ചരിത്രത്തില്‍ സംസ്കാരങ്ങളുടെ ചിന്തകളുടെ അറിഞ്ഞുകൊണ്ടുള്ള വിനിമയങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്. അറിവിന്‍റെ പിന്‍ബലം കൂടാതെയുള്ള അനുകരണങ്ങളും നടന്നിട്ടുണ്ട്. അറിവ് നേടുക എന്നത് മഹാഭൂരിപക്ഷം വരുന്ന സാധാരണജനതക്ക് അസാധ്യം ആയിരുന്ന ചരിത്ര കാലങ്ങളില്‍ 'യഥാരാജാ തഥാപ്രജ' എന്നതായിരുന്നു അവസ്ഥ. ഇന്ന് കാണപ്പെടുന്ന അല്ലെങ്കില്‍ ഇന്നും മനുഷ്യസമൂഹത്തില്‍ വിശ്വാസത്തിന്‍റെ തലത്തിലും ആചാരങ്ങളുടെ തലത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന പല മതങ്ങളുടെയും ദൈവങ്ങളുടെയും വ്യാപകമായ സഞ്ചാരങ്ങള്‍ നടന്നിട്ടുള്ളത് അല്ലെങ്കില്‍ കൈമാറ്റങ്ങള്‍ നടന്നിട്ടുള്ളത് മുകളില്‍ പറഞ്ഞ 'യഥാരാജാ തഥാപ്രജ' എന്ന അവസ്ഥനിലനിന്ന ചരിത്ര കാലഘട്ടങ്ങളില്‍ ആണ്.
ഇന്നത്തെ കാലത്ത് ഇന്ത്യന്‍സംസ്കാരത്തെ ദേശീയം എന്നും വിദേശീയം എന്നും വേര്‍തിരിക്കുന്നത് അടിസ്ഥാനരഹിതമായ ചിന്താഗതിയാണ്. ലോകത്ത് ഒരു രാജ്യത്തും പരസ്പര വിനിമയം നടക്കാത്ത തനത് ദേശീയം എന്ന് അവകാശപ്പെടാവുന്ന അറിവുകളും സംസ്കാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നില്ല. മതമൌലികവാദം പോലെ തന്നെ സാംസ്കാരിക മൌലികവാദങ്ങളും മനുഷ്യന്റെ സ്വതന്ത്ര ചിന്തകളെ തടയുന്ന ഫാസിസ്റ്റ് ഭീകരതയായി വളരും എന്ന അപകടം നാം തിരിച്ചറിയേണ്ടതുണ്ട്. തങ്ങളുടേത് ശ്രേഷ്ടം മറ്റുള്ളത് മ്ലേച്ചം എന്ന ഒരു സങ്കുചിത ചിന്തയിലേക്ക് ആണ് ഇത്തരം ഫാസിസ്റ്റ് ആശയങ്ങള്‍ കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങള്‍ സമൂഹത്തെ നയിക്കുവാന്‍ ശ്രമിക്കുന്നത്.
ഏക ദൈവവും അവസാന പ്രവാചകനും അവസാന വാക്കുകളുടെ വിശുദ്ധ ഗ്രന്ഥവും ഒന്നുമില്ലാത്ത വളരെ വികേന്ദ്രീകൃതമായ ഒരു സാംസ്കാരിക ജീവിതരീതിയെ ആണ് നാം പ്രയോഗപരമായ സൌകര്യത്തിനു വേണ്ടി ഹിന്ദുമതം എന്ന് വിളിക്കുന്നത്. വ്യവസ്ഥാപിത മതത്തിന്റെ 'അടച്ചുപൂട്ടിയ അറകള്‍' ഒന്നും അവ്യവസ്ഥാപിതം ആയ ഹിന്ദുമതത്തിനില്ല. അത്തരം ഒരു മഹത്തായ സാംസ്കാരികപദ്ധതിക്ക്, ആര്യവര്‍ണ്ണ വ്യവസ്ഥിതിക്ക് അധിഷ്ഠിതം ആയ ഒരു കേന്ദ്രീകൃത സങ്കുചിത സ്വഭാവം പകര്‍ന്നു കൊടുക്കുവാന്‍ ആണ് ആധുനികകാലത്തെ ഹൈന്ദവ മൌലികവാദികളും അവരുടെ പ്രസ്ഥാനങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
തള്ളുകയും കൊള്ളുകയും ചെയ്തിട്ടുള്ള വിശ്വാസങ്ങളും സംസ്കാരങ്ങളും മാത്രമേ, കാലാതീതമായി സചേതനമായി ഭൌതികമായ സമസ്യകളില്‍ മാര്‍ഗദര്‍ശനമായി നിലനില്‍ക്കുകയുള്ളൂ. അല്ലാത്തത് ചരിതത്തിലെ സ്മാരകശിലകള്‍ ആയി, മനുഷ്യജീവിതത്തിന്റെ സമസ്യകളെക്കാളും, മരണാനന്തര വിഷയസങ്കല്‍പ്പങ്ങള്‍ പ്രസക്തമായി കാണുന്നവരുടെ ശീതളച്ചായയായി നമുക്കിടയില്‍ വര്‍ത്തമാനലോകത്ത് നിലനില്‍ക്കും. വൈദേശികവും ദേശീയവും ആയ ദര്‍ശനങ്ങളുടെയും സംസ്കാരങ്ങളുടെയും സങ്കലനം ആണ് ഹൈന്ദവസംസ്കാരം. അതില്‍ മുഖ്യമാണ് ആര്യദ്രാവിഡ സംസ്കാരങ്ങളും അതിന്റെ സങ്കലനവും.
