Saturday, June 21, 2014

വിശ്വാസികളുടെ വിശ്വാസസ്വാതന്ത്ര്യവും, യുക്തിചിന്തകരുടെ വിമർശനസ്വാതന്ത്ര്യവും....

വിശ്വാസികളുടെ വിശ്വാസസ്വാതന്ത്ര്യവും, യുക്തിചിന്തകരുടെ വിമർശനസ്വാതന്ത്ര്യവും ഉൾകൊള്ളുന്നതാണ് ശരിയായ ജനാധിപത്യ വ്യവസ്ഥിതിയും സംസ്കാരവും. ഇത് തിരിച്ചറിയാത്തവർ ജനാധിപത്യത്തിന്റെ ശത്രുക്കൾ! തുറന്ന സംവാദങ്ങളെ അസഹിഷ്ണതയോടെ കാണുന്ന ഏതൊരു നിലപാടും ജനാധിപത്യ വിരുദ്ധമാണ്. ജനതയുടെ വിമോചനത്തിനു വിഘാതമായ മറ്റെല്ലാ നിലക്കുള്ള ചൂഷണങ്ങളെയും പോലെ, വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ചൂഷണത്തെയും ജനാധിപത്യ സ്നേഹികൾക്ക് കണ്ടില്ലെന്നു നടിക്കുവാൻ ആവില്ല. പ്രതികരിക്കാതിരിക്കുവാൻ ആവില്ല!

വർഗീയ പിന്തിരിപ്പൻ ശക്തികൾ ഇന്ത്യയെ ഭ്രാന്താലയമാക്കുംബോൾ ചിരിക്കുന്നത് ചെകുത്താൻ തന്നെ. ജയിക്കുന്നതും ചെകുത്താൻ തന്നെ! തോൽക്കുന്നത് മാനവികതയുടെ കൊടിയേന്തുന്ന - സമാധാനവും ശാന്തിയും മോഹിക്കുന്ന മനുഷ്യരും!!


വർഗീയതയുടെ വളർച്ച ജനാധിപത്യത്തിന്റെ മരണമണിയാണ്!

ജനങ്ങളുടെ ശുദ്ധമായ വിശ്വാസത്തെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി വർഗീയവൽക്കരിക്കുന്നവർ നികൃഷ്ടജീവികൾ ആണ്. വർഗീയപ്രസ്ഥാനങ്ങളെ നയിക്കുന്നതും ഭരിക്കുന്നതും, മാനവികതയുടെ മഹത്തായ മൂല്യങ്ങൾ തൊട്ടുതീണ്ടാത്ത, നികൃഷ്ടജീവികൾ ആകുന്നു. 

വർഗീയതയുടെ രാഷ്ട്രീയപ്രയോഗം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയും സംസ്കാരവും അഭിമുഖീകരിക്കുന്ന കടുത്ത ഭീഷണിയാണ്. വർഗീയതയുടെ വളർച്ച ജനാധിപത്യത്തിന്റെ മരണമണിയാണ്. പകരം അത് ഫാസിസത്തിന് വഴി ഒരുക്കുന്നു.

ജാനാധിപത്യം കരുത്ത് നേടുന്നത് ചൂഷണവ്യവസ്ഥിതിയുടെ തിക്തഫലം അനുഭവിക്കുന്ന ജനതയെ, അവകാശവും അന്തസ്സും നൽകി ശാക്തീകരിക്കുന്നതിലൂടെയാണ്. വർഗീയത ശാക്തീകരിക്കുന്നത് സമൂഹത്തിലെ ആധിപത്യം പുലർത്തുന്ന പ്രതിലോമ ശക്തികളെയാണ്! അവരുടെ വിഷലിപ്തമായ ചിന്തകളെയാണ്!!


തട്ടവും തൊപ്പിയും തെരഞ്ഞെടുപ്പ് ഗോദയിൽ പ്രസക്തമാവുന്ന അടയാളവും അജണ്ടയും അല്ലെന്നു തിരിച്ചറിവുള്ളവർ ആണ് വർഗീയതയുടെ വിഷംതീണ്ടാത്ത രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങൾ. 

ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും കാണുകയും അറിയുകയും, ജനകീയ പ്രശ്നങ്ങളിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയയുന്ന ജനപ്രതിനിധികളെയാണ്‌ അവർക്ക് വേണ്ടത്. വർഗീയ ശക്തികൾക്ക് ജനാധിപത്യ സംസ്കാരം അന്യമാണെന്ന് ജനാധിപത്യ സ്നേഹികൾക്ക് അറിയാം.

അധമശക്തികള്‍ ദിശനിര്‍ണ്ണയിക്കുന്ന നമ്മുടെ ജനാധിപത്യം!

ഒട്ടകം സൂചികുഴലിനുള്ളില്‍ കൂടി കടക്കുന്നതിലേറെ ദുഷ്കരമാണ്, അനിയന്ത്രിതമായ ചൂഷണം നിയമപരമായി സാധൂകരിക്കപ്പെടുന്ന - ചൂഷകവര്‍ഗ്ഗ അധീശ്വതം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യത്തിന്‍റെ മുന്നോട്ടുള്ള ഗതി. പണത്തിന്‍റെ ആധിപത്യത്തിനു മുന്നില്‍ താണുവണങ്ങി കൊണ്ട് മാത്രം ജനതയുടെ നിലനില്‍പ്പ്‌ സാധ്യമാവുന്ന ഒരു വ്യവസ്ഥിതിയും ജനാധിപത്യമല്ല.

നിന്ദിതരും പീഡിതരും ചൂഷിതരുമായി മഹാജനകോടികള്‍ അധിവസിക്കുന്ന അവസ്ഥയെ ജനാധിപത്യം എന്ന് വിളിക്കുന്നത് അശ്ലീലമാണ്. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അവകാശവും നീതിയും അന്തസ്സും അറിവും ആരോഗ്യവും പ്രധാനം ചെയ്യാതെ, അവരുടെ അടിമബോധത്തെ ചലനമറ്റ പാറയാക്കി എന്നെന്നും നിലനിര്‍ത്തി, അതിനു മുകളില്‍ അധീശവര്‍ഗ്ഗം താണ്ടവം നടത്തുന്ന തോന്ന്യാസമല്ല ജനാധിപത്യം! എന്തും ചവുട്ടി മെതിക്കാന്‍ ആക്രാന്തംപൂണ്ടു ഉയറിനടക്കുന്ന സ്വകാര്യധനശക്തികള്‍ക്കു കടിഞ്ഞാണ്‍ ഇടാതെ, ജനാധിപത്യം ജനതയുടെ ഹൃദയതാളം ആവില്ല!

കള്ളപ്പണം സമാന്തര സമ്പദ്ഘടനയായി വിലസുകയും, അംബാനിമാരെ പോലുള്ള കുത്തകവര്‍ഗ്ഗം സമാന്തര രാഷ്ട്രീയശക്തിയായി വാണരുളുകയും, ബൂര്‍ഷാരാഷ്ട്രീയശക്തികള്‍ ഇവരുടെ കൂട്ട്പങ്കാളികളായി അധികാരത്തെ വ്യഭിചരിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍, ഇന്ത്യയില്‍ ജനാധിപത്യം, ഹൃദയംഇല്ലാത്ത ജഡമായി തുടരുകതന്നെ ചെയ്യും!

ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണമെങ്കിൽ, ‍ അധമശക്തികള്‍ക്ക് വിലക്ക് വാങ്ങാവുന്ന അടിമകളല്ല ഞങ്ങള്‍ എന്ന തിരിച്ചറിവ് നേടി നമ്മുടെ ജനത ഉണരണം. ജനശക്തിയുടെ കരുത്തു തിരിച്ചറിയുകയും, പോരാട്ടവീഥിയില്‍ സംഘശക്തിയുടെ പൊട്ടാത്ത കണ്ണികളായി മുന്നേറുകയും വേണം. ഈ വഴിത്താരയില്‍ ജനതയുടെ ആശയപരമായ ആയുധമാണ് കമ്മ്യൂണിസത്തിന്‍റെ രാഷ്ട്രീയ പ്രത്യായശാസ്ത്രം!

തുറന്ന സംവാദങ്ങള്‍ക്ക് അവസരമില്ലെങ്കില്‍, കെട്ടികിടക്കുന്ന ജലം പോലെ ഏത് മഹത്തായ ദർശനവും ജീർണ്ണിക്കും!

വിശ്വാസപരമായ ഭിന്നതകൾ എന്ത് തന്നെയായാലും അത് മാനവികതക്ക് വിരുദ്ധമായികൂട. എല്ലാ ജനവിഭാഗങ്ങളും സാമൂഹിക ജീവിതത്തിൽ ഒറ്റപ്പെട്ട തുരുത്തുകളിൽ ഒതുങ്ങാതെ, മതേതര സംസ്കാരത്തിന്റെ സംഘബോധം ഉൾക്കൊണ്ട്‌ ഐക്യപ്പെടുക.അത് മാത്രമാണ് ഫാസിസത്തിന്റെ മുന്നേറ്റത്തെ തടയുവാനുള്ള ഫലപ്രദമായ ഉപാധി. 

തുറന്ന ചിന്തക്കും ചോദ്യങ്ങൾക്കും വിശകലനങ്ങൾക്കും വിമർശനങ്ങൾക്കും ഇടമില്ല എന്നത് കൊണ്ടാണ് സമാധാനവും ശാന്തിയും ഘോഷിക്കുന്ന വിശ്വാസസംഹിതകളുടെ അകത്തളങ്ങളിൽ, അസഹിഷ്ണതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും വൈറസ്സുകൾ ഇടം നേടുന്നത്. തുറന്ന ചിന്തക്ക് ഇടമില്ലെങ്കിൽ, കെട്ടികിടക്കുന്ന ജലം പോലെ ഏത് മഹത്തായ ദർശനവും കെട്ടുജീർണ്ണിക്കും!

വര്‍ഗീയതശക്തികള്‍ ജനാധിപത്യ വേദിയില്‍ മത്സരിക്കുന്നു എന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. വിയോജിപ്പുകളുടെ സ്ഥാനത്ത് വെറുപ്പിന്‍റെ വിഷം ചീറ്റുന്ന വര്‍ഗീയശക്തികള്‍ക്ക് യോജിച്ച തട്ടകം ജനാധിപത്യമല്ല, ഫാസിസമാണ്‌. 

വിശ്വാസത്തെ ആധാരമാക്കി കൊണ്ട് വര്‍ഗീയതയും ഭീകരവാദവും സമൂഹത്തിനു ഭീഷണിയായി വളരുന്നു എന്നത് സമകാലിക ലോകത്ത് മതങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ്. മാനവികതയില്‍ നിന്നും മനുഷ്യാവകാശ മൂല്യങ്ങളിൽ ‍നിന്നും അകന്നുകൊണ്ട് ഒരു വിഭാഗം വിശ്വാസികള്‍ വര്‍ഗീയതയുടെ കൂടാരത്തിലേക്ക് ചേക്കേറുന്നത് എന്തുകൊണ്ട് എന്ന് കണ്ടെത്തേണ്ടത്, വിശ്വാസപ്രമാണങ്ങളുടെ ഭൌതികലോകത്തെ വക്താക്കളാണ്.

സ്വന്തം തട്ടകത്തിന്റെ വർഗീയവും വംശീയവും ആയ ശ്രേഷ്ഠവിചാരവികാരങ്ങളിൽ നിന്ന് ഉർജ്ജം നേടുന്ന ഫാസിസത്തെ പ്രതിരോധിക്കുവാൻ, ഭേദഭിന്നതകൾ ഏതുമില്ലാതെയുള്ള അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ സംഘബോധത്തിന്റെ കരുത്തിലൂടെ മാത്രമേ സാധിക്കൂ.

രാക്ഷസീയഭാവം ഉൾക്കൊണ്ട്‌ അനന്തമായി അതിരുകൾ ഇല്ലാതെ വളരുന്ന ഭീകരതയാണ് ഫാസിസം. ഫാസിസത്തിന്റെ ഇരകൾ ഭിന്നമതവിഭാഗങ്ങൾ മാത്രമല്ല. എല്ലാ മനുഷ്യവിമോചന പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അവരുടെ ശത്രുനിരയിൽപ്പെടുന്നു. സ്വതന്ത്രചിന്തയുടെ തുറന്ന ചിന്തയുടെ യുക്തിചിന്തയുടെ വിമർശനങ്ങളും വിയോജിപ്പുകളും പ്രതിഷേധങ്ങളും ആവിഷ്കാരങ്ങളും ഫാസിസം വെച്ചുപൊറുപ്പിക്കില്ല.

ഫാസിസത്തിന്റെ വിശ്വരൂപം എന്ത് എന്നതിനെ കുറിച്ച് ആധുനിക കാലത്ത് ചരിത്രം നമുക്ക് നല്കിയ പാഠമാണ് ഹിറ്റ്‌ലറുടെ നാസി പ്രസ്ഥാനത്തിന്റെ ഭീകരവാഴ്ച.

ജനതയുടെ ജാഗ്രതകുറവും വർഗീയശക്തികളുടെ മുന്നേറ്റവും ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാവിയും...

കടുത്ത വര്ഗീയമന്ത്രണങ്ങളിലൂടെ - വിഭാഗീയ ചിന്തയുടെ പ്രചാരണത്തിലൂടെ രാഷ്ട്രീയശക്തിയായി തീര്ന്ന ഒരു പ്രസ്ഥാനം, കുത്തകവര്ഗ്ഗത്തിന്റെ പല്ലക്കില് ഏറി, ഇന്ത്യയുടെ അധികാര സോപാനത്തില് കാലുറപ്പിക്കുന്നു എന്നത് ജനാധിപത്യത്തിനു കടുത്ത വെല്ലുവിളിയാണ്. അധികാരത്തില് വാഴുന്ന വര്ഗീയതയെ, എങ്ങിനെ പ്രതിരോധിക്കണം എന്നത് എല്ലാ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ഗൌരവപൂര്വ്വം ചിന്തിക്കേണ്ട വിഷയമാണ്. 

നാട്ടില് എമ്പാടും അരങ്ങുനിറഞ്ഞു വാഴുന്ന ജാതിമതവര്ഗീയ പ്രസ്ഥാനങ്ങളുടെ, നാടിന്റെ മതേതര സംസ്കാരത്തെ വെല്ലുവിളിക്കുന്ന പരസ്യമായ ധിക്കാരനിലപാടുകള്ക്ക് നേരെ, മതേതരത്വം ഘോഷിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നിസ്സംഗതയും അലസനിലപാടുകളും വോട്ടുലാക്കാക്കിയുള്ള സംബന്ധങ്ങളുമാണ് കടുത്ത വര്ഗീയതയുടെ നിറക്കൂട്ടുകള്ക്ക് സമൂഹത്തില് മാന്യതയും സ്വീകാര്യതയും ഏകിയത് എന്ന കാര്യം വിമര്ശനപരമായി പറയാതെ വയ്യ.  ജനതയുടെ വര്ഗ്ഗപരമായ ഏകീകരണവും വിമോചന പോരാട്ടങ്ങളും ദുര്ബലപ്പെടുത്തുവാന് ഏറ്റവും ഫലപ്രദമായ ഉപാധിയായി, അംബാനിമാരെ പോലുള്ള രാജ്യത്തെ കുത്തകചൂഷകവര്ഗ്ഗങ്ങള് വര്ഗീയപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയവളര്ച്ചയെ കാണുന്നു എന്നതും ഒരു വസ്തുതയാണ്. 

