Saturday, March 24, 2012

മാര്‍ക്സിസവും മതവും ക്രിസ്തുവും കത്തോലിക്കാസഭയും.

മാര്‍ക്സിസം ഒരു ആത്മീയ ദര്‍ശനമല്ല. ആധികാരികമായ അവസാന വാക്കുകള്‍ മാത്രം പറയുന്ന മാറ്റമില്ലാത്ത ദൈവിക ദര്‍ശനവുമല്ല. പുനര്‍ജന്മത്തെ കുറിച്ചും , മോക്ഷത്തെ കുറിച്ചും, പരലോകത്തെ കുറിച്ചും, അവിടെ കാത്തിരിക്കുന്ന മോഹന സുന്ദരമായ സ്വര്‍ഗ്ഗത്തെ കുറിച്ചും, ഭീകരമായ നരകത്തെ കുറിച്ചും പ്രലോഭനത്തിന്റെയും ഭീഷണിയുടെയും  സ്വരത്തില്‍ മാനവസമൂഹത്തോട് സംവദിക്കുന്ന മതവുമല്ല മാര്‍ക്സിസം. ഭൌതിക മാറ്റങ്ങള്‍ക്കൊത്ത് അനിവാര്യമായ മാറ്റങ്ങള്‍ സ്വീകരിക്കുവാന്‍ സദാ സന്നദ്ധമായ, അറിവിന്റെയും ശാസ്ത്രത്തിന്‍യും വെളിച്ചത്തില്‍ ഉള്ള മനുഷ്യന്റെ തികച്ചും ഭൌതികമായ ദര്‍ശനമാണ് മാര്‍ക്സിസം.

അവകാശവും അന്തസ്സും ഹനിക്കപെട്ടു അടിച്ചമര്‍ത്തപെട്ട മനുഷ്യന്റെ വിമോചനത്തിന്‍റെ ആശയപരവും പ്രായോഗികവും ആയ ആയുധമാണ് മാര്‍ക്സിസം. മതവും മാര്‍ക്സിസവും തമ്മില്‍ സാമൂഹിക സമസ്യകളുടെ വീക്ഷണ തലത്തിലും സമീപന തലത്തിലും ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും, നീതിക്കും മനുഷ്യന്‍റെ പുരോഗതിക്കും ഉതകുന്ന മതത്തിന്‍റെ ആചാര്യന്മാരില്‍ നിന്നുണ്ടായ ഏതൊരു ക്രിയാത്മക സമീപനത്തെയും അംഗീകരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് ഒരു പ്രയാസവുമില്ല. ഭിന്നമായ സ്ഥലകാലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ആധുനികതയില്‍ എത്തിനില്‍ക്കുന്ന മനുഷ്യന്‍റെ എല്ലാ അറിവുകളും ശാസ്ത്രവും ദര്‍ശനവും എല്ലാം അനുസ്യൂതമായ തുടര്‍ച്ചയും വളര്‍ച്ചയുമാണ്.

വര്‍ഗ്ഗ സമരത്തില്‍ നീതിയുടെ പക്ഷത്തു നിലകൊള്ളുക എന്നതും, ചൂഷിതന്‍റെയും പീഡിതന്‍റെയും വിമോചനപക്ഷത്തു നിലകൊള്ളുക എന്നതുമാണ് ശരിയായ മത ധര്‍മ്മം എന്ന് തിരിച്ചറിയുന്ന വിശ്വാസികള്‍ ലോകത്തെവിടെയും പ്രായോഗിക പോരാട്ടങ്ങളുടെ രംഗത്ത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നു എന്നതാണ് സത്യം. ചൂഷക വ്യവസ്ഥിതിയിലെ മാനവ സമൂഹത്തിന്റെ വര്‍ഗ്ഗപരമായ വൈരുദ്ധ്യങ്ങളെ അഭിസംബോധനം ചെയ്യുവാന്‍ വൈമനസ്യം കാട്ടുന്ന, വിശ്വാസത്തിന്‍റെ ലോകത്ത് ആധിപത്യം പുലര്‍ത്തുന്ന പ്രതിലോമ ശക്തികളും പിന്തിരിപ്പന്‍ ചിന്താഗതിക്കാരും,  മത വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ കടന്നു വരുന്നത് അസഹിഷ്ണതയോടെ കാണുന്നു എന്നതും ഒരു വസ്തുതയാണ്.

മാര്‍ക്സിയന്‍ ശാസ്ത്രീയ ഭൌതിക ദര്‍ശനത്തെ സ്വന്തം ജീവിത വീക്ഷണമായും പ്രപഞ്ച വീക്ഷണമായും സ്വീകരിക്കുന്ന വ്യക്തികള്‍ക്ക് മതവും ദൈവവുമില്ല. പക്ഷെ പീഡിതരും ചൂഷിതരും നിന്ദിതരും ആയ ലോകമെങ്ങുമുള്ള മഹാഭൂരിപക്ഷം ജനതക്കും മതവുമുണ്ട്.ദൈവവുമുണ്ട്. ഭൌതികമായ ദുരിതജീവിതത്തില്‍ നിന്നും മോചനത്തിനുള്ള നീതിയുടെ പ്രായോഗിക വഴി തേടുന്ന അടിച്ചര്‍ത്തപെട്ട ജനകോടികള്‍ , നീതിക്ക് വേണ്ടി പൊരുതുന്ന ജനതയുടെ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തിരിച്ചറിയുമ്പോള്‍ , ജന്മം കൊണ്ട് ലഭിച്ച സ്വന്തം വിശ്വാസങ്ങള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി സഹകരിക്കുന്നു. അണിചേരുന്നു. സഖാക്കള്‍ ആയി തീരുന്നു. വിശ്വാസികള്‍ക്ക് കടന്നു വരാന്‍ പാടില്ലാത്ത ഇടമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്ന് അപ്രായോഗികമായ അബദ്ധധാരണ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒരിക്കലും വെച്ചുപുലര്‍ത്തുന്നില്ല.
.....................................
വലതുപക്ഷ രാഷ്ട്രീയ ദൌത്യം ഏറ്റെടുത്തിരിക്കുന്ന കേരളത്തിലെ കത്തോലിക്കാസഭ, ക്രിസ്തുമത വിശ്വാസത്തിന്‍റെ കേന്ദ്രമായ ലാറ്റിന്‍ അമേരിക്കയില്‍ അലയടിച്ചു കൊണ്ടിരിക്കുന്ന ഇടതു രാഷ്ട്രീയ മുന്നേറ്റവും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും സുസംഘടിതവും അതിസമ്പന്നവുമായ പ്രസ്ഥാനമാണ് കത്തോലിക്കാസഭ. വിശ്വാസികള്‍ക്ക്‌ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിലൂടെ ജീവിക്കുവാന്‍ വേണ്ട മാര്‍ഗ്ഗദീപം നല്‍കുക എന്നതാണ് സഭയുടെ പ്രഖ്യാപിതമായ നയം. പക്ഷെ ഫലത്തില്‍ കാണുന്നത് ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തിന് തികച്ചും വിരുദ്ധമായ മുതലാളിത്ത വ്യവസ്ഥിതിക്ക്‌ കൈയൊപ്പ്‌ ചാര്‍ത്തുന്ന കത്തോലിക്കാസഭയെയാണ്.  മുതലാളിത്തത്തിന്‍റെ ആധിപത്യത്തിന് ഭീഷണിയായി ആശയ തലത്തിലും പ്രായോഗിക തലത്തിലും നിലകൊള്ളുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ചെറുക്കുക എന്നതായിരിക്കുന്നു ഇന്ന് സ്ഥാപനവല്‍ക്കരിക്കപെട്ട കത്തോലിക്കാസഭയുടെ സുപ്രധാന അജണ്ട.

ചൂഷിതരും പീഡിതരും ആയ ലോകമെങ്ങും ഉള്ള നീതിക്ക് വേണ്ടിയും അവകാശത്തിനു വേണ്ടിയും പൊരുതുന്ന ക്രിസ്തുമത വിശ്വാസികള്‍ , കത്തോലിക്കാസഭയുടെ മാര്‍ഗ്ഗമല്ല ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം എന്ന് നല്ലതുപോലെ മനസ്സിലാക്കിയിരിക്കുന്നു. അവര്‍ പീഡിതരും ചൂഷിതരുമായ മനുഷ്യന്‍റെ വിമോചന സമരപാതയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നത് അതിന്റെ സ്വാഭാവിക ഫലമാണ്.  പീഡിതരും ചൂഷിതരുമായ ജനതയുടെ മോചനത്തിന് വേണ്ടി സമൂഹത്തിലെ കറുത്ത ശക്തികള്‍ക്കെതിരെ പൊരുതുകയും, അവരുടെ കെട്ടനീതി സമ്മാനിച്ച കുരിശുമരണം ഏറ്റുവാങ്ങുകയും ചെയ്ത ജീസസിനെ മനുഷ്യ വിമോചനത്തിന് വേണ്ടിയുള്ള സമരത്തിലെ ധീര രക്തസാക്ഷിയായിട്ടാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കാണുന്നത്. ആ നിലക്കാണ് യേശു ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആദരിക്കുന്നത്.

സ്വന്തം അവസ്ഥയും അവകാശവും അന്തസ്സും തിരിച്ചറിയാതെ അടിമ മാനസങ്ങളായി ദുരിത ജീവിതം തുടര്‍ന്ന് കൊണ്ടിരുന്ന ജനകോടികള്‍ക്ക് അത്മബോധത്തിന്‍റെ കരുത്തും അവകാശങ്ങളുടെ തിരിച്ചറിവും പ്രതികരണത്തിന്‍റെ ശബ്ദവും പ്രതിഷേധത്തിന്‍റെ വാനിലേക്ക് ഉയര്‍ത്തിയ മുഷ്ടിയും നല്‍കിയ വിപ്ലവ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. പിറന്നുവീണ കുടുംബ സാമൂഹിക സാഹചര്യത്തില്‍ നിന്നും സിദ്ധമായ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ലോകത്ത് ചോദ്യമോ സന്ദേഹമോ കൂടാതെ ജീവിച്ചുപോന്ന ജനകോടികളുടെ ജീവിതത്തില്‍ സമൂഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള ശാസ്ത്രീയമായ അവബോധത്തിന്‍റെ വെളിച്ചം പകര്‍ന്ന ദര്‍ശനമാണ് മാര്‍ക്സിസം. യുക്തിരഹിതവും പ്രയോഗശൂന്യവുമായ അസംബന്ധങ്ങളുടെ അന്ധമായ അനുകരണത്തിന്‍റെ അലസബോധത്തിന് പകരം, പ്രയോഗപ്രസക്തവും കാര്യകാരണ ബന്ധിതവുമായ യുക്തിചിന്തയുടെ ചൈതന്യബോധം മാനവ സമൂഹത്തിനു സമ്മാനിച്ച ദര്‍ശനമാണ് മാര്‍ക്സിസം.  വിശ്വാസത്തിന്‍റെ കല്‍പനകളുമായി ബന്ധപെട്ട പാപപുണ്യ ചിന്തകളുടെതായ ധാര്‍മിക മൂല്യങ്ങളുടെ സ്ഥാനത്ത്, സംഘര്‍ഷഭരിതമായ ജീവിത സമസ്യകള്‍ക്കും സാമ്പത്തിക അന്തരങ്ങളുടെതായ ലോകത്ത്‌ പ്രാന്തവല്‍ക്കരിക്കപെട്ട ജനത അനുഭവിക്കുന്ന അവകാശ നിഷേധാങ്ങള്‍ക്കും ഫലപ്രദമായ പരിഹാരം ലക്ഷ്യമാക്കികൊണ്ടുള്ള സാമൂഹിക അടിത്തറയുള്ള ധാര്‍മിക മൂല്യത്തിന്‍റെ ഉള്‍ക്കരുത്ത് സമ്മാനിച്ചു മാര്‍ക്സിസം .

