വിമോചന സമരപാതയില്‍ ഈ കാളകൂട സംഘത്തിന് എതിരെ ......
അഴിമതിക്കാരും കള്ളപ്പണക്കാരും അവരുടെ കൂട്ടികൊടുപ്പുകാരായ രാഷ്ട്രീയക്കാരും കൂടി കലരുമ്പോള്‍ , അഴിമതിക്കും കള്ളപ്പണത്തിനും എതിരായ രാഷ്ട്രീയ സമരം എന്നത് അസംബദ്ധം ആയി തീരുന്നു. മത സംഘടകള്‍ രാഷ്ട്രീയത്തിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മതത്തിലും ഹീനമായ പരസ്പര താല്പര്യങ്ങള്‍ ഉറപ്പിക്കുവാന്‍ ഇടകലര്‍ന്നു ജനാധിപത്യ വ്യവസ്ഥിതിയെ വഞ്ചിക്കുമ്പോള്‍ , ഇവരുടെ സ്പോണ്‍സര്‍മാര്‍ ആയി നികൃഷ്ട താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന കുത്തക സമ്പന്ന വര്‍ഗ്ഗങ്ങള്‍ നിലകൊള്ളുമ്പോള്‍ - തിരിച്ചറിവുള്ള അടിസ്ഥാന ജനത സ്വന്തം വിമോചന സമരപാതയില്‍ ഈ കാളകൂട സംഘത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികം .
അവകാശ നിഷേധത്തിന്റെ ഇരകളായി ദുരിത ജീവിതം നയിക്കുന്ന സമൂഹത്തിലെ മഹാഭൂരിപക്ഷം, അവകാശ ബോധത്തിന്‍റെ തിരിച്ചറിവില്ലാതെ ബോധാപരമായ ഉറക്കം തുടരുന്നതുകൊണ്ടാണ്, കെട്ട വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ ആയ .ചൂഷകവര്‍ഗ്ഗത്തിന് സ്വന്തം ചുവടുവെപ്പുകള്‍ താളഭംഗം കൂടാതെ തുടരുവാന്‍ സാധിക്കുന്നത്.
മഹാഭൂരിപക്ഷത്തിന്‍റെ അന്തസ്സും അവകാശങ്ങളും നിഷേധിക്കാതെ സാമ്പത്തിക ചൂഷണവും കേന്ദ്രീകരണവും ആധാരമാക്കിയുള്ള വ്യവസ്ഥിതിക്ക് നിലനില്‍പ്പില്ല. മനുഷ്യന്‍റെ ഭൌതിക താല്പര്യങ്ങള്‍ തന്നിലേക്ക് ഒതുങ്ങുമ്പോള്‍ പ്രതിസന്ധി ഉണ്ടാവുന്നു. കൂട്ടായ്മയിലേക്ക് വളരുമ്പോള്‍ വികസനം ഉണ്ടാവുന്നു.
ഉല്പാദനവും വിതരണവും അദ്ധ്വാനവും കമ്പോളവും പ്രകൃതിയും സമ്പന്ന കുത്തക വര്‍ഗ്ഗത്തിന്റെ ഒടുങ്ങാത്ത ലാഭമോഹങ്ങള്‍ സഫലമാക്കുന്നതിനുള്ള ഉപാധിയായി ചുരുക്കുന്നതിനു പകരം, മനുഷ്യ സമൂഹത്തിന്റെ ജീവിതം സുന്ദരവും ക്ഷേമപൂര്‍ണ്ണവും ആക്കി തീര്‍ക്കുന്നതിനുള്ള ഉപാധിയാക്കി വികസിപ്പിക്കുയാണ് ജനപക്ഷ ഭരണാധികാരികള്‍ ചെയ്യേണ്ടത്.
No comments:
Post a Comment