സാങ്കേതികമായി നോക്കുമ്പോള് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. പക്ഷെ ആറുദശകം പിന്നിട്ടിട്ടും നാം ഇന്നും യഥാര്ത്ഥമായ ഒരു ജനാധിപത്യ സമൂഹമായി മാറിയിട്ടില്ല. നമ്മുടെ സമൂഹത്തില് മഹാഭൂരിപക്ഷവും ജനാധിപത്യ വിരുദ്ധമായ സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും പഴകി ജീര്ണ്ണിച്ച ഭാണ്ഡം പേറുന്നവര് ആണെന്ന ദുഃഖ സത്യം പറയാതെ വയ്യ. ഇന്നും നമ്മുടെ രാജ്യത്ത് ജാതിമത വര്ഗീയ ജീര്ണ്ണചിന്തകള് നിറഞ്ഞു വിലസുകയാണ്.

ജനാധിപത്യ വിരുദ്ധമായ ഫയൂടല് ആശയങ്ങളുടെ സ്വാധീനത്തില് നിന്ന് മുക്തരല്ല, നിരക്ഷരതയില് നിന്നും ദാരിദ്ര്യത്തില് നിന്നും നിന്നും ദുരിതജീവിതത്തില് നിന്നും വിമോചനം നേടുവാന് അവസരം ലഭിച്ചിട്ടില്ലാത്ത ഈ രാജ്യത്തെ ജനകോടികള്. വിദ്യകൊണ്ടും സാമര്ത്ഥ്യം കൊണ്ടും സമ്പന്നത കൊണ്ടും ആധുനികതയുടെ വേഷഭൂഷങ്ങളും, ഭാവഹാവങ്ങളുമായി സുഖസുന്ദര ജീവിതം നയിക്കുന്ന ഇടത്തരം ജനവിഭാഗങ്ങളിലും പ്രതിലോമ പിന്തിരിപ്പന് ആശയങ്ങളുടെ സ്വാധീനം വളരെ ശക്തമാണ്. ഇത്തരം ഒരു പരിപ്രേക്ഷ്യത്തില് എങ്ങിനെയാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി അര്ത്ഥപൂര്ണ്ണമാവുക? 

വിശ്വാസ സ്വതന്ത്രവും ഉറപ്പുവരുത്തുക എന്നത് മാത്രമല്ല മതേതരത്ത്വത്തിന്റെ ഉള്ളടക്കം. മതമൌലികവാദവും വ്യവസ്ഥാപിത വിശ്വാസ സംഹിതകളുടെ സാമൂഹിക മേധാവിത്തവും നിലനില്ക്കുന്ന ഒരു രാജ്യത്തും ശരിയായ ജനാധിപത്യം പച്ചപിടിക്കില്ല. മതേതര-മതനിരപേക്ഷ സംസ്കാരം എന്നത്, ജനാധിപത്യത്തിന്റെ പ്രാണവായുവാണ്- ജനാധിപത്യത്തിന്റെ അടിത്തൂണ് ആണ്. ജാതി-മത വംശ-വര്ണ്ണ ലിംഗ-ഭാഷാ ഭേദചിന്തകള് ഒട്ടുമില്ലാതെയുള്ള ഭരണകൂടത്തിന്റെയും സമൂഹത്തിന്യും സമീപനങ്ങളെ അടയാളപ്പെടുത്തുന്നു മതേതരത്വം. സാമൂഹിക ജീവിതഭദ്രതക്ക് കോട്ടമേകാത്ത - സഹജീവികള്ക്ക് ഹാനികരമല്ലാത്ത സ്വതന്ത്രചിന്തയുടെ വിമര്ശനങ്ങളുടെ ആവിഷ്കാരത്തിന്റെ തുറന്നുപറച്ചിലിന്റെ സംവാദങ്ങളുടെ അവകാശമാണ് മതേതരത്വം. തനിക്ക് ബോധ്യമാവുന്ന ഏതു വിശ്വാസ പ്രമാണത്തെയും ദര്ശനത്തെയും സ്വീകരിക്കുവാനും നിഷേധിക്കുവാനും ഉള്ള അവകാശമാണ് മതേതരത്വം. 

കടുത്ത വര്ഗീയ ഫാസിസത്തിന്റെ പര്യായമായി തീര്ന്ന മോഡിയുടെ കയ്യില് ഇന്ത്യയുടെ അധികാരം വന്നുപെട്ടതോടെ നമ്മുടെ രാജ്യത്തിന്റെ മതേതര സംസ്കാരത്തിന്റെ ഭാവി എന്താവും എന്നത് സജീവ ചര്ച്ചാവിഷയമായി തീര്ന്നിരിക്കുന്നു. അസഹിഷ്ണതയുടെ ത്രിശൂലം പേറുന്ന സംഘപരിവാറിന്റെ കര്സേവകര് അധികാരത്തിന്റെ ഇടനാഴികകളില് സ്വര്യവിഹാരം നടത്തുന്ന പുതിയ കാലത്ത് നമ്മുടെ രാജ്യത്തിന്റെ മതേതര സംസ്കാരത്തിന് എന്തൊക്കെ രൂപാന്തരം സംഭവിക്കും എന്നത് ആശങ്കയുളവാക്കുന്ന ചോദ്യമാണ്.

ജനതയുടെ നീതിക്കും അവകാശങ്ങള്ക്കും വേണ്ടിയുള്ള പ്രതികരണവും പ്രതിഷേധവും സമരവും പ്രതിരോധവും ഇല്ലാതെ പോകുന്ന ജനങ്ങളുടെ ഭീതിയും നിസ്സംഗതയും ജനാധിപത്യത്തിന്റെ മരണമാണ്. ജാതിമതങ്ങള് നിര്ണ്ണയിക്കുന്ന അതിരുകള് ഇല്ലാതെ, ഭീതി കൂടാതെ, വിധേയത്വം കൂടാതെ, തികച്ചും സ്വതന്ത്രമായ ജനങ്ങളുടെ ക്രിയാത്മക ഇടപെടലുകള് അസാധ്യമായി തീരുന്ന അവസ്ഥയില്, ജനാധിപത്യം അകംപൊള്ളയായ നോക്കുക്കുത്തിയായി പരിണമിക്കും!

കൊലവിളിയുമായി വര്ഗീയതയുടെ തിമിരം ബാധിച്ച ദുഷ്ടശക്തികള് മൃഗീയതാണ്ടവം ആടുമ്പോള്, സാമൂഹിക ബന്ധങ്ങളില് മറക്കാനാവാത്ത മുറിവുകള് തീർത്തുകൊണ്ട്, ചോരയില് കുതിര്ന്നു പിടഞ്ഞു മരിക്കുന്നത് ഹിന്ദുവോ മുസല്മാനോ അല്ല, ഒരേ ചോരയില് പിറന്ന മനുഷ്യരാണ് എന്ന സത്യം അവര് തിരിച്ചറിയുന്നില്ല.

ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് പല കാലങ്ങളായി ചെറുതും വലുതുമായ ധാരാളം വര്ഗീയ കലാപങ്ങള് നടന്നിട്ടുണ്ട്. വിശ്വാസത്തിന്റെ മറവില് വംശവെറിയുടെ ദുര്മന്ത്രങ്ങള് നടത്തുന്ന സാമൂഹ്യദ്രോഹികളായ വര്ഗീയ ശക്തികള് പൊലിപ്പിച്ചെടുക്കുന്ന കലാപങ്ങളില് ഇരകളായി തീരുന്നത് പാവപ്പെട്ട ജനങ്ങളാണ്. എന്നാല് ഗുജറാത്തില് നടന്ന വംശീയ കലാപം സമാനതകള് ഇല്ലാത്ത പുതിയൊരു പരീക്ഷണമായിരുന്നു. സര്ക്കാര് മെഷിനറിയെ പൂര്ണ്ണമായും നിശ്ചലമാക്കി നിർത്തി കൊണ്ട് സംഘപരിവാര് ഫാസിസത്തിന്റെ വിശ്വരൂപത്തില് താണ്ടവമാടിയ കലാപമായിരുന്നു ഗുജറാത്തില് കണ്ടത്.

അധികാരത്തിന്റെ ആശിര്വാദത്തോടെ അരങ്ങേറിയ ഫാസിസ്റ്റ് ഭീകരതയുടെ വാർത്ത-കളിലൂടെ ദേശത്തും വിദേശത്തും പ്രചുരപ്രചാരം നേടിയെടുത്ത നരേന്ദ്രമോഡിയുടെ കൈകളില് നമ്മുടെ രാജ്യത്തിന്റെ ഭരണം എത്തിച്ചേര്ന്നു എന്നത് തീര്ച്ചയായും ലജ്ജാകരമാണ്. വംശവെറിയുടെ വിചാരധാര ഉള്കൊള്ളുന്ന സംഘപരിവാറിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ആയിരിക്കും ഇനി നമ്മുടെ രാജ്യത്തിന്റെ ഭരണചക്രം തിരിയുക എന്നത് അത്യന്തം ആശങ്കാജനകമാണ്.

ഒരു പൌരന് എന്ന നിലക്കുള്ള അവകാശത്തെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും കൃത്യമായ തിരിച്ചറിവ് ജനങ്ങള്ക്ക് ഇല്ലാതെ പോയാല്, ജനാധിപത്യം ഇന്നും നാം നമ്മുടെ രാജ്യത്ത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നത് പോലെ അതീവ വികലമായിരിക്കും. കേവലം ജനങ്ങള് വോട്ടുചെയ്തു തെരഞ്ഞെടുക്കുന്നു എന്നത് കൊണ്ട് മാത്രം ജനാധിപത്യം മഹത്തരമാകുന്നില്ല. അവരുടെ വോട്ടുനിര്ണ്ണയിക്കുന്ന ഘടകങ്ങള് എന്താണ് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. 

വ്യവസ്ഥാപിത രാഷ്ട്രീയപാര്ട്ടികളുടെ അണികളില് പോലും അരാഷ്ട്രീയതയുടെ യാന്ത്രികചിന്തയും നിസ്സംഗതയും ആഫ്രിക്കന് പായല് പോലെ പടരുന്ന ഈ കാലത്ത് ജനാധിപത്യ രാഷ്ട്രീയബോധങ്ങള് ആല്ല സമ്മതിദായകരുടെ വോട്ടു നിര്ണ്ണയിക്കുന്നത്. "ആര് ഭരിച്ചാലും കണക്ക് തന്നെ" - "ആര് ഭരിച്ചാലും നാട് നന്നാകില്ല" എന്ന അരാഷ്ട്രീയ വായ്ത്താരികള് നടത്തുന്ന ജനങ്ങള്, അലസമായി നിര്ണ്ണയിക്കുന്ന ജനാധിപത്യം ഒരുതരം ചൂതാട്ടകളിയാണ്. അവിടെ പരനാറിയും കൊലയാളിയും അഴിമതിക്കാരനും വര്ഗീയകോമരങ്ങളും ഒക്കെ ലക്ഷങ്ങളുടെ വോട്ടുനേടി ജയിച്ചു ചിരിതൂകി നില്ക്കുന്നത് സ്വാഭാവികം! 

രാഷ്ട്രീയപാര്ട്ടികളുടെ പ്രകടനപത്രികയോ പ്രത്യയശാസ്ത്രമോ ഗൌരവപൂര്വ്വം വായിച്ചു മനസ്സിലാക്കിയല്ല തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തില് വലിയൊരു വിഭാഗം ജനങ്ങള് പങ്കാളികളാകുന്നത്. അഴിമതിയും വര്ഗീയതയും കുത്തകപ്രീണനവും ഒക്കെയാണ് ജനങ്ങളെ മഥിക്കുന്ന പ്രശ്നങ്ങള് എങ്കില്, ഒരിക്കലും കോണ്ഗ്രസിന് പകരം ബി.ജെ.പിയെ ജനങ്ങള് അധികാരത്തില് ഏറ്റുമായിരുന്നില്ല. ഇവിടെ ജനവിധി തീരുമാനിക്കപ്പെടുന്നത് തന്ത്രങ്ങളുടെയും, അനേകായിരം കോടികള് മുടക്കിയുള്ള പ്രചണ്ടമായ പ്രചാരണങ്ങളുടെയും ബലത്തിലാണ്. ജാതിയും മതവും വര്ഗീയ ചിന്തകളും പണവും പ്രലോഭനങ്ങളും ഭീഷണിയും ഒക്കെയാണ് വോട്ടിനെ നിര്ണ്ണയിക്കുന്നതും സ്വാധീനിക്കുന്നതും. “എല്ലാം അറിയുകയും അറിയിക്കുയും” ചെയ്യുന്ന മാധ്യമങ്ങള് എന്നിട്ടും മഹത്തായ ജനവിധി എന്ന് നമ്മളോട് കള്ളം പറയുന്നു. 

വര്ഗീയതയുടെ സങ്കുചിത വികാരവിചാരങ്ങള് ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന പ്രസ്ഥാനങ്ങള് ഭൂരിപക്ഷത്തിന്റെതായാലും, ന്യൂനപക്ഷത്തിന്റെതായാലും ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് ഒട്ടും ഭൂഷണമല്ല. ഒരു നിറത്തിലുള്ള വര്ഗീയതക്ക് ബദല് ആകുന്നില്ല മറ്റൊരു നിറത്തിലുള്ള വര്ഗീയത. വര്ഗീയതയുടെ തട്ടകത്തില് നിന്നുകൊണ്ടുള്ള, വര്ഗീയതയുടെ തോളില് ഏറിയുള്ള, വര്ഗീയതയെ തോളത്ത് ഇരുത്തികൊണ്ടുള്ള, മതേതരഭാഷണം ആര് നടത്തിയാലും അത് കപടവും പരിഹാസ്യവുമാണ്. ആത്മാര്ത്ഥത ഇല്ലാത്ത അത്തരം നിലപാടുകള് വര്ഗീയതയെ പോഷിപ്പിക്കുകയാണ് ചെയ്യുക. അടിയുറച്ച മതേതര നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്ക് മാത്രമേ വര്ഗീയതയുടെ മുന്നേറ്റത്തെ പ്രതിരോധിക്കുവാന് സാധിക്കുകയുള്ളൂ.