നന്മയുടെ പ്രതീകമായ ദൈവസങ്കല്‍പ്പത്തെ വിശ്വാസത്തിന്‍റെ ലോകത്ത് ഒതുക്കി നിര്‍ത്തി, അധീശവര്‍ഗ്ഗം മാനവ ചരിത്രത്തില്‍ തുടര്‍ന്ന് വന്ന നീതിരഹിതമായ കിരാത ഭരണത്തില്‍ പീഡിതരും ചൂഷിതരുമായി ദുരിതജീവിതം നയിച്ചുപോന്ന ജനകോടികളുടെ മോചനത്തിന് വേണ്ടി മാര്‍ക്സിസത്തിന്‍റെ ദര്‍ശന കരുത്തില്‍ നിന്ന് ഊര്‍ജ്ജം നേടിയ ധീര വിപ്ലവകാരികള്‍ , ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ത്യാഗത്തിന്‍റെ കുരിശു ചുമന്നു. തിന്മയുടെ ശക്തികളോട് ധീരമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചു.

ചരിത്രത്തിലും ചരിത്രാതീത കാലത്തും പീഡിതന്‍റെയും ചൂഷിതന്‍റെയും മോചനത്തിന് വേണ്ടി നിലകൊണ്ട ദര്‍ശനങ്ങളോടും, സാമൂഹിക തിന്മകള്‍ക്കെതിരെ പൊരുതി ത്യാഗങ്ങള്‍ ഏറ്റുവാങ്ങുകയും വീരമൃത്യു വരിക്കകയും ചെയ്ത മഹത്തുക്കളോടും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കടപെട്ടിരിക്കുന്നു. പ്രതിലോമ ശക്തികളോട് എതിരിടുകയും ഏറ്റുമുട്ടുകയും ചെയ്തുകൊണ്ട് മാനവ ജീവിത പുരോഗതിക്കും മോചനത്തിനും വേണ്ടി പൊരുതിയ എണ്ണമറ്റ വീരവിപ്ലവകാരികളുടെ തുടിക്കുന്ന ഓര്‍മ്മകളാണ് എന്നുമെന്നും സമരപാതയില്‍ പടയണി ചേരുന്ന സഖാക്കളുടെ ഊര്‍ജ്ജവും കരുത്തും.

 

Friday, March 23, 2012

സ്വതന്ത്ര ആശയ സംവാദങ്ങളും, യഥാസ്ഥിതികരുടെ അസഹിഷ്ണതയും.

ഏത് മതത്തില്‍ ചേരണം എന്ന്, ഏതാണ് യുക്തിഭദ്രമായ ജീവിത ദര്‍ശനം എന്ന് തന്‍റെ കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ സ്വയം പഠിച്ചറിഞ്ഞു തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുവാന്‍ ഒരു വിശ്വാസ സമൂഹവും തയ്യാറല്ല. ഓരോ കുഞ്ഞും ഭൂമിയില്‍ ജനിക്കുന്നത് സ്വതന്ത്രമായിട്ടാണ് എന്ന മനുഷ്യാവകാശ ചിന്തയൊന്നും വിശ്വാസത്തിന്‍റെ ലോകം അംഗീകരിച്ചു കൊടുക്കുന്ന പ്രശ്നമില്ല. ദൈവത്തിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന സ്വന്തം വിശ്വാസ പ്രമാണത്തിന്‍റെ, സ്വതന്ത്ര ലോകത്തെ സ്വീകാര്യതയെ കുറിച്ച് വിശ്വാസ സമൂഹത്തിനു വലിയതോതില്‍ ആശങ്കയുണ്ട് എന്നതാണ് അതിന്‍റെ കാരണം.  

പിറവിയില്‍ തന്നെ തന്‍റെ മതവും തന്‍റെ ജീവിത വഴികളും ഒരു കുഞ്ഞും കണ്ടെത്തില്ല എന്നത്, നേരെ ചൊവ്വേ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ യുക്തിവിചാരമാണ്.അതൊക്കെ പിറവിയുടെ ചുറ്റുപാടുകളുടെ യാദൃച്ചികത,  ഒന്നുമറിയാത്ത കുഞ്ഞില്‍ ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. ചെറുപ്പത്തിലെ നടന്ന വിശ്വാസപരമായ മസ്തിഷ്ക പ്രക്ഷാളനം കാരണം,  പിന്നീട് വളര്‍ന്നു വലുതാകുമ്പോള്‍ സ്വന്തം കുടുംബ സമുദായ സാഹചര്യം ഒരുക്കുന്ന അടഞ്ഞ ലോകത്തിന്‍റെ തടവറയില്‍ നിന്ന് മോചനം നേടാന്‍ ഉതകുന്ന, സ്വതന്ത്രമായ അന്വേഷണത്തിന്‍റെയും അറിവിന്‍റെയും പഠനത്തിന്‍റെയും ചിന്തയുടെയും രജതവഴികള്‍ കണ്ടെത്താന്‍ അവരില്‍ മഹാഭൂരിപക്ഷത്തിനും  സാധ്യമാവുന്നില്ല. 

തിരിച്ചറിവിന്‍റെ രജതരേഖ കണ്ടെത്തിയാലും,  കുടുംബ സമുദായ ചുറ്റുപാടുകളില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റെ വഴി തേടുന്നത് ഭൌതികമായ നഷ്ടങ്ങളും പ്രയാസങ്ങളും ത്യാഗങ്ങളും അനുഭവിക്കുവാന്‍ ഇടയാക്കും എന്ന ഉല്‍കണ്ട കാരണം തമസ്സിന്‍റെ ലോകത്ത് തന്നെ കപടമായ ജീവിതം തുടരുന്നവരും ഉണ്ട്. വിശ്വാസി സമൂഹം അംഗീകരിച്ചാലും ഇല്ലെങ്കിലും,  മഹാഭൂരിപക്ഷം വിശ്വാസികളും അകകാമ്പ് അറിയാതെ തന്നില്‍ ജന്മം കൊണ്ട് ആരോപിക്കപെട്ട വിശ്വാസത്തെ അന്ധമായി അനുകരിക്കുകയാണ് ചെയ്തു വരുന്നത്  എന്നതാണ് വസ്തുത. 

സ്വതന്ത്രമായ ആശയ സംവാദത്തിന്‍റെ ലോകത്ത് വിമര്‍ശനത്തിനും വിശകലനത്തിനും അതീതമായ ഒന്നും തന്നെയില്ല. ആശയ സംവാദങ്ങളില്‍ യുക്തിഭദ്രമായ തര്‍ക്ക വാദങ്ങള്‍ ഉന്നയിക്കുന്നതിനു പകരം, സംവാദത്തിലെ വ്യക്തിയുടെ മതനാമം {ഒരു നാമവും ഏതെങ്കിലും മതത്തിന്‍റെ സ്വന്തമല്ല എന്നതാണ് വസ്തുത} അടിസ്ഥാനപ്പെടുത്തി വ്യക്തിവിമര്‍ശനം നടത്തുക എന്നത് ബാലിശമായ മതയഥാസ്ഥിതിക രീതിയാണ്. സ്വതന്ത്ര ചിന്തക്ക് ഇടമില്ലാത്ത വിശ്വാസത്തിന്‍റെ അടഞ്ഞ ലോകത്ത് പിറന്ന ആണോ പെണ്ണോ, കമ്മ്യൂണിസ്റ്റ്‌ ആയി തീരുക എന്നതും യുക്തിവാദി ആയിത്തീരുക എന്നതും എന്തോ അസാധാരണത്ത്വം ആയിട്ടാണ് യഥാസ്ഥിതിക പിന്തിരിപ്പന്‍ ജനവിഭാഗങ്ങള്‍ നോക്കി കാണുന്നത്.

മനുഷ്യന്‍റെ വ്യക്തിപരമായ തെരെഞ്ഞെടുപ്പിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഭാഗമായി വിശ്വാസത്തെ കാണുവാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല.  
വ്യക്തിയുടെ സ്വതന്ത്രമായ അന്വേഷണത്തിന്‍റെയും അറിവിന്‍റെയും പഠനത്തിന്‍റെയും ചിന്തയുടെയും തെരെഞ്ഞെടുപ്പിന്‍റെയും അവകാശം ജനാധിപത്യ വ്യവസ്ഥിതിയില്‍,  വ്യക്തിയുടെ മൌലിക അവകാശമാണ്. അത് നിഷേധിക്കുന്ന മതയഥാസ്ഥിതിക വിഭാഗത്തിന്‍റെ സമീപനം, ജനാധിപത്യ അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണ്.

Thursday, March 22, 2012

മഹാനായ വിപ്ലവകാരി കോമ്രേഡ് സ്റ്റാലിനെ മറക്കരുത്!

മുതലാളിത്ത ലോകത്തെ ഞെട്ടിച്ച ചരിത്രത്തിലെ മഹാസംഭവമായിരുന്നു സോവിയറ്റ്‌ യൂണിയനില്‍1917ല്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന സോഷ്യലിസ്റ്റ്‌ വിപ്ലവം. വിപ്ലവത്തിന് മുന്‍പ് അവിടെ നിലനിന്നിരുന്നത് യൂറോപ്പിലെയും അമേരിക്കയിലെ പോലെയും വികസിതമായ ഒരു മുതലാളിത്ത വ്യവസ്ഥിതിയായിരുന്നില്ല. പരുഷമായ പ്രാങ്ങ്മുതലാളിത്ത വ്യവസ്ഥിതിയായിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്ര സമൂഹ നിര്‍മ്മാണത്തിന്‍റെ യാതൊരുവിധ പ്രായോഗിക അനുഭവങ്ങളും അവരുടെ മുന്നില്‍ ഉണ്ടായിരുന്നില്ല. പിന്തിരിപ്പന്‍ പ്രതിലോമ മുതലാളിത്ത ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്നതായ ലോകസാഹചര്യത്തില്‍,പുതതായി മാനവ ചരിത്രത്തിലേക്ക് കടന്നു വന്ന സോഷ്യലിസ്റ്റ്‌ രാഷ്ട്രത്തിന്‍റെ മുന്നോട്ടുള്ള ഗതി അതീവ ദുഷ്കരമായിരുന്നു. ഒരു സോഷ്യലിസ്റ്റ്‌ രാഷ്ട്രത്തിന്‍റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക പുരോഗതിയെ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെ സംബന്ധിച്ച് എല്ലാം പുതിയ അനുഭവങ്ങളും പുതിയ പാഠങ്ങളും ആയിരുന്നു വിപ്ലവ നായകര്‍ക്കുണ്ടായിരുന്നത്.


