എഴുത്തിന്റെ സൂത്രം നന്നായി അറിയുന്ന സാഹിത്യകാരന്മാർ ഇന്നും ഈ ലോകത്ത് ധാരാളം ഉണ്ട്. എന്നാൽ താൻ ജീവിക്കുന്ന ലോകത്തിന്റെ കെട്ടുനാറിയ ചുറ്റുപാടുകൾക്ക് നേരെ പ്രതിഷേധാർഹമായ നിസ്സംഗത പുലർത്തുന്ന ദന്തഗോപുരവാസികൾ ആണ് ഇവരിൽ കൂടുതലും. ചൂതാട്ട സാംബത്തിക നയത്തിന്റെ കളിക്കളമായി സാമൂഹിക ജീവിതത്തെ മാറ്റിതീർത്ത, ധനമൂലധന ശക്തികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും ഇഷ്ടദാസന്മാർ ആണിവർ.
അവാർഡുകളും അംഗീകാരവും കിട്ടുമെങ്കിൽ, വർഗീയതയും മതഭീകരതയും ഫാസിസവും മതമൗലികതീവ്രവാദങ്ങളും ഒന്നും ഈ കൂട്ടരെ ആലോസരപ്പെടുത്തില്ല! അഴിമതി പണ്ടാരങ്ങളായ അധികാരികളെ ഇവർ സംപൂജ്യ ബിംബങ്ങളായി വാഴ്ത്തും!! ഈ ദുഷ്ടശക്തികൾ ഒരുക്കുന്ന ചാരുകസേരയിൽ ഇരുന്നു കൊണ്ട് ഇവർക്ക് സ്തുതിഗീതം ആലപിക്കും! സാംസ്കാരിക നായകർ എന്ന വിശേഷണത്തിന് ഈ കൂട്ടർ അർഹരാണോ?
ലോകത്തെ മഹാഭൂരിപക്ഷം ജനതയുടെ ജീവിതത്തിനു മുകളിൽ അനീതിയുടെയും അവകാശ നിഷേധങ്ങളുടെയും പെരുമയയായി, ഇടമുറിയാതെ പെഴ്തുകൊണ്ടിരിക്കുന്ന സമകാലിക ഭൌതികാവസ്ഥക്ക് നേരെ അപലപനീയമായ നിസ്സംഗത തുടരുന്നവർ എങ്ങിനെ സാംസ്കാരിക നായകരാവും?
വ്യവസ്ഥിതിയുടെയും അധികാരത്തിന്റെയും, പ്രതിലോമാപരവും ജീർണ്ണിതവും മാനവിക മൂല്യങ്ങൾക്ക് വിരുദ്ധവുമായ സമകാലിക അവസ്ഥക്ക് എതിരെയുള്ള, നിതാന്ത ജാഗ്രതയും പ്രതികരണവും പ്രതിരോധവുമായി സാംസ്കാരിക പ്രവർത്തനം മാറേണ്ടതുണ്ട്.
No comments:
Post a Comment