വര്ഗീയതക്ക് എതിരെ ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതില് കോണ്ഗ്രസ് പ്രസ്ഥാനം ഒരു കാലത്തും ആത്മാര്ത്ഥമായ കര്മ്മപരിപാടികള് സ്വീകരിക്കാറില്ല. കോണ്ഗ്രസിന്റെ അടിത്തറ തകര്ന്നു കൊണ്ടിരിക്കുന്ന ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് സംഘപരിവാറിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പി.ക്ക് വന്മുന്നേറ്റം നടത്തുവാന് സാധിക്കുന്നത് എന്തുകൊണ്ടാണെന്ന് ശരിയായ നിലക്ക് വിലയിരുത്തി സ്വന്തം രാഷ്ട്രീയനയങ്ങളിലും നിലപാടുകളിലും മാറ്റം വരുത്താതെ, കോണ്ഗ്രസ് പ്രസ്ഥാനത്തിന് തിരിച്ചുവരവ് അസാധ്യമാണ്.

ജാതിമത വിവേചനചിന്തകളും, വിശ്വാസപരമായ അജണ്ടകളും രാഷ്ട്രീയപാര്ട്ടികളുടെ നയപരിപാടികളെ സ്വാധീനിക്കുന്ന അവസ്ഥ ഏതു വിഭാഗത്തില് നിന്ന് ഉണ്ടായാലും അത് മതേതര സംസ്കാരത്തിന് കളങ്കമാണ്. തികച്ചും മതേതരമായിരിക്കേണ്ട ജനാധിപത്യ വ്യവസ്ഥിതിയില് - തികച്ചും ഭൌതികമായ മനുഷ്യസമൂഹത്തിന്റെ ജീവിത സമസ്യകള്ക്ക് ഭൌതികമായ ഉത്തരം കണ്ടെത്തേണ്ട രാഷ്ട്രീയ രംഗത്തെ, രാജഭരണ കാലത്തെന്നതുപോലെ മതനേതാക്കള് നിയന്ത്രിക്കുന്നതും മൂല്യനിര്ണ്ണയം നടത്തുന്നതും ഒട്ടും സ്വീകാര്യമായ കാര്യമല്ല. 

ഉറച്ച മതേതര നിലപാടുകള് ഉള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കൂട്ടായ്മ, സമകാലിക ഇന്ത്യയില് ഭീഷണമായി വളരുന്ന വര്ഗീയതയുടെ ദുഷ്ടനീക്കങ്ങളെ പ്രതിരോധിക്കുവാന് അനിവാര്യമാണ്. രാജ്യത്തെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള് മതേതര പ്രസ്ഥാനങ്ങളുടെ ശക്തമായ കൂട്ടായ്മ കെട്ടിപ്പടുക്കുവാന് അശ്രാന്ത പരിശ്രമം നടത്തുമെന്ന്  നമുക്ക് പ്രതീക്ഷിക്കാം.

വർഗീയതയും സാമൂഹ്യനീതിയും ജനാധിപത്യവും.....

ആരുതന്നെ എത്രതന്നെ വേദമന്ത്രങ്ങൾ ജപിച്ചാലും, നീതിയും അവകാശങ്ങളും പങ്കുവെക്കുന്നതിൽ മനുഷ്യൻ മനുഷ്യനോടു എതിരിട്ടു നിലകൊള്ളുന്ന കാലത്തോളം ഭൂമിയിൽ സമാധാനമുണ്ടാവില്ല!

ശാസ്ത്രസാങ്കേതിക രംഗത്തെ പുരോഗതിയിലൂടെ മനുഷ്യൻ നേടിയെടുത്ത വികസിതമായ ഭൌതിക ജീവിതത്തിന്റെ പരിസരങ്ങൾ മഹാഭൂരിപക്ഷം ജനതക്ക് നിഷേധിക്കുന്ന അവസ്ഥയും വ്യവസ്ഥിതിയും തുടരുന്ന കാലത്തോളം ഭൂമിയിൽ സമാധാനമുണ്ടാവില്ല!!

വര്ഗീയതയുടെ നിറകൂട്ടുകള് ഏതുതന്നെ ആയാലും അത് മാനവികതയുടെ ശത്രുപക്ഷത്താണ് നിലകൊള്ളുന്നത്. വിശ്വാസ വികാരങ്ങളില് കോർത്തു എടുക്കുന്ന സങ്കുചിതമായ വികലചിന്തകള് സ്വന്തം ബോധമണ്ഡലത്തില് കുത്തിനിറക്കുന്നവര്ക്ക്, സ്വന്തം കള്ളിക്ക് പുറത്തുള്ള ജനതയെ സഹജീവി സ്നേഹഭാവത്തോടെ പരിഗണിക്കുവാന് ആവില്ല. 

നന്മയുടെ സന്ദേശം ഉള്കൊള്ളുന്ന ആത്മീയവിചാരങ്ങള്, ഒരിക്കലും മനുഷ്യനെ കിരാതനാക്കുന്ന വര്ഗീയതയുടെ അധമവികാരങ്ങള്ക്ക് കാരണമാകില്ല. സത്യത്തില് മനുഷ്യസമൂഹത്തിന്റെ ഒരുമയും അതിരുകളില്ലാത്ത പരസ്പര സ്നേഹവും സഹകരണവും തങ്ങളുടെ തട്ടകം തുലക്കുമെന്നു ഭയപ്പെടുന്ന, സമൂഹത്തിലെ പ്രതിലോമശക്തികളാണ് വര്ഗീയതയെ ഭൌതികമായ ഒരായുധമാക്കി സ്വന്തം നികൃഷ്ട താല്പര്യങ്ങളും സാമൂഹിക മേധാവിത്ത്വവും അധികാരവും ഉറപ്പിക്കുവാന് ചരിത്രത്തില് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. വർഗീയശക്തികൾ തീർക്കുന്ന സാമൂഹിക കാലുഷ്യം, നാടിന്റെ പുരോഗതിക്കും സമാധാനത്തിനും എന്നും വെല്ലുവിളിയാണ്.

ചൂഷകവര്ഗ്ഗം തീര്ക്കുന്ന, താല്പര്യവൈരുദ്ധ്യങ്ങളുടെ വിവിധ ശ്രേണികളിലായി നിലകൊള്ളുന്ന വര്ഗ്ഗസമൂഹത്തിന്റെ വ്യവസ്ഥിതിയില് മാത്രമാണ്, മനുഷ്യനെ പരസ്പരമുള്ള വിവേചനങ്ങളുടെയും അകല്ച്ചയുടെയും വെറുപ്പിന്റെയും അവിശ്വാസത്തിന്റെയും ഇരുട്ടറകളില് തളച്ചിടുന്ന, വര്ഗീയ വൈറസ്സിന്റെ നിലനില്പ്പും പ്രസക്തിയും. മാനവികചിന്തയുടെ സന്ദേശം ഉള്കൊള്ളുന്ന പുരോഗമന രാഷ്ട്രീയശക്തികള്, വര്ഗീയതക്ക് എതിരായ പോരാട്ടം ശക്തമായി തുടരുകതന്നെ ചെയ്യും.

നമ്മുടെ ഭരണഘടനാ ശിൽപ്പികൾ ജനാധിപത്യത്തിന്റെ അടിത്തൂണ്  മതേതരത്വം ആണെന്ന് നന്നായി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്ത്യ ഒരു പരമാധികാര മതേതര ജനാധിപത്യ രാഷ്ട്രമാണെന്ന് ഭരണഘടനയിൽ ആലേഖനം ചെയ്തത്. 

