Friday, July 1, 2011

താളം തെറ്റിയ ജനാധിപത്യവും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയും. ..

ഇപ്പോള്‍ അതിവേഗ സാമ്പത്തിക പരിഷ്കരണത്തിന്റെ കാലമാണല്ലോ. ആരെങ്കിലും ഒന്ന് വിമര്‍ശിച്ചു പോയാല്‍ അവന്‍ പിന്തിരിപ്പന്‍ ആയി മുദ്ര കുത്തപ്പെടും. അല്ല എന്താണ് ഈ സാമ്പത്തിക പരിഷ്കരണം?  ആര്‍ക്കാണ് ഈ പരിഷ്കരണത്തിന്റെ നേട്ടം? ആരാണ് ഇതിന്റെ ദുരന്ത ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്? 
എല്ലാ മേഖലയിലും അന്തരങ്ങള്‍ അതിവേഗം ഭീകരമായി വളര്‍ന്നു കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ഈ വികസനത്തില്‍ പൊറുതിമുട്ടുന്ന പൊതുജനം ഒരു പ്രതികരണവും ഇല്ലാതെ എന്തതിശയമേ ......എന്ന് സ്തുതിഗീതം പാടുക  എന്നാണ് ഗുണഭോക്താക്കളുടെ തിരുവചനം. "നാളെ വരും നാളെ വരും നല്ലകാലം" എന്ന വിശ്വാസപ്രതീക്ഷകളുമായി നിസ്സംഘതയോടെ ദുരിതംപേറുന്ന പൊതുജനം എല്ലാം കാണുക. അനുഭവിക്കുക. എങ്കിലല്ലേ ഉണരുന്നതുവരെ - നേരം പുലരുന്നതുവരെ തങ്ങളുടെ കൊള്ളയടി തുടരുവാന്‍ സാധിക്കുകയുളൂ.
.................................................
ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ , നാട് കുത്തുപാളയെടുത്താലും നാട്ടുകാര്‍ ജീവിത ദുരിതകയത്തില്‍ ആണ്ട് പോയാലും തങ്ങളുടെ ലാഭം അതിവേഗം കൊഴുക്കണം എന്ന ഒരൊറ്റ അജണ്ട മാത്രം ഉള്ള ആര്‍ത്തിപണ്ടാരങ്ങള്‍ ആയ സമ്പന്ന കുത്തക വര്‍ഗ്ഗത്തിന്റെ സ്വര്‍ഗ്ഗലോകം പണിയുന്നതിനു വേണ്ടിയാവരുത്. 
എല്ലാ ജനവിഭാഗത്തിനും അന്തസ്സും അവകാശങ്ങളും പ്രദാനം ചെയ്യുന്ന ഗുണനിലവാരം ഉള്ള ജീവിതം ഉറപ്പുവരുത്തി നല്ലൊരു ക്ഷേമരാഷ്ട്രം കെട്ടിപടുക്കുന്നതിനു ഉതകുന്നതാവണം സര്‍ക്കാരിന്റെ നയനിലപാടുകള്‍ . സാമൂഹിക സാമ്പത്തിക അന്തരങ്ങള്‍ കൂട്ടുകയല്ല, കുറച്ചു കൊണ്ടുവരിക എന്നതാണ് ശരിയായ വികസന നയം. ജീവിത പ്രാസങ്ങള്‍ അനുഭവിക്കുന്ന പ്രന്തവല്‍ക്കരിക്കപെട്ട ജനവിഭാഗങ്ങളെ സമഗ്രമായി ശാക്തീകരിച്ചു മുഖ്യധാരയില്‍ കുടിയിരുത്തുക എന്നതാവണം എല്ലാ വികസന നയങ്ങളുടെയും പരമമായ ലക്‌ഷ്യം. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരം ഒരു സമീപനം സ്വീകരിക്കുമ്പോള്‍ ആണ് ജനാധിപത്യം അര്‍ത്ഥ പൂര്‍ണ്ണമാവുന്നത്. 


വിമോചന സമരപാതയില്‍ ഈ കാളകൂട സംഘത്തിന് എതിരെ ......