ലോകമെങ്ങുമുള്ള ചൂഷകവര്‍ഗ്ഗ വ്യവസ്ഥിതികള്‍ക്ക് സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയന്‍ന്‍റെ പുരോഗതി കനത്ത വെല്ലുവിളിയായിരുന്നു. അതുകൊണ്ട് തന്നെ അകത്തും പുറത്തും വര്‍ഗ്ഗ ശത്രുക്കള്‍ പുതിയ വ്യവസ്ഥിതിയുടെ മുന്നോട്ടുള്ള ഗമനത്തിനു പ്രതിസന്ധി തീര്‍ത്ത്‌ കൊണ്ടിരുന്നു. അതൊക്കെ അതിജീവിച്ചു കൊണ്ട് ലോകമെങ്ങുമുള്ള മനുഷ്യ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് സോവിയറ്റ്‌ യൂണിയന്‍ വിസ്മയകരമായ പുരോഗതി കൈവരിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത്‌ വന്‍ മുന്നേറ്റം നടത്തി. ബഹിരാഗകാര ഗവേഷണ രംഗത്ത് പുതിയ ചരിത്രങ്ങള്‍ തീര്‍ത്തു.


അതിനിടയില്‍ ആണ് രണ്ടാം ലോക മഹായുദ്ധം തുടങ്ങിയത്. ഫാസിസ്റ്റ്‌ ശക്തികളുടെ യഥാര്‍ത്ഥ ലക്ഷ്യം സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയന്‍ന്‍റെ തകര്‍ച്ചയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഹിറ്റ്ലറുടെ നാസികള്‍ പരസ്യമായും അന്നത്തെ മുതലാളിത്ത മഹാശക്തികള്‍ രഹസ്യമായും സോവിയറ്റ്‌ യൂണിയന്‍ന്‍റെ തകര്‍ച്ച ആഗ്രഹിച്ചിരുന്നു എന്ന് കാണുവാന്‍ സാധിക്കും. ഈ ഒരു പരിപ്രേക്ഷ്യത്തില്‍ വേണം മഹാനായ സ്റ്റാലിനെ പഠിക്കുവാന്‍.. ശ്രമിക്കേണ്ടത്. 
സ്റ്റാലിന്‍റെ തന്ത്രപരവും ധീരോദാത്തവുമായ നേതൃത്വം ആണ് സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയനെ മഹായുദ്ധങ്ങളുടെ കെടുതിയിലും ഫാസിസത്തിന്‍റെ പടയോട്ടത്തിലും തകരാതെ കാത്തു സൂക്ഷിച്ചത്‌. രണ്ടാം ലോക മഹായുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ നാശങ്ങള്‍ ഏറ്റുവാങ്ങിയതും ഏറ്റവും കൂടുതല്‍ ജനകോടികള്‍ മരണം വരിച്ചതും സോവിയറ്റ്‌ യൂണിയനില്‍ ആയിരുന്നു എന്നത് നാം മറക്കരുത്. 

ഹിറ്റ്ലറുടെ നാസിപട മോസ്കോ നഗരം വളഞ്ഞു അതിശക്തമായ ആക്രമണം ആരംഭിച്ചപ്പോള്‍ ധീരോദാത്തമായ ജീവന്‍മരണ ചെറുത്തുനില്‍പ്പിന് നേതൃത്വം കൊടുത്തത്‌ മഹാനായ സ്റ്റാലിന്‍ ആയിരുന്നു. നാസിപടയുടെ പരാജയം തുടങ്ങുന്നതും അവിടെ വെച്ചായിരുന്നു. ഒടുവില്‍ ഐതിഹാസികമായ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ ചെമ്പടയുടെ തേരോട്ടം നടന്നു. ഹിറ്റ്‌ലറുടെ നാസി പട പരാജിതരായി പിന്തിരിഞ്ഞു ഓടാന്‍ തുടങ്ങി. ഹിറ്റ്ലറുടെ ഭരണകേന്ദ്രമായ രെഇക്ക്സ്റ്റാഗില്‍ കമ്മ്യൂണിസ്റ്റ്‌ ചെമ്പട വിജയഭേരിയോടെ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി പ്രവേശിക്കുകയും നാസിപതാക വലിച്ചു കീറുകയും കമ്മ്യൂണിസ്റ്റ്‌ രക്തപതാക ഉയര്‍ത്തുകയും ചെയ്തു. 
ചരിത്രത്തിലെ ഐതിഹാസികമായ തുല്യതയില്ലാത്ത ധീരോദാത്തമായ ചെറുത്തു നില്‍പ്പിലൂടെ ഫാസിസത്തിന്‍റെ ജൈത്രയാത്രയുടെ അന്ത്യം കുറിച്ചതില്‍ മഹാനായ സ്റ്റാലിന്‍റെ പങ്കു ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്ന ആര്‍ക്കും നിഷേധിക്കുവാനാവില്ല. മഹത്തായ സോവിയറ്റ്‌ യൂണിയന്‍ രണ്ടാംലോക മഹായുദ്ധത്തില്‍ നേടിയ വിജയമാണ് ലോകമെങ്ങും സാമ്രാജ്യത്ത ശക്തികളുടെ കോളനിവാഴ്ചക്ക് അറുതി വരുത്തുവാന്‍ കാരണമായത്‌. . പുതിയ ധാരാളം രാഷ്ട്രങ്ങള്‍ സോഷ്യലിസ്റ്റ്‌പാത സ്വീകരിച്ചതും വിപ്ലവങ്ങളുടെ പുതുവസന്തം പല രാജ്യങ്ങളിലും സംഭവിച്ചതും അതിനെ തുടര്‍ന്നായിരുന്നു.  


സ്റ്റാലിന്‍റെ ജീവിതപാതയില്‍ വിമര്‍ശനപരമായ കാര്യങ്ങള്‍ ഒരു വശത്തു ഉള്ളപ്പോള്‍ തന്നെ സഖാവിന്‍റെ ഗുണങ്ങളും നേട്ടങ്ങളും ചരിത്രത്തിനു നല്‍കിയ സംഭാവനകളും ഒരിക്കലും മനുഷ്യവിമോചന സമരപാതയില്‍ അനിനിരന്നിട്ടുള്ള ലോകത്തെ ഒരു ജനതക്കും വിസ്മരിക്കുവാനില്ല. തീര്‍ച്ച.


Wednesday, March 21, 2012

അടഞ്ഞ ലോകത്ത് സംവാദങ്ങള്‍ക്ക് പ്രസക്തിയില്ല!  

ഏത് ഭാഷയില്‍ ആയാലും ദൈവം എന്ന പദം ചേര്‍ത്തു വെക്കുന്നത് നന്മയുമായിട്ടാണ്. സ്ഥലകാല ഭേദങ്ങളില്‍ വിവിധ സമൂഹങ്ങളില്‍ കടന്നു വന്നിട്ടുള്ള എല്ലാ മത ദര്‍ശനങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതിനു  മുന്‍പുള്ള ആരംഭ കാലത്ത്‌ പ്രതിലോമ ആശയങ്ങളുടെ തടവറയില്‍ ആയിരുന്നില്ല. സമൂഹത്തിന്‍റെ തിന്മകള്‍ക്കെതിരെ സമര്‍പ്പിത ബോധത്തോടെ പൊരുതുന്ന അന്നത്തെ വിപ്ലവകാരികളുടെ പോരാട്ടത്തിന്‍റെ ദര്‍ശനമായിരുന്നു അന്ന് മതം. ദൈവ വിശ്വാസവും അതിന്‍റെ ആചാരങ്ങളും  അനുഷ്ടാനങ്ങളും അവരുടെ ഊര്‍ജ്ജം ആയിരുന്നു.

മനുഷ്യന്‍റെ അറിവും കഴിവും ശാസ്ത്ര സാങ്കേതിക വിദ്യകളും ഇന്നത്തെ പോലെ വികസിക്കുന്നതിന് മുന്‍പുള്ള ഒരു കാലത്തിന്‍റെ ദര്‍ശനം ആയതുകൊണ്ടുതന്നെ സ്വാഭാവികമായ പരിമിതികളും ന്യൂനതകളും മത ദര്‍ശനങ്ങള്‍ക്ക് ഉണ്ടായിരുന്നു. മനുഷ്യന്റെ ഭൌതിക ജീവിത സമസ്യകളിലും  സാമൂഹികവും  സാമ്പത്തികവും സാംസ്കാരികവും ആയ വിഷയങ്ങളിലും, അവസ്ഥകളിലും  മതങ്ങളുടെ വീക്ഷണങ്ങള്‍ അത് രൂപം കൊണ്ട 
കാലവുമായും അത് ഇടപെടല്‍ നടത്തിയ സമൂഹവുമായും ബന്ധപെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മതവീക്ഷണങ്ങളില്‍ സ്ഥലകാലത്തിന്‍റെ പരിമിതിക്കതീതമായ  യുക്തിഭദ്രത കണ്ടെത്താന്‍ ശ്രമിക്കുന്നത് അസംബന്ധം ആണ്. 

സമകാലിക  ഭൌതിക ലോക സമസ്യകളില്‍ പ്രതിക്രിയ നടത്താതെ, പ്രയോഗത്തില്‍ നിന്നും അന്യം നില്‍ക്കുന്നതും  അമൂര്‍ത്തമായ വിശ്വാസങ്ങളുടെ ലോകത്ത് നിലനില്‍ക്കുന്നതുമായ  ഇന്നത്തെ മതം,  സാമൂഹിക വിപ്ലവത്തിന്റെ ആശയ മൂല്യങ്ങള്‍ ചോര്‍ന്നുപോയതും  പിന്തിരിപ്പന്‍ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങി സ്ഥാപനവല്‍ക്കരിക്കപെട്ടതുമായ ഒരു ദര്‍ശന രൂപമാണ്.

അറിവിന്‍റെയും ശാസ്ത്രത്തിന്‍റെയും വെളിച്ചത്തിലുള്ള ഭൌതിക ലോകത്തിന്‍റെ മാറ്റങ്ങളും വികാസങ്ങളും അവഗണിച്ചു കൊണ്ട് , സ്ഥലകാല ഭേദങ്ങള്‍ക്കതീതമായി മാറ്റമില്ലാതെ നിലകൊള്ളുന്ന മതങ്ങള്‍ വിശ്വാസികളില്‍ തീര്‍ക്കുന്നത് അടഞ്ഞ ലോകമാണ്. അവിടെ സംവാദങ്ങള്‍ക്ക് പ്രസക്തിയില്ല! 