തുടര്‍ച്ചയും വളച്ചയും ഇലാത്ത ദര്‍ശനങ്ങളുടെ സംസ്കാരങ്ങളുടെ കാലികപ്രസക്തം അല്ലാത്ത ‘തനിമ’ എന്നത് ഒരു തരം മൌലികചിന്ത തന്നെയാണ്. ഇന്ത്യയുടെ മഹത്തായ വികേന്ദ്രീകൃത സംസ്കാരത്തിന്റെ ഒരു അപജയം ആയിരുന്നു, അപഥസഞ്ചാരം ആയിരുന്നു ആര്യമേധാവിത്വവും ചാതുര്‍വര്‍ണ്യവും. അതിനെതിരെ നടന്ന പോരാട്ടങ്ങളും ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗം ആണ്. ചാതുര്‍വര്‍ണ്യത്തിന്‍റെ ബ്രാമണ മേധാവിത്വ സാമൂഹ്യഘടനയുടെ അവശിഷ്ടം ആയ ജാതിചിന്ത, ഇന്ത്യന്‍ ജനതയുടെ ഐക്യത്തിന് വിഘാതം ആയി ഇന്നും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു എന്നത് ഖേദകരം ആണ്. ജാതിസമ്പ്രദായത്തിനെതിരായ സാമൂഹികപരിഷ്‌കരണ ശ്രമത്തിന്റെ ഗുണഫലങ്ങള്‍ ഇന്നും ഇന്ത്യയുടെ പലഭാഗങ്ങളിലും എത്തിച്ചേര്‍ന്നിട്ടില്ല. അതിനു പ്രധാന കാരണം ഫ്യൂടല്‍വ്യവസ്ഥിതിയുടെ നട്ടെല്ല്തകര്‍ക്കുന്ന കാര്‍ഷികപരിഷ്ക്കരണവും സാമ്പത്തികപരിഷ്ക്കരണവും നടപ്പിലാക്കുവാന്‍ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം തയ്യാറാവുന്നില്ല എന്നത് തന്നെയാണ്.
ഒരു കാര്യം അടിവരയിട്ടു പറയേണ്ടതുണ്ട്. ഇത്ര ഉദാത്തമായ ഒരു മതേതര ഭരണഘടന ഇന്ത്യക്ക് ഉണ്ടാവാന്‍ കാരണം ഇന്ത്യയുടെ ബഹുഭൂരിപക്ഷം ജനത വികേന്ദ്രീകൃതമായ വിശ്വാസസംസ്കാര പദ്ധതിയായ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ ആണ് എന്നത് കൊണ്ടാണ്. കേന്ദ്രീകൃതവും വ്യവസ്ഥാപിതവും ആയ മറ്റു മതങ്ങളില്‍ പെട്ടവര്‍ ആയിരുന്നു ഇന്ത്യയിലെ ബഹുഭൂരിപക്ഷം മതവിശ്വാസികള എങ്കില്‍ ഇതയും ഉദാത്തമായ ഒരു മതേതര ഭരണഘടന ഇന്ത്യന്‍ ജനതക്ക് ലഭിക്കുമായിരുന്നില്ല.
ഇവിടെ ഇന്ത്യക്കാര്‍ ആയ എല്ലാ പൌരന്മാരും ഭരണഘടനാപരമായി തുല്യര്‍ ആണ്. ഏത് മതത്തില്‍ വിശ്വസിക്കുവാനും ഏത് മതവും പ്രചരിപ്പിക്കുവാനും പരസ്പരം തുറന്ന ആശയസംവാദം നടത്തുവാനും എല്ലാവര്ക്കും തുല്യ സ്വതന്ത്യം ഉണ്ട്. മതവിശ്വസിക്കും യുക്തിവാദിക്കും നിരീശ്വരവാദിക്കും, ദൈവങ്ങള്‍ഇല്ലാത്ത മതത്തില്‍ വിശ്വസിക്കുന്നവനും, മതങ്ങള്‍ഇല്ലാത്ത ദൈവങ്ങളില്‍ വിശ്വസിക്കുന്നവനും ഭരണഘടനാ പ്രകാരം തുല്യമായ അവകാശ സ്വതന്ത്യങ്ങള്‍ അനുവദിക്കുന്നു. ചിന്താ സ്വാതന്ത്രത്തിന്റെ തുല്യത ഭരണഘടന എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്നു. അധികാരമണ്ഡലത്തിലും വിശ്വസപരം ആയ വിവേചനങ്ങള്‍ ഇല്ല.
മനുഷ്യപുരോഗതിക്ക് വിഘാതം ആയി നിലകൊള്ളുന്ന ജീര്‍ണ്ണിച്ച ആശയങ്ങളോടും ചിന്തകളോടും നിരന്തരമായ ആശയസമരം നടത്തികൊണ്ടാല്ലാതെ, അറിവിന്‍റെയും സംസ്കാരത്തിന്റെയും പരസ്പര വിനിമയം കൂടാതെ, നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു ഒരു സമൂഹത്തിനും വിമോചനത്തിലേക്ക് മുന്നേറുവാന്‍ സാധ്യമല്ല. അതാണ് മാനവചരിത്രം നല്കുന്ന പാഠം.
No comments:
Post a Comment