അഴിമതിക്കാരും കള്ളപ്പണക്കാരും അവരുടെ കൂട്ടികൊടുപ്പുകാരായ രാഷ്ട്രീയക്കാരും കൂടി കലരുമ്പോള്‍ , അഴിമതിക്കും കള്ളപ്പണത്തിനും എതിരായ രാഷ്ട്രീയ സമരം എന്നത് അസംബദ്ധം ആയി തീരുന്നു. മത സംഘടകള്‍ രാഷ്ട്രീയത്തിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മതത്തിലും ഹീനമായ പരസ്പര താല്പര്യങ്ങള്‍ ഉറപ്പിക്കുവാന്‍ ഇടകലര്‍ന്നു ജനാധിപത്യ വ്യവസ്ഥിതിയെ വഞ്ചിക്കുമ്പോള്‍ , ഇവരുടെ സ്പോണ്‍സര്‍മാര്‍ ആയി നികൃഷ്ട താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന കുത്തക സമ്പന്ന വര്‍ഗ്ഗങ്ങള്‍ നിലകൊള്ളുമ്പോള്‍ - തിരിച്ചറിവുള്ള അടിസ്ഥാന ജനത സ്വന്തം വിമോചന സമരപാതയില്‍ ഈ കാളകൂട സംഘത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികം .
അവകാശ നിഷേധത്തിന്റെ ഇരകളായി ദുരിത ജീവിതം നയിക്കുന്ന സമൂഹത്തിലെ മഹാഭൂരിപക്ഷം, അവകാശ ബോധത്തിന്‍റെ തിരിച്ചറിവില്ലാതെ ബോധാപരമായ ഉറക്കം തുടരുന്നതുകൊണ്ടാണ്, കെട്ട വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ ആയ .ചൂഷകവര്‍ഗ്ഗത്തിന് സ്വന്തം ചുവടുവെപ്പുകള്‍ താളഭംഗം കൂടാതെ തുടരുവാന്‍ സാധിക്കുന്നത്.
മഹാഭൂരിപക്ഷത്തിന്‍റെ അന്തസ്സും അവകാശങ്ങളും നിഷേധിക്കാതെ സാമ്പത്തിക ചൂഷണവും കേന്ദ്രീകരണവും ആധാരമാക്കിയുള്ള വ്യവസ്ഥിതിക്ക്‌ നിലനില്‍പ്പില്ല. മനുഷ്യന്‍റെ ഭൌതിക താല്പര്യങ്ങള്‍ തന്നിലേക്ക് ഒതുങ്ങുമ്പോള്‍ പ്രതിസന്ധി ഉണ്ടാവുന്നു. കൂട്ടായ്മയിലേക്ക് വളരുമ്പോള്‍ വികസനം ഉണ്ടാവുന്നു.

ഉല്പാദനവും വിതരണവും അദ്ധ്വാനവും കമ്പോളവും പ്രകൃതിയും സമ്പന്ന കുത്തക വര്‍ഗ്ഗത്തിന്റെ ഒടുങ്ങാത്ത ലാഭമോഹങ്ങള്‍ സഫലമാക്കുന്നതിനുള്ള ഉപാധിയായി ചുരുക്കുന്നതിനു പകരം, മനുഷ്യ സമൂഹത്തിന്റെ ജീവിതം സുന്ദരവും ക്ഷേമപൂര്‍ണ്ണവും ആക്കി തീര്‍ക്കുന്നതിനുള്ള ഉപാധിയാക്കി വികസിപ്പിക്കുയാണ് ജനപക്ഷ ഭരണാധികാരികള്‍ ചെയ്യേണ്ടത്‌.

സാമൂഹിക ജീവിതത്തിന്‍റെ ആധാരമായ, അങ്ങാടി വിഷയങ്ങള്‍ അന്യമായ സ്ത്രീകള്‍ .... ......

സാമൂഹിക ജീവിതത്തിന്‍റെ ആധാരമായ, അങ്ങാടി വിഷയങ്ങള്‍ അന്യമായ സ്ത്രീകള്‍ ‍, കുശലം പറയുവാന്‍ ആശ്രയിക്കുന്നത് അടുക്കള വര്‍ത്തമാനങ്ങള്‍ മാത്രം !
സമൂഹത്തിന്റെ അര്‍ദ്ധഭാഗമാണ് സ്ത്രീകള്‍ .പുരുഷനും സ്ത്രീയും നിലകൊള്ളുന്നത് ഒരേ സാമൂഹിക അടിത്തറയില്‍ ആണ്. എന്നിട്ടും എന്തെ സാമൂഹിക വിഷയങ്ങള്‍ സ്ത്രീകളുടെ ഗൌരവതരമായ ചര്‍ച്ചാ വിഷയം ആകുന്നില്ല? ഒട്ടുമിക്ക സ്ത്രീകളും രാഷ്ട്രീയത്തെ ഞങ്ങള്‍ക്ക് വെറുപ്പാണ് എന്ന് പറയുന്നു. എന്തിനാണ് രാഷ്ട്രീയത്തെ വെറുക്കുന്നത്? രാഷ്ട്രീയം പുരുഷന്റെ മാത്രം പ്രവര്‍ത്തന മണ്ഡലം ആണോ? രാഷ്ട്രീയത്തെ വെറുക്കുകയല്ല വേണ്ടത്‌. രാജ്യത്തിന്, ജനതയ്ക്ക് ദോഷകരം ആയി ബാധിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു അതിനെ എതിര്‍ക്കുകയും രാഷ്ട്രത്തിന്റെയും ജനതയുടെയും ഭാവിക്ക് ഗുണകരമായ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു പക്ഷം ചേരുകയും ആണ് വേണ്ടത്‌. സൂക്ഷ്മവിശകലത്തില്‍ നോക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയ രംഗം കെട്ടുപോയാല്‍ അത് നമ്മുടെ സ്ത്രീകളെയും അടുക്കളയെയും പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നു എന്ന് കാണാം. വ്യവസ്ഥിതിയുടെ താളം, നമ്മുടെ കുടുംബത്തിന്റെ താളം കാത്തു സൂക്ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു.

