Thursday, March 3, 2011

യു.ഡി.എഫ്.മുന്നണിയുടെ പൊറുതികേട് അഥവാ ഇടതുജനാധിപത്യ മുന്നണി ഭരണത്തിന്റെ ജനകീയത ....


ഇതുപോലെ കഴിവുകെട്ട ഭരണം കേരളം കണ്ടിട്ടില്ല എന്നാണ് നാലര വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിന് യു.ഡി.എഫ് മുന്നണി കൊടുത്തിരിക്കുന്ന സര്‍ട്ടിഫിക്കറ്റ്. എന്തായിരിക്കാം യു.ഡി.എഫ് മുന്നണിയെ ഇത്രമാത്രം ചൊടിപ്പിച്ച ഇടതുജനാധിപത്യ മുന്നണിയുടെ കഴിവുകേട്?

ഇന്ത്യന്‍ പ്രധാനമന്ത്രി പോലും പ്രശസിക്കുവാന്‍ കാരണമായി തീര്‍ന്ന വിധം പൊതുവിതരണ സമ്പ്രദായം ശക്തമാക്കി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനതയെ കുതിച്ചുയരുന്ന വിലകയറ്റത്തിന്‍റെ പ്രയാസങ്ങളില്‍ നിന്ന് മോചിതരാക്കി എന്നതാണോ ഇടതുജനാതിപത്യ മുന്നണി ഭരണത്തിന്റെ കഴിവുകേട്?

കേരളത്തിലെ വ്യവസായ വികസനത്തിന്റെ ചരിതത്തില്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റം സൃഷ്ടിച്ചു എന്നതാണോ കഴിവുകേട്?
കാര്‍ഷിക ഉത്പാദന രംഗത്ത്‌ - നെല്ലുല്‍പാദന രംഗത്ത്‌ ആശാവഹമായ മുന്നേറ്റം കാഴ്ച വെച്ച് എന്നതാണോ കഴിവുകേട്?

യു.ഡി.എഫ്. ഭരണകാലത്ത് കാര്‍ഷിക ഉല്പന്നങ്ങളുടെ വില തകര്‍ച്ച കാരണം കടബാധ്യത തിരിച്ചടക്കാനാവാതെ ആത്മഹത്യ തുടര്‍ന്ന് വന്ന കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിതള്ളി കര്‍ഷക ആത്മഹത്യകള്‍ ഒരു കടംകഥയാക്കി. ഇടതുമുന്നണി ഭരണം കാര്‍ഷിക മേഘലയില്‍ പുത്തന്‍ഉണര്‍വ് ഉണ്ടാക്കി. ഇതാണോ കഴിവുകേട്?
അറുപതിനായിരം ഹെക്ടര്‍ ഭൂമിയില്‍ കുടുംബശ്രീ സംഘങ്ങളുടെ സഹകരണത്തോടെ പുതുതായി നെല്ലുല്‍പാദനം തുടങ്ങി എന്നതാണോ കഴിവുകേട്? 

വാര്‍ദ്ധക്യകാല പെന്‍ഷന്‍ 110 രൂപയായിരുന്നത് 400 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നതാണോ കഴിവുകേട്?  അദ്ധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കുക എന്ന ഇടതുമുന്നണിയുടെ നയം ഇത്തവണയും കൂടുതല്‍ വിപുലമാക്കി. ഗാര്‍ഹിക തൊഴിലാളികള്‍ക്കും പീടിക തൊഴിലാളികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കുടംബശ്രീ അംഗങ്ങള്‍ക്കും പുതുതായി ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കി. പെന്‍ഷന്‍ 110 രൂപയായിരുന്നത് 400 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. തൊഴിലില്ലായ്മ വേതനം 100 രൂപയില്‍ നിന്ന് 300 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഇതാണോ ഇടതു മുന്നണി ഭരണത്തിന്റെ  കഴിവുകേട്?

