എന്ന കാര്യം വിമര്ശനപരമായി പറയാതെ വയ്യ.  ജനതയുടെ വര്ഗ്ഗപരമായ ഏകീകരണവും വിമോചന പോരാട്ടങ്ങളും ദുര്ബലപ്പെടുത്തുവാന് ഏറ്റവും ഫലപ്രദമായ ഉപാധിയായി, അംബാനിമാരെ പോലുള്ള രാജ്യത്തെ കുത്തകചൂഷകവര്ഗ്ഗങ്ങള് വര്ഗീയപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയവളര്ച്ചയെ കാണുന്നു എന്നതും ഒരു വസ്തുതയാണ്. 

സാങ്കേതികമായി നോക്കുമ്പോള് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. പക്ഷെ ആറുദശകം പിന്നിട്ടിട്ടും നാം ഇന്നും യഥാര്ത്ഥമായ ഒരു ജനാധിപത്യ സമൂഹമായി മാറിയിട്ടില്ല. നമ്മുടെ സമൂഹത്തില് മഹാഭൂരിപക്ഷവും ജനാധിപത്യ വിരുദ്ധമായ സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും പഴകി ജീര്ണ്ണിച്ച ഭാണ്ഡം പേറുന്നവര് ആണെന്ന ദുഃഖ സത്യം പറയാതെ വയ്യ. ഇന്നും നമ്മുടെ രാജ്യത്ത് ജാതിമത വര്ഗീയ ജീര്ണ്ണചിന്തകള് നിറഞ്ഞു വിലസുകയാണ്.

ജനാധിപത്യ വിരുദ്ധമായ ഫയൂടല് ആശയങ്ങളുടെ സ്വാധീനത്തില് നിന്ന് മുക്തരല്ല, നിരക്ഷരതയില് നിന്നും ദാരിദ്ര്യത്തില് നിന്നും നിന്നും ദുരിതജീവിതത്തില് നിന്നും വിമോചനം നേടുവാന് അവസരം ലഭിച്ചിട്ടില്ലാത്ത ഈ രാജ്യത്തെ ജനകോടികള്. വിദ്യകൊണ്ടും സാമര്ത്ഥ്യം കൊണ്ടും സമ്പന്നത കൊണ്ടും ആധുനികതയുടെ വേഷഭൂഷങ്ങളും, ഭാവഹാവങ്ങളുമായി സുഖസുന്ദര ജീവിതം നയിക്കുന്ന ഇടത്തരം ജനവിഭാഗങ്ങളിലും പ്രതിലോമ പിന്തിരിപ്പന് ആശയങ്ങളുടെ സ്വാധീനം വളരെ ശക്തമാണ്. ഇത്തരം ഒരു പരിപ്രേക്ഷ്യത്തില് എങ്ങിനെയാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി അര്ത്ഥപൂര്ണ്ണമാവുക? 

വിശ്വാസ സ്വതന്ത്രവും ഉറപ്പുവരുത്തുക എന്നത് മാത്രമല്ല മതേതരത്ത്വത്തിന്റെ ഉള്ളടക്കം. മതമൌലികവാദവും വ്യവസ്ഥാപിത വിശ്വാസ സംഹിതകളുടെ സാമൂഹിക മേധാവിത്തവും നിലനില്ക്കുന്ന ഒരു രാജ്യത്തും ശരിയായ ജനാധിപത്യം പച്ചപിടിക്കില്ല. മതേതര-മതനിരപേക്ഷ സംസ്കാരം എന്നത്, ജനാധിപത്യത്തിന്റെ പ്രാണവായുവാണ്- ജനാധിപത്യത്തിന്റെ അടിത്തൂണ് ആണ്. ജാതി-മത വംശ-വര്ണ്ണ ലിംഗ-ഭാഷാ ഭേദചിന്തകള് ഒട്ടുമില്ലാതെയുള്ള ഭരണകൂടത്തിന്റെയും സമൂഹത്തിന്യും സമീപനങ്ങളെ അടയാളപ്പെടുത്തുന്നു മതേതരത്വം. സാമൂഹിക ജീവിതഭദ്രതക്ക് കോട്ടമേകാത്ത - സഹജീവികള്ക്ക് ഹാനികരമല്ലാത്ത സ്വതന്ത്രചിന്തയുടെ വിമര്ശനങ്ങളുടെ ആവിഷ്കാരത്തിന്റെ തുറന്നുപറച്ചിലിന്റെ സംവാദങ്ങളുടെ അവകാശമാണ് മതേതരത്വം. തനിക്ക് ബോധ്യമാവുന്ന ഏതു വിശ്വാസ പ്രമാണത്തെയും ദര്ശനത്തെയും സ്വീകരിക്കുവാനും നിഷേധിക്കുവാനും ഉള്ള അവകാശമാണ് മതേതരത്വം. 

