Saturday, December 10, 2011

പാതയോര പൊതുയോഗവും കോടതി വിധിയും.

ജനാധിപത്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് അഭിപ്രായരൂപീകരണത്തിന് സജ്ജരാക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട് എന്ന കാര്യം കോടതി മറന്നുപോകുന്നു. ജനാധിപത്യം സാര്‍ഥകമാകുന്നത് ജനങ്ങളും രാഷ്ട്രവും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞ് ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ്. ഇങ്ങനെ ഗൗരവപൂര്‍വമായ വിഷയങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഏറ്റവും പലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് പൊതുനിരത്തുകളിലെ രാഷ്ട്രീയ പൊതുയോഗങ്ങള്‍ . വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ , വിരുദ്ധങ്ങളായ നിലപാടുകള്‍ എന്നിവയൊക്കെ താരതമ്യപ്പെടുത്തി സ്വന്തം നിലപാട് രൂപീകരിക്കാന്‍ അത് ജനങ്ങളെ പ്രാപ്തരാക്കും. അതിനുള്ള അവസരം നിഷേധിച്ചാല്‍ അത് ജനാധിപത്യത്തിന്റെ സത്ത ചോര്‍ത്തിക്കളയലാകും.


തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരുന്നുകൊണ്ട് മഹാഭൂരിപക്ഷം ജനങ്ങള്‍ വിധിയെഴുതിയാല്‍ ജനാധിപത്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ പരാജയപ്പെടും. അത് ഇന്നത്തെ വ്യവസ്ഥിതി മാറ്റമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങളുടെ നിര്‍വഹണമാണ്. ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള ഭീകരമാനമാര്‍ജിക്കുകയാണ് നമ്മുടെ രാജ്യത്ത് അഴിമതി. സാധാരണക്കാരന് സങ്കല്‍പ്പത്തില്‍പ്പോലും കാണാനാകാത്ത തോതിലേക്ക് അത് വളര്‍ന്നു. 1,76,643 കോടിയുടെ അഴിമതിയാണ് സ്പെക്ട്രത്തെ ചൂഴ്ന്നുനടന്നത്. നിത്യേനയെന്നോണം ചെറുതും വലുതുമായ അഴിമതികള്‍ രാജ്യത്തെമ്പാടും നടക്കുന്നു. ഖജനാവ് ചോരുന്നു; ജനങ്ങള്‍ പാപ്പരാകുന്നു.


ഇതിലൊക്കെ പ്രതിഷേധിക്കാനുള്ള അവകാശമെങ്കിലും ജനങ്ങള്‍ക്കു വേണ്ടേ? പ്രതിഷേധം പത്രാധിപര്‍ക്ക് കത്തയച്ചുമാത്രം അറിയിച്ചുകൊള്ളണമെന്നാണോ? രാജ്യത്തെ ഗ്രസിക്കുന്ന അഴിമതിയോടില്ലാത്ത അസഹിഷ്ണുത, ആ അഴിമതിക്കെതിരായ പ്രതിഷേധസമരങ്ങളുടെ വ്യത്യസ്ത രൂപങ്ങളോടുവേണോ? ജനങ്ങളുടെ അമര്‍ത്തിവയ്ക്കപ്പെടുന്ന അമര്‍ഷത്തിന്റെ ജനാധിപത്യപരമായ ബഹിര്‍ഗമനങ്ങളാണ് പ്രതിഷേധപ്രകടനങ്ങളും സമരസമ്മേളനങ്ങളുമൊക്കെ. ജനാധിപത്യപരമായ അത്തരം പ്രതിഷേധപ്രകടനങ്ങള്‍ക്ക് അവസരമില്ല എന്നുവന്നാല്‍ , അത് ജനങ്ങളുടെ ഉള്ളില്‍ പുകഞ്ഞുനീറി ജനാധിപത്യവിരുദ്ധമായി വഴിതിരിഞ്ഞുപോയി എന്നുവരും. 


ഇതിന്റെ എത്രയോ ദൃഷ്ടാന്തങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി പല ഘട്ടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അത്തരം അപകടാവസ്ഥകളുണ്ടാകാതെ നോക്കാന്‍ ജുഡീഷ്യറിക്ക് ചുമതലയുണ്ട്. സ്വാതന്ത്ര്യസമരകാലംതൊട്ട് നിലനിന്നുവന്നതാണ് പൊതുനിരത്തുകളിലെ കൂടിച്ചേരലുകളും പൊതുയോഗങ്ങളും പ്രതിഷേധസമരങ്ങളും. സ്വാതന്ത്ര്യലബ്ധിയോടെ സംഘടിക്കലിനും പ്രതിഷേധമറിയിക്കലിനും ഭരണഘടനയിലൂടെതന്നെ സ്വാതന്ത്ര്യം ഉറപ്പുനല്‍കി. സ്വാതന്ത്ര്യസമരകാലത്തുതന്നെ നിലനിന്ന ഒരു സൗകര്യവും സ്വാതന്ത്ര്യവും ജനാധിപത്യ റിപ്പബ്ലിക്കില്‍ നിഷേധിക്കപ്പെട്ടുകൂടാ.

No comments:

Post a Comment