സ്വകാര്യ മൂലധന ശക്തികളുടെ ദുഷ്ടലാക്കും മനുഷ്യ സമൂഹത്തിന്റെ വിമോചനവും.

മനുഷ്യസമൂഹത്തിന്‍റെ അദ്ധ്വാനവും അറിവും കഴിവും ശാസ്ത്ര സാങ്കേതിക മേഖലയില്‍ നേടിയെടുത്ത മികവും അതിന്‍റെ പ്രയോഗവുമാണ്  ദുഷ്കരമായ പ്രാകൃത അവസ്ഥയില്‍ നിന്നും ഭേദപ്പെട്ട ആധുനിക ജീവിത സൌകര്യങ്ങളുടെതായ ഭൌതിക ലോകം നമുക്ക്‌ സമ്മാനിച്ചത്‌. 

നാം ജീവിക്കുന്ന ഭൌതിക ലോകത്തെ ആധുനികമാക്കിയത് മനുഷ്യനാണ്. ആധുനിക ഭൌതിക ലോകത്തെ ഓരോ പുതു പുതു മാറ്റവും മനുഷ്യന്‍റെ ജീവിതത്തെ സ്വര്‍ഗീയമാക്കുവാന്‍ വേണ്ടിയുള്ളതാണ്. പക്ഷെ അതിന്‍റെ ഗുണഫലം പണമുള്ളവന്‍ അനുഭവിക്കുന്നു. പണമില്ലാത്തവന്‍ ഇന്നും നരകീയമായ ജീവിതം നയിക്കുന്നു. അങ്ങിനെ ഉള്ളവനും ഇല്ലാത്തവനും ആയി വര്‍ഗ്ഗപരമായ അന്തരങ്ങളുടെ ലോകത്ത്‌ മാനവ സമൂഹം ഇന്നും ജീവിക്കുന്നു.

ഈ ആധുനിക കാലത്തും ഈ ആധുനിക ലോകത്തും മാനവ സമൂഹത്തില്‍ മഹാ ഭൂരിപക്ഷവും അന്തസ്സും അവകാശവും നിഷേധിക്കപ്പെട്ടു ദുരിതജീവിതം നയിക്കുന്നു. എന്താണ് അതിനു കാരണം? ഏതോ അമൂര്‍ത്ത ശക്തികളുടെ ലീലാവിലാസം കൊണ്ടല്ല ഈ ദുരവസ്ഥ നിലനില്‍ക്കുന്നത്. മനുഷ്യന്‍ തന്നെയാണ് മനുഷ്യന്‍റെ ജീവിതത്തെ അരക്ഷിതവും സംഘര്‍ഷ പൂരിതവും പ്രാകൃതവും ആക്കി തീര്‍ക്കുന്നത്. അത് മാറ്റുക എന്നതും മനുഷ്യന് മാത്രമേ സാധിക്കൂ.

ജനതയുടെ അന്തസ്സും അവകാശവും പൊതുവായ ക്ഷേമവും വികസിതമായ ജീവിതവും ഉറപ്പു വരുത്തുക എന്നതിന് പകരം, മൂലധന ശക്തികളുടെ അജണ്ട നടപ്പിലാക്കുക എന്നത് ഭരണകൂടത്തിന്‍റെ ലക്ഷ്യം ആകുമ്പോള്‍ ഈ ദുരവസ്ഥ തുടരുകതന്നെ ചെയ്യും. സമൂഹത്തിന്‍റെ പൊതുവായ സമ്പത്തായ അറിവും ശാസ്ത്രവും മൂലധന ശക്തികളുടെ ലാഭ താല്‍പ്പര്യത്തിനുള്ള ഉപകരണവും ഉപാധിയുമായി ചുരുങ്ങുമ്പോള്‍ ഈ ദുരവസ്ഥ തുടരുക തന്നെ ചെയ്യും. ഈ ദുരവസ്ഥക്ക് അന്ത്യം കുറിക്കാതെ മനുഷ്യന്‍റെ വിമോചനം സാധ്യമാവില്ല. അറിവും ശാസ്ത്രവും സമൂഹത്തിന്‍റെ സ്വന്തമാണ്. അതിന്‍റെ ഗുണഫലം സമൂഹത്തിനു മുഴുവന്‍ അനുഭവിക്കുവാന്‍ ആവണം എന്നതാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം.

മനുഷ്യന്‍റെ ആരോഗ്യപൂര്‍ണ്ണവും വികസിതവുമായ ജീവിതത്തിനു ആവശ്യമായ ഭൌതിക ഉല്‍പ്പന്നങ്ങളുടെ മുഖ്യമായ ഉല്‍പാദനവും വിതരണവും സേവനവും സ്വകാര്യ മൂലധന ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന കാലത്തോളം മനുഷ്യന്‍റെ വിമോചനം അസാധ്യമായി തന്നെ തുടരും. ഈ തിരിച്ചറിവാണ് സഖാക്കളുടെ സമരവീര്യത്തിന്‍റെ കരുത്ത്.



വര്‍ഗീയത ജനാധിപത്യത്തിന്റെ ശത്രു!

അന്യരേക്കാള്‍ സ്വന്തം ജാതി-മതം കുലീനമെന്നും പവിത്രമെന്നും ധരിച്ചു വശായി അതിന്‍റെ സങ്കുചിത വൃത്തത്തില്‍ അഭിമാനപൂരിതനായി അന്യജനവിഭാഗങ്ങളെ അകല്‍ച്ചയോടെ സമീപിക്കുന്ന അധമവികാരം ആണ് വര്‍ഗീയത. ഭൌതികമായ പ്രതിലോമ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഈ അധമവികാരത്തിന്‍റെ ഉര്‍ജ്ജം അടിത്തറയാക്കി കെട്ടിപടുക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് വര്‍ഗീയപ്രസ്ഥാനനങ്ങള്‍ . അകല്‍ച്ചയുടെതായ ഈ അധമവികാരം ശത്രുതയായും കലഹമായും കലാപമായും രൂപപരിണാമം സംഭവിക്കുവാന്‍ നിസ്സാരമായ ഒരു നിമിത്തം മതി. 

വര്‍ഗീയത കാവിയുടുത്തു വന്നാലും പച്ചപുതച്ചു നിന്നാലും ളോഹധരിച്ചു നടന്നാലും ലക്ഷ്യം ഒന്നു തന്നെ. ഇവര്‍ ഒരേ തൂവല്‍പക്ഷികള്‍ ആണ്. ചൂഷിത ജനതയുടെ സംഘടിതമായ കൂട്ടായ്മയെ അസാധ്യമാക്കുന്ന വര്‍ഗ്ഗീയതയുടെ നിറം ചാര്‍ത്തി നില്‍ക്കുന്ന മാനസങ്ങള്‍ ധനമൂലധന ശക്തികളുടെ ഇഷ്ടഭാജനങ്ങളാണ്.  ഇവരുടെ പ്രഖ്യാപിത ശത്രുത ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോടാണ് - മനുഷ്യവിമോചന പോരാട്ടങ്ങളോടാണ്. വര്‍ഗ്ഗീയതയെ ചെറുക്കാതെ മതേതര പൊതുസംസ്കാരം വളര്‍ത്തി കൊണ്ടുവരാതെ ആരോഗ്യകരമായ ജനാധിപത്യ മുന്നേറ്റം അസാധ്യമാണ്.


ഒരു വിഭാഗത്തിന്റെ വര്‍ഗ്ഗീയ വിഷപ്രസരണത്തെ, മതേതരചിന്തയുടെ വെളിച്ചത്തില്‍ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനത്തിന്റെ ഗുണപരമായ സത്ത തിരിച്ചറിയാതെ, നിങ്ങള്‍ മറുവിഭാഗത്തിന്റെ വര്‍ഗ്ഗീയതയെ പ്രതിനിധാനം ചെയ്യുന്നവാരാണ് എന്ന് ആക്ഷേപിക്കുന്നവര്‍ നിറഭേദം എന്തായാലും വര്‍ഗ്ഗീയതയുടെ ചങ്ങലയില്‍ ബന്ധിതരായവരാണ്.  ജനാധിപത്യത്തിനു അന്യമായ വികാരവിചാര ധാരയാണ് വര്‍ഗീയത. വര്‍ഗീയതയില്‍ നിന്ന് ഫാസിസത്തിലേക്കുള്ള ദൂരം വളരെ ചെറുതാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 

വര്‍ഗ്ഗീയതയും ഫാസിസവും മനുഷ്യവിമോചന സമരങ്ങളുടെയും മനുഷ്യാവകാശത്തിന്‍റെയും ശത്രു.


മഹാഭൂരിപക്ഷം വരുന്ന അടിച്ചമര്‍ത്തപെട്ട ജനത അവകാശബോധത്തിന്‍റെ തിരിച്ചറിവില്‍ ഒരുമിച്ചു സമരപാതയില്‍ പോരാട്ടവീറോടെ അണിനിരന്നാല്‍, ഇന്ന് നാം അനുഭവിക്കുന്ന ചെറുന്യൂനപക്ഷത്തിന്‍റെ അധീശ്വത്തം അവസാനിക്കും എന്നത് ലളിതമായ ഒരു സത്യമാണ്. ചൂഷിതജനതയുടെ ഒത്തുചേരല്‍ സ്വന്തം വര്‍ഗ്ഗതാല്‍പര്യങ്ങളുടെ അവസാനം ആയിട്ടാണ് മൂലധന ശക്തികള്‍ നോക്കികാണുന്നത്. അപ്പോള്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ കേവലം ജന്മംചാര്‍ത്തുന്ന മുദ്രയുടെ പേരില്‍ അകല്‍ച്ചയുടെയും വൈരത്തിന്‍റെയും ഉര്‍ജ്ജസംഭരണിയായ കള്ളികളില്‍ ശുദ്ധമാനസങ്ങളായ ജനതയെ ചുരുക്കി നിര്‍ത്തുന്ന സകലാമാന ദര്‍ശനങ്ങളും നിര്‍വഹിക്കുന്നത് ആര്‍ക്ക് വേണ്ടിയുള്ള ധര്‍മ്മം ആണെന്ന് ആലോചിക്കുക.

