താളം തെറ്റിയ ജനാധിപത്യവും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയും. ..
ഇപ്പോള്‍ അതിവേഗ സാമ്പത്തിക പരിഷ്കരണത്തിന്റെ കാലമാണല്ലോ. ആരെങ്കിലും ഒന്ന് വിമര്‍ശിച്ചു പോയാല്‍ അവന്‍ പിന്തിരിപ്പന്‍ ആയി മുദ്ര കുത്തപ്പെടും. അല്ല എന്താണ് ഈ സാമ്പത്തിക പരിഷ്കരണം? ആര്‍ക്കാണ് ഈ പരിഷ്കരണത്തിന്റെ നേട്ടം? ആരാണ് ഇതിന്റെ ദുരന്ത ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്?
എല്ലാ മേഖലയിലും അന്തരങ്ങള്‍ അതിവേഗം ഭീകരമായി വളര്‍ന്നു കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ഈ വികസനത്തില്‍ പൊറുതിമുട്ടുന്ന പൊതുജനം ഒരു പ്രതികരണവും ഇല്ലാതെ എന്തതിശയമേ ......എന്ന് സ്തുതിഗീതം പാടുക എന്നാണ് ഗുണഭോക്താക്കളുടെ തിരുവചനം. "നാളെ വരും നാളെ വരും നല്ലകാലം" എന്ന വിശ്വാസപ്രതീക്ഷകളുമായി നിസ്സംഘതയോടെ ദുരിതംപേറുന്ന പൊതുജനം എല്ലാം കാണുക. അനുഭവിക്കുക. എങ്കിലല്ലേ ഉണരുന്നതുവരെ - നേരം പുലരുന്നതുവരെ തങ്ങളുടെ കൊള്ളയടി തുടരുവാന്‍ സാധിക്കുകയുളൂ.
.................................................
ജനകീയ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങള്‍ , നാട് കുത്തുപാളയെടുത്താലും നാട്ടുകാര്‍ ജീവിത ദുരിതകയത്തില്‍ ആണ്ട് പോയാലും തങ്ങളുടെ ലാഭം അതിവേഗം കൊഴുക്കണം എന്ന ഒരൊറ്റ അജണ്ട മാത്രം ഉള്ള ആര്‍ത്തിപണ്ടാരങ്ങള്‍ ആയ സമ്പന്ന കുത്തക വര്‍ഗ്ഗത്തിന്റെ സ്വര്‍ഗ്ഗലോകം പണിയുന്നതിനു വേണ്ടിയാവരുത്.
എല്ലാ ജനവിഭാഗത്തിനും അന്തസ്സും അവകാശങ്ങളും പ്രദാനം ചെയ്യുന്ന ഗുണനിലവാരം ഉള്ള ജീവിതം ഉറപ്പുവരുത്തി നല്ലൊരു ക്ഷേമരാഷ്ട്രം കെട്ടിപടുക്കുന്നതിനു ഉതകുന്നതാവണം സര്‍ക്കാരിന്റെ നയനിലപാടുകള്‍ . സാമൂഹിക സാമ്പത്തിക അന്തരങ്ങള്‍ കൂട്ടുകയല്ല, കുറച്ചു കൊണ്ടുവരിക എന്നതാണ് ശരിയായ വികസന നയം. ജീവിത പ്രാസങ്ങള്‍ അനുഭവിക്കുന്ന പ്രന്തവല്‍ക്കരിക്കപെട്ട ജനവിഭാഗങ്ങളെ സമഗ്രമായി ശാക്തീകരിച്ചു മുഖ്യധാരയില്‍ കുടിയിരുത്തുക എന്നതാവണം എല്ലാ വികസന നയങ്ങളുടെയും പരമമായ ലക്‌ഷ്യം. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരം ഒരു സമീപനം സ്വീകരിക്കുമ്പോള്‍ ആണ് ജനാധിപത്യം അര്‍ത്ഥ പൂര്‍ണ്ണമാവുന്നത്.
No comments:
Post a Comment