Saturday, June 21, 2014

അതിസങ്കുചിത വികാര-വിചാരധാരകള് മാനവികതക്ക് ഭീഷണിയായി വളരുന്നതിന്റെ ......

അതിസങ്കുചിത വികാര-വിചാരധാരകള് മാനവികതക്ക് ഭീഷണിയായി വളരുന്നതിന്റെ  വാർത്തകൾ ആണ് ദിവസവും നാം കാണുന്നതും കേള്ക്കുന്നതും. കടുത്ത അസഹിഷ്ണതയുടെ ഇരുട്ട് പേറുന്ന വര്ഗീയ ഫാസിസവും ഭീകരവാദവും സമൂഹത്തിന്റെ സമാധാനപൂര്ണ്ണമായ സഹവർത്തിത്തം അസാധ്യമാക്കുന്നു. തുറന്നചിന്തകളെ അടിച്ചമർത്തുന്നു. സംഘശക്തിയായി ഒരുമിക്കേണ്ട ജനതയെ വർഗീയചിന്തയുടെ ഭിന്നതക്കുള്ളിൽ  തളച്ചിട്ടുകൊണ്ട്, എല്ലാവിധ ചൂഷണത്തില് നിന്നുമുള്ള മനുഷ്യസമൂഹത്തിന്റെ വിമോചന സമരങ്ങള്ക്ക് വിഘാതം തീര്ക്കുന്നു. 

ഏതൊരു ദര്ശനത്തിന്റെയും വിശ്വാസസംഹിതയുടെയും ആരോഗ്യപൂര്ണ്ണമായ വളര്ച്ചക്ക് വിമര്ശനങ്ങളും സംവാദങ്ങളും അനിവാര്യമാണ്. സ്ഥലകാലഭേദമില്ലാത്ത – ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും ഇടമില്ലാത്ത, യുക്തിശൂന്യമായ വിശ്വാസങ്ങളുടെ “പാറപ്പുറത്ത്” ജീവിക്കുന്ന സമൂഹം അന്യമായ ആശയങ്ങളുടെയും വിമര്ശനങ്ങളുടെയും നേരെ കടുത്ത അസഹിഷ്ണത പുലർത്തുന്നത് സ്വാഭാവികമാണ്. പുതിയ കാറ്റും വെളിച്ചവും തങ്ങളുടെ തട്ടകത്തിന്റെ ഭദ്രത തകര്ക്കുമോ എന്ന ആശങ്ക അവരുടെ മനസ്സിനെ എപ്പോഴും വേട്ടയാടികൊണ്ടിരിക്കും. മറുവാക്കില്ലാതെ അനുസരിക്കേണ്ട കല്പ്പനകളാണ് അവരുടെ നീതിയും നിയമവും!

സ്വന്തന്ത്രചിന്തയുടെ ലോകത്ത് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പൂർണ്ണ സ്വാഗതമാണ്. അവിടെ യുക്തിചിന്തക്കും സംവാദങ്ങൾക്കും മാർഗ്ഗതടസ്സങ്ങൾ ഇല്ല! മാത്രമല്ല, സ്വതന്ത്രചിന്തയുടെ ലോകത്ത് വിമര്ശനങ്ങള്ക്കും വിയോജിപ്പുകള്ക്കും നേരെയുള്ള അസഹിഷ്ണതക്ക് ഒട്ടും പ്രസക്തിയില്ല. അറിവുണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, അറിവിന്റെ വെളിച്ചത്തില് സ്വന്തം ജീവിതപാത നിര്ണ്ണയിക്കുവാന് അവകാശമുള്ള തുറന്നലോകത്ത് ജീവിക്കുക എന്നതാണ് മഹത്തായ കാര്യം. ആശയങ്ങളുടെ സ്വതന്ത്രമായ സ്വീകരിക്കലും പുറംതള്ളലും നടക്കുക സ്വതന്ത്രചിന്തയുടെ ലോകത്താണ്. അതിരുകളും മതിലുകളും ഇല്ലാത്ത യുക്തിചിന്തയുടെ സഞ്ചാരഗതിക്ക് തുറന്നലോകം അനിവാര്യമാണ്.  

നന്മയുടെയും സമാധാനത്തിന്റെയും മാനവികതയുടെയും മനുഷ്യാവകാശങ്ങളുടെയും സന്ദേശമായി, വിശ്വാസ സംഹിതകള്ക്ക് പ്രകാശിക്കുവാന് ആവുക മതേതര മൂല്യങ്ങള് മാനിക്കപ്പെടുന്ന ലോകത്ത് മാത്രം!  മതേതര സംസ്കാരം എല്ലാ മഹത്തായ ചിന്തകള്ക്കും പ്രകാശം പരത്തുവാന് ഉതകുന്ന തുറന്നലോകത്തെ അടയാളപ്പെടുത്തുന്നു!! 

No comments:

Post a Comment