കടുത്ത വര്ഗീയ ഫാസിസത്തിന്റെ പര്യായമായി തീര്ന്ന മോഡിയുടെ കയ്യില് ഇന്ത്യയുടെ അധികാരം വന്നുപെട്ടതോടെ നമ്മുടെ രാജ്യത്തിന്റെ മതേതര സംസ്കാരത്തിന്റെ ഭാവി എന്താവും എന്നത് സജീവ ചര്ച്ചാവിഷയമായി തീര്ന്നിരിക്കുന്നു. അസഹിഷ്ണതയുടെ ത്രിശൂലം പേറുന്ന സംഘപരിവാറിന്റെ കര്സേവകര് അധികാരത്തിന്റെ ഇടനാഴികകളില് സ്വര്യവിഹാരം നടത്തുന്ന പുതിയ കാലത്ത് നമ്മുടെ രാജ്യത്തിന്റെ മതേതര സംസ്കാരത്തിന് എന്തൊക്കെ രൂപാന്തരം സംഭവിക്കും എന്നത് ആശങ്കയുളവാക്കുന്ന ചോദ്യമാണ്.

ജനതയുടെ നീതിക്കും അവകാശങ്ങള്ക്കും വേണ്ടിയുള്ള പ്രതികരണവും പ്രതിഷേധവും സമരവും പ്രതിരോധവും ഇല്ലാതെ പോകുന്ന ജനങ്ങളുടെ ഭീതിയും നിസ്സംഗതയും ജനാധിപത്യത്തിന്റെ മരണമാണ്. ജാതിമതങ്ങള് നിര്ണ്ണയിക്കുന്ന അതിരുകള് ഇല്ലാതെ, ഭീതി കൂടാതെ, വിധേയത്വം കൂടാതെ, തികച്ചും സ്വതന്ത്രമായ ജനങ്ങളുടെ ക്രിയാത്മക ഇടപെടലുകള് അസാധ്യമായി തീരുന്ന അവസ്ഥയില്, ജനാധിപത്യം അകംപൊള്ളയായ നോക്കുക്കുത്തിയായി പരിണമിക്കും!

കൊലവിളിയുമായി വര്ഗീയതയുടെ തിമിരം ബാധിച്ച ദുഷ്ടശക്തികള് മൃഗീയതാണ്ടവം ആടുമ്പോള്, സാമൂഹിക ബന്ധങ്ങളില് മറക്കാനാവാത്ത മുറിവുകള് തീർത്തുകൊണ്ട്, ചോരയില് കുതിര്ന്നു പിടഞ്ഞു മരിക്കുന്നത് ഹിന്ദുവോ മുസല്മാനോ അല്ല, ഒരേ ചോരയില് പിറന്ന മനുഷ്യരാണ് എന്ന സത്യം അവര് തിരിച്ചറിയുന്നില്ല.

ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് പല കാലങ്ങളായി ചെറുതും വലുതുമായ ധാരാളം വര്ഗീയ കലാപങ്ങള് നടന്നിട്ടുണ്ട്. വിശ്വാസത്തിന്റെ മറവില് വംശവെറിയുടെ ദുര്മന്ത്രങ്ങള് നടത്തുന്ന സാമൂഹ്യദ്രോഹികളായ വര്ഗീയ ശക്തികള് പൊലിപ്പിച്ചെടുക്കുന്ന കലാപങ്ങളില് ഇരകളായി തീരുന്നത് പാവപ്പെട്ട ജനങ്ങളാണ്. എന്നാല് ഗുജറാത്തില് നടന്ന വംശീയ കലാപം സമാനതകള് ഇല്ലാത്ത പുതിയൊരു പരീക്ഷണമായിരുന്നു. സര്ക്കാര് മെഷിനറിയെ പൂര്ണ്ണമായും നിശ്ചലമാക്കി നിർത്തി കൊണ്ട് സംഘപരിവാര് ഫാസിസത്തിന്റെ വിശ്വരൂപത്തില് താണ്ടവമാടിയ കലാപമായിരുന്നു ഗുജറാത്തില് കണ്ടത്.