അനീതിയുടെയും അധര്‍മ്മത്തിന്‍റെയും പ്രഭവകേന്ദ്രമായ എല്ലാവിധ “തിന്മയില്‍” നിന്നുമുള്ള മനുഷ്യസമൂഹത്തിന്‍റെ വിമോചനത്തിന് വേണ്ടിയുള്ള വിപ്ലവദര്‍ശനമായി, നീതിക്കും അവകാശത്തിനും വേണ്ടി പൊരുതുന്ന ജനതയുടെ ഉര്‍ജ്ജമായി, പ്രചോദനമായി, അതിരുകളില്ലാത്ത മനുഷ്യനെ അഭിസംബോധനം ചെയ്തിരുന്ന മത ദര്‍ശനങ്ങളുടെ അകകാമ്പ് അറിയുന്ന ഒരു ജനതക്കും വര്‍ഗീയഫാസിസത്തിന്‍റെ വേട്ടമൃഗങ്ങള്‍ ആയി അധപതിക്കുവാന്‍ സാധ്യമല്ല.

ഹൃദയശൂന്യമായ നരഹത്യകള്‍ക്ക് ഉര്‍ജ്ജം പകരുന്ന വര്‍ഗീയ ഫാസിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിനെതിരെ സന്ധിയില്ലാ പോരാട്ടം തുടരുക എന്നത്‌ ജാതി-മത ഭേദമന്യേ മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന എല്ലാ ജനതയുടെയും ഒഴിച്ച്കൂടാനാവാത്ത കടമയാണ്. 
വര്‍ഗീയതയും ഫാസിസവും അഭിസംബോധനം ചെയ്യുന്നത് സങ്കുചിത മനസ്സുകളെയാണ്. അതേസമയം ജനാധിപത്യരാഷ്ട്രീയം അഭിസംബോധനം ചെയ്യുന്നത് അതിരുകളുടെ വേലിക്കെട്ടുകള്‍ ഇല്ലാത്ത സമൂഹഗാത്രത്തെയാണ്. വര്‍ഗീയതയും ഫാസിസവും ജനാധിപത്യത്തിനു അന്യമായ വികാരവിചാരമാണ് എന്ന് തിരിച്ചറിയുന്ന ജനത നിസ്സംഗത വെടിഞ്ഞു ഈ വിഷധൂളികളുടെ പ്രസരണത്തിനെതിരെ പ്രതികരിക്കണം. ജാഗ്രത പുലര്‍ത്തണം. 

അതിരുകള്‍ ഇല്ലാത്ത പരസ്പര പൂരകമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ മാത്രം സാധ്യമാവുന്ന സാമൂഹിക ജീവിതത്തിന്‍റെയും അതിനു ബലമേകുന്ന വികാരവിചാരങ്ങളുടെയും അടിത്തറ തകര്‍ക്കുന്ന വര്‍ഗീയശക്തികള്‍ ഏത് വേഷം ധരിച്ചു വന്നാലും ഏത് നിറം ചാര്‍ത്തിവന്നാലും അവര്‍ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും മനുഷ്യ വിമോചന പോരാട്ടങ്ങളുടെയും ശത്രുക്കള്‍ തന്നെയാണ്. 


മനുഷ്യാവകാശം – ഒരു വിചിന്തനം.


അന്തസുള്ള മനുഷ്യനായി ഭൂമിയില്‍ ജീവിക്കുവാനുള്ള അവകാശമാണ് ഏറ്റവും ലളിതമായ മനുഷ്യാവകാശം. ഈ ലോകത്ത് കോടാനുകോടി ജനങ്ങള്‍ക്ക്‌ ആ അവകാശം നിഷേധിക്കപെട്ടിരിക്കുന്നു! 

അര്‍ത്ഥപൂര്‍ണ്ണമായ ജനകീയ ജനാധിപത്യ മതേതര വ്യവസ്ഥിതിയിലെ, മനുഷ്യാവകാശം എന്ന പ്രമാണത്തിന് പ്രസക്തിയുള്ളൂ. നമുക്ക്‌ ചുറ്റും ഇന്ന് കാണുന്നതും കേള്‍ക്കുന്നതും കഥാശൂന്യമായ മനുഷ്യാവകാശ വായ്ത്താരിയാണ്. 

ചൂഷണാധിഷ്ടിതമായ ഒരു വ്യവസ്ഥിതിക്ക് അകത്ത് ധനമൂലധന ശക്തികളുടെ ആര്‍ത്തിപൂണ്ട ലാഭമോഹങ്ങള്‍ക്ക് കൈയൊപ്പ്‌ ചാര്‍ത്തുക എന്നത് ഭരണകൂടത്തിന്‍റെ അജണ്ടയായി തുടരുന്ന ഒരവസ്ഥയില്‍ എന്ത് മനുഷ്യാവകാശം? വേട്ടക്കാരന് വേട്ടയാടാനും ഇരകള്‍ക്ക് രക്ഷ തേടി നെട്ടോട്ടം ഒടാനുമുള്ള അവകാശങ്ങളുടെ “തുല്യത”യല്ല യഥാര്‍ത്ഥ മനുഷ്യാവകാശം. 

അനീതിക്കെതിരെ പൊരുതുന്ന ഇരകളുടെ പക്ഷത്ത്‌ നിലകൊള്ളുക എന്നതാണ് വര്‍ഗ്ഗ സമൂഹത്തിലെ മനുഷ്യാവകാശത്തിന്‍റെ അര്‍ത്ഥം. ചൂഷിതനും പീഡിതനും മാര്‍ദ്ധിതനും ആയ ജനതയുടെ വിമോചന സമരപക്ഷത്തു നിലകൊള്ളാതെ മാറിനില്‍ക്കുന്ന ഒരു നിര്‍ഗുണസങ്കല്‍പം ആയികൂട മനുഷ്യാവകാശത്തിന്‍റെ ഉള്ളടക്കം. മനുഷ്യന്‍റെ ഐക്യത്തിനും പുരോഗതിക്കും വിഘാതമായി നില്‍ക്കുന്ന ഏത് സമീപനത്തെയും ശക്തമായി ചെറുക്കാതെ മനുഷ്യാവകാശത്തോട് നീതി പുലര്‍ത്തുവാന്‍ സാധ്യമല്ല. 

അന്തസ്സിലും അവകാശത്തിലും തുല്യതയുള്ള മാനവികതയാണ് മനുഷ്യാവകാശത്തിന്‍റെ അടിസ്ഥാനം. അവിടെ ആരും ആരുടേയും അടിമയല്ല. ഒരുവന്‍റെ അവകാശം മറ്റൊരുവന്‍റെ അവകാശത്തിന്‍റെ നിഷേധം ആയികൂടാ. അറിവിന്‍റെയും ചിന്തയുടെയും സംവാദങ്ങളുടെയും സ്വതന്ത്രമായ ആകാശം ആണ് അതിന്‍റെ സവിശേഷത. ബാഹ്യ സമ്മര്‍ദ്ധങ്ങള്‍ കൂടാതെ ആര്‍ക്കും സ്വന്തമായി ബോധ്യമുള്ള ഏത്‌ മാനവിക ദര്‍ശനത്തെയും സ്വന്തം ജീവിതപ്രമാണമായി സ്വീകരിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കും. 

മൂല്യനിരാസത്തിന്‍റെതായ മുതലാളിത്തം വ്യാഖ്യാനിക്കുന്നത് പോലെ പരിധിയില്ലാത്ത വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുക എന്നതല്ല മനുഷ്യാവകാശത്തിന്‍റെ അന്തസത്ത. സന്തുലിതമായ സാമൂഹികവ്യവസ്ഥിതിക്ക്‌ ഉതകുന്നതായിരിക്കണം വ്യക്തിയുടെ അവകാശത്തിന്‍റെ പരിധി. 


സുതാര്യമായ ചില ചിന്തകള്‍ .......

യുക്തിവാദം ഏകമുഖമല്ല. യാന്ത്രികവുമല്ല. അവനവന്‍റെ അറിവിനും കഴിവിനും അനുസരിച്ച് പ്രതിജനഭിന്നമാണ്. ആപേക്ഷികവുമാണ്. അനന്തമായി വളരുന്ന അറിവിന്‍റെ തുടക്കവും ഒടുക്കവും ഉള്ളടക്കവും പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ ഒരു മനുഷ്യായുസ്സുകൊണ്ട് ആര്‍ക്കും സാധ്യമല്ല. എല്ലാമറിയുന്ന എല്ലാറ്റിനും ഉത്തരമുള്ള അത്ഭുത ജീവിയല്ല യുക്തിവാദി. അറിവിന്‍റെ സ്വതന്ത്രമായ അന്വേഷകനാവുകയും അറിവിനെ അടിസ്ഥാനമാക്കി യുക്തിഭദ്രമായി ചിന്തിക്കുകയും ചോദിക്കുകയും ചെയ്യുന്ന, മുന്‍വിധികള്‍ തീര്‍ക്കുന്ന അതിരുകളുടെ തടവുകാരനല്ലാത്ത കേവല മനുഷ്യനാണ് യുക്തിവാദി.

തങ്ങളുടെ ദര്‍ശനം ഏകമുഖമെന്നു അവകാശപ്പെടുന്ന മത വിശ്വാസികളില്‍ പോലും നിരവധി വിശ്വാസ ധാരകളും അഭിപ്രായ ഭിന്നതകളും ഉണ്ട്. അവനവന്‍റെ അറിവും ബോധവും അനുസരിച്ച് മനുഷ്യന്‍റെ വിശ്വാസത്തെ കുറിച്ചുള്ള അറിവും ധാരണയും എല്ലാം പ്രതിജനഭിന്നവും സ്ഥലകാല ഭേദവും ഉള്ളതാണ്. ഈ ലളിതമായ വസ്തുത ഉള്‍കൊള്ളാതെ ഇല്ലാത്ത മഹത്വങ്ങളുടെ അവകാശ വാദങ്ങള്‍ ചില മതവിശ്വാസികള്‍ ഉന്നയിക്കുന്നു.
...............................................................................................
പ്രകൃതിയെയും സമൂഹത്തിലെ സ്വന്തം സഹജീവികളെയും ആശ്രയിച്ചാണ് നാം ഈ ഭൂമിയില്‍ ജീവിക്കുന്നത്. ആസ്രിതബന്ധിതമാണ് നമ്മുടെ ഭൌതിക ജീവിതം. നമ്മുടെ ജീവിതം സമ്പന്നമാക്കുന്ന അറിവിന്‍റെയും ഭൌതിക ഉപാധികളുടെയും കൊടുക്കല്‍ വാങ്ങലുകളുടെ കൈവഴികള്‍ക്ക്‌ ജാതിമത ലിംഗ ഭാഷ വംശ ഭേദങ്ങള്‍ ഇല്ല. മനുഷ്യര്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ വിശ്വസിക്കുന്ന ദര്‍ശനങ്ങളില്‍ അല്ല , മൂര്‍ത്തമായ ഭൌതിക ലോകത്തെ ജീവിതവുമായി ബന്ധപ്പെട്ടു മനുഷ്യന്‍റെ കര്‍മ്മകാണ്ഡത്തില്‍ ആണ് നന്മ തിന്മകളെ നാം തിരയേണ്ടത്. ജന്മം കൊണ്ട് ആരും പാപികള്‍ ആവുന്നില്ല. ജന്മം കൊണ്ട് ആരും ശ്രേഷ്ഠരും ആവുന്നില്ല. ജന്മം ചാര്‍ത്തിയ മുദ്രകളുടെ പേരില്‍ ആര്‍ക്കും പാപ പുണ്യങ്ങളുടെ പ്രത്യേക പദവിയൊന്നുമില്ല. കര്‍മ്മവും ചിന്തയും ജീവിത സമീപനവുമാണ് മുഖ്യം.
..................................................................................................
നാം അറിയുന്ന ലോകത്ത്‌, ജനങ്ങളില്‍ മഹാഭൂരിപക്ഷവും മതവിശ്വാസികള്‍ ആവുന്നത് വേദഗ്രന്ഥം പാരായണം ചെയ്തു യുക്തിഭദ്രമായി ചിന്താമഥനം നടത്തി വിശകലനം ചെയ്തു, ഇതാണ് പരമമായ സത്യം എന്ന് ബോധ്യപെട്ട ശേഷമല്ല എന്ന ലളിതമായ സത്യം ഉഗ്രവാദം നടത്തുന്ന വിശ്വാസികള്‍ ബോധപൂര്‍വ്വം മറക്കുന്നു. 

