ആരുതന്നെ എത്രതന്നെ വേദമന്ത്രങ്ങൾ ജപിച്ചാലും, നീതിയും അവകാശങ്ങളും പങ്കുവെക്കുന്നതിൽ മനുഷ്യൻ മനുഷ്യനോടു എതിരിട്ടു നിലകൊള്ളുന്ന കാലത്തോളം ഭൂമിയിൽ സമാധാനമുണ്ടാവില്ല!
ശാസ്ത്രസാങ്കേതിക രംഗത്തെ പുരോഗതിയിലൂടെ മനുഷ്യൻ നേടിയെടുത്ത വികസിതമായ ഭൌതിക ജീവിതത്തിന്റെ പരിസരങ്ങൾ മഹാഭൂരിപക്ഷം ജനതക്ക് നിഷേധിക്കുന്ന അവസ്ഥയും വ്യവസ്ഥിതിയും തുടരുന്ന കാലത്തോളം ഭൂമിയിൽ സമാധാനമുണ്ടാവില്ല!!
വര്ഗീയതയുടെ നിറകൂട്ടുകള് ഏതുതന്നെ ആയാലും അത് മാനവികതയുടെ ശത്രുപക്ഷത്താണ് നിലകൊള്ളുന്നത്. വിശ്വാസ വികാരങ്ങളില് കോർത്തു എടുക്കുന്ന സങ്കുചിതമായ വികലചിന്തകള് സ്വന്തം ബോധമണ്ഡലത്തില് കുത്തിനിറക്കുന്നവര്ക്ക്, സ്വന്തം കള്ളിക്ക് പുറത്തുള്ള ജനതയെ സഹജീവി സ്നേഹഭാവത്തോടെ പരിഗണിക്കുവാന് ആവില്ല.
നന്മയുടെ സന്ദേശം ഉള്കൊള്ളുന്ന ആത്മീയവിചാരങ്ങള്, ഒരിക്കലും മനുഷ്യനെ കിരാതനാക്കുന്ന വര്ഗീയതയുടെ അധമവികാരങ്ങള്ക്ക് കാരണമാകില്ല. സത്യത്തില് മനുഷ്യസമൂഹത്തിന്റെ ഒരുമയും അതിരുകളില്ലാത്ത പരസ്പര സ്നേഹവും സഹകരണവും തങ്ങളുടെ തട്ടകം തുലക്കുമെന്നു ഭയപ്പെടുന്ന, സമൂഹത്തിലെ പ്രതിലോമശക്തികളാണ് വര്ഗീയതയെ ഭൌതികമായ ഒരായുധമാക്കി സ്വന്തം നികൃഷ്ട താല്പര്യങ്ങളും സാമൂഹിക മേധാവിത്ത്വവും അധികാരവും ഉറപ്പിക്കുവാന് ചരിത്രത്തില് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. വർഗീയശക്തികൾ തീർക്കുന്ന സാമൂഹിക കാലുഷ്യം, നാടിന്റെ പുരോഗതിക്കും സമാധാനത്തിനും എന്നും വെല്ലുവിളിയാണ്.
ചൂഷകവര്ഗ്ഗം തീര്ക്കുന്ന, താല്പര്യവൈരുദ്ധ്യങ്ങളുടെ വിവിധ ശ്രേണികളിലായി നിലകൊള്ളുന്ന വര്ഗ്ഗസമൂഹത്തിന്റെ വ്യവസ്ഥിതിയില് മാത്രമാണ്, മനുഷ്യനെ പരസ്പരമുള്ള വിവേചനങ്ങളുടെയും അകല്ച്ചയുടെയും വെറുപ്പിന്റെയും അവിശ്വാസത്തിന്റെയും ഇരുട്ടറകളില് തളച്ചിടുന്ന, വര്ഗീയ വൈറസ്സിന്റെ നിലനില്പ്പും പ്രസക്തിയും. മാനവികചിന്തയുടെ സന്ദേശം ഉള്കൊള്ളുന്ന പുരോഗമന രാഷ്ട്രീയശക്തികള്, വര്ഗീയതക്ക് എതിരായ പോരാട്ടം ശക്തമായി തുടരുകതന്നെ ചെയ്യും.
നമ്മുടെ ഭരണഘടനാ ശിൽപ്പികൾ ജനാധിപത്യത്തിന്റെ അടിത്തൂണ് മതേതരത്വം ആണെന്ന് നന്നായി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്ത്യ ഒരു പരമാധികാര മതേതര ജനാധിപത്യ രാഷ്ട്രമാണെന്ന് ഭരണഘടനയിൽ ആലേഖനം ചെയ്തത്.
ഇന്ത്യൻ ഭരണഘടനയെ കുറിച്ച് അഭിമാനിക്കുന്ന ഏതൊരു പൗരനും വർഗീയതക്കെതിരെ ശബ്ദിക്കും. പ്രതികരിക്കും. ജനങ്ങളെ ജാഗ്രതപ്പെടുത്തും.ഒരുമയുടെ സംഘഗാനം ആലപിക്കും. ഇതിനു നേരെ ആർക്കെങ്കിലും അസഹിഷ്ണത തോന്നുന്നുവെങ്കിൽ അവർ ഭരണഘടനയെ മാനിക്കുന്നവരല്ല!
പഴയകാലത്തെ ചരിത്രരേഖകൾ ചികഞ്ഞു വെറുപ്പിന്റെ വിത്തുകൾ പെറുക്കിയെടുത്തു, പരസ്പരം ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ വർഗീയമായ വൈറസ്സുകൾ പ്രസരിപ്പിച്ചു, അന്യോന്യ വൈരാഗ്യം വളർത്തിയെടുത്തു അവസരങ്ങളുടെയും അവകാശങ്ങളുടെയും അന്തരം തീർക്കുന്നവർ, അരക്ഷിതാവസ്ഥയുടെ ഭയം തീർക്കുന്നവർ എത്രനല്ല ഭരണാധികാരിയാണെങ്കിലും അയാൾ ഒരു മതേതര ജനാധിപത്യവാദിയാവില്ല! വർഗീയതയുടെ വിഷകുണ്ടിൽ കാലൂന്നി നിലകൊള്ളുന്ന ഭരണാധികാരി ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കമാണ്!!
No comments:
Post a Comment