കെടുകാര്യസ്ഥത കാരണം നഷ്ടത്തിലും നാശത്തിലും ആയി പോതുമേഘലാ സ്ഥാപനങ്ങള്‍ പലതും പൂട്ടികിടക്കേണ്ടി വന്നു,കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍. ധാരാളം തൊഴിലാളികള്‍ക്ക്‌ അത് കാരണം തൊഴില്‍ നഷ്ടപെട്ടു. ഇന്ന് കേരളത്തിലെ പൂട്ടികിടന്ന എല്ലാ പോതുമേഘലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു. മാത്രമല്ല എല്ലാ പോതുമേഘലാ സ്ഥാപനങ്ങളും മികച്ച ലാഭം നേടികൊണ്ട് കേരളത്തിന്റെ തൊഴിലാളികളുടെ അഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു. ആത്മാര്‍ഥതയും കാര്യശേഷിയും ഉണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍  സാധിക്കും എന്ന് ഇടതുപക്ഷം തെളിയിച്ചു. ഇതാണോ വലതുപക്ഷ മുന്നണി ആരോപിക്കുന്ന കഴിവുകേട്?

കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാകാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ പ്രതിമാസം പത്തു കിലോ അരിയും ഗോതമ്പും നല്‍കുവാന്‍ തീരുമാനിച്ചതാണോ നിങ്ങളുടെ നോട്ടത്തില്‍ കഴിവുകേട്.

നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ വലിയ തോതില്‍ വ്യവസായ വികസനം ഉണ്ടായി. കൂടുതല്‍ റോഡുകളും പാലങ്ങളും ഉണ്ടായി. ചെറുകിട പരമ്പരാഗത വ്യവസായ രംഗത്ത്‌ പുത്തന്‍ ഉണര്‍വുണ്ടായി. പൂട്ടികിടന്ന തോട്ടംമേഘലയും കശുവണ്ടി ഫാക്ടറികളും സജീവമായി. മല്‍സ്യബന്ധന രംഗത്ത്‌ വന്‍ കുതിപ്പുണ്ടായി. കേരളത്തിന്റെ എല്ലാ ജില്ലകളിലും വന്‍തോതിലുള്ള മുന്നേറ്റം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ രംഗത്ത്‌ സംഭവിച്ചു. കേരളത്തിന്റെ താല്പര്യങ്ങള്‍ ഉറപ്പുവരുത്തി കൊണ്ട് കൊച്ചിയില്‍ ദുബായിലെ ടീകോം സ്ഥാപനവുമായി ചേര്‍ന്ന് സ്മാര്‍ട്ട്സിറ്റി തുടങ്ങുവാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഇതുവഴി വിവിധ മേഘലകളില്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്കും ചെറുപ്പക്കാരികള്‍ക്കും പുതുതായി തൊഴില്‍ ലഭിച്ചു. വരും നാളുകളില്‍ തൊഴില്‍ രംഗത്ത്‌ പുത്തന്‍ കുതിപ്പിനുള്ള കളമൊരുങ്ങി. ഇതാണോ നിങ്ങള്‍ ആരോപിക്കുന്ന കഴിവുകേട്?

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും എല്ലാം ശമ്പളം ജീവിതസൂചികയുടെ വര്‍ദ്ധനവിന് അനുസരിച്ച് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. അതുവഴി അവരുടെ ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിച്ചു. വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചു. വിപണികള്‍ സജീവമാകുന്നു. ശമ്പളം മുടങ്ങുന്ന ട്രഷറി അടക്കുന്ന അവസ്ഥ ഒരിക്കല്‍ പോലും ഉണ്ടായില്ല. മുന്‍പ് യു.ഡി.എഫ്.ഭരണകാലതുണ്ടായിരുന്ന ഇത്തരം സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ ഒരു കടംകഥയായി തീര്‍ന്നു. ഇതാണോ ഇടതുമുന്നണി ഭരണത്തിന്റെ കഴിവുകേട്?