അധികാരത്തിന്റെ ആശിര്വാദത്തോടെ അരങ്ങേറിയ ഫാസിസ്റ്റ് ഭീകരതയുടെ വാർത്ത-കളിലൂടെ ദേശത്തും വിദേശത്തും പ്രചുരപ്രചാരം നേടിയെടുത്ത നരേന്ദ്രമോഡിയുടെ കൈകളില് നമ്മുടെ രാജ്യത്തിന്റെ ഭരണം എത്തിച്ചേര്ന്നു എന്നത് തീര്ച്ചയായും ലജ്ജാകരമാണ്. വംശവെറിയുടെ വിചാരധാര ഉള്കൊള്ളുന്ന സംഘപരിവാറിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ആയിരിക്കും ഇനി നമ്മുടെ രാജ്യത്തിന്റെ ഭരണചക്രം തിരിയുക എന്നത് അത്യന്തം ആശങ്കാജനകമാണ്.

ഒരു പൌരന് എന്ന നിലക്കുള്ള അവകാശത്തെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും കൃത്യമായ തിരിച്ചറിവ് ജനങ്ങള്ക്ക് ഇല്ലാതെ പോയാല്, ജനാധിപത്യം ഇന്നും നാം നമ്മുടെ രാജ്യത്ത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നത് പോലെ അതീവ വികലമായിരിക്കും. കേവലം ജനങ്ങള് വോട്ടുചെയ്തു തെരഞ്ഞെടുക്കുന്നു എന്നത് കൊണ്ട് മാത്രം ജനാധിപത്യം മഹത്തരമാകുന്നില്ല. അവരുടെ വോട്ടുനിര്ണ്ണയിക്കുന്ന ഘടകങ്ങള് എന്താണ് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. 

വ്യവസ്ഥാപിത രാഷ്ട്രീയപാര്ട്ടികളുടെ അണികളില് പോലും അരാഷ്ട്രീയതയുടെ യാന്ത്രികചിന്തയും നിസ്സംഗതയും ആഫ്രിക്കന് പായല് പോലെ പടരുന്ന ഈ കാലത്ത് ജനാധിപത്യ രാഷ്ട്രീയബോധങ്ങള് ആല്ല സമ്മതിദായകരുടെ വോട്ടു നിര്ണ്ണയിക്കുന്നത്. "ആര് ഭരിച്ചാലും കണക്ക് തന്നെ" - "ആര് ഭരിച്ചാലും നാട് നന്നാകില്ല" എന്ന അരാഷ്ട്രീയ വായ്ത്താരികള് നടത്തുന്ന ജനങ്ങള്, അലസമായി നിര്ണ്ണയിക്കുന്ന ജനാധിപത്യം ഒരുതരം ചൂതാട്ടകളിയാണ്. അവിടെ പരനാറിയും കൊലയാളിയും അഴിമതിക്കാരനും വര്ഗീയകോമരങ്ങളും ഒക്കെ ലക്ഷങ്ങളുടെ വോട്ടുനേടി ജയിച്ചു ചിരിതൂകി നില്ക്കുന്നത് സ്വാഭാവികം! 

രാഷ്ട്രീയപാര്ട്ടികളുടെ പ്രകടനപത്രികയോ പ്രത്യയശാസ്ത്രമോ ഗൌരവപൂര്വ്വം വായിച്ചു മനസ്സിലാക്കിയല്ല തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തില് വലിയൊരു വിഭാഗം ജനങ്ങള് പങ്കാളികളാകുന്നത്. അഴിമതിയും വര്ഗീയതയും കുത്തകപ്രീണനവും ഒക്കെയാണ് ജനങ്ങളെ മഥിക്കുന്ന പ്രശ്നങ്ങള് എങ്കില്, ഒരിക്കലും കോണ്ഗ്രസിന് പകരം ബി.ജെ.പിയെ ജനങ്ങള് അധികാരത്തില് ഏറ്റുമായിരുന്നില്ല. ഇവിടെ ജനവിധി തീരുമാനിക്കപ്പെടുന്നത് തന്ത്രങ്ങളുടെയും, അനേകായിരം കോടികള് മുടക്കിയുള്ള പ്രചണ്ടമായ പ്രചാരണങ്ങളുടെയും ബലത്തിലാണ്. ജാതിയും മതവും വര്ഗീയ ചിന്തകളും പണവും പ്രലോഭനങ്ങളും ഭീഷണിയും ഒക്കെയാണ് വോട്ടിനെ നിര്ണ്ണയിക്കുന്നതും സ്വാധീനിക്കുന്നതും. “എല്ലാം അറിയുകയും അറിയിക്കുയും” ചെയ്യുന്ന മാധ്യമങ്ങള് എന്നിട്ടും മഹത്തായ ജനവിധി എന്ന് നമ്മളോട് കള്ളം പറയുന്നു. 