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് അഭിമാനിക്കുന്ന ഏതൊരു പൗരനും വർഗീയതക്കെതിരെ ശബ്ദിക്കും. പ്രതികരിക്കും. ജനങ്ങളെ ജാഗ്രതപ്പെടുത്തും.ഒരുമയുടെ സംഘഗാനം ആലപിക്കും. ഇതിനു നേരെ ആർക്കെങ്കിലും അസഹിഷ്ണത തോന്നുന്നുവെങ്കിൽ അവർ ഭരണഘടനയെ മാനിക്കുന്നവരല്ല!

പഴയകാലത്തെ ചരിത്രരേഖകൾ  ചികഞ്ഞു വെറുപ്പിന്റെ വിത്തുകൾ പെറുക്കിയെടുത്തു, പരസ്പരം ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ വർഗീയമായ വൈറസ്സുകൾ പ്രസരിപ്പിച്ചു, അന്യോന്യ   വൈരാഗ്യം വളർത്തിയെടുത്തു  അവസരങ്ങളുടെയും അവകാശങ്ങളുടെയും അന്തരം തീർക്കുന്നവർ, അരക്ഷിതാവസ്ഥയുടെ ഭയം തീർക്കുന്നവർ എത്രനല്ല ഭരണാധികാരിയാണെങ്കിലും അയാൾ ഒരു മതേതര ജനാധിപത്യവാദിയാവില്ല! വർഗീയതയുടെ വിഷകുണ്ടിൽ കാലൂന്നി നിലകൊള്ളുന്ന ഭരണാധികാരി ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കമാണ്!!

അസംബന്ധജടിലമായ ജാതിമത വികാരവിചാരങ്ങളുടെ പേരിൽ .........

അന്തസുള്ള മനുഷ്യനായുള്ള ജീവിതം - കാലത്തിന്റെയും ശാസ്ത്രസാങ്കേതിക വിദ്യയുടെയും മാറ്റങ്ങളുടെ സ്പന്ദനം ഉൾകൊള്ളുന്ന വികസിതമായ ഭൌതികജീവിതം ഏതോ അതീത ശക്തിയുടെ അനുഗ്രഹമോ അധികാരി വർഗ്ഗത്തിന്റെ ഔദാര്യമോ അല്ല, എല്ലാജനതയുടെയും  അവകാശമാണ് . ജനതയുടെ നീതിയും അവകാശവും നേടിയെടുക്കുവാൻ, കാലങ്ങളായി അത് കവർന്നെടുത്തു കൊള്ളയടിച്ചു സ്വരുകൂട്ടിവെച്ചനുഭവിക്കുന്ന ചൂഷകവർഗ്ഗത്തിന്റെ "കാവലാളായി" നിലകൊള്ളുന്ന അധികാര വ്യവസ്ഥിതിക്ക് എതിരെ  ജനതയുടെ പോരാട്ടമാണ് വർഗ്ഗസമരം. 

അസംബന്ധജടിലമായ ജാതിമത വികാരവിചാരങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തി, ജനതയുടെ വർഗ്ഗപരമായ ശാക്തീകരണത്തെ ഇല്ലാതാക്കുക എന്നതാണ് സമസ്ത വർഗീയ ശക്തികളുടെയും വർഗീയ രാഷ്ട്രീയത്തിന്റെയും യഥാർത്ഥ ദൌത്യം. ഫലത്തിൽ സാമൂഹ്യ നീതിയുടെയും അവകാശങ്ങളുടെയും  ലംഘനത്തിലൂടെ അധീശ്വതം ഉറപ്പാക്കുന്ന ചൂഷകവർഗ്ഗത്തെ ബലപ്പെടുത്തുക എന്ന കൂട്ടികൊടുപ്പ് ധർമ്മമാണ് വർഗീയത നിർവഹിക്കുന്നത്. 

വർഗീയഫാസിസത്തിന്  പുതിയ മാനങ്ങൾ തീർത്ത് അതിന്റെ വികാരവിചാരങ്ങളുടെ  ബലത്തിൽ രാഷ്ട്രീയമുന്നേറ്റം നടത്തിയ മോഡി എങ്ങിനെ, അംബാനിയുടെ പ്രിയങ്കരനായി  എന്നത് ചിന്തനീയം. വർഗീയവിഷത്തിൽ ചാലിച്ച് നിറമോഡി കൂട്ടിയ വികസന വ്യാമോഹങ്ങൾക്ക്  പരസ്യപ്രചാര പ്രളയം തീർത്തത് കുത്തകശക്തികൾ ഒഴുക്കിയ പതിനായിര കണക്കിന് കോടികളായിരുന്നു.  വർഗീയതയിൽ നിന്ന് ജനപക്ഷ രാഷ്ട്രീയത്തിന്റെ  വർഗ്ഗനീതി പ്രതീക്ഷിക്കുന്നത്  ശുദ്ധവിഡ്ഢിത്തം! റെയിൽവേയുടെ ചരക്ക് കൂലിയും യാത്രാകൂലിയും ധിക്കാരപരമായി കുത്തനെകൂട്ടി കൊണ്ടുള്ള, മോഡിയുടെ ഭരണത്തിന്റെ ആദ്യചുവടുകൾ  ജനതക്ക് നല്കുന്ന സന്ദേശവും  ഈ നിരീക്ഷണത്തെ അന്വർത്തമാക്കുന്നു. 

കോണ്ഗ്രസ് ഭരിച്ചാലും സംഘപരിവാർ റിമോട്ട് നിയന്തിക്കുന്ന ബി.ജെ.പി. നാട് ഭരിച്ചാലും അവർ പ്രതിനിധാനം ചെയ്യുന്ന മുതലാളിത്ത സാംബത്തിക വികസനപാത ഒന്നുതന്നെ. കുത്തകവർഗ്ഗത്തിന്റെ   തിട്ടൂരങ്ങളാണ്  ഇരുകൂട്ടരുടെയും സാംബത്തിക നയങ്ങൾ. ഇവരെ സംബന്ധിച്ച് സാംബത്തികനയം എന്നത് കുത്തകവർഗത്തിന് രാജപാത ഒരുക്കുക എന്ന വിദ്യയാണ്. നാടിന്റെ സാംബത്തിക മേഖല കുത്തകവർഗ്ഗത്തിന് തീറെഴുതുക എന്ന കാര്യത്തിൽ ഇരുകൂട്ടരും ഒരേ തൂവൽപക്ഷികൾ തന്നെ എന്ന്  അധികം വൈകാതെ ജനങ്ങൾക്ക് ബോധ്യമാവും.

അതിസങ്കുചിത വികാര-വിചാരധാരകള് മാനവികതക്ക് ഭീഷണിയായി വളരുന്നതിന്റെ ......

അതിസങ്കുചിത വികാര-വിചാരധാരകള് മാനവികതക്ക് ഭീഷണിയായി വളരുന്നതിന്റെ  വാർത്തകൾ ആണ് ദിവസവും നാം കാണുന്നതും കേള്ക്കുന്നതും. കടുത്ത അസഹിഷ്ണതയുടെ ഇരുട്ട് പേറുന്ന വര്ഗീയ ഫാസിസവും ഭീകരവാദവും സമൂഹത്തിന്റെ സമാധാനപൂര്ണ്ണമായ സഹവർത്തിത്തം അസാധ്യമാക്കുന്നു. തുറന്നചിന്തകളെ അടിച്ചമർത്തുന്നു. സംഘശക്തിയായി ഒരുമിക്കേണ്ട ജനതയെ വർഗീയചിന്തയുടെ ഭിന്നതക്കുള്ളിൽ  തളച്ചിട്ടുകൊണ്ട്, എല്ലാവിധ ചൂഷണത്തില് നിന്നുമുള്ള മനുഷ്യസമൂഹത്തിന്റെ വിമോചന സമരങ്ങള്ക്ക് വിഘാതം തീര്ക്കുന്നു. 

