Wednesday, December 22, 2010

രാഷ്ട്രീയ പ്രബുദ്ധതയും ജനാധിപത്യത്തിന്റെ ജനകീയതയും.

രാഷ്ട്രീയ പ്രബുദ്ധത നേടാത്ത ഒരു ജനതയാണ് , ചൂഷക വര്‍ഗ്ഗത്തിന്റെ വ്യവസ്ഥിതിയെ കോട്ടം കൂടാതെ കാത്തു സൂക്ഷിക്കുന്ന ഏറ്റവും വലിയ ആയുധം. "ചന്തിക്കടിയില്‍ ചൂട് തട്ടാത്തിടത്തോളം" നീണ്ട ഉറക്കം തുടരുന്ന ഒരു ജനത ഇന്നും നമ്മുടെ നാട്ടിലുണ്ട് എന്നതാണ് വളരെ ഖേദകരമായ അവസ്ഥ . കണ്ടാല്‍ പഠിക്കാത്തവന്‍ കൊണ്ടാല്‍ പഠിക്കും എന്ന് പറയുന്നത് അത്തരക്കാരെ കുറിച്ചാണ്. രാഷ്ട്രീയ പ്രബുദ്ധരായ ഒരു ജനതയുടെ സജീവമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയെ ജീര്‍ണത കൂടാതെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

ഇന്ന് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി , ജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെ ന്യായമായ താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിധം ഒരു ജനകീയ ജനാധിപത്യമായി വളരുന്നതിന് പകരം, പണാധിപത്യമായി ജീര്‍ണിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് നമ്മള്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. സമ്പന്ന കുത്തകകളും, അവരുടെ ഹിതം അനുസരിച്ച് കരുനീക്കം നടത്തുന്ന രാഷ്ട്രീയക്കാരും , മാധ്യമങ്ങളും ചേര്‍ന്നുള്ള ഒരു തരം വൃത്തികെട്ട " കൂട്ടികൊടുപ്പ്" കളിയാണ് ജനാധിപത്യത്തിന്റെ മറവില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഈ കള്ളന്മാരെ നിലക്ക് നിര്‍ത്തണമെങ്കില്‍ തിരിച്ചറിവ് നേടിയ ജനതയുടെ ഒരു വലിയ മുന്നേറ്റം നമ്മുടെ രാജ്യത്ത് നടക്കേണ്ടതുണ്ട്. സ്വന്തം സമ്പത്തില്‍ ഉപരി രാജ്യത്തോടും സമൂഹത്തോടും ഒരു കടപ്പടുമില്ലത്ത ചൂഷക വര്‍ഗം ഒരു വശത്ത്. എല്ലാ കഷ്ടതകളും അനുഭവിച്ചിട്ടും സ്വന്തം അവകാശങ്ങളും അന്തസ്സും തിരിച്ചറിയാതെ നിസ്സംഗത തുടരുന്ന ബഹുഭൂരിപക്ഷം മറു വശത്ത്. ഈ സ്ഥിതി മാറാതെ നമ്മുടെ രാജ്യത്തിന്‌ രക്ഷയില്ല.

എന്തും വിലക്ക് മേടിക്കാന്‍ സാധിക്കും എന്ന ഉറപ്പ് ചൂഷക വര്‍ഗത്തിനുണ്ട്. നമ്മുടെ തെരെന്നെടുപ്പ് അടുത്തകാലത്തായി പണാധിപത്യം ആയി മാറിയതിനെ കുറിച്ച് തെരെന്നെടുപ്പ് കമ്മീഷന്‍ പോലും കടുത്ത ആശങ്ക രേഖപെടുത്തുകയുണ്ടായി. എണ്‍പത് ശതമാനം ദരിദ്ര ജനതയുള്ള നമ്മുടെ രാജ്യത്തെ ജനപ്രധിനിതികളില്‍ അറുപത് ശതമാനം ശത കോടീശ്വരന്‍മാരാണ്. ഇതിന്റെ ഒക്കെ തുടര്‍ച്ചയാണ് ഖജാനാവ് കൊള്ളയടിക്കുവാനുള്ള അഴിമതി രാക്ഷസന്മാരുടെ ചങ്കുറ്റം.

നമുക്കീ ദുരവസ്ഥ മറികടക്കുവാന്‍ തീര്‍ച്ചയായും സാധിക്കും. ജനാധിപത്യത്തിന്റെ സ്റ്റിയറിംഗ് രാജ്യത്തെ ജനതയില്‍ മഹാഭൂരിപക്ഷത്തിന്റെ കൈകളില്‍ എത്തുമ്പോള്‍.

No comments:

Post a Comment