Saturday, December 10, 2011

വ്യവസ്ഥിതിയും അഴിമതിയും

അഴിമതി പണ്ടാരങ്ങളായ അധികാരികള്‍ക്ക്‌ കപ്പം കൊടുത്താലേ, ആ ശപ്പന്റെ മനം കുളിര്‍ത്തു പ്രസാദിച്ചാലേ, നീതി തേടുന്ന പാവപ്പെട്ടവന് ന്യായമായത് പോലും അനുവദിച്ചു കിട്ടൂ എന്നതാണ് നമ്മുടെ നാട്ടിലെ നാട്ടുനടപ്പ് രീതി. സര്‍വ്വത്ര അഴിമതിയുടെ വിപുലമായ നെറ്റ്‌വര്‍ക്ക്‌ ! കാര്യം ന്യായമായതായാലും കൈകൂലി കൊടുക്കണം. അന്യായമായത്‌ നേടിയെടിക്കാനും അല്‍പ്പം കനമുള്ള കൈകൂലി കൊടുത്താല്‍ മതി.
കൊടുക്കുന്നവന്റെയും മേടിക്കുന്നവന്റെയും ഒരു നീണ്ട ചങ്ങലയായി നോക്കെത്താത്ത ദൂരത്തോളം അഴിമതിയുടെ നീണ്ട നിരയായി നമ്മുടെ ഭരണ നിര്‍വാഹണ സംവിധാനങ്ങള്‍ മാറിയിരിക്കുന്നു. നേരാംവണ്ണം ആഹാരം പോലും കഴിക്കുവാനുള്ള വകയില്ലാത്ത പാവങ്ങള്‍ക്ക്, കൈകൂലി കൊടുക്കുവാന്‍ ഗതിയില്ലാ എന്നതുകൊണ്ട് നീതിയുമില്ല, ന്യായവുമില്ല. അധിക്കരവുമില്ല, അവകാശവുമില്ല. വേണ്ടത് പോലെ കൈകൂലി കൊടുക്കുവാന്‍ പണമുണ്ടെങ്കില്‍ ഏത് അന്യായവും എളുപ്പം നേടിയെടുക്കാം. പണം എങ്ങിനെ ഉണ്ടാക്കിയതാണെങ്കിലും ശരി പണം ഉണ്ടങ്കില്‍ ഏത് അര്‍ദ്ധരാതിയിലും അധികാരം കാല്‍കീഴില്‍ മുത്തമിടും. അതാണ്‌ സമകാലിക ഭാരതം! നാടിന്റെ പുരോഗതിയും നാട്ടുകാരുടെ ക്ഷേമവും സാധ്യമാക്കേണ്ട സര്‍ക്കാരിന്റെ പദ്ധതികളും അതിനു ചിലവിടുന്ന പണവും വഴിമാറി സഞ്ചരിക്കുന്നത് അഴിമതിയുടെ ചാനലുകളിലൂടെയാണ്.


അനര്‍ഹമായതും അന്യായമായതും ആരും നേടിക്കൂട എന്ന് അധികാരത്തില്‍ ഇരിക്കുന്നവരും അവരുടെ കാവല്‍ നായ്ക്കളും കര്‍ശനമായി തീരുമാനിച്ചാല്‍ പിന്നെ  ഇന്നത്തെ നമ്മുടെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ നില അവതാളത്തില്‍ ആവും. കാരണം  ഇവിടെ ചൂഷകന്റെ ആധിപത്യ വ്യവസ്ഥിതിയാണ് ജനാധിപത്യത്തിന്റെ  മറവില്‍ നിലനില്‍ക്കുന്നത്.  അന്യന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ നിലനില്‍പ്പ് അസാധ്യം ആയിട്ടുള്ള ചൂഷണ വ്യവസ്ഥിതി തന്നെയാണ്, അഴിമതിയുടെ അടിത്തറയും പ്രഭവകേന്ദ്രവും.


No comments:

Post a Comment