അന്തസുള്ള മനുഷ്യനായുള്ള ജീവിതം - കാലത്തിന്റെയും ശാസ്ത്രസാങ്കേതിക വിദ്യയുടെയും മാറ്റങ്ങളുടെ സ്പന്ദനം ഉൾകൊള്ളുന്ന വികസിതമായ ഭൌതികജീവിതം ഏതോ അതീത ശക്തിയുടെ അനുഗ്രഹമോ അധികാരി വർഗ്ഗത്തിന്റെ ഔദാര്യമോ അല്ല, എല്ലാജനതയുടെയും അവകാശമാണ് . ജനതയുടെ നീതിയും അവകാശവും നേടിയെടുക്കുവാൻ, കാലങ്ങളായി അത് കവർന്നെടുത്തു കൊള്ളയടിച്ചു സ്വരുകൂട്ടിവെച്ചനുഭവിക്കുന്ന ചൂഷകവർഗ്ഗത്തിന്റെ "കാവലാളായി" നിലകൊള്ളുന്ന അധികാര വ്യവസ്ഥിതിക്ക് എതിരെ ജനതയുടെ പോരാട്ടമാണ് വർഗ്ഗസമരം.
അസംബന്ധജടിലമായ ജാതിമത വികാരവിചാരങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തി, ജനതയുടെ വർഗ്ഗപരമായ ശാക്തീകരണത്തെ ഇല്ലാതാക്കുക എന്നതാണ് സമസ്ത വർഗീയ ശക്തികളുടെയും വർഗീയ രാഷ്ട്രീയത്തിന്റെയും യഥാർത്ഥ ദൌത്യം. ഫലത്തിൽ സാമൂഹ്യ നീതിയുടെയും അവകാശങ്ങളുടെയും ലംഘനത്തിലൂടെ അധീശ്വതം ഉറപ്പാക്കുന്ന ചൂഷകവർഗ്ഗത്തെ ബലപ്പെടുത്തുക എന്ന കൂട്ടികൊടുപ്പ് ധർമ്മമാണ് വർഗീയത നിർവഹിക്കുന്നത്.
വർഗീയഫാസിസത്തിന് പുതിയ മാനങ്ങൾ തീർത്ത് അതിന്റെ വികാരവിചാരങ്ങളുടെ ബലത്തിൽ രാഷ്ട്രീയമുന്നേറ്റം നടത്തിയ മോഡി എങ്ങിനെ, അംബാനിയുടെ പ്രിയങ്കരനായി എന്നത് ചിന്തനീയം. വർഗീയവിഷത്തിൽ ചാലിച്ച് നിറമോഡി കൂട്ടിയ വികസന വ്യാമോഹങ്ങൾക്ക് പരസ്യപ്രചാര പ്രളയം തീർത്തത് കുത്തകശക്തികൾ ഒഴുക്കിയ പതിനായിര കണക്കിന് കോടികളായിരുന്നു. വർഗീയതയിൽ നിന്ന് ജനപക്ഷ രാഷ്ട്രീയത്തിന്റെ വർഗ്ഗനീതി പ്രതീക്ഷിക്കുന്നത് ശുദ്ധവിഡ്ഢിത്തം! റെയിൽവേയുടെ ചരക്ക് കൂലിയും യാത്രാകൂലിയും ധിക്കാരപരമായി കുത്തനെകൂട്ടി കൊണ്ടുള്ള, മോഡിയുടെ ഭരണത്തിന്റെ ആദ്യചുവടുകൾ ജനതക്ക് നല്കുന്ന സന്ദേശവും ഈ നിരീക്ഷണത്തെ അന്വർത്തമാക്കുന്നു.
കോണ്ഗ്രസ് ഭരിച്ചാലും സംഘപരിവാർ റിമോട്ട് നിയന്തിക്കുന്ന ബി.ജെ.പി. നാട് ഭരിച്ചാലും അവർ പ്രതിനിധാനം ചെയ്യുന്ന മുതലാളിത്ത സാംബത്തിക വികസനപാത ഒന്നുതന്നെ. കുത്തകവർഗ്ഗത്തിന്റെ തിട്ടൂരങ്ങളാണ് ഇരുകൂട്ടരുടെയും സാംബത്തിക നയങ്ങൾ. ഇവരെ സംബന്ധിച്ച് സാംബത്തികനയം എന്നത് കുത്തകവർഗത്തിന് രാജപാത ഒരുക്കുക എന്ന വിദ്യയാണ്. നാടിന്റെ സാംബത്തിക മേഖല കുത്തകവർഗ്ഗത്തിന് തീറെഴുതുക എന്ന കാര്യത്തിൽ ഇരുകൂട്ടരും ഒരേ തൂവൽപക്ഷികൾ തന്നെ എന്ന് അധികം വൈകാതെ ജനങ്ങൾക്ക് ബോധ്യമാവും.
No comments:
Post a Comment