Saturday, June 21, 2014

അധമശക്തികള്‍ ദിശനിര്‍ണ്ണയിക്കുന്ന നമ്മുടെ ജനാധിപത്യം!

ഒട്ടകം സൂചികുഴലിനുള്ളില്‍ കൂടി കടക്കുന്നതിലേറെ ദുഷ്കരമാണ്, അനിയന്ത്രിതമായ ചൂഷണം നിയമപരമായി സാധൂകരിക്കപ്പെടുന്ന - ചൂഷകവര്‍ഗ്ഗ അധീശ്വതം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യത്തിന്‍റെ മുന്നോട്ടുള്ള ഗതി. പണത്തിന്‍റെ ആധിപത്യത്തിനു മുന്നില്‍ താണുവണങ്ങി കൊണ്ട് മാത്രം ജനതയുടെ നിലനില്‍പ്പ്‌ സാധ്യമാവുന്ന ഒരു വ്യവസ്ഥിതിയും ജനാധിപത്യമല്ല.

നിന്ദിതരും പീഡിതരും ചൂഷിതരുമായി മഹാജനകോടികള്‍ അധിവസിക്കുന്ന അവസ്ഥയെ ജനാധിപത്യം എന്ന് വിളിക്കുന്നത് അശ്ലീലമാണ്. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അവകാശവും നീതിയും അന്തസ്സും അറിവും ആരോഗ്യവും പ്രധാനം ചെയ്യാതെ, അവരുടെ അടിമബോധത്തെ ചലനമറ്റ പാറയാക്കി എന്നെന്നും നിലനിര്‍ത്തി, അതിനു മുകളില്‍ അധീശവര്‍ഗ്ഗം താണ്ടവം നടത്തുന്ന തോന്ന്യാസമല്ല ജനാധിപത്യം! എന്തും ചവുട്ടി മെതിക്കാന്‍ ആക്രാന്തംപൂണ്ടു ഉയറിനടക്കുന്ന സ്വകാര്യധനശക്തികള്‍ക്കു കടിഞ്ഞാണ്‍ ഇടാതെ, ജനാധിപത്യം ജനതയുടെ ഹൃദയതാളം ആവില്ല!

കള്ളപ്പണം സമാന്തര സമ്പദ്ഘടനയായി വിലസുകയും, അംബാനിമാരെ പോലുള്ള കുത്തകവര്‍ഗ്ഗം സമാന്തര രാഷ്ട്രീയശക്തിയായി വാണരുളുകയും, ബൂര്‍ഷാരാഷ്ട്രീയശക്തികള്‍ ഇവരുടെ കൂട്ട്പങ്കാളികളായി അധികാരത്തെ വ്യഭിചരിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍, ഇന്ത്യയില്‍ ജനാധിപത്യം, ഹൃദയംഇല്ലാത്ത ജഡമായി തുടരുകതന്നെ ചെയ്യും!

ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണമെങ്കിൽ, ‍ അധമശക്തികള്‍ക്ക് വിലക്ക് വാങ്ങാവുന്ന അടിമകളല്ല ഞങ്ങള്‍ എന്ന തിരിച്ചറിവ് നേടി നമ്മുടെ ജനത ഉണരണം. ജനശക്തിയുടെ കരുത്തു തിരിച്ചറിയുകയും, പോരാട്ടവീഥിയില്‍ സംഘശക്തിയുടെ പൊട്ടാത്ത കണ്ണികളായി മുന്നേറുകയും വേണം. ഈ വഴിത്താരയില്‍ ജനതയുടെ ആശയപരമായ ആയുധമാണ് കമ്മ്യൂണിസത്തിന്‍റെ രാഷ്ട്രീയ പ്രത്യായശാസ്ത്രം!

No comments:

Post a Comment