Saturday, March 19, 2011

തീവ്ര അരാജകവാദികളുടെ വിടുവായത്വം അല്ല സാമൂഹികവിപ്ലവം.

ബഹുഭൂരിപക്ഷം ജനതയെ നീതിയും അവകാശങ്ങളും അന്തസ്സും നിഷേധിക്കപെട്ട അവസ്ഥയില്‍, വികസിതമായ ഒരു സാമൂഹിക ജീവിതത്തിന്റെ തീര്‍ത്തും അവികസിതമായ പിന്നാംപുറങ്ങളിലേക്ക് തള്ളിവിടുന്ന കെട്ടവ്യവസ്ഥിതിയുടെ കടപുഴക്കി എറിഞ്ഞു പകരം എല്ലാ മനുഷ്യരുടെയും അന്തസ്സും അവകാശവും പുലരുന്ന മനഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും നിലനില്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപടുക്കുക എന്നതാണ് കമ്മ്യൂണിസം ലക്‌ഷ്യം വെക്കുന്ന വിപ്ലവം.

അരാജകവാദികളുടെ വിടുവായത്വം ഒരിക്കലും യഥാര്‍ത്ഥ വിപ്ലവത്തിലേക്ക് സമൂഹത്തെ നയിക്കുകയില്ല എന്നത് വളരെ ലളിതം ആയ ഒരു വസ്തുതയാണ്. ദിഗന്ധം പൊട്ടിത്തെറിക്കുന്ന വാക്കുകള്‍ തൊടുത്തു വിട്ടാല്‍ വിപ്ലവം നടക്കും എന്നാണെങ്കില്‍ ഇന്ത്യയില്‍ ഇതിനകം എത്രയോ വിപ്ലവങ്ങള്‍ നടന്നേനെ. ഒരു പിടി പേരുടെ കോഫീ ക്ലബ്‌ വായാടിത്തം കൊണ്ട് ഒരിക്കലും സാമൂഹികവ്യവസ്തിയില്‍ മാറ്റം ഉണ്ടാകില്ല.

ഇന്ത്യയിലെ സാമൂഹ്യ സാഹചര്യം വിപ്ലവത്തിന് പക്വമല്ല ഇപ്പോയും എന്ന വസ്തുത കാണണം. കടുത്ത ജാതിചിന്തകളും ജാതി വിവേചനവും മതപരമായ പിന്തിരിപ്പന്‍ ചിന്താഗതികളും സമൂഹത്തില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നു. ഫ്യൂടല്‍ സംസ്കാരവും അതിന്റേതായ കുലീന ദാസ്യ മനോഭാവങ്ങളും അറുത്തു മാറ്റികൊണ്ടല്ല ഇന്ത്യയിലെ ബൂര്‍ഷാ രാഷ്ട്രീയവും ഭരണവര്‍ഗ്ഗവും നിലകൊള്ളുന്നത്. 

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം സമകാലിക ഇന്ത്യയുടെ വസ്തുനിഷ്ഠ യാഥാര്‍ത്യങ്ങള്‍   ഉള്‍ക്കൊണ്ടു  ഇന്നത്തെ ഭൌതിക സാഹചര്യത്തില്‍ ഏറ്റവും പ്രായോഗികം ആയ ചുവടുകള്‍ എടുത്തു കൊണ്ട് നിരന്തരം ഒരു  ഉണര്‍ത്തുപാട്ടായി ‘ഉറങ്ങി കിടക്കുന്ന’ ജനതക്കിടയില്‍ ആത്മബോധത്തിന്റെയും അവകാശ ബോധത്തിന്റെയും ആയ രാഷ്ട്രീയം പ്രചരിപ്പിക്കേണ്ടതുണ്ട്. അത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രവര്‍ത്തനം ആണ്. അതുവഴി സാമൂഹിക സാമ്പത്തിക വിപ്ലവത്തിന് അനുകൂലമായ ഒരു സമൂഹ മനസ്സ് കെട്ടിപടുക്കേണ്ടതുണ്ട്.

കമ്മ്യൂണിസം എന്ന ദര്‍ശനം സ്ഥലകാല ഭേദം ഇല്ലാത്ത ഒരു അവസാന വാക്കല്ല. ഇന്ത്യയില്‍ എങ്ങിനെ വിപ്ലവം സാധ്യമാവും എന്നതിനെ സംബദ്ധിച്ചു വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന ഒട്ടേറെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഉണ്ട്. ഒരോരുത്തരും അവകാശപ്പെടുന്നു ഞങ്ങള്‍ നയിക്കുന്ന പ്രസ്ഥാനം ആണ് ശരിയായ വിപ്ലവ പാര്‍ടി എന്ന്. ഇങ്ങിനെ അവകാശ വാദം ഉന്നയിച്ച പലതും ചെറിയ കാലം കൊണ്ടുതന്നെ ചിറകു പോയി എന്നതും നമുക്കറിയാം. സമൂഹത്തിന്റെ പൊതുസമ്മതി കൂടാതെ നടക്കേണ്ട ഒന്നല്ല വിപ്ലവം. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ രാഷ്ട്രീയമായ പ്രബുദ്ധതയും അതുവഴി ഉണ്ടാവുന്ന ഉണര്‍വ്വും ആണ് ഒരു സമൂഹത്തെ വിപ്ലവ സജ്ജരാക്കുക. കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോടുള്ള അരിശം തീര്‍ക്കുന്നത് കൊണ്ട് മാത്രം ആരും വിപ്ലവ 
കേസരികള്‍ ആവില്ല.

No comments:

Post a Comment