നേടേണ്ടത് കാരുണ്യം ആല്ല, അവകാശങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ .....

തന്‍റെ അവസ്ഥക്ക് കാരണം ദൈവത്തിന്‍റെ വിധിയല്ല, വര്‍ഗ്ഗ ശത്രുവായ സഹജീവിയുടെ ചൂഷണം ആണെന്ന് തിരിച്ചറിയുമ്പോളാണ്, ദുരിതജീവിതം നയിക്കുന്നവര്‍ മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍ത്തുന്നത്‌ !
നേടേണ്ടത് കാരുണ്യം ആല്ല, അവകാശങ്ങള്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ ആണ്, കൈകൂപ്പി നില്‍ക്കുന്നതിനു പകരം മുഷ്ടിചുരുട്ടി മുദ്രവാക്യംവിളിക്കുന്നത്. തിരിച്ചറിവിന്റെ ആത്മബോധം നേടി നട്ടെല്ല് നിവര്‍ത്തിനിന്നു മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കുന്ന സഖാവിനെ എല്ലാ പ്രതിലോമ പിന്തിരിപ്പന്‍ ശക്തികളും ഭയപ്പെടുന്നു. അശാസ്ത്രീയവും ആയുക്തികതവും ആയ വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ , ഒരിക്കലും തന്നെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ശാസ്ത്രീയവും യുക്തിഭദ്രവുമായ ചിന്താസരണിയെ സസന്തോഷം സ്വാഗതം ചെയ്യില്ല എന്നത് ചരിത്രസത്യം.

ആധുനിക ആശയവിനിമയ മാധ്യമങ്ങളുടെ സാധ്യതകള്‍ .......

ആധുനിക ആശയവിനിമയ മാധ്യമങ്ങള്‍ പൊതുസമൂഹത്തിന്‍റെ ആശയങ്ങളെ നിര്‍ണ്ണയിക്കുന്നതിലും, രൂപീകരിക്കുന്നതിലും മുഖ്യപങ്ക് വഹിക്കുന്നു. സ്വന്തം വര്‍ഗ്ഗ താല്പര്യങ്ങളെ കാത്തു സൂക്ഷിക്കുന്നതില്‍ മാധ്യമ സാധ്യതകളുടെ ഫലപ്രദമായ ഉപയോഗം അനിവാര്യം ആണെന്ന് കുത്തക സാമ്രാജ്യത്ത ശക്തികള്‍ നല്ലതുപോലെ തിരിച്ചറിയുന്നു. അതിഭീമമായ മൂലധന നിക്ഷേപം ആവശ്യമുള്ള ഈ രംഗത്ത് ലോകമെങ്ങും കുത്തക സാമ്രാജ്യത്ത ശക്തികളുടെ ആധിപത്യം നമുക്ക്‌ കാണാനാവും. ജനങ്ങള്‍ എന്ത് കാണണമെന്നും എന്ത് അറിയണമെന്നും ഈ മൂലധന ശക്തികള്‍ ആയിരുന്നു അടുത്തകാലം വരെ തീരുമാനിച്ചിരുന്നത്.
ഇന്റര്‍നെറ്റ്‌  അതിരുകള്‍ ഇല്ലാത്ത ആശയവിനിമയത്തിന്റെ സാധ്യതകള്‍ തുറന്നു വിട്ടതോടെ മൂലധന ശക്തികളുടെ ഈ കുത്തക തകര്‍ന്നിരിക്കുന്നു. ആശയവിനിമയരംഗത്ത്‌ സാധ്യതകളുടെ മഹാവിപ്ലവം സംഭവിച്ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭാരിച്ച സാമ്പത്തിക ബാധ്യതകൂടാതെ, സാധാരണക്കാരന്പോലും, ഇന്റര്‍നെറ്റ്‌ എന്ന മാധ്യമത്തെ ഫലപ്രദമായ ആശയവിനിമയ ഉപാധിയായി ഉപയോഗിക്കാം. മതിലുകള്‍ ഇല്ലാതെ, അതിരുകള്‍ ഇല്ലാതെ, വിലക്കുകള്‍ ഇല്ലാതെ ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി അറിവ് തേടുവാനും ആശയവിനിമയം നടത്തുവാനും ആശയസമരം നടത്തുവാനും ഇന്റര്‍നെറ്റിലൂടെ സാധിക്കുന്നു. കെട്ടവ്യവസ്ഥിതിയുടെയും മൂലധന ശക്തികളുടെയും നികൃഷ്ട താല്‍പര്യങ്ങള്‍ക്ക്‌ എതിരെ നിരന്തരം പൊരുതുന്ന മനുഷ്യ വിമോചന പുരോഗമന ശക്തികള്‍ക്ക് ആശയ വിനിമയ രംഗത്തെ ഈ പുതിയ സാധ്യത വളരെയേറെ ഗുണം ചെയ്യുന്നു.