അദ്ധ്വാനത്തിന്റെ ഭൌതികശക്തികളായ അടിസ്ഥാന ജനവിഭാഗങ്ങളുടെ, ഉണർവ്വിലും തിരിച്ചറിവിലും സംഘശക്തിയിലും സമരവീറിലുമാണ്, വർഗ്ഗരാഷ്ട്രീയം അതിന്റെ തനത് രൂപത്തിൽ പ്രത്യക്ഷമാകുന്നത്. വർഗ്ഗവൈരുദ്ധ്യങ്ങളുടെ പ്രകടമായ - പ്രത്യക്ഷമായ ദ്വന്തവേദിയായി മാറുന്ന സാമൂഹികാവസ്ഥയിലാണ്, ബൂർഷാരാഷ്ട്രീയവും തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും തമ്മിലുള്ള മാറ്റുരസൽ ഏറ്റവും പ്രസക്തമാവുക. ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയല്ല ജനവിധിയെ നിർണ്ണയിക്കുന്നത് എന്ന നിലക്കുള്ള ഇന്നത്തെ അവസ്ഥയിൽ, ഇങ്ങിനെ ഒരു മാറ്റുരസൽ പ്രത്യക്ഷമല്ല, പ്രസക്തവുമല്ല.
നാടിന്റെ രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്നവർക്ക്, എന്തുമാത്രം അസംബന്ധജടിലമാണ് നമ്മുടെ നാടിന്റെ ഭരണവ്യവസ്ഥിതി എന്ന് ബോധ്യമാവും. ഇന്നലെകളിൽ നട്ടെല്ലില്ലാത്ത സ്തുതിപാടകർ ഹല്ലോല്ലൂയ്യ പാടുന്ന ഒരാൾകൂട്ട പ്രസ്ഥാനത്തിന്റെ , തിരുവാക്കിനു മറുവാക്കില്ലാത്ത "ഒരമ്മ ദൈവത്തിന്റെ" കരങ്ങളിൽ ആയിരുന്നു ഭരണത്തിന്റെ റിമോട്ട് കണ്ട്രോൾ. ഇന്നത് വർഗീയഫാസിസത്തിന്റെ മന്ത്രങ്ങൾ ജപിക്കുന്ന സംഘപരിവാറിന്റെ കരങ്ങളിൽ ആയിരിക്കുന്നു! ഭരണത്തിന്റെ റിമോട്ട് കണ്ട്രോൾ അധികാരത്തിന്റെ വിധി നിർണ്ണയിക്കുന്ന ജനങ്ങളുടെ കരങ്ങളിൽ ഭദ്രമാവുന്ന കാലത്തേ, ജനാധിപത്യം ജനങ്ങളുടെ ശക്തിയും അധികാരവുമായി മാറുന്ന നിലക്ക് പ്രഫുല്ലമാവുകയുള്ളൂ.
എത്ര ശക്തമായ കാറ്റും കോളും ഉണ്ടായാലും ചൂഷകവർഗ്ഗ മേധാവിത്ത്വ വ്യവസ്ഥിതിയെ, കടപുഴകി വീഴാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ബൂർഷാരാഷ്ട്രീയത്തിന്റെ ലക്ഷ്യം. ബൂർഷാരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കുത്തകമൂലധന ശക്തികളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാവുന്നത് സ്വാഭാവികമാണ്. കൂട്ടാളികൾ തമ്മിലുള്ള പരസ്പര സഹകരണം മാത്രമാണത്.
കോണ്ഗ്രസ്സും ബി.ജെ.പി.യും ഭിന്ന രാഷ്ട്രീയ മുഖങ്ങൾ ആണെന്ന് പ്രത്യക്ഷത്തിൽ നമുക്ക് തോന്നുമെങ്കിലും, അങ്ങിനെയല്ല എന്ന പരമസത്യം കുത്തകവർഗ്ഗത്തിന് അറിയാം. അംബാനിമാരുടെ എല്ലാം ചവുട്ടിമെതിച്ചുള്ള കുതുപ്പിനു വിഘാതം തീർക്കുന്ന ഒരു നിലപാടും ഈ രണ്ടു ബൂർഷാരാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും പ്രതീക്ഷിക്കേണ്ട! എക്കാലത്തും ഈ കൂട്ടരുടെ ഭരണനയങ്ങളുടെയും നിലപാടുകളുടെയും ലക്ഷ്മണരേഖ നിർണ്ണയിക്കുന്നത് കുത്തകമൂലധന ശക്തികൾ തന്നെ!
No comments:
Post a Comment