പ്രശസ്ത സാമ്പത്തിക വിദഗ്തന്‍ കൂടിയായ ഡോക്ടര്‍ തോമസ്‌ഐസക്‌ മികച്ച സാമ്പത്തിക മാനേജ്മെന്റിലൂടെ നികുതി വരുമാനത്തില്‍ വന്‍ വര്ദ്ധനവുണ്ടാക്കി. നികുതി വെട്ടിപ്പുകള്‍ വലിയതോതില്‍ തടഞ്ഞു. അടിസ്ഥാന ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാന്‍ നിരന്തരമായി ശ്രമംതുടര്‍ന്നു. ക്ഷേമപദ്ധതികള്‍ വിപുലമാക്കി. ഇതാണോ കഴിവുകേട്?

സര്‍ക്കാര്‍ ആശുപതികള്‍ കേവലം നോക്കുകുത്തികള്‍ എന്ന നിലയില്‍നിന്നു പുതു ചൈതന്യം നേടിയെടുത്തു. ചികിത്സാസൌകര്യങ്ങളും  വേണ്ടതായ മരുന്നും മികച്ച ഡോക്ടര്‍മാരുടെ സേവനവും വൃത്തിയും വെടിപ്പും എല്ലാം സാധാരണ ജനങ്ങളുടെ പ്രതീക്ഷക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് ഉറപ്പുവരുത്തി. മെച്ചപെട്ട ആരോഗ്യസേവനതിനുള്ള അവാര്‍ഡുകള്‍ അഖിലേന്ത്യാതലത്തില്‍ നേടിയെടുത്തു. ഇതാണോ കഴിവുകേട്?

കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്തെ കെടുകാര്യസ്ഥതയും അഴിമതിയും ജനവിരുദ്ധ നിലപാടുകളും നല്ലപോലെ ഓര്‍ക്കുന്ന ജനങ്ങളുടെ മുന്നില്‍  ഇടതുമുന്നണിയുടെ ഭരണത്തിന്റെ ജനകീയ നയങ്ങളും കാര്യക്ഷമതയും തികഞ്ഞ മതിപ്പുണ്ടാക്കുന്നു. ജനക്ഷേമ രംഗത്തും വികസന രംഗത്തും മാതൃകാപരമായ ഇടതുമുന്നണി ഭരണത്തിന്റെ ഓരോ ചുവടുവെപ്പിനും കേരള ജനത അനുഭവസാക്ഷ്യം വഹിക്കുന്നു. പിന്നെ എങ്ങിനെ യു.ഡി.എഫ്.മുന്നണിക്ക് പൊറുതികേടില്ലാതിരിക്കും?

സത്യത്തില്‍ ഇടതുജനാധിപത്യ മുന്നണി ഭരണത്തിന്റെ കഴിവുകേട് എന്ന് യു.ഡി.എഫ്.മുന്നണി ആരോപിക്കുമ്പോള്‍ അവരുടെ മനസ്സിനകത്ത് വല്ലാത്ത പൊറുതികേടാണ് എന്നതാണ് വസ്തുത. കേരളത്തിലെ സഖാവ് വി.എസ്.ന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം ജനകീയമായി ജനപ്രിയമായി ഇങ്ങിനെ പോയാല്‍ നമ്മുടെ ഗതിയെന്ത്‌ എന്ന "പുകയുന്ന ചിന്തയാണ്" ചാണ്ടിക്കും ചെന്നിത്തലക്കും മാണിക്കും കുഞ്ഞാലിക്കുട്ടിക്കും എല്ലാം ഉള്ളത്. 

സംശയം വേണ്ട . തീര്‍ച്ചയായും ജനകീയകോടതി സ്വന്തം അനുഭവസാക്ഷ്യം മുന്‍നിര്‍ത്തി നിങ്ങളെ വിചാരണ ചെയ്യുവാന്‍ തയ്യാറെടുത്തു കാത്തിരിക്കുകയാണ്!  

No comments:

Post a Comment