ഏതൊരു ദര്ശനത്തിന്റെയും വിശ്വാസസംഹിതയുടെയും ആരോഗ്യപൂര്ണ്ണമായ വളര്ച്ചക്ക് വിമര്ശനങ്ങളും സംവാദങ്ങളും അനിവാര്യമാണ്. സ്ഥലകാലഭേദമില്ലാത്ത – ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും ഇടമില്ലാത്ത, യുക്തിശൂന്യമായ വിശ്വാസങ്ങളുടെ “പാറപ്പുറത്ത്” ജീവിക്കുന്ന സമൂഹം അന്യമായ ആശയങ്ങളുടെയും വിമര്ശനങ്ങളുടെയും നേരെ കടുത്ത അസഹിഷ്ണത പുലർത്തുന്നത് സ്വാഭാവികമാണ്. പുതിയ കാറ്റും വെളിച്ചവും തങ്ങളുടെ തട്ടകത്തിന്റെ ഭദ്രത തകര്ക്കുമോ എന്ന ആശങ്ക അവരുടെ മനസ്സിനെ എപ്പോഴും വേട്ടയാടികൊണ്ടിരിക്കും. മറുവാക്കില്ലാതെ അനുസരിക്കേണ്ട കല്പ്പനകളാണ് അവരുടെ നീതിയും നിയമവും!

സ്വന്തന്ത്രചിന്തയുടെ ലോകത്ത് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പൂർണ്ണ സ്വാഗതമാണ്. അവിടെ യുക്തിചിന്തക്കും സംവാദങ്ങൾക്കും മാർഗ്ഗതടസ്സങ്ങൾ ഇല്ല! മാത്രമല്ല, സ്വതന്ത്രചിന്തയുടെ ലോകത്ത് വിമര്ശനങ്ങള്ക്കും വിയോജിപ്പുകള്ക്കും നേരെയുള്ള അസഹിഷ്ണതക്ക് ഒട്ടും പ്രസക്തിയില്ല. അറിവുണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, അറിവിന്റെ വെളിച്ചത്തില് സ്വന്തം ജീവിതപാത നിര്ണ്ണയിക്കുവാന് അവകാശമുള്ള തുറന്നലോകത്ത് ജീവിക്കുക എന്നതാണ് മഹത്തായ കാര്യം. ആശയങ്ങളുടെ സ്വതന്ത്രമായ സ്വീകരിക്കലും പുറംതള്ളലും നടക്കുക സ്വതന്ത്രചിന്തയുടെ ലോകത്താണ്. അതിരുകളും മതിലുകളും ഇല്ലാത്ത യുക്തിചിന്തയുടെ സഞ്ചാരഗതിക്ക് തുറന്നലോകം അനിവാര്യമാണ്.  

നന്മയുടെയും സമാധാനത്തിന്റെയും മാനവികതയുടെയും മനുഷ്യാവകാശങ്ങളുടെയും സന്ദേശമായി, വിശ്വാസ സംഹിതകള്ക്ക് പ്രകാശിക്കുവാന് ആവുക മതേതര മൂല്യങ്ങള് മാനിക്കപ്പെടുന്ന ലോകത്ത് മാത്രം!  മതേതര സംസ്കാരം എല്ലാ മഹത്തായ ചിന്തകള്ക്കും പ്രകാശം പരത്തുവാന് ഉതകുന്ന തുറന്നലോകത്തെ അടയാളപ്പെടുത്തുന്നു!! 

ബൂർഷാരാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ട!

അദ്ധ്വാനത്തിന്റെ ഭൌതികശക്തികളായ അടിസ്ഥാന ജനവിഭാഗങ്ങളുടെ, ഉണർവ്വിലും തിരിച്ചറിവിലും സംഘശക്തിയിലും സമരവീറിലുമാണ്, വർഗ്ഗരാഷ്ട്രീയം അതിന്റെ തനത് രൂപത്തിൽ പ്രത്യക്ഷമാകുന്നത്. വർഗ്ഗവൈരുദ്ധ്യങ്ങളുടെ പ്രകടമായ - പ്രത്യക്ഷമായ ദ്വന്തവേദിയായി മാറുന്ന സാമൂഹികാവസ്ഥയിലാണ്, ബൂർഷാരാഷ്ട്രീയവും തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും തമ്മിലുള്ള മാറ്റുരസൽ ഏറ്റവും പ്രസക്തമാവുക. ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയല്ല  ജനവിധിയെ നിർണ്ണയിക്കുന്നത് എന്ന നിലക്കുള്ള ഇന്നത്തെ അവസ്ഥയിൽ, ഇങ്ങിനെ ഒരു മാറ്റുരസൽ പ്രത്യക്ഷമല്ല, പ്രസക്തവുമല്ല. 

നാടിന്റെ രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്നവർക്ക്, എന്തുമാത്രം അസംബന്ധജടിലമാണ്  നമ്മുടെ നാടിന്റെ ഭരണവ്യവസ്ഥിതി എന്ന് ബോധ്യമാവും. ഇന്നലെകളിൽ നട്ടെല്ലില്ലാത്ത സ്തുതിപാടകർ  ഹല്ലോല്ലൂയ്യ പാടുന്ന ഒരാൾകൂട്ട പ്രസ്ഥാനത്തിന്റെ , തിരുവാക്കിനു മറുവാക്കില്ലാത്ത "ഒരമ്മ ദൈവത്തിന്റെ" കരങ്ങളിൽ ആയിരുന്നു ഭരണത്തിന്റെ റിമോട്ട് കണ്ട്രോൾ. ഇന്നത് വർഗീയഫാസിസത്തിന്റെ മന്ത്രങ്ങൾ ജപിക്കുന്ന സംഘപരിവാറിന്റെ കരങ്ങളിൽ ആയിരിക്കുന്നു!  ഭരണത്തിന്റെ റിമോട്ട് കണ്ട്രോൾ അധികാരത്തിന്റെ വിധി  നിർണ്ണയിക്കുന്ന ജനങ്ങളുടെ കരങ്ങളിൽ ഭദ്രമാവുന്ന കാലത്തേ, ജനാധിപത്യം ജനങ്ങളുടെ ശക്തിയും അധികാരവുമായി മാറുന്ന നിലക്ക് പ്രഫുല്ലമാവുകയുള്ളൂ.

എത്ര ശക്തമായ കാറ്റും കോളും ഉണ്ടായാലും ചൂഷകവർഗ്ഗ മേധാവിത്ത്വ വ്യവസ്ഥിതിയെ, കടപുഴകി വീഴാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ബൂർഷാരാഷ്ട്രീയത്തിന്റെ ലക്ഷ്യം. ബൂർഷാരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കുത്തകമൂലധന ശക്തികളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാവുന്നത് സ്വാഭാവികമാണ്. കൂട്ടാളികൾ തമ്മിലുള്ള പരസ്പര സഹകരണം മാത്രമാണത്. 