ജന്മം ചാര്‍ത്തിയ വിശ്വാസത്തിന്‍റെ മുദ്രയുമായി, മഹാഭൂരിപക്ഷവും വിശ്വാസലോകത്ത്‌ ആജീവനാന്തം ചോദ്യങ്ങള്‍ ഒന്നുമില്ലാതെ തുടരുന്നത് വേദഗ്രന്ഥങ്ങളുടെ അര്‍ത്ഥങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും, അതിന്‍റെ പൊരുളും പതിരും തേടുന്ന സ്വതന്ത്രമായ അന്വേഷണങ്ങളിലേക്കും ഒരിക്കല്‍ പോലും സഞ്ചരിച്ചിട്ടില്ല എന്ന പുണ്യം കൊണ്ടാണ്.
....................................................................................................
പ്രലോഭനങ്ങളുടെയും ദൌബല്യങ്ങളുടെയും അതിജീവനം ആണ് ഓരോ കമ്മ്യൂണിസ്റ്റ്‌ സഖാവിന്റെയും ജീവിതം. അതില്‍ അവര്‍ പരാജയപ്പെടുമ്പോള്‍ സഖാവ് അല്ലാതായി തീരുന്നു. ഭൌതിക രംഗത്തും ആശയ രംഗത്തും ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ വ്യക്തിയുടെ ബോധ തലത്തിലും , താല്‍പര്യങ്ങളിലും ഏത് ഘട്ടത്തിലും മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിന്റെ ഫലമായി വ്യക്തിയുടെ ജീവിത സമീപനങ്ങളില്‍ മാറ്റം ഉണ്ടാവാറുണ്ട്. ആശയപരമായ കൂട്മാറ്റങ്ങള്‍ നടക്കാറുണ്ട്. ബോധത്തിന്റെയും താല്‍പര്യത്തിന്റെയും മാറ്റങ്ങളെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടു പോകുന്നവരും, പ്രസ്ഥാനത്തിലേക്ക് പുതുതായി കടന്നു വരുന്നവരും ഉണ്ട്. ഓരോ വ്യക്തികളുടെയും നിലപാടുകള്‍ , ബോധവും താല്പര്യവും തമ്മിലുള്ള ദ്വന്തങ്ങളില്‍ ഏതിനോടൊപ്പം നിലകൊള്ളണം എന്ന സ്വന്തം മനസാക്ഷിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.


സത്രീവിമോചനവും വര്‍ഗ്ഗസമരവും

വീണ്ടുമൊരു വനിതാദിനം കൂടി. മാര്‍ച്ച് എട്ടിനാണ് ലോകത്താകെ വനിതാദിനമായി ആചരിക്കുന്നത്. 1965 ലാണ് എക്യരാഷ്ട്രസഭ വനിതാദിന പ്രഖ്യാപനം നടത്തിയത്.

നമ്മുടെ സമൂഹത്തിന്‍റെ അര്‍ദ്ധപാതിയാണ് സ്ത്രീകള്‍ . അര്‍ദ്ധപാതിയെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തി കൊണ്ട് ഒരു സമൂഹത്തിനും പുരോഗതിയിലേക്ക് മുന്നേറാന്‍ ആവുകയില്ല. രാഷ്ട്രീയ പ്രബുദ്ധതയും അവകാശബോധവുമുള്ള സ്ത്രീ-പുരുഷ ജനതയുടെ പൂര്‍ണ്ണവും ക്രിയാത്മകവുമായ പങ്കാളിത്തം കൂടാതെ ജനാധിപത്യ വ്യവസ്ഥിതിക്ക്‌ പൂര്‍ണ്ണത കൈവരില്ല. 

സമ്പത്തും അധികാരവും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്. സമ്പത്തിന്‍റെ കേന്ദ്രീകരണം എവിടെയാണോ, അവിടെയാണ് അധികാരത്തിന്‍റെയും കേന്ദ്രീകരണം. “സമ്പത്താണ് കരുത്ത്.കരുത്താണ് ശരി” എന്ന് ശക്തന്‍ അശക്തനെ ഭരിക്കുന്ന കാടന്‍നീതിയെ സാധൂകരിക്കുന്ന പ്രമാണവചനം തന്നെയുണ്ട്. സ്വകാര്യസ്വത്തിന്‍റെ അമിതമായ കേന്ദ്രീകരണത്തെ തുടര്‍ന്നാണ് മാനവചരിത്രത്തില്‍ വര്‍ഗ്ഗവൈരുദ്ധ്യങ്ങളുടെതായ വ്യവസ്ഥിതി രൂപംകൊള്ളുന്നത്. അതിന്‍റെ അവിഭാജ്യമായ അനുബന്ധമാണ് സാമ്പത്തിക ചൂഷണത്തിന്‍റെയും പുരുഷമേധാവിത്ത്വത്തിന്‍റെയും ആയ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയും, അതിനു അനുപൂരകമായ കുടുംബ ഘടനയും.

ആധിപത്യം പുലര്‍ത്തുന്ന വര്‍ഗ്ഗത്തിന്‍റെ താല്‍പര്യ സംരക്ഷണവുമായി ബന്ധപെട്ട ആശയങ്ങളാണ് സമൂഹത്തിന്‍റെ സാമാന്യബോധത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ടാണ് സ്വന്തം അവസ്ഥയുടെയും അവകാശത്തിന്‍റെയും തിരിച്ചറിവ് നേടാത്ത ചൂഷിതരായ പൊതുസമൂഹം, ആധിപത്യവര്‍ഗ്ഗത്തിന്‍റെ ആശയങ്ങള്‍ക്കും അമിതാധികാരങ്ങള്‍ക്കും കൈയൊപ്പ്‌ ചാര്‍ത്തുന്നത്. അവകാശബോധത്തിന്‍റെ ആത്മബോധത്തിലേക്ക് ഉണര്‍ന്ന അടിച്ചമര്‍ത്തപെട്ട ജനതയുടെ വര്‍ഗ്ഗസമരത്തിലൂടെ മാത്രമേ സമൂഹത്തിന്‍റെ പ്രതിലോമപരമായ സാമാന്യബോധം വിപ്ലവകരമായ സവിശേഷബോധമായി മാറുകയുള്ളൂ.

“എല്ലാ മനുഷ്യരും ഭൂമിയില്‍ ജനിക്കുന്നത് സ്വതന്ത്രരായിട്ടാണ്.ഏവരും അവകാശത്തിലും അന്തസ്സിലും തുല്യരാണ്” എന്ന വചനത്തിലാണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മനുഷ്യാവകാശരേഖ തുടങ്ങുന്നത്. ഈ മനുഷ്യാവകാശ രേഖയെ മാനിക്കുന്നു എന്ന് ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും പ്രമാണത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്. പക്ഷെ ഫലത്തില്‍ ലോകത്തെ മിക്കരാഷ്ട്രങ്ങളിലും മഹാഭൂരിപക്ഷം ജനതയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളായിട്ടാണ് ജീവിക്കുന്നത്.

സ്ത്രീക്ക് വേണ്ടത്‌ അന്തസ്സും സുരക്ഷിതത്ത്വവും തുല്യതയും ആണ്. പുരുഷാധിപത്യ ചിന്തയുടെ ഇരയും, അവന്റെ ആജ്ഞകള്‍കൊത്തുമാത്രം മറുവാക്കില്ലാതെ അനുസരിക്കുന്ന മുഖമില്ലാത്ത പാവയുമായുള്ള നിറംകെട്ട ജീവിതത്തില്‍ നിന്നുള്ള മോചനമാണ് സത്രീ സമൂഹം ആഗ്രഹിക്കുന്നത്. പ്രതിലോമ ആശയങ്ങളും ചൂഷണ വ്യവസ്ഥിതിയും നിലനില്‍ക്കുന്ന സമൂഹത്തില്‍ ഘടനാപരമായും സാംസ്കാരികമായും ഉള്ള സമൂല മാറ്റങ്ങളിലൂടെ മാതമേ ഇത് സാധ്യമാവൂ. 

ഇരട്ടചൂഷണത്തിന്‍റെ ഇരകളാണ് സ്ത്രീകള്‍ . തൊഴില്‍ മേഖലയില്‍ ഉള്ള ചൂഷണവും , കുടുംബത്തിന് അകത്തും പുറത്തുമുള്ള പുരുഷമേധാവിത്ത്വ ഘടനയുടെതായ ചൂഷണവും അവര്‍ അനുഭവിക്കുന്നു. സ്ത്രീയുടെ വിമോചന സമരം, അധീശവര്‍ഗ്ഗത്തിന്‍റെ ആധിപത്യചിന്തയെ ഊട്ടി ഉറപ്പിക്കുന്ന വ്യവസ്ഥാപിത പ്രതിലോമ ആശയങ്ങള്‍ക്ക് എതിരായ വര്‍ഗ്ഗസമരത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നല്ല. വര്‍ഗ്ഗസമരത്തിന്റെ അനുബന്ധമാണ് സത്രീ വിമോചന സമരങ്ങള്‍ . 

അറിവ് കൊണ്ടും, രാഷ്ട്രീയപ്രബുദ്ധതകൊണ്ടും, സാമ്പത്തിക ശേഷി കൊണ്ടും സ്ത്രീ ശാക്തീകരണം നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമൂഹത്തിലും കുടുംബത്തിലും നിലനില്‍ക്കുന്ന പുരുഷ മേധാവിത്വപരമായ അധികാരഘടനയില്‍ അനിവാര്യമായ പൊളിച്ചെഴുത്ത് നടക്കുകയുള്ളൂ. സമ്പത്തിന്റെ അറിവിന്റെ അധികാരത്തിന്റെ ജനകീയമായ വികേന്ദ്രീകരണത്തിലൂടെ ചൂഷണ വ്യവസ്ഥിതിയില്‍ പ്രാന്തവല്‍ക്കരിക്കപെട്ട ജനതയെ ശക്തീകരിക്കുക എന്നത് വര്‍ഗ്ഗസമരത്തിന്റെ മുദ്രാവാക്യം ആണ്. അധീശവര്‍ഗ്ഗത്തിന്‍റെ ആധിപത്യത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗരഹിത സാമൂഹിക ഘടനയില്‍ മാത്രമേ സ്ത്രീപുരുഷ തുല്യത എന്നത് അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ. 