വര്ഗീയതയുടെ സങ്കുചിത വികാരവിചാരങ്ങള് ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന പ്രസ്ഥാനങ്ങള് ഭൂരിപക്ഷത്തിന്റെതായാലും, ന്യൂനപക്ഷത്തിന്റെതായാലും ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് ഒട്ടും ഭൂഷണമല്ല. ഒരു നിറത്തിലുള്ള വര്ഗീയതക്ക് ബദല് ആകുന്നില്ല മറ്റൊരു നിറത്തിലുള്ള വര്ഗീയത. വര്ഗീയതയുടെ തട്ടകത്തില് നിന്നുകൊണ്ടുള്ള, വര്ഗീയതയുടെ തോളില് ഏറിയുള്ള, വര്ഗീയതയെ തോളത്ത് ഇരുത്തികൊണ്ടുള്ള, മതേതരഭാഷണം ആര് നടത്തിയാലും അത് കപടവും പരിഹാസ്യവുമാണ്. ആത്മാര്ത്ഥത ഇല്ലാത്ത അത്തരം നിലപാടുകള് വര്ഗീയതയെ പോഷിപ്പിക്കുകയാണ് ചെയ്യുക. അടിയുറച്ച മതേതര നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്ക് മാത്രമേ വര്ഗീയതയുടെ മുന്നേറ്റത്തെ പ്രതിരോധിക്കുവാന് സാധിക്കുകയുള്ളൂ.

വര്ഗീയതക്ക് എതിരെ ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതില് കോണ്ഗ്രസ് പ്രസ്ഥാനം ഒരു കാലത്തും ആത്മാര്ത്ഥമായ കര്മ്മപരിപാടികള് സ്വീകരിക്കാറില്ല. കോണ്ഗ്രസിന്റെ അടിത്തറ തകര്ന്നു കൊണ്ടിരിക്കുന്ന ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് സംഘപരിവാറിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പി.ക്ക് വന്മുന്നേറ്റം നടത്തുവാന് സാധിക്കുന്നത് എന്തുകൊണ്ടാണെന്ന് ശരിയായ നിലക്ക് വിലയിരുത്തി സ്വന്തം രാഷ്ട്രീയനയങ്ങളിലും നിലപാടുകളിലും മാറ്റം വരുത്താതെ, കോണ്ഗ്രസ് പ്രസ്ഥാനത്തിന് തിരിച്ചുവരവ് അസാധ്യമാണ്.

ജാതിമത വിവേചനചിന്തകളും, വിശ്വാസപരമായ അജണ്ടകളും രാഷ്ട്രീയപാര്ട്ടികളുടെ നയപരിപാടികളെ സ്വാധീനിക്കുന്ന അവസ്ഥ ഏതു വിഭാഗത്തില് നിന്ന് ഉണ്ടായാലും അത് മതേതര സംസ്കാരത്തിന് കളങ്കമാണ്. തികച്ചും മതേതരമായിരിക്കേണ്ട ജനാധിപത്യ വ്യവസ്ഥിതിയില് - തികച്ചും ഭൌതികമായ മനുഷ്യസമൂഹത്തിന്റെ ജീവിത സമസ്യകള്ക്ക് ഭൌതികമായ ഉത്തരം കണ്ടെത്തേണ്ട രാഷ്ട്രീയ രംഗത്തെ, രാജഭരണ കാലത്തെന്നതുപോലെ മതനേതാക്കള് നിയന്ത്രിക്കുന്നതും മൂല്യനിര്ണ്ണയം നടത്തുന്നതും ഒട്ടും സ്വീകാര്യമായ കാര്യമല്ല. 

ഉറച്ച മതേതര നിലപാടുകള് ഉള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കൂട്ടായ്മ, സമകാലിക ഇന്ത്യയില് ഭീഷണമായി വളരുന്ന വര്ഗീയതയുടെ ദുഷ്ടനീക്കങ്ങളെ പ്രതിരോധിക്കുവാന് അനിവാര്യമാണ്. രാജ്യത്തെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള് മതേതര പ്രസ്ഥാനങ്ങളുടെ ശക്തമായ കൂട്ടായ്മ കെട്ടിപ്പടുക്കുവാന് അശ്രാന്ത പരിശ്രമം നടത്തുമെന്ന്  നമുക്ക് പ്രതീക്ഷിക്കാം.

No comments:

Post a Comment