കോണ്ഗ്രസ്സും ബി.ജെ.പി.യും ഭിന്ന രാഷ്ട്രീയ മുഖങ്ങൾ ആണെന്ന് പ്രത്യക്ഷത്തിൽ നമുക്ക് തോന്നുമെങ്കിലും, അങ്ങിനെയല്ല എന്ന പരമസത്യം കുത്തകവർഗ്ഗത്തിന് അറിയാം. അംബാനിമാരുടെ എല്ലാം ചവുട്ടിമെതിച്ചുള്ള  കുതുപ്പിനു വിഘാതം തീർക്കുന്ന ഒരു നിലപാടും ഈ രണ്ടു ബൂർഷാരാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും പ്രതീക്ഷിക്കേണ്ട! എക്കാലത്തും ഈ കൂട്ടരുടെ ഭരണനയങ്ങളുടെയും നിലപാടുകളുടെയും  ലക്ഷ്മണരേഖ നിർണ്ണയിക്കുന്നത് കുത്തകമൂലധന ശക്തികൾ തന്നെ!

........നിസ്സംഗത തുടരുന്നവർ എങ്ങിനെ സാംസ്കാരിക നായകരാവും?

എഴുത്തിന്റെ സൂത്രം നന്നായി അറിയുന്ന സാഹിത്യകാരന്മാർ ഇന്നും ഈ ലോകത്ത് ധാരാളം ഉണ്ട്. എന്നാൽ താൻ ജീവിക്കുന്ന ലോകത്തിന്റെ കെട്ടുനാറിയ ചുറ്റുപാടുകൾക്ക് നേരെ പ്രതിഷേധാർഹമായ  നിസ്സംഗത പുലർത്തുന്ന ദന്തഗോപുരവാസികൾ ആണ് ഇവരിൽ കൂടുതലും. ചൂതാട്ട സാംബത്തിക നയത്തിന്റെ കളിക്കളമായി സാമൂഹിക ജീവിതത്തെ മാറ്റിതീർത്ത, ധനമൂലധന ശക്തികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും ഇഷ്ടദാസന്മാർ ആണിവർ. 

അവാർഡുകളും അംഗീകാരവും കിട്ടുമെങ്കിൽ, വർഗീയതയും മതഭീകരതയും ഫാസിസവും മതമൗലികതീവ്രവാദങ്ങളും  ഒന്നും ഈ കൂട്ടരെ ആലോസരപ്പെടുത്തില്ല! അഴിമതി പണ്ടാരങ്ങളായ അധികാരികളെ ഇവർ സംപൂജ്യ ബിംബങ്ങളായി  വാഴ്ത്തും!! ഈ ദുഷ്ടശക്തികൾ ഒരുക്കുന്ന ചാരുകസേരയിൽ ഇരുന്നു കൊണ്ട് ഇവർക്ക് സ്തുതിഗീതം ആലപിക്കും! സാംസ്കാരിക നായകർ എന്ന വിശേഷണത്തിന്  ഈ കൂട്ടർ അർഹരാണോ? 

ലോകത്തെ മഹാഭൂരിപക്ഷം ജനതയുടെ ജീവിതത്തിനു മുകളിൽ അനീതിയുടെയും അവകാശ നിഷേധങ്ങളുടെയും പെരുമയയായി, ഇടമുറിയാതെ പെഴ്തുകൊണ്ടിരിക്കുന്ന സമകാലിക ഭൌതികാവസ്ഥക്ക് നേരെ അപലപനീയമായ നിസ്സംഗത തുടരുന്നവർ എങ്ങിനെ സാംസ്കാരിക നായകരാവും? 

വ്യവസ്ഥിതിയുടെയും അധികാരത്തിന്റെയും, പ്രതിലോമാപരവും ജീർണ്ണിതവും മാനവിക മൂല്യങ്ങൾക്ക് വിരുദ്ധവുമായ സമകാലിക അവസ്ഥക്ക് എതിരെയുള്ള,  നിതാന്ത ജാഗ്രതയും പ്രതികരണവും പ്രതിരോധവുമായി സാംസ്കാരിക പ്രവർത്തനം മാറേണ്ടതുണ്ട്.

മനുഷ്യന്റെ നീതിയും അവകാശങ്ങളും അടിച്ചമർത്തപ്പെട്ട വ്യവസ്ഥിതിയിൽ......

മനുഷ്യന്റെ നീതിയും അവകാശങ്ങളും അടിച്ചമർത്തപ്പെട്ട വ്യവസ്ഥിതിയിൽ, വിനീതവിധേയരായി ജീവിക്കുന്ന അടിമമാനസങ്ങൾ നിസ്സംഗതയുടെ മൂകഭാവത്തിൽ തീർക്കുന്ന സമാധാനത്തെക്കാളും, ഭാവിപ്രതീക്ഷയേകുന്നത് എതിരുകളോട് ഏറ്റുമുട്ടുന്ന അവകാശബോധമുള്ള ജനതയുടെ പ്രതികരണവും പോരാട്ടവും തീർക്കുന്ന സംഘർഷഭരിതമായ സാമൂഹികാവസ്ഥയാണ്.

വൈരുദ്ധ്യങ്ങളുടെ സംഘർഷഭരിതമായ അന്യോന്യബന്ധങ്ങൾ പ്രകൃതിനിയമമാണ്. വൈരുദ്ധ്യങ്ങളുടെ വ്യവസ്ഥിതിയിൽ സമൂഹം മാറുന്നതും വളരുന്നതും എതിരുകളോട് ഏറ്റുമുട്ടുന്ന സംഘർഷഭരിതമായ അവസ്ഥാന്തരങ്ങളിലൂടെയാണ് എന്നത് ശാസ്ത്രസത്യമാണ്. സമൂഹത്തിന്റെ പുരോഗതി അടിച്ചമർത്തപ്പെട്ട  ജനത നാവടക്കി തലകുനിച്ചു പണിയെടുക്കുന്നതിലൂടെ മാത്രമേ സാധ്യമാവൂ എന്ന വലുതുപക്ഷചിന്ത പ്രകൃതിവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ്. 

അന്നത്തേ അടിയന്തിരാവസ്ഥയുടെ കാലം എത്ര നന്നായിരുന്നു എന്ന് ചൂഷകവർഗ്ഗം, ഓർമ്മയുടെ മധുരം നുണയുന്നത് സ്വാഭാവികം! നാളെയുടെ ഭരണമോഡിയിൽ ഈ കൂട്ടർ ഫാസിസത്തിന്റെ സ്തുതിപാഠകരയാലും അത്ഭുതമില്ല! ജനാധിപത്യവിരുദ്ധ യാഥാസ്ഥിതികചിന്തയുടെ പരിസരത്ത് അലസജീവിതം നയിക്കുന്ന ജനത, കുത്തക മാധ്യമങ്ങളുടെ നിത്യേനയുള്ള  "മോഡിസ സ്തുതിഗീതങ്ങൾ" കേൾക്കുമ്പോൾ, ഇതിനൊക്കെ തപ്പ് കൊട്ടുന്നതും സ്വാഭാവികമായ അവസ്ഥതന്നെ.

വ്യവസ്ഥിതിയുടെ അധികാര ശക്തികൾ തനിക്ക് ചുറ്റും തീർത്ത അടിമചങ്ങലകൾ തിരിച്ചറിയുന്ന, രാഷ്ട്രീയപ്രബുദ്ധത സ്വായത്തമാക്കിയ ജനാധിപത്യ ശക്തികൾക്ക് മാത്രമേ, ഏത് കരാളമായ കാലഘട്ടത്തിലും ജനാധിപത്യത്തിന്റെ കാവലാൾ ആകുവാൻ സാധിക്കുകയുള്ളൂ!