Friday, March 25, 2011

സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടിയുള്ള സമര്‍പ്പണം ആവണം കമ്മ്യൂണിസ്റ്റ്‌കാരന്റെ ജീവിതം.

വ്യക്തി ബോധത്തെക്കാള്‍ ഉന്നതമാണ് സംഘബോധം. സംഘബോധത്തെക്കാള്‍ ഉന്നതമാണ് വര്‍ഗ്ഗബോധം. വര്‍ഗ്ഗബോധത്തിലേക്കുളള ഉണര്‍വ്വില്‍ നിന്നാണ് തിരിച്ചറിവില്‍ നിന്നാണ് ഒരു സഖാവ് ജന്മം കൊള്ളുന്നത്‌. അല്ലാതെ മതവിശ്വാസം പോലെ കേവല ജന്മത്തിന്റെ ഒരു യാദ്ര്ശ്ചികതയായി ഒരു സഖാവ് പിറക്കുന്നില്ല. 


മൂര്‍ത്തമായ പ്രയോഗത്തിന്റെതായ മൂല്യസംഹിതയാണ് കമ്മ്യൂണിസം. വര്‍ഗ്ഗവ്യവ്സ്തിയില്‍ മഹാ ഭൂരിപക്ഷം അനുഭവിക്കുന്ന നീതി നിഷേധത്തിനും അവകാശ നിഷേധത്തിനും അന്ത്യംകുറിക്കുവാന്‍ വേണ്ടി, അതായതു ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ നിന്നുള്ള മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനല്ല, തികച്ചും പ്രായോഗികമായ മാര്‍ഗ്ഗത്തില്‍ പൊരുതുവാന്‍ ആണ് കമ്മ്യൂണിസം വര്‍ഗ്ഗ ബോധംനേടിയ മനുഷ്യനെ പഠിപ്പിക്കുന്നത്. 


മാനുഷിക മൂല്യങ്ങളുടെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും ഉന്നതമായ ദര്‍ശനം ആണ് കമ്മ്യൂണിസം. അറിവും പഠനവും ചിന്തയും നിരന്തരം പുതുക്കാതെ അതി സങ്കീര്‍ണ്ണവും നിരന്തരം മാറി കൊണ്ടിരിക്കുന്നതുമായ ഭൌതിക ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ്‌കാരന് ഉറച്ച ചുവടുകളോടെ മുന്നോട്ടു സഞ്ചരിക്കുവാന്‍ ആവില്ല.വ്യക്തിപരമായ സ്വാര്‍ത്ഥതക്കും സ്ഥാനമോഹങ്ങക്കുമപ്പുറം സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടിയുള്ള സമര്‍പ്പണം ആവണം കമ്മ്യൂണിസ്റ്റ്‌കാരന്റെ ജീവിതം.

No comments:

Post a Comment