ഭൌതിക വ്യവസ്ഥിതിയുടെയും അവസ്ഥകളുടെയും സൃഷ്ടി സ്ഥതി സംഹാരകന്‍ മനുഷ്യന്‍ തന്നെയാണ് എന്നും, വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെ അന്ത്യം കുറിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തിലുള്ള ചൂഷിതരും പീഡിതരും ആയ ജനതയുടെ വര്‍ഗ്ഗ സമരം മാത്രമാണ് അടിച്ചമര്‍ത്തപെട്ടവന്റെ മോചന മാര്‍ഗ്ഗം എന്ന തിരിച്ചറിവിന്റെതായ ആത്മബോധം നേടുമ്പോള്‍ ആണ്, മാറ്റത്തിന് വേണ്ടിയുള്ള ഏത് സമൂര്‍ത്തമായ പോരാട്ടത്തിനുമുള്ള ശുഭപ്രതീക്ഷയുടെ ഉര്‍ജ്ജം നമുക്ക്‌ ലഭിക്കുക. എല്ലാവിധ ചൂഷണത്തില്‍ നിന്നുമുള്ള മനുഷ്യ വിമോചന സമരപാതയില്‍ പുരുഷന്‍ സ്ത്രീയുടെ ശതുവല്ല, സഖാവാണ്. 


തനിക്കിഷ്ടപെട്ട മതം വിശ്വസിക്കുവനല്ലാതെ..........

തനിക്കിഷ്ടപെട്ട മതം വിശ്വസിക്കുവനല്ലാതെ, മതശിക്ഷ നടപ്പിലാക്കുവാനുള്ള അവകാശം മതേതര ഇന്ത്യയില്‍ ഏതെങ്കിലും സ്വകാര്യ വ്യക്തികള്‍ക്കോ സമുദായത്തിനോ തീറെഴുതി കൊടുത്തിട്ടില്ല. ഓരോ വിഭാഗവും രാജ്യത്തിന്റെ നിയമസംവിധാനങ്ങളെ മറികടന്നു സ്വന്തം നിലക്ക് സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്ക് അനുസരിച്ച്, വ്യക്തിയുടെ സ്വതന്ത്രവും സ്വകാര്യവുമായ ജീവിതത്തില്‍ ഇടപെടാനും ശിക്ഷ നടപ്പിലാക്കുവാനും തുടങ്ങിയാല്‍ രാജ്യം കടുത്ത ആരാജകത്ത്വത്തിലേക്ക് നീങ്ങും. 

പുരുഷ മേധാവിത്വ ചിന്തയുടെ ഉത്തരം താങ്ങികള്‍ കരുതുന്നതുപോലെ കേവലം സ്ത്രീയുടെ "സദാചാര" ലംഘനം മാത്രമല്ല മതനിയമത്തിന്റെ ലഘനങ്ങള്‍ . പുരുഷന്‍ നടത്തുന്ന സ്ത്രീപീഡനവും വ്യഭിചാരവും നാടിനെയും ജനങ്ങളെയും കൊള്ളയടിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളും, പുരുഷന്റെ പ്രകൃതിവിരുദ്ധമായ ലീലാവിലാസങ്ങളും എല്ലാം മതനിയമങ്ങളുടെ ലംഘനം തന്നെയാണ്. മതത്തിന്റെ ഗണത്തില്‍ സദാചാര ലംഘനം ആയ പലതും, ആധുനിക സമൂഹത്തില്‍ പൌരന്റെ അവകാശ ഗണത്തില്‍ പെടുന്നുമുണ്ട്. ചരിത്രം പരിശോധിച്ചാല്‍ സദാചാര മൂല്യങ്ങള്‍ എല്ലാം സ്ഥകാലഭിന്നവും പ്രതിജനഭിന്നവും ആയിരുന്നു എന്ന് കാണുവാന്‍ സാധിക്കും. ഇന്നും അങ്ങിനെ തന്നെയാണ്. 

ഇവിടെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശനം മനുഷ്യത്ത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങള്‍ ആണ്. അത് തടയുവാന്‍ വേണ്ട പ്രയോഗപ്രസക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് ജനാധിപത്യ ഭരണകൂടങ്ങളുടെയും നമ്മുടെ രാജ്യത്തെ നീതിപാലകരുടെയും നിയമസംവിധാനത്തിന്റെയും ഉത്തരവാദിത്വം ആണ്. അതിനുതകുന്ന സാംസ്കാരിക അവബോധം നമ്മുടെ സാമൂഹിക ജീവിതത്തില്‍ തീര്‍ക്കുക എന്നത് പൌരബോധമുള്ള ജനതയുടെ കടമയാണ്.

കമ്മ്യൂണിസവും മതവിശ്വാസവും യുക്തിവാദവും – അല്പം ചില ചിന്തകള്‍

ആറ്റുകാല്‍ പൊങ്കാല പാതയോരത്ത് നടത്തി എന്നതിന്റെ പേരില്‍ കേസെടുത്ത നടപടിയെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്തിനു എതിര്‍ക്കുന്നു എന്ന് ചില അതിയുക്തിവാദ ചിന്തയുള്ളവര്‍ ചോദിക്കുന്നതായി കാണുന്നു. ഇവിടെ കോടതി വിധിക്കും പോലീസ് നടപടിക്കും കാരണമായത്‌ അവര്‍ക്ക്‌ ആറ്റുകാല്‍ പൊങ്കാല എന്ന വിശ്വാസ ആചാരത്തോട് ഏതെങ്കിലും നിലക്ക് എതിര്‍പ്പ് ഉള്ളത്കൊണ്ടൊന്നുമല്ല എന്ന വസ്തുത നാം മനസ്സിലാക്കണം. വര്‍ഗീയതയെയും ഫാസിസത്തെയും ജാതീയമായ വിവേചനങ്ങളെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ശക്തമായി എതിര്‍ക്കും. എന്നാല്‍ മാര്‍ക്സിയാന്‍ ദര്‍ശനത്തിനു ഒട്ടും യോജിപ്പില്ലെങ്കിലും, ജനങ്ങളുടെ വിശ്വാസ ആചാര സ്വാതന്ത്ര്യത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മാനിക്കുന്നു. 
.............................................................................................

യാന്ത്രികമായ കേവല യുക്തിവാദത്തിന്റെ മര്‍ക്കടമുഷ്ടിയോട് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് പലപ്പോയും വിയോജിക്കേണ്ടതായിവരും. മനസ്സില്‍ നന്മയുള്ളവര്‍ യുക്തിവാദികള്‍ മാത്രമാണെന്ന ചിന്ത വിശ്വാസികള്‍ മാത്രമേ നന്മയുള്ളവരായുള്ളൂ എന്ന മതമൌലിക ചിന്തപോലെ അസംബന്ധം ആണ്. യുക്തിവാദവും സമൂഹത്തിന്‍റെ വര്‍ഗ്ഗപരമായ നിലപാടും വേറിട്ട രണ്ടു മേഖലകള്‍ ആണ്. യുക്തിവാദികളില്‍ ഒരു വിഭാഗം കടുത്ത തൊഴിലാളിവര്‍ഗ്ഗ വിരുദ്ധ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചിന്താഗതി വെച്ച്പുലര്‍ത്തുന്നവരാണ്. അതേസമയം പ്രയോഗത്തിന്‍റെ മണ്ഡലത്തില്‍ കമ്മ്യൂണിസത്തിന്‍റെ സഹയാത്രികരായ കോടികണക്കിനു വിശ്വാസികള്‍ ലോകമെമ്പാടും ഉണ്ട്. മാത്രമല്ല ലാറ്റിന്‍അമേരിക്കയിലെ വിമോചന തത്ത്വശാസ്ത്രം പോലുള്ള മതപ്രസ്ഥാനങ്ങള്‍ വിപ്ലവപോരാട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നതിന്‍റെ അനുഭവങ്ങളും നമ്മുടെ മുന്നില്‍ ഉണ്ട്. 

തികഞ്ഞ യുക്തിവാദികള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന നിബന്ധന വെച്ചാല്‍ കമ്മ്യൂണിസ്റ്റ്‌ ദര്‍ശനത്തെ ആധാരമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് തൊഴിലാളി വര്‍ഗ്ഗത്തിന്റെ സുസംഘടിത പ്രസ്ഥാനമായി നിലകൊള്ളാന്‍ പറ്റില്ല. തൊഴിലാളി വര്‍ഗ്ഗത്തില്‍ മഹാഭൂരിപക്ഷവും ജന്മം കൊണ്ടും ജീവിത ചുറ്റുപാടുകള്‍ കൊണ്ടും വിശ്വാസികള്‍ ആണ്. . ഒറ്റ രാത്രികൊണ്ട് അവരുടെ മുഴുവന്‍ ബോധത്തെ വിപ്ലവകരമായി യുക്തിചിന്തയിലേക്ക് മാറ്റികളയാം എന്ന അപ്രായോഗിക ചിന്തയൊന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കില്ല. നമ്മുടെ രാജ്യത്തും ലോകത്തും മഹാഭൂരിപക്ഷം ജനതയും വിശ്വാസത്തിന്റെ കുഞ്ഞാടുകള്‍ ആണ്. അവരെയാണ് ഒരു ബഹുജന പ്രസ്ഥാനം എന്ന നിലക്ക് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അഭിസംബോധനം ചെയ്തു സംസാരിക്കുന്നതും സംവദിക്കുന്നതും. 

സമൂഹത്തിലെ പൌരന്‍ എന്ന നിലക്ക് വിശ്വാസികള്‍ക്കുള്ള എല്ലാ അവകാശങ്ങളും വിശ്വാസത്തോട് യോജിക്കാത്ത യുക്തിവാദികള്‍ക്കും ഉണ്ടാവണം എന്നതാണ് കമ്മ്യൂണിസ്റ്റ്‌കളുടെ നിലപാട്. അതാണ്‌ മതേതരത്വത്തിന്‍റെ യഥാര്‍ത്ഥ സത്ത. വിശ്വാസത്തിന്‍റെ നാമത്തില്‍ ഒരു പാട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അസംബന്ധങ്ങളും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. വിശ്വാസരംഗത്തെ ഇത്തരം ജീര്‍ണ്ണതകളെ ശുദ്ധീകരിക്കുവാന്‍ വിശ്വാസികള്‍ക്ക് മാത്രമേ സാധിക്കൂ. വിശ്വാസികളുടെ അകത്തളത്തില്‍ നിന്നുണ്ടാവുന്ന ഏതൊരു പുരോഗമനപരമായ സമീപനത്തെയും ശബ്ദത്തെയും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പിന്തുണക്കും. അതേസമയം ഏതൊക്കെയാണ് ശരിയായ വിശ്വാസം, ഏതൊക്കെയാണ് തെറ്റായ വിശ്വാസം എന്ന് വിശകലനം ചെയ്യുക എന്നത് കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടികളുടെ ജോലിയല്ല. മനുഷ്യത്തത്തിനും മാനവിക മോചനത്തിനും അവന്റെ അവകാശ സമരങ്ങള്‍ക്കും എതിരായ പ്രതിലോമ നിലപാട് മതങ്ങള്‍ പരസ്യമായി സ്വീകരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യും. എന്നും എവിടെയും മതസമുദായ പ്രസ്ഥാനങ്ങലോടുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നിലപാട് പ്രശ്നാധിഷ്ഠിതമാന്. 

വിശ്വാസികള്‍ മഹാഭൂരിപക്ഷം ഉള്ള സമൂഹത്തില്‍ അവരുടെ വിശ്വാസപരമായ അവകാശത്തിനെതിരെ നിലപാട് സ്വീകരിക്കുക എന്നത് അപ്രായോഗികം മാത്രമല്ല, അത്തരം നിലപാടുകള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരായ ആയുധമായി എതിര്‍ശക്തികള്‍ ഉപയോഗിക്കുകയും ചെയ്യും. അറിവും വായനയും ശാസ്ത്രീയമായ സാമൂഹിക നിരീക്ഷണങ്ങളും ആണ് ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ ദര്‍ശന ബോധത്തിലേക്ക് കൂടുമാറുന്നതിനു പ്രേരണയാവുന്നത്. കാര്യകാരണ ബന്ധിതമായ യുക്തിചിന്തയാണ് ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ വെച്ച് പുലര്‍ത്തുന്നത്. അതിന്റെ വെളിച്ചത്തില്‍ ആണ് അവന്‍ സാമൂഹിക ജീവിത സമസ്യകളെ വിശകലനം ചെയ്യുന്നത്. സ്വന്തം അവകാശ സമര പോരാട്ടവുമായി ബന്ധപ്പെട്ടു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ കടന്നു വരുകയും അതിനു ശേഷം പതുക്കെ യുക്തിബോധത്തിലേക്ക് വളര്‍ന്നു വരുകയും ചെയ്തിട്ടുള്ള സഖാക്കളും ഉണ്ട്. മനുഷ്യന്‍റെ ജീവിതത്തെയും അവന്‍റെ ബോധത്തെയും മുന്നോട്ടു നയിക്കുക എന്നത് തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ ദൌത്യം. വിപ്ലവകരമായ ഏതൊരു പോരാട്ടത്തിനും ഉര്‍ജ്ജം പകരുന്നത് മനുഷ്യന്‍റെ വിപ്ലവകരമായ ബോധമാണ്.




വിശ്വാസത്തിന്‍റെതായ അതിര്‍ വരമ്പുകള്‍ .........

വിശ്വാസത്തിന്‍റെതായ അതിര്‍ വരമ്പുകള്‍ തീര്‍ക്കുകയും, സ്വന്തം വിശ്വസികളെ മാത്രം അഭിസംബോധനം ചെയ്യുകയും ചെയ്യുന്ന മതങ്ങള്‍ക്ക്, അതിര്‍വരമ്പുകള്‍ ഇല്ലാത്ത സാമൂഹിക ജീവിത സമസ്യകള്‍ ചര്‍ച്ച ചെയ്യുന്ന വിശാലമായ ജനാധിപത്യത്തിന്‍റെ പൊതുമണ്ടലത്തില്‍ ഒട്ടും പ്രസക്തിയില്ല. 

വിശ്വാസത്തിന്‍റെ അടിത്തറ ജനങ്ങളുടെ പൂര്‍ണ്ണ സമര്‍പ്പിതമായ വിധേയത്ത്വ ബോധത്തിലും, ജനാധിപത്യത്തിന്‍റെ അടിത്തറ അവകാശബോധമുള്ള ജനതയുടെ ആത്മബോധത്തിലും ആണ്. ശിരസ്സു നമിച്ചു പ്രാര്‍ത്ഥിക്കുന്നതും, തിരിച്ചറിവിന്‍റെ ആകാശത്തിലേക്ക് മുഷ്ടി ചുരുട്ടി നിവര്‍ന്നു നിന്ന് അവകാശ മുദ്രാവാക്യം വിളിക്കുന്നതും മനുഷ്യന്‍റെ ബോധത്തിന്‍റെ രണ്ടു അവസ്ഥകളുടെ അടയാളങ്ങള്‍ ആണ്. 

നമ്മുടെ ഇന്ത്യന്‍ ജനാധിപത്യ മണ്ഡലത്തില്‍, ചില മതനേതാക്കളെ രാഷ്ട്രീയത്തിന്‍റെ അമരത്ത് കാണുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസമാണ്. മതത്തിന്‍റെ ആത്മീയ നേതാക്കള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍ ആവുന്നത് ജനാധിപത്യ മതേതര സംസ്കാരത്തിന് ഒട്ടും ഭൂഷണമല്ല. ബോധത്തിന്‍റെയും തിരിച്ചറിവിന്‍റെയും പരസ്പര വിരുദ്ധ മണ്ഡലങ്ങള്‍ ആയ, മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും യഥാര്‍ത്ഥമായ കാമ്പ് എന്തെന്ന് തിരിച്ചറിയാത്തത് കൊണ്ട് സംഭവിക്കുന്ന അസംബന്ധ ജടിലമായ അവസ്ഥയായിട്ടേ ഇതിനെ വിശേഷിപ്പിക്കാനാവൂ.


വര്‍ഗബോധത്തിന്‍റെയും വര്‍ഗീയതയുടെയും മാനങ്ങള്‍


ഞാന്‍ വര്‍ഗബോധമുള്ള സഖാവാണ്. എനിക്ക് ജാതി മത ഭാഷ ദേശ വര്‍ണ്ണ വംശ ലിഗ ഭേദങ്ങളുടെ അടിത്തറയില്‍ നിലകൊള്ളുന്ന വിവേചനത്തിന്‍റെയും വര്‍ഗീയതയുടെയും വികാരവിചാരങ്ങള്‍ ഇല്ല. എന്‍റെ ശത്രുയും പോരാട്ടവും, മനുഷ്യന്‍ എന്ന നിലക്കുള്ള അന്തസ്സിന്‍റെയും അവകാശത്തിന്‍റെയും തുല്യത എനിക്ക് നിഷേധിക്കുന്ന, ആശയങ്ങളോടും ദര്‍ശനങ്ങളോടും വ്യവസ്ഥിതിയോടുമാണ്. അത്തരം ഒരു കിരാത വ്യവസ്ഥിതിയെ അടക്കിഭരിക്കുന്ന ചൂഷക അധീശ്വത്ത വര്‍ഗത്തിന്‍റെ ആധിപത്യത്തിനെതിരെയാണ് എന്‍റെ വര്‍ഗ്ഗസമരം. ഇതാണ് ഓരോ കമ്മ്യൂണിസ്റ്റ്‌ സഖാവിന്‍റെയും സന്ദേശം. 

എന്നും എവിടെയും വര്‍ഗീയത എന്നത് പ്രതിലോമ സ്വഭാവമുള്ള അധമവികാരവും വിചാരവുമാണ്. ജാതിയുടെ പേരിലും മതത്തിന്‍റെ പേരിലും വര്‍ഗീയത തേടുന്നത് ശത്രുവിനെയാണ്. അതിന്‍റെ രസതന്ത്രം വെറുപ്പും പകയും ആണ്. മനുഷ്യബന്ധങ്ങളില്‍ നിലനില്‍ക്കുന്ന ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അതിന്‍റെ ഭാഗമായുള്ള പാപപുണ്യ ചിന്തകളുടെയും സങ്കുചിതമായ ആശയലോകത്താണ് വര്‍ഗീയത പച്ചപിടിക്കുന്നത്. 

മനുഷ്യന്‍റെ ജാതിയും മതവും അവന്‍റെ ബോധപൂര്‍വ്വമായ ഒരു തെരെഞ്ഞെടുപ്പ് അല്ല. കേവലം ജന്മം ചാര്‍ത്തുന്ന മുദ്ര മാത്രമാണ്. ജന്മം കൊണ്ട് നിര്‍ണ്ണയിക്കപ്പെടുന്ന ജാതി മാറുവാന്‍, ജാതി വിവേചനം ഇല്ലാത്ത മതത്തിലേക്ക്‌ കൂട് മാറുക എന്നത് മാത്രമേ വഴിയുള്ളൂ. അവിടെയും അവന്‍റെ കൂട് മാറ്റം ബോധപരമായ തെരഞ്ഞെടുപ്പ് ആവുന്നില്ല. ജന്മം ചാര്‍ത്തിയ അടയാളം തൂത്തുകളയാനുള്ള പരിഹാരക്രിയ മാത്രമാണ് അവന്‍റെ കൂടുമാറ്റം. പഠനം കൊണ്ട്, ബോധ്യം കൊണ്ട് ഏതെങ്കിലും മതത്തെ തെരെഞ്ഞെടുക്കുന്നവര്‍ ആധുനികലോകത്ത് അതിവിരളമാണ്. ഭൌതികമായ താല്‍പര്യങ്ങളും പ്രലോഭനങ്ങളുമാണ് വലിയൊരു അളവോളം മതപരിവര്‍ത്തനങ്ങള്‍ക്കുള്ള പ്രേരണ. 

മതത്തിന്‍റെ അകകാമ്പ് എന്തെന്നറിയാതെ വേഷം കെട്ടിയാടുന്ന വിശ്വാസികളെ, വര്‍ഗീയതയുടെയും ഫാസിസത്തിന്‍റെയും ഉപകരണങ്ങളാക്കി ഉപയോഗിക്കുവാന്‍ സമൂഹത്തിലെ പ്രതിലോമപിന്തിരിപ്പന്‍ ശക്തികള്‍ക്ക് എളുപ്പം സാധിക്കുന്നു. വിശ്വാസപ്രമാണത്തെ, ദുരുപയോഗം ചെയ്യുന്ന വര്‍ഗീയതയുടെയും ഫാസിസത്തിന്‍റെയും വിഷവിത്തുകള്‍ സമൂഹത്തില്‍ പാകുന്ന ക്ഷുദ്രശക്തികള്‍ക്കെതിരെ, മനുഷ്യന്‍റെ ഭൌതികമായ ദുരിതങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ മോചനം കാംക്ഷിക്കുന്ന പൊതുസമൂഹം നിതാന്ത ജാഗ്രതയും പ്രതിരോധവും നടത്തേണ്